ഇന്ത്യക്ക്‌ ചരിത്രവിജയം ; ചെസ്‌ ഒളിമ്പ്യാഡിൽ ഇരട്ടപ്പൊന്ന്‌

image credit FIDE - International Chess Federation facebook


ബുഡാപെസ്‌റ്റ്‌ (ഹംഗറി) ചതുരംഗക്കളത്തിൽ ഇന്ത്യക്ക്‌ ചരിത്രവിജയം. ചെസ്‌ ഒളിമ്പ്യാഡിൽ ആദ്യമായി  ഇരട്ടസ്വർണം സ്വന്തമാക്കി. ഓപ്പൺ, വനിതാ  വിഭാഗങ്ങളിലാണ്‌ സമാനതകളില്ലാത്ത നേട്ടം. ഓപ്പൺ വിഭാഗത്തിൽ ഒറ്റക്കളിയും തോൽക്കാതെയാണ്‌ മുന്നേറ്റം. 11 റൗണ്ട്‌ മത്സരത്തിൽ 10 ജയവും ഒരുസമനിലയുമടക്കം 21 പോയിന്റാണ്‌ സമ്പാദ്യം. അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഉസ്‌ബക്കിസ്ഥാന്‌ വെള്ളിയാണ്‌. ഡി ഗുകേഷ്‌, അർജുൻ എറിഗെയ്‌സി, ആർ പ്രഗ്‌നാനന്ദ, വിദിത് ഗുജറാത്തി, പി ഹരികൃഷ്‌ണ എന്നിവർ ഉൾപ്പെട്ട സംഘമാണ്‌ വിജയം സമ്മാനിച്ചത്‌.  2022ൽ ചെന്നൈയിൽ നടന്ന ഒളിമ്പ്യാഡിലും  2014ൽ നോർവേയിലും വെങ്കലം നേടിയിട്ടുണ്ട്‌. കോവിഡ്‌കാലത്ത്‌ 2020ൽ നടന്ന ഓൺലൈൻ ഒളിമ്പ്യാഡിൽ റഷ്യയുമായി സ്വർണം പങ്കുവച്ചിട്ടുണ്ട്‌. 2021ലും  വെങ്കലമുണ്ടായിരുന്നു. വനിതകളിൽ 18 പോയിന്റുമായാണ്‌ വിജയം. ഡി ഹരിക, ആർ വൈശാലി, ദിവ്യ ദേശ്‌മുഖ്‌, വന്ദിക അഗ്രവാൾ, താനിയ സച്ച്‌ദേവ്‌ എന്നിവരാണ്‌ വിജയസംഘം. അവസാന റൗണ്ടിൽ അസർബെയ്‌ജാനെ കീഴടക്കിയാണ്‌ സ്വർണം പിടിച്ചത്‌. കസാഖ്‌സ്ഥാൻ വെള്ളി നേടി. ഓപ്പൺ വിഭാഗത്തിൽ 197 ടീമുകളും വനിതകളിൽ 181 ടീമുകളും പങ്കെടുത്തു. Read on deshabhimani.com

Related News