ഞാൻ 
ഫെമിനിച്ചിയാണ്‌ , ആൺ വിരോധമുള്ളവളല്ല, സ്ത്രീത്വമാണ്‌ മഹത്തരമെന്ന്‌ വിളിച്ചോതുന്നവളല്ല

കുമാർ സുനിൽ, സുധീഷ് സ്കറിയ, 
വിജി വിശ്വനാഥ്‌, ഫാസിൽ മുഹമ്മദ്, ഷംല ഹസ്ന


തിരുവനന്തപുരം ഞാൻ ഫെമിനിച്ചിയാണ്‌... ആൺ വിരോധമുള്ളവളല്ല, സ്ത്രീത്വമാണ്‌ മഹത്തരമെന്ന്‌ വിളിച്ചോതുന്നവളല്ല, തുല്യതയ്ക്കുവേണ്ടി പോരാടുന്നവളുമല്ല. ജീവിതത്തിലെ കാഴ്‌ചപ്പാടുകൾ മാറുമ്പോൾ, മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ കിട്ടുന്ന പേരാണ്‌ ഫെമിനിച്ചിയെന്ന്‌ അഭിമാനത്തോടെ വിളിച്ചുപറയുകയാണ്‌ 29–-ാമത്‌ ഐഎഫ്‌എഫ്‌കെയിൽ അന്താരാഷ്‌ട്ര മത്സരവിഭാഗത്തിൽ തെരഞ്ഞെടുത്ത "ഫെമിനിച്ചി ഫാത്തിമ'. നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദിന്റെ "ഫെമിനിച്ചി ഫാത്തിമ'യ്ക്ക്‌ കൈരളി തിയറ്ററിൽ കിട്ടിയ നിറഞ്ഞ കൈയടി ഫാസിലിന്റെ വർഷങ്ങളുടെ കഷ്ടപ്പാടിന്‌ കിട്ടിയ അംഗീകാരത്തിനൊപ്പം ഫെമിനിച്ചിയെ അംഗീകരിക്കൽ കൂടിയാണ്‌.   പൊന്നാനിയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലെ ദൈനംദിന ജീവിത സാഹചര്യങ്ങളിലൂടെ സ്ത്രീ പ്രതിസന്ധികളെ അവതരിപ്പിച്ചിരിക്കുകയാണ്‌ സിനിമ. എന്റെ സിനിമയും അതിലെ ഫാത്തിമയും ഞാൻ കണ്ടുവളർന്ന, കേട്ടുശീലിച്ച എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ്. എന്റെ ഉമ്മയുടെയും സഹോദരിമാരുടെയും കൂട്ടുകാരികളുടെയും അനുഭവങ്ങളാണ്‌. –- ഫാസിൽ മുഹമ്മദ് പറയുന്നു. ഫാസിലാണ്‌ സംവിധാനവും രചനയും എഡിറ്റിങ്ങും ചെയ്തിരിക്കുന്നത്‌. ഷംല ഹസ്ന, കുമാർ സുനിൽ, വിജി വിശ്വനാഥ്‌ എന്നിവരാണ്‌ പ്രധാന വേഷങ്ങളിലെത്തുന്നത്‌. എഎഫ്‌ഡി സിനിമാസിന്റെ ബാനറിൽ തയ്യാറാക്കിയ ചിത്രത്തിന്റെ പ്രൊഡ്യൂസർ സുധീഷ്‌ സക്കറിയയാണ്‌. രണ്ട്‌ മാസം കൊണ്ടാണ്‌ ചിത്രം പൂർത്തിയാക്കിയത്‌. ചൊവ്വയും ബുധനും ചിത്രത്തിന്റെ പ്രദർശനമുണ്ടാകും. Read on deshabhimani.com

Related News