അന്നം വിളമ്പിയ വിപ്ലവം...
കൈകഴുകി ഉണ്ണാനിരിക്കുമ്പോൾ അന്നത്തിനായി വിയർപ്പൊഴുക്കിയവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കർഷകരും കർഷകത്തൊഴിലാളികളും മാത്രമല്ല, മറ്റ് ചിലർ കൂടി പങ്കാളികളാണ് നമ്മുടെ വയറുനിറയ്‌ക്കാനുള്ള ദൗത്യത്തിൽ. അക്കഥയാണ് ഇക്കുറി ‘അക്ഷരമുറ്റം’ പറയുന്നത്. ഹരിതവിപ്ലവമെന്ന് കേട്ടിട്ടില്ലേ? പല ക്ലാസുകളിൽ നമ്മൾ ഹരിതവിപ്ലവം പഠിക്കുന്നുണ്ട്. അതിന് തേരുതെളിച്ചത് ഡോ. എം എസ് സ്വാമിനാഥനാണ്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള രണ്ട് പതിറ്റാണ്ട് കൊടിയ ഭക്ഷ്യക്ഷാമവും ദാരിദ്ര്യവുമായിരുന്നു. പട്ടിണി മരണങ്ങൾ ധാരാളം. കൊളോണിയൽ ഭരണത്തിന്റെ ശേഷിപ്പാണത്. 1951ൽ ഇന്ത്യയിലെ ജനസംഖ്യ 36 കോടിയും ഭക്ഷ്യധാന്യ ഉൽപ്പാദനം അഞ്ചുകോടി ടണ്ണുമായിരുന്നു. 1961ൽ ജനസംഖ്യ 43 കോടിയായി. അപ്പോഴും ഭക്ഷ്യോൽപ്പാദനം ആറ് കോടി ടൺ മാത്രം. പട്ടിണി കൊടുമ്പിരിക്കൊണ്ടപ്പോഴാണ് ഇന്ത്യാ ഗവൺമെന്റ് അമേരിക്കയുമായി ‘പി എൽ 480’ ഭക്ഷ്യക്കരാറിൽ ഒപ്പിട്ടത്. ഇന്ത്യൻ കറൻസി നേരിട്ട് നൽകി ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതായിരുന്നു കരാർ. ഇത് സമ്പദ്ഘടനയെ തകർക്കാനിടയുണ്ടെന്നും എല്ലാ കാലത്തും പരാശ്രയം വേണ്ടിവരുമെന്നും അധികം വൈകാതെ ഇന്ത്യ തിരിച്ചറിഞ്ഞു. പോംവഴിക്കായി സർക്കാരും കൃഷിശാസ്ത്രജ്ഞരും തലപുകച്ചു. ഹരിതവിപ്ലവമെന്ന ആശയത്തിന്റെ പിറവി ഇങ്ങനെയാണ്. ഈ വിപ്ലവത്തിന്റെ ഉപജ്ഞാതാവായ ഡോ.എം എസ് സ്വാമിനാഥന്റെ ഒന്നാം ചരമവാർഷികദിനമാണ് സെപ്തംബർ 28. ഹരിത വിപ്ലവം പിറക്കുന്നു കാർഷികരംഗത്ത് മാറ്റം മതിയായിരുന്നില്ല; ഹരിതവിപ്ലവം തന്നെ വേണമായിരുന്നു. ഇതിനുള്ള പരീക്ഷണങ്ങളിലായി സ്വാമിനാഥൻ. പ്രധാന ധാന്യവിളയായ ഗോതമ്പിലും നെല്ലുമായിരുന്നു ഗവേഷണം. അത്യുൽപ്പാദനശേഷിയുള്ള വിത്ത് സങ്കരണം വഴി കണ്ടെത്താനായിരുന്നു ആദ്യശ്രമം. ഇതിനുപറ്റിയ കുറിയ ഇനങ്ങൾ തേടുന്നതിനിടെ വാഷിങ്ടൺ സർവകലാശാലയിലെ പ്രൊഫ. ഓർവൽ വോഗലിനെ പരിചയപ്പെട്ടു. ഇന്ത്യൻ പാടങ്ങളിൽ നീളത്തിൽ വളരുന്ന ഗോതമ്പ് ഇനവുമായി സങ്കരണം ചെയ്യാൻ പറ്റിയ സൊനോറ 64, സെർമഹോറെ എന്നീ മെക്‌സിക്കൻ കുറിയ ഇനങ്ങളുടെ സാമ്പിൾ അദ്ദേഹം നൽകി. മൂന്ന് ഇരട്ടിയിലധികം ഉൽപ്പാദനശേഷിയുള്ള ഗോതമ്പിനത്തിന്റെ കണ്ടെത്തലിന് വഴിവച്ചത് ഇതാണ്. സ്വപ്‌നം കണ്ട എല്ലാ ഗുണങ്ങളും ഒത്തുചേർന്ന സങ്കരയിനം ജനിച്ചു. സ്വാമിനാഥന്റെ കണ്ടെത്തൽ ലോകശ്രദ്ധ നേടി. ലോകബാങ്ക് ഉദ്യോഗസ്ഥനും കാർഷിക വിദഗ്ധനുമായ സർ ജോൺ ക്രാഫോർഡ് ഇന്ത്യയിലെത്തി. ‘അന്ധകാരം മാത്രം മൂടിയിരുന്ന ലോകത്ത് ഞാനിപ്പോൾ പ്രകാശം കാണുന്നു’ എന്നാണ് അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞത്. ഭക്ഷ്യക്ഷാമത്താൽ ലോകമെമ്പാടും ലക്ഷങ്ങൾ മരിച്ചുവീഴുമെന്ന് ആശങ്കപ്പെട്ട അമേരിക്ക അമ്പരന്നു. ഇന്ത്യക്ക് ലോകസമ്മതി നേടിക്കൊടുത്ത കൃഷി ശാസ്ത്രപ്രതിഭയായി സ്വാമിനാഥൻ. നെല്ലിലും പരീക്ഷണം തുടർന്നു. നാം ഇപ്പോഴും വിജയകരമായി കൃഷിചെയ്യുന്ന അന്നപൂർണ മുതൽ ജയവരെയുള്ള നിരവധി മികച്ച നെല്ലിനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. അന്നം വിളയിക്കുന്നവർക്കാണ് ഭാവി ‘തോക്ക് ഭരിക്കുന്നതിന് പകരം ധാന്യശേഖരമുണ്ടാക്കുന്ന രാജ്യത്തിനാണ് ഭാവി' ഇതായിരുന്നു സ്വാമിനാഥന്റെ കാഴ്‌ചപ്പാട്. 1971ൽ ജനസംഖ്യ 57 കോടിയിലെത്തുമ്പോൾ ഭക്ഷ്യധാന്യശേഖരം 15 കോടി ടണ്ണായി കുതിച്ചു. ലോകരാജ്യങ്ങളും ഹരിത വിപ്ലവത്തിന്റെ ചുവടുപിടിച്ച് പരീക്ഷണങ്ങൾ നടത്തി. ഫിലിപ്പെൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഐആർ എട്ട് എന്ന അത്ഭുത നെല്ലിനം വൻ പ്രചാരം നേടി. മെക്‌സിക്കൻ ഗവേഷണസ്ഥാപനമായ സിമ്മിറ്റും ഈ രംഗത്ത് പാതതുറന്നു. ലോകം ഹരിതവിപ്ലവത്തിലേക്ക് കുതിച്ചു. ഹരിതവിപ്ലവം ഭക്ഷ്യപ്രതിസന്ധി മറികടക്കാനുള്ള സുന്ദരമായ പാതയാണെന്നാണ് സ്വാമിനാഥൻ വിശേഷിപ്പിച്ചത്. പക്ഷേ, മണ്ണിനും പരിസ്ഥിതിക്കും ഉണ്ടാവാനിടയുള്ള ശോഷണം തടയാനാവണമെന്നും സുസ്ഥിരമായ നിത്യഹരിത വിപ്ലവം സാധ്യമാവണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാർഷിക മേഖലയെക്കുറിച്ചും കർഷകരുടെ പ്രശ്‌നങ്ങളെകുറിച്ചും പഠിക്കുന്ന കമ്മിറ്റിയുടെ ചെയർമാനായിരുന്നു സ്വാമിനാഥൻ. 35 രാജ്യാന്തര പുരസ്‌കാരവും 46 ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. 23 വിദേശ സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. 45 പഠനസമിതികളുടെ അധ്യക്ഷനായിരുന്ന സ്വാമിനാഥൻ 22 രാജ്യാന്തര സമിതികളിൽ അംഗമായി. 38 ഗ്രന്ഥങ്ങൾ രചിച്ചു. 98ാം വയസിൽ വിടപറഞ്ഞു. ജീവിതവഴികൾ തഞ്ചാവൂർ കുംഭകോണത്ത് ഡോ. എം കെ സാംബശിവന്റെയും പാർവതി തങ്കമ്മാളുടെയും മകനായി 1925 ആഗസ്ത് ഏഴിനാണ് ജനനം. എസ്എസ്എൽസി പൂർത്തിയാക്കി ഉപരിപഠനത്തെ കുറിച്ച് ചിന്തിക്കുന്ന ദിനങ്ങൾ. 1942ലെ ബംഗാൾ ക്ഷാമത്തിൽ ലക്ഷങ്ങൾ പട്ടിണിയാൽ മരിച്ചത് കൗമാരക്കാരനെ വേദനിപ്പിച്ചു. കൃഷിശാസ്ത്രം പഠിക്കാനുള്ള തീരുമാനം അങ്ങനെയായിരുന്നു. തിരുവനന്തപുരം കോളേജിൽനിന്ന് ജന്തുശാസ്ത്രത്തിലും തമിഴ്‌നാട് കാർഷിക സർവകലാശാലയിൽനിന്ന് കൃഷിശാസ്ത്രത്തിലും സ്വർണമെഡലോടെ ബിരുദം നേടി. 1949ൽ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദാനന്തര ബിരുദവും നെതർലൻഡിൽനിന്ന് പിഎച്ച്ഡിയും. ഐഎആർഐയിൽ 1954ൽ സസ്യശാസ്ത്ര തലവനായി നിയമിതനായി. ഇവിടെവച്ചാണ് ഭക്ഷ്യഗവേഷണത്തിൽ വ്യാപൃതനായത്. Read on deshabhimani.com