‘ചന്ദനമണി വാതിൽ’ സിനിമയിൽ പാടിയത്‌ ജി വേണുഗോപാലല്ല



പി പത്മരാജന്റെ തൂവാനത്തുമ്പികൾ എന്ന സിനിമയ്ക്കായി ‘ഒന്നാംരാഗം പാടി’ എന്ന ഗാനം ആലപിക്കാൻ ജി വേണുഗോപാൽ ചെന്നൈയിൽ എത്തി. 13 ദിവസം അവിടെ താമസിച്ച്‌ പാട്ടുപഠിച്ചു. റെക്കോഡിങ്ങും കഴിഞ്ഞു. സംഗീത സംവിധായകൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ  ബന്ധുവായ ബാബു, സംഗീതമാന്ത്രികൻ രവീന്ദ്രന്റെ വീട്ടിലേക്ക് വേണുവിനെ കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. തൂവാനത്തുമ്പികളിലെ വേണുവിന്റെ ഗാനവും കേൾപ്പിച്ചു. പാടുന്നത് നേരിട്ടുകേൾക്കണമെന്നായി രവീന്ദ്രൻ മാഷ്. ‘കോയീ നഹീഹെ’ എന്നാരംഭിക്കുന്ന പാട്ട്‌ വേണുഗോപാൽ പാടി. ഒരാഴ്ച കഴിഞ്ഞപ്പോൾ വേണുഗോപാലിന് രവീന്ദ്രന്റെ ഫോൺ വന്നു. ചെന്നൈയിൽ എത്തി കീർത്തി ലോഡ്ജിലായിരുന്നു  പ്രാക്ടീസ്. ഒരു ദിവസത്തെ പ്രാക്ടീസിനുശേഷം പിറ്റേന്ന് റെക്കോഡിങ്‌. ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ‘ചന്ദനമണി വാതിൽ പാതി ചാരി’  എന്ന ഹിന്ദോള രാഗത്തിലെ പാട്ട് വേണു ഒറ്റ ടേക്കിൽ പാടി പൂർത്തിയാക്കി. പുല്ലാങ്കുഴൽ വായിച്ചത് അന്തരിച്ച സംഗീതസംവിധായകൻ വി സി  ജോർജ്‌. വയലിൻ ബി  ശശികുമാർ. മൃദംഗം തിരുവനന്തപുരം വൈദ്യനാഥൻ, ഗിത്താർ സ്വാമി, കീബോർഡ് മോഹൻ. പാടിക്കഴിഞ്ഞപ്പോൾ വേണുഗോപാലിന് ഒരാഗ്രഹം, ഒരു ടേക്കുകൂടി എടുത്താലോയെന്ന്. രവീന്ദ്രന്റെ മറുപടി വേണുഗോപാലിനെ തളർത്തി. ചിരിച്ചുകൊണ്ട് രവീന്ദ്രൻ പറഞ്ഞു ‘നീ പാടിയത് കാസറ്റിൽ മാത്രമേയുള്ളൂ, സിനിമയ്ക്കുവേണ്ടി പാടുന്നത് പുതിയൊരു പെൺകുട്ടിയാണ്’. തിരുവനന്തപുരം വിമെൻസ് കോളേജിൽ എംഎ മ്യൂസിക്കിന് പഠിച്ചിരുന്ന ഉഷയാണ് ‘ചന്ദനമണി വാതിൽ’ സിനിമയ്ക്കായി പാടിയത്.  എന്നാൽ, ഓർക്കസ്ട്ര ഇല്ലാതെ വേണുഗോപാലിന്റെ ശബ്ദത്തിലുള്ള ഗാനത്തിലെ ഏതാനും വരി  സിനിമയിൽ ഉൾപ്പെടുത്തി. സിനിമ പുറത്തിറങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും അന്ന് ഏറ്റവും കൂടുതൽ പേർ പാട്ടുകേട്ടിരുന്ന ആകാശവാണി ‘ചന്ദനമണി വാതിൽ’  പ്രക്ഷേപണം ചെയ്തില്ല. ഏഴാച്ചേരി രാമചന്ദ്രൻ ഒരു ദിവസം വേണുഗോപാലിനെ വിളിച്ച് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് ആകാശവാണിയിലൂടെ വേണുഗോപാലിന്റെ ശബ്ദത്തിൽ റെക്കോഡ് ചെയ്ത ‘ചന്ദനമണി  വാതിൽ’ മലയാളികൾ ഹൃദയത്തിലാക്കി. എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളിലൊന്നായി അതുമാറി. ഇതേ ഗാനം പാടിയ ഉഷയെന്ന ഗായികയുടെ ശബ്ദത്തിൽ റെക്കോഡ് ചെയ്യപ്പെട്ട ‘ചന്ദനമണി വാതിൽ’  ഇന്നും അടഞ്ഞുതന്നെ കിടക്കുന്നു. Read on deshabhimani.com

Related News