ഗുരുവായൂർ സൂചിപ്പിക്കുന്നത്... പ്രൊഫ. വി കാർത്തികേയൻ നായർ എഴുതുന്നു



1932 സെപ്തംബർ 21നായിരുന്നു യെർവാദ ജയിലിൽ ഗാന്ധിജിയും ഗുരുവായൂരിൽ കേളപ്പനും നിരാഹാരസമരം ആരംഭിച്ചത്. ഹിന്ദുസമൂഹത്തിൽ നിന്ന്‌ അയിത്തജാതിക്കാരെ വേർതിരിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഗാന്ധിജിയും ഹിന്ദുവിന്റെ ക്ഷേത്രത്തിൽ അയിത്തജാതിക്കാരെ പ്രവേശിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ കേളപ്പനും നിരാഹാരം ആരംഭിച്ചത് പ്രത്യക്ഷത്തിൽ ഭിന്നമെന്ന് തോന്നാമെങ്കിലും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. വേർതിരിവിന്റെ അടിസ്ഥാനകാരണമായ അയിത്തം അവസാനിപ്പിക്കുക എന്നത്. ജാതികൾ തമ്മിലുള്ള വിവേചനം അവസാനിപ്പിച്ച് ഹിന്ദുവിന്റെ ഐക്യം സ്ഥാപിക്കലായിരുന്നോ ഗാന്ധിജിയുടെയും ശിഷ്യനായ കേളപ്പന്റെയും ലക്ഷ്യം? ജാതി ഉന്മൂലനത്തിനുവേണ്ടി അംബേദ്-കർ നിലകൊണ്ടപ്പോൾ ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും നിലപാടെന്തായിരുന്നു? ജാതി‐ജന്മി‐നാടുവാഴി വ്യവസ്ഥ ഉൽപ്പാദിപ്പിച്ചതിൽ ഏറ്റവും ഹീനമായിരുന്നു അയിത്തം. വഴിനടക്കുന്നതിനും അക്ഷരാഭ്യാസത്തിനും വിദ്യാലയ പ്രവേശനത്തിനും ഉദ്യോഗലബ്ധിക്കും നിയമസഭാ പ്രവേശനത്തിനും ക്ഷേത്രപ്രവേശനത്തിനും തടസ്സമായി നിന്നത് അയിത്തമെന്ന അദൃശ്യവും അലംഘനീയവുമായ സാമൂഹ്യനിയമമായിരുന്നു. സമ്പത്തും അധികാരവും ഒത്തുചേരുന്ന ഭരണകൂടവ്യവസ്ഥയുടെ ഭാഗമായിരുന്നു. അയിത്തമെന്ന നിയമമെന്നതിനാൽ അതിനെ ഉച്ചാടനം ചെയ്യുന്നതിനുള്ള സമരവും രാഷ്ട്രീയ സമരമായിരിക്കണമെന്നുള്ള കാഴ്ചപ്പാടുള്ളതുകൊണ്ടാണ് കെപിസിസി അതിന് നേതൃത്വം കൊടുത്തത്-. വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും നയിച്ചത് കെപിസിസിയായിരുന്നു. തിരുവിതാംകൂറിൽ രാഷ്ട്രീയപാർടി രൂപീകരിക്കുന്നതിനുമുമ്പായിരുന്നു  അയ്യൻകാളിയുടെ സമരമെന്നതിനാൽ അതിന് രാഷ്ട്രീയമില്ലായിരുന്നു എന്നർഥമില്ല. രാഷ്ട്രീയക്കാരുടെ പിന്തുണയില്ലാത്ത രാഷ്ട്രീയസമരമായിരുന്നു അയ്യൻകാളിയുടേത്. വൈക്കം സത്യഗ്രഹം നിർത്തിവച്ചതിനുശേഷം 1925 നവംബർ 27ന് വൈക്കം ബോട്ടുജട്ടിയിൽ ചേർന്ന മഹായോഗത്തിൽ മന്നത്തു പത്മനാഭൻ പ്രസംഗിച്ചതിങ്ങനെയായിരുന്നു: "എന്തിനാണ് സത്യഗ്രഹം തുടങ്ങിയത്? വഴിനടക്കാനല്ല. അയിത്തം നശിക്കാനാണ്. അയിത്തം നശിച്ചിട്ടില്ല. വഴികളെല്ലാം തുറന്നുകിട്ടി. ഇതുകൊണ്ട്- നാം സമാധാനപ്പെട്ടിരിക്കാനുള്ള കാലമല്ല. ഗൗരവമായ ചുമതലയാണ് നമ്മുടെ തലയിൽ വന്നുകയറിയത്-. അയിത്തം വീണ്ടും ഉണ്ടെന്ന് ഗവണ്മെന്റ്- സമ്മതിക്കുന്നു. അയിത്തം മതിലിനകത്ത്- ഒളിച്ചിരിക്കുന്നു. അവിടെ ചെന്നു പിടികൂടണം. ക്ഷേത്രത്തിനുള്ളിൽ കടക്കുകതന്നെ വേണം. ഓടിക്കടക്കാൻ ശ്രമിക്കരുത്. സമാധാനപരമായി പ്രവർത്തിക്കണം. ക്ഷേത്രം എല്ലാ ഹിന്ദുക്കളുടേയും വകയാണെന്ന് എല്ലാവരും ഓർക്കണം'' (വൈക്കം സത്യഗ്രഹരേഖകൾ). ഇതേ യോഗത്തിൽ പ്രസംഗിച്ച ടി കെ മാധവനും ക്ഷേത്രപ്രവേശനമെന്ന ആവശ്യം മുന്നോട്ടുവച്ചു. തിരുവിതാംകൂർ നിയമസഭയിൽ 1917ൽ ടി കെ മാധവനാണ് ആദ്യമായി ക്ഷേത്രപ്രവേശനാവശ്യം ചോദ്യരൂപേണ ഉന്നയിക്കുന്നത്. മതകാര്യങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പാടില്ലെന്ന മറുപടിയാണ് ദിവാൻ നൽകിയത്. എൻഎസ്എസ് പൊതുയോഗം 1918ൽ അവർണ ജാതിയിൽപ്പെട്ടവർക്ക്- ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് പ്രമേയം പാസാക്കി. "ഉണ്ണിനമ്പൂതിരിയും' നമ്പൂതിരി യോഗക്ഷേമസഭയും അവർണരുടെ ക്ഷേത്രപ്രവേശനത്തിനായി നിലകൊണ്ടു. ഇത്തരത്തിൽ സവർണാവർണ വ്യത്യാസമില്ലാതെ ഭൂരിപക്ഷം ജനങ്ങളും ക്ഷേത്രപ്രവേശനത്തിനായി നിലകൊണ്ടപ്പോൾ ഒരു സവർണ ന്യൂനപക്ഷം മാത്രമാണ് രാഷ്ട്രീയാധികാരത്തെ പരിചയാക്കി അതിനെ എതിർത്തത്. വൈക്കം സത്യഗ്രഹത്തിന്റെ വികസിതമായ തുടർച്ചയാണ് ആറുവർഷത്തിനുശേഷം ഗുരുവായൂരിൽ നടന്ന സത്യഗ്രഹസമരം. ക്ഷേത്രപ്രവേശനത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് കോൺഗ്രസ്- പ്രമേയം പാസാക്കിയെങ്കിലും അത് എവിടെവച്ച് എപ്പോൾ വേണമെന്ന് തീരുമാനിച്ചിരുന്നില്ല. അത്- ഗുരുവായൂരായത്- യാദൃച്ഛികംമാത്രം. ഗുരുവായൂർ കിഴക്കേനടയിൽ നടക്കുന്ന കോൺഗ്രസ്- പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ കേളപ്പനെ ക്ഷേത്രഭാരവാഹികൾ തടയുകയും ജാതിചോദിച്ച്- അധിക്ഷേപിക്കുകയും ചെയ്-തു. ഈ സംഭവമാണ് സമരകേന്ദ്രം ഗുരുവായൂരമ്പലനടയാകാൻ കാരണം. സവർണബോധത്താൽ ഉന്മാദബാധിതരായ ക്ഷേത്രഭാരവാഹികളെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു: ""ദീനബന്ധുവായ ഭഗവാന്റെ അടുക്കൽ ചെല്ലുവാൻ ഭക്തോത്തമനായ ഒരു പുലയനെ ഇക്കൂട്ടർ അനുവദിക്കില്ല. ഭഗവാനെ ഇവരൊരു പാൽപ്പായസ പ്രിയനായ ജന്മിയും ജനദ്രോഹിയുമാക്കിയിരിക്കുകയാണ്. ക്ഷേത്രങ്ങളിൽ ഭക്ഷണപ്രിയന്മാർക്കല്ല, ഭക്തോത്തമന്മാർക്കാണ് പ്രവേശനം വേണ്ടിയിരിക്കുന്നത്.'' ("കേളപ്പൻ' ‐ എം പി മന്മഥൻ). പിന്നീട് കോഴിക്കോട്ട്‌ ചേർന്ന കെപിസിസി യോഗമാണ് 1931 നവംബർ ഒന്നിന് ഗുരുവായൂരിൽ സത്യഗ്രഹം തുടങ്ങാൻ തീരുമാനിച്ചത്-. ബ്രിട്ടീഷ്- ഭരണജില്ലയായ മലബാറിലെ പൊന്നാനി താലൂക്കിലാണ് ഗുരുവായൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഉടമസ്ഥൻ കോഴിക്കോട്- സാമൂതിരിയാണ്. അതിനാൽ, ബ്രിട്ടീഷ്- സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നു.  വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി മന്നത്തു- പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ നടത്തി ബഹുജനപിന്തുണ നേടിയതുപോലെ ഗുരുവായൂർ സത്യഗ്രഹത്തിനുള്ള പടയൊരുക്കമെന്ന നിലയിൽ പയ്യന്നൂരിൽനിന്ന്‌ ഗുരുവായൂരിലേക്ക്- കാൽനട ജാഥ പുറപ്പെട്ടു. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിലുള്ള ജാഥയുടെ ക്യാപ്-റ്റൻ എ കെ ഗോപാലനായിരുന്നു. തുടക്കംമുതൽ ഭർത്സനവും മർദനവും ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു ജാഥ മുന്നേറിയത്. പയ്യന്നൂരിനടുത്ത്- കണ്ടോത്ത്- എന്ന സ്ഥലത്ത്- തീയ്യരുടെ ഒരമ്പലമുണ്ട്-. ക്ഷേത്രത്തിന് അശുദ്ധിയുണ്ടാകുമെന്നു പറഞ്ഞ്- പുലയരുൾപ്പെട്ട ജാഥയെ അമ്പലത്തിനു മുന്നിലൂടെ പോകാൻ അനുവദിച്ചില്ല. എ കെ ജിയെയും കേരളീയനെയും ക്ഷേത്രഭാരവാഹികൾ മർദിച്ചവശരാക്കി. അതേപോലെതന്നെ ഫറോക്കിൽനിന്ന് തിരൂർവരെ ജാഥാംഗങ്ങൾ തീവണ്ടിയിലാണ് സഞ്ചരിച്ചത്-. മലബാർ കലാപത്തെ ക്രൂരമായി അടിച്ചമർത്തിയതിൽ കുപിതരായിരിക്കുന്ന ഏറനാട്ടിലെ മുസ്ലിങ്ങൾ ജാഥയെ ആക്രമിക്കുമെന്ന് ഭയപ്പെട്ടാണ് യാത്ര തീവണ്ടിയിലാക്കിയത്. നവംബർ ഒന്നിന് തുടങ്ങിയ സത്യഗ്രഹത്തിൽ ഒരവർണനും സവർണനും ഉൾപ്പെടെ രണ്ടുപേർ വീതം മൂന്നു മണിക്കൂറാണ് ഓരോ സംഘവും സത്യഗ്രഹത്തിലേർപ്പെട്ടത്. പുലർച്ചെ മൂന്നിന്‌- നടതുറക്കുമ്പോൾ തുടങ്ങുന്ന സത്യഗ്രഹം ഉച്ചപൂജകഴിഞ്ഞ് നടയടയ്‌ക്കുമ്പോൾ നിർത്തിവയ്-ക്കും. വൈകിട്ട്- നാലരയ്‌ക്ക്- നടതുറക്കുമ്പോൾ വീണ്ടും തുടങ്ങുന്ന സമരം അത്താഴപൂജ കഴിഞ്ഞ്- നടയടയ്-ക്കുന്നതുവരെ തുടരും. എല്ലാ ദിവസവും വിശദീകരണയോഗവും ഉണ്ടാകും. സമരത്തിനനുകൂലമായ അന്തരീക്ഷം കൊച്ചിയിലും തിരുവിതാംകൂറിലും ഉണ്ടാക്കുന്നതിനുവേണ്ടി മന്നത്തു പത്മനാഭൻ, സി വി കുഞ്ഞിരാമൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്- തുടങ്ങിയവർ പ്രചാരണപ്രവർത്തനങ്ങൾ നടത്തി. പിൽക്കാലത്ത്- രാഷ്ട്രീയമണ്ഡലത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ കേളപ്പൻ, കേരളീയൻ, എ കെ ജി, പി കൃഷ്ണപിള്ള തുടങ്ങിയവർ പൊതുരംഗത്തെത്തുന്നത്- ഗുരുവായൂർ സത്യഗ്രഹത്തിലൂടെയാണ്. എ കെ ജിക്കും കൃഷ്ണപിള്ളയ്ക്കും മർദനമേറ്റതും ഇവിടെവച്ചുതന്നെ. ഇന്ത്യയൊട്ടാകെ കത്തിപ്പടർന്ന ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലായ കൃഷ്-ണപിള്ള മോചിതനായി ആദ്യമെത്തിയത്- ഗുരുവായൂർ സത്യഗ്രഹവേദിയിലായിരുന്നു. രണ്ടാം വട്ടമേശസമ്മേളനം പരാജയപ്പെട്ടതിനെത്തുടർന്ന് നടന്ന സിവിൽ നിയമലംഘനത്തിൽ പങ്കെടുത്ത്- ശിക്ഷിക്കപ്പെട്ട ഗാന്ധിജി യെർവാദ ജയിലിലായിരുന്നു. തിരുവിതാംകൂറിൽ ജനസംഖ്യാനുപാതികമായി നിയമസഭയിലും ഉദ്യോഗങ്ങളിലും പ്രാതിനിധ്യം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത രാഷ്ട്രീയ സമിതി നടത്തുന്ന നിവർത്തനപ്രക്ഷോഭവും ഇക്കാലത്തായിരുന്നു. അതായത്-, ഗുരുവായൂർ സത്യഗ്രഹം വെറുമൊരു ക്ഷേത്രപ്രവേശനസമരം മാത്രമായിരുന്നില്ല. സമകാലീന സംഭവവികാസങ്ങളുടെ ചൂരും ചൂടുമുൾക്കൊണ്ട രാഷ്ട്രീയസമരമായിരുന്നു. സാമൂതിരിയുമായുള്ള പലവട്ട ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് നിരാഹാരമനുഷ്-ഠിക്കാൻ കേളപ്പൻ തീരുമാനിച്ചത്-. 12 ദിവസം നീണ്ടുനിന്ന ആ നിരാഹാരം ആരംഭിച്ചത് 1932 സെപ്-തംബർ 21ന് ആയിരുന്നു. ദിവസം നീങ്ങുന്തോറും ക്ഷീണിതനായി വരുന്ന കേളപ്പനെ സമരത്തിൽനിന്ന്‌ പിന്തിരിപ്പിക്കുന്നതിന് നേതാക്കൾ ഗാന്ധിജിയെ ഇടപെടുവിച്ചു. നാലു ദിവസത്തെ നിരാഹാരത്തിനുശേഷം പൂനാ കരാർ ഒപ്പുവച്ചതിനെത്തുടർന്ന് ഗാന്ധിജി സമരം അവസാനിപ്പിച്ചിരുന്നു. ഗുരുവായൂരിലെ ക്ഷേത്രപ്രവേശനത്തിന്റെ ഉത്തരവാദിത്വം ഗാന്ധിജി ഏറ്റെടുത്തുകൊള്ളാമെന്ന ഉറപ്പിന്മേലാണ് കേളപ്പൻ നിരാഹാരം അവസാനിപ്പിച്ചത്-. എന്നാൽ, ഗാന്ധിജിക്ക്- പിന്നീടതിൽ ഇടപെടാൻ കഴിഞ്ഞില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് ഗുരുവായൂരിൽ അവർണജാതിക്കാർക്ക്- പ്രവേശനം അനുവദിച്ചത്. വൈക്കത്തുവച്ച് 1925ൽ മന്നത്തു പത്മനാഭൻ പറഞ്ഞത്- അയിത്തം എന്ന ഭൂതം മതിലുകൾക്കകത്ത്- അഭയം പ്രാപിച്ചിരിക്കുന്നുവെന്നാണ്. ഇന്നത്തെ സ്ഥിതിയോ. മതിലിനകത്തുനിന്ന്‌ ശ്രീകോവിലിനകത്താണ് അയിത്തം കയറിയിരിക്കുന്നത്. അങ്ങോട്ടു കയറണോ വേണ്ടായോ എന്ന്‌ തീരുമാനിക്കേണ്ടത് വിശ്വാസികളാണ്. വേണമെങ്കിൽ ഹിതപരിശോധന നടത്തട്ടെ. ബിംബം തൊട്ട് വന്ദിക്കാനും പൂജ നടത്താനും അവർണന് അർഹതയില്ലെന്ന് വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷം ഇന്നുമുണ്ട്-. അവകാശമുണ്ടെന്ന് അവർണർ പറഞ്ഞാൽ അത്- അഹങ്കാരമായി ചിത്രീകരിക്കപ്പെടും. എന്നാൽ, സവർണൻതന്നെ പറഞ്ഞാലോ. "ബിംബം തൊട്ടാരാധിക്കാൻ എല്ലാവർക്കും അവകാശമുണ്ടായിരിക്കണമെന്ന് ഞാൻ പറഞ്ഞതിന്റെ അർഥം പൂജാരിയാവാൻ പഠിപ്പുള്ള ഏതു ജാതിക്കും അവകാശമുണ്ടായിരിക്കണമെന്നാണ്. അല്ലാതെ എല്ലാവരുംകൂടി ശ്രീകോവിലിൽ പാഞ്ഞുകയറണമെന്നല്ല.'' (മന്നത്തു പത്മനാഭൻ: 1931 ഡിസംബർ 21ന് ഗുരുവായൂരിൽ നടത്തിയ പ്രസംഗം). ഗുരുവായൂർ സത്യഗ്രഹത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു ജനഹിതപരിശോധന. പൊന്നാനി താലൂക്കിലെ 3,34,500 ഹിന്ദുക്കളിൽ 65,000 പേർ മാത്രമാണ് സവർണർ. അതിൽ പ്രായപൂർത്തി വന്നവർ 30,000. ഹിതപരിശോധനക്കാർ നേരിട്ടുകണ്ടത് 27,465 പേരെ. 7302 പേർ ഹിതപരിശോധനയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. പങ്കാളികളായ 20,163 പേരിൽ 15,568 പേർ (77 ശതമാനം) ഹരിജനങ്ങൾക്ക്‌ ക്ഷേത്രം തുറന്നുകൊടുക്കണമെന്ന് അഭിപ്രായപ്പെട്ടു. അതിൽ 8000 പേർ സ്-ത്രീകളായിരുന്നു. സവർണഹിന്ദുക്കൾമാത്രം ഹിതപരിശോധനയിൽ പങ്കെടുത്താൽ മതിയെന്ന് തീരുമാനിച്ചിരുന്നു. തിരുവിതാംകൂറിൽ 1936ലും കൊച്ചിയിലും മലബാറിലും 1947ലും ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടതോടുകൂടി അയിത്തമില്ലാതാവുകയും ഹിന്ദുഐക്യം സാധ്യമാവുകയും ചെയ്തു. മന്നത്തു പത്മനാഭനും ടി കെ മാധവനുംകൂടി ആയിരത്തിതൊള്ളായിരത്തിഇരുപതുകളിൽ ഹിന്ദുഐക്യത്തിനുവേണ്ടി നായരീഴവ മഹാസമ്മേളനങ്ങൾ നടത്തിയിരുന്നു. സ്വാതന്ത്ര്യലബ്ധിയോടുകൂടി അന്നത്തെ സ്ഥിതിയിൽ മാറ്റംവന്നു. അതിനുശേഷം 1950ൽ മന്നവും ആർ ശങ്കറും ചേർന്ന് ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചിരുന്നു. ആ ഐക്യമാണ് 1959ലെ വിമോചന സമരത്തിന്റെ നായകനാകാൻ മന്നത്തിനെ പ്രേരിപ്പിച്ചത്-. എന്നാൽ,  മന്നവും ആർ ശങ്കറും (എൻഎസ്എസും എസ്എൻഡിപിയും) വിഭാവനം ചെയ്-ത ഹിന്ദു ഐക്യമല്ല ഇന്ന്‌ ചിലർ ഉണ്ടാക്കാൻ ശ്രമിക്കുന്നത്-. ഇന്ന് അതിനവരെ പ്രേരിപ്പിക്കുന്ന ഘടകം മുസ്ലിം‐ ക്രൈസ്തവ‐ കമ്യൂണിസ്റ്റ് വിരോധമാണെന്നുമാത്രം. വിശ്വാസ സംരക്ഷണത്തേക്കാൾ പ്രധാനമാണ് പട്ടിണിയകറ്റൽ. ചിക്കാഗോ പ്രസംഗത്തിൽ സ്വാമി വിവേകാനന്ദൻ പറഞ്ഞത് വിശപ്പും ദാഹവും സഹിക്കാതെ വരണ്ട തൊണ്ടയിലൂടെ ഭാരതീയൻ അലറിക്കരയുന്നത് ഒരുപിടി ചോറിനുവേണ്ടിയാണ്. അവന്റെ മുമ്പിൽ ദൈവം പ്രത്യക്ഷപ്പെടുന്നത് ആഹാരത്തിന്റെ രൂപത്തിലാണ് എന്നാണ്. കോർപറേറ്റുകൾ നയിക്കുന്ന ഭരണകൂടത്തിന്റെ വിജയഗാഥാഘോഷങ്ങൾ ""അദ്യുതി അസ്ഥികൂടദ്യുതി, അക്കീർത്തി നൃത്തം കബന്ധനൃത്തം’’ എന്ന് മഹാകവി ഉള്ളൂർ "ചിത്രശാല'യിൽ പറഞ്ഞതുപോലെയാണ്. Read on deshabhimani.com

Related News