ചാന്ദ്രഗര്‍ത്തങ്ങള്‍ ജീവശേഖരമായാൽ



ചന്ദ്രനിൽ സൂര്യപ്രകാശം ഒരിക്കലും കടന്നുചെല്ലാത്ത മേഖലകൾ ഇപ്പോൾ ഗവേഷകരുടെ ശ്രദ്ധാകേന്ദ്രമാണ്‌. ഭാവിയിൽ ഇത്തരം മേഖലകൾ മനുഷ്യവാസത്തിനും ഇടത്താവളങ്ങൾക്കുമായി മാറ്റി എടുക്കാനാകുമെന്നാണ്‌ ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽനിന്ന്‌ ഐഎസ്‌ആർഒയുടെ ചാന്ദ്രയാൻ 3 ലഭ്യമാക്കിയ വിവരങ്ങളും പ്രതീക്ഷ നൽകുന്നു. ഗർത്തങ്ങളും  കോടാനുകോടി വർഷങ്ങൾക്കുമുമ്പ്‌ അഗ്നിപർവതസ്‌ഫോടന ഫലമായി രൂപപ്പെട്ട ഗുഹാപാളികളെപറ്റിയുമെല്ലാം ശാസ്‌ത്രലോകം സൂക്ഷ്‌മമായി പഠിക്കുകയാണ്‌. അതിനിടെ   ഭൂമിയിലെ ജൈവവൈവിധ്യം നശിക്കാതെ നിലനിർത്താനുള്ള നിലവറകളായി അവയെ ഉപയോഗപ്പെടുത്താനാകുമോ എന്ന ചിന്തയിലാണ്‌ ഒരു സംഘം ഗവേഷകർ. ഭൂമിയിലെ ജീവന്റെ  ‘പ്രതിരൂപത്തെ’ ചന്ദ്രനിൽ നിലനിർത്തുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം. സ്മിത്ത്സോണിയൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയമാണ് ഇത്തരമൊരു പദ്ധതി  മുന്നോട്ട്‌ വച്ചിരിക്കുന്നത്‌. ജീവശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ഇതര ഗവേഷണസ്ഥാപനങ്ങളും ഈ സംരംഭത്തിൽ കൈകോർക്കും. ഉത്തര ധ്രുവത്തിൽ നോർവെ ഗ്ലോബൽ സീഡ് വോൾട്ടിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ ആശയം പങ്കുവച്ചിരിക്കുന്നത്‌. ഒരു ദശലക്ഷത്തിലധികം വിത്തിനങ്ങളാണ്‌ ഇവിടെ സംരക്ഷിച്ച്‌ സൂക്ഷിച്ചിരിക്കുന്നത്‌. ജന്തുക്കളുടെയും സസ്യങ്ങളുടെയും ജീവകോശങ്ങളെ അവയിലെ ഡിഎൻഎ നശിച്ചുപോകാത്ത രീതിയിൽ ചാന്ദ്ര ഗർത്തങ്ങൾക്കുള്ളിൽ നിർമിക്കുന്ന നിലവറകളിൽ സൂക്ഷിക്കും. ഭൂമിയിലെ മുഴുവൻ ജീവസ്പീഷീസുകളുടെയും ശരീരകോശങ്ങളും അവയിലെ ജനിതകവസ്തുക്കളും ഭാവി ഉപയോഗത്തിനായി സൂക്ഷിച്ചുവയ്‌ക്കുന്ന ബൃഹത്തായ പദ്ധതിയാണ്‌ ആലോചനയിൽ.  ജീവകോശങ്ങളെ അവയിലെ ഡിഎൻഎയെ പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിൽ സൂക്ഷിച്ചുവയ്‌ക്കണമെങ്കിൽ മൈനസ്‌ 196 ഡിഗ്രി സെൽഷ്യസിൽ അവ സംരക്ഷിക്കേണ്ടതുണ്ട്. ചന്ദ്രനിലെ ധ്രുവീയ ഗർത്തങ്ങളിൽ പ്രകൃത്യാൽത്തന്നെ അതിശൈത്യം  നിലനിൽക്കുന്നതിനാൽ ജീവകോശങ്ങളെ ശീതീകരിച്ച് സൂക്ഷിക്കുന്നത് വളരെ എളുപ്പമാകും. മുൻഗണന ഭൂമിയിലെ ജീവൻ ഭൗമപരിണാമത്തിന്റെ പല ഘട്ടങ്ങളിലും കൂട്ടവംശനാശത്തിലൂടെ കടന്നുപോയിട്ടുണ്ട്. ദിനോസറുകളുൾപ്പെടെയുള്ള അനേകശതം സ്പീഷീസുകൾ അതിലൂടെ നശിച്ചുപോയിട്ടുണ്ട്. അങ്ങനെയുള്ള അഞ്ച് വംശനാശങ്ങൾ പല കാലങ്ങളിലായി ഭൂമിയിൽ നടന്നിട്ടുണ്ട്. അവയെയെല്ലാം കടന്നുവന്ന സ്പീഷീസുകളാണ് ഇന്നുള്ളത്. വംശനാശ ഭീഷണി തീവ്രമായ ജീവികളുടെ ശരീരകോശങ്ങൾക്ക് ചന്ദ്രനിലെ ശൈത്യനിലവറകളിൽ മുൻഗണന നൽകാനാണ് തീരുമാനം. ആദ്യം ഒരു മത്സ്യം ചന്ദ്രനിലെ ജീവശേഖരത്തിൽ ആദ്യമെത്തുക ഒരു മത്സ്യമാണ്. പവിഴപ്പുറ്റുകളിൽ പറ്റിപ്പിടിച്ചുവളരുന്ന പായലുകൾക്കിടയിൽ കാണപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം ആസ്റ്ററോടെറിക്സ് സെമിപങ്റ്റേറ്റ എന്നാണ്. ആറു സെന്റീമീറ്ററോളംമാത്രം നീളമുള്ള ചെറുമത്സ്യമായ ഇതിനെ ‘സ്റ്റാറി ഗോബി’ എന്ന പേരിൽ അക്വേറിയങ്ങളിലും വളർത്തപ്പെടുന്നു. പേർഷ്യൻ ഗൾഫിലും ചെങ്കടൽമുതൽ ഹവായ് ദ്വീപുകൾക്കും ജപ്പാനും ചുറ്റുമുള്ള കടലുകളിൽവരെ ഇവ കാണുന്നു. പവിഴപ്പുറ്റുകൾക്കിടയിലെ വിടവുകളിലാണ് ഇവ കഴിയുന്നത്. ലോകമെമ്പാടുമായി പവിഴപ്പുറ്റുകൾ ഭീഷണിയിലായതിനാൽ ഇവയുടെ നിലനിൽപ്പും അപകടത്തിലാണ്. എങ്കിലും അക്വേറിയം മത്സ്യമായി വളർത്തപ്പെടുന്നതിനാൽ നിലവിൽ വംശനാശഭീഷണിയില്ല. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന ഫൈബ്രോബ്ലാസ്റ്റുകൾ എന്ന  കോശങ്ങളെയാണ് ചന്ദ്രനിലെ ജീവശേഖരത്തിലേക്ക് അയക്കുന്നത്. ഇത്തരം കോശങ്ങൾക്ക് മറ്റുതരം ജീവകോശങ്ങളേക്കാൾ തണുപ്പിനെ അതിജീവിക്കാനുള്ള ശേഷി കൂടുതലാണ്. ആണവവികിരണത്തെയും  ഇത്തരം കോശങ്ങൾ അതിജീവിക്കും എന്നാണ് പ്രതീക്ഷ. അത് സാധ്യമാകുമോ എന്നറിയുന്നതിനുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. സുരക്ഷിതം നിലനിറുത്താനുള്ള ചെലവ്‌ കുറവാണ് എന്നതു മാത്രമല്ല ജീവകോശങ്ങൾക്കുള്ള സംരക്ഷണ കലവറയായി ചന്ദ്രനിലെ ഗർത്തങ്ങളെ തെരഞ്ഞെടുക്കാൻ കാരണം. അത്തരത്തിൽ ഒരു ശേഖരം ചന്ദ്രനിൽ സജ്ജീകരിക്കാൻ അതിലേറെ ചെലവുവരും. മാത്രമല്ല, നിലവിൽ ഭൂമിയിൽ അത്തരമൊരു സംവിധാനം നിലവിലുണ്ടുതാനും. ആർട്ടിക് മേഖലയിൽ ഭൗമനിരപ്പിൽനിന്ന്‌ 400 അടി താഴ്ചയിലാണ് ഇത്തരമൊരു ജീവശേഖരം നിർമിച്ചിരിക്കുന്നത്. ഗ്ലോബൽ സീഡ് വാൾട്ട്  എന്നുപേരുള്ള ഇത് നോർവെയിലെ സ്വാൽബോർഡ് എന്ന സ്ഥലത്താണ് നിർമിക്കപ്പെട്ടിട്ടുള്ളത്. നിലവിൽ ഒരു ദശലക്ഷത്തിലധികം സസ്യങ്ങളുടെ വിത്തുകൾ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. പ്രധാനമായും ഭക്ഷ്യവിളകളുടേത്. എങ്കിലും 2017ലെ ഒരു മഞ്ഞുരുക്കംമൂലമുണ്ടായ ജലപ്രളയത്തിൽ ഇവിടുള്ള വിത്തുശേഖരം നശിച്ചുപോകുന്ന അവസ്ഥയുണ്ടായിരുന്നു. അടിയന്തരമായ നടപടി സ്വീകരിച്ചതുകൊണ്ടുമാത്രമാണ് ഈ വിത്തുശേഖരത്തെ സമ്പൂർണനാശത്തിൽനിന്ന്‌  രക്ഷിക്കാനായത്. ഇതിൽനിന്ന്‌ വ്യത്യസ്‌തമായി ചന്ദ്രനിലെ കലവറ കൂടുതൽ സുരക്ഷിതമാകുമെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ അവകാശവാദം. Read on deshabhimani.com

Related News