ജലമുറിവ് ; പ്രകൃതിദുരന്തങ്ങൾ അരങ്ങേറുന്ന ഋതുവായി മഴക്കാലം



തിമിർത്തുപെയ്യുന്ന മഴയിൽ പുഴകളെല്ലാം കരകവിയുന്നുണ്ട്‌... കനത്ത കാറ്റുവീശുന്നുണ്ട്‌... അകമ്പടിയായി ഇടയ്‌ക്കിടെ ഇടിമിന്നലുണ്ട്‌... മരങ്ങൾ കടപുഴകുന്നു.. മണ്ണിടിയുന്നു, ഉരുൾപൊട്ടുന്നു... പ്രകൃതിദുരന്തങ്ങൾ അരങ്ങേറുന്ന ഋതുവായി മഴക്കാലം മാറിയിട്ടുണ്ട്‌...  എത്രയെത്ര ജീവനുകൾ ഈ മഴക്കാലത്ത്‌ ഇതുവരെ നമ്മുടെ മുന്നിൽ പൊലിഞ്ഞുപോയി...   മുംബൈയിലെ ലോണാവാല വെള്ളച്ചാട്ടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ അതിദാരുണമായി മരിച്ചത്‌ അറിഞ്ഞതാണല്ലോ.. പുഴയിലിറങ്ങിയ അവർ കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലിന്റെ ഒഴുക്കിൽ രക്ഷപ്പെടാനാകാതെ താഴേക്ക് പതിക്കുന്ന കാഴ്ച ഏറെ വേദനിപ്പിച്ചതാണ്. നമ്മുടെ പുഴകളിൽ പൊടുന്നനെ വെള്ളം കൂടുന്നതെങ്ങനെയാവും.. ‘പെട്ടെന്നുള്ള വെള്ളപ്പൊക്കം’ (ഫ്ലാഷ് ഫ്ലഡ്) എന്ന് വിളിക്കുന്ന ഈ പ്രതിഭാസം നിസ്സാരമായി തോന്നുമെങ്കിലും അപകട തീവ്രത വളരെ കൂടുതലാണ്. പ്രകൃതിദത്തമോ, മനുഷ്യ നിർമിതമോ ആയ കാരണങ്ങളാൽ പെട്ടന്ന് രൂപപ്പെടുന്ന വെള്ളപ്പൊക്കം ആണ് ഫ്ലാഷ് ഫ്ലഡ്സ്. മേഘവിസ്‌ഫോടനം, അതിതീവ്രമഴ, അണക്കെട്ടുകളുടെ ഷട്ടർ തുറന്നു വിടുകയോ പൊട്ടുകയോ ചെയ്യുക, ഒരു പ്രദേശത്ത് ദീർഘനേരം തുടർച്ചയായ ഇടിമിന്നലുണ്ടാവുക, മഞ്ഞുരുകലും മഴയുമൊരുമിച്ചുണ്ടാവുക, ഉരുൾപ്പൊട്ടൽ, അഗ്നിപർവത സ്ഫോടനത്താലുള്ള മഞ്ഞുരുകൽ തുടങ്ങിയ കാരണങ്ങളൊക്കെ  ഫ്ലാഷ് ഫ്ലഡിന്‌ വഴിയൊരുക്കും. മുംബൈയിൽ മാത്രമല്ല, ഉത്തരാഖണ്ഡ്, കേരളം, അസം, ബിഹാർ എന്നിവിടങ്ങളിലും സമാന അപകടങ്ങൾ ഉണ്ടായിട്ടുണ്ട്‌. ഇന്ത്യയിൽ പലപ്പോഴും ഇതിന്റെ അപകടതീവ്രത പുഴയിലാണ്‌ കാണാറുള്ളത്‌. ഫ്ലാഷ് ഫ്ലഡ് മഴയുടെ അളവ് കൂടുമ്പോൾ സ്വാഭാവികമായും പുഴയിലും വെള്ളമുയരും. ചുറ്റുമുള്ള അരുവികളും നീർച്ചാലുകളും എത്തിച്ചേരുന്ന പുഴകളിലേക്കാണല്ലോ മലകളിൽപെയ്യുന്ന മഴവെള്ളവും (മലവെള്ളം)എത്തുന്നത്‌. എന്നാൽ മലമുകളിൽനിന്ന്‌  ഈ ജലപ്രവാഹം താഴ്‌വരയിലൂടെയോ സമതലങ്ങളിലൂടെയോ ഒഴുകുന്ന പുഴയിലേക്കെത്താൻ മണിക്കൂറുകൾ വേണ്ടിവന്നേക്കാം. അതിനാൽ മഴയുടെ  പ്രാദേശിക വ്യതിയാനത്താൽ താഴ്‌വരയിലും, സമതലങ്ങളിലും ശാന്തമായൊഴുകുന്ന പുഴ വളരെപെട്ടന്നാവും മലവെള്ളത്താൽ കരുത്ത്‌ കൂട്ടുക. മണിക്കൂറുകൾക്ക് മുൻപ് പെയ്ത മഴയുടെ കാഠിന്യത്താൽപോലും മലവെള്ളം അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. ലോണാവാല അപകടം ഇതിനുദാഹരണമാണ്‌. അതോടൊപ്പം ഈ പ്രതിഭാസം ചെങ്കുത്തായ സ്ഥലത്താണെങ്കിൽ തീവ്രത വളരെ വലുതായിരിക്കും. പ്രദേശത്തിന്റെ ഭൂപ്രകൃതി, മണ്ണ്, സസ്യജാലങ്ങൾ, കെട്ടിടങ്ങൾ, ജലാശയങ്ങളുടെ വാഹകശേഷി, ഭൂവിനിയോഗങ്ങൾ എന്നിവയെല്ലാം  ഫ്ലാഷ് ഫ്ലഡിന്റെ തീവ്രതയെ സ്വാധീനിക്കും.   അപകട വഴി എവിടെയും സമതലങ്ങളിലൂടെ ഒഴുകുന്ന തെളിഞ്ഞ പുഴകളിലും ഫ്ലാഷ് ഫ്ലഡ് ഏത് നിമിഷവും വന്നുചേരാം.  കല്ലാർ, പെരിയാർ, തമിഴ്‌നാട്ടിലെ കുറ്റാലം പുഴകളിലുണ്ടായ മഴവെള്ളപ്പാച്ചിലുകൾ ഇതിന് ഉദാഹരണങ്ങൾ ആണ്. മേഘ വിസ്ഫോടനം മുമ്പ്‌ ഹിമാലയ മലനിരകളിൽ മാത്രം കണ്ട് വന്ന പ്രതിഭാസമായിരുന്നു മേഘ വിസ്ഫോടനം (ഒരു ചെറുപ്രദേശത്ത് മണിക്കൂറിൽ 10സെന്റി മീറ്ററിന് മുകളിൽ മഴയുണ്ടാവുക‐ cloud burst). കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇതെവിടെയും ഉണ്ടാകാമെന്ന നിലയിൽ ആയിട്ടുണ്ട്‌. മേഘവിസ്‌ഫോടനത്തിലൂടെ കട്ടിയുള്ള മേഘങ്ങൾ പെയ്യുന്നത് നഗരത്തിലാണെങ്കിൽ നഗരമാകെ സ്തംഭിപ്പിക്കുന്ന വെള്ളക്കെട്ടുകളുമുണ്ടാവാറുണ്ട്‌. ഇതുതന്നെ തീരപ്രദേശത്താണ്‌ സംഭവിക്കുന്നതെങ്കിൽ ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിന്റെ വേഗവും കൂടിയാൽ കടൽ പ്രക്ഷുബ്ധമാകാനും  തീരത്തേക്ക് കയറി നാശനഷ്ടങ്ങൾക്കുമിടയാക്കും. പശ്ചിമഘട്ട താഴ്‌വരയിലാണ് കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുമെന്നതിനാൽ അതിതീവ്രമഴയും മണ്ണിടിച്ചിലും എത്ര വിനാശകരമാണെന്ന് 2018, 2019 ലെ വെള്ളപ്പൊക്കത്തിലൂടെ നാം തിരിച്ചറിഞ്ഞതാണല്ലോ. Read on deshabhimani.com

Related News