പ്രൊഫ. കെ കെ ഹിരണ്യൻ ; മറവിയുടെ തരിശിൽ മറിഞ്ഞുവീണ ഓർമ മരം
എഴുപതുകളിലെ ക്ഷുഭിതയൗവനങ്ങളുടെ ഭാവുകത്വത്തെ, മാറുന്ന അഭിരുചിഭേദങ്ങളെ ഞങ്ങളുടെ തലമുറയിലേക്ക് ജാഗ്രതയോടെ കൂട്ടിക്കെട്ടിയ പ്രബല കണ്ണിയായിരുന്നു ഹിരണ്യൻ. വിപ്ലവസ്വപ്‌നങ്ങൾക്കൊപ്പം തിളച്ചുമറിഞ്ഞ ക്യാമ്പസ് പ്രബുദ്ധതയിൽ മാർക്‌സിസ്‌റ്റ് പാഠാവലികൾക്കൊപ്പം സാർത്രും കമുവും കാഫ്‌കെയും ദാർശനിക വിചാരങ്ങളും ഇടകലരുന്നത് ഹിരണ്യനെപ്പോലുള്ളവരുടെ സൂക്ഷ്‌മവും എന്നാൽ നിശ്ശബ്ദവുമായ സാഹിത്യ സാംസ്‌കാരിക പ്രവർത്തനംകൊണ്ടായിരുന്നു. സാഹിത്യത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം കണ്ട ഒരാൾ. അകം നിറയെ കവിതയുടെ മഷിപ്പാത്രം നിറഞ്ഞു തുളുമ്പിയിരുന്നെങ്കിലും പുറത്തേക്ക് ഇറ്റിവീഴാതെ പരമമായ പ്രാണൻപോലെ സൂക്ഷിച്ചും പിശുക്കിയും ഉപയോഗിച്ചിരുന്ന ഒരാൾ. തന്നെക്കാളേറെ എന്നും മറ്റുള്ളവരെ ശ്രദ്ധിച്ചു. തന്റെ കവിതയേക്കാൾ മറ്റുള്ളവരുടെ കവിതയെ നിരീക്ഷിച്ചു. ചങ്ങാത്തമോ അപരിചിതത്വമോ അതിന് മാനദണ്ഡമായില്ല. ഭാഷയുടെ അടിസ്ഥാനങ്ങളിൽ ഉറച്ചുനിന്ന് വൃത്തബദ്ധമായി കവിതയെഴുതാനുള്ള മികവ് സ്‌കൂൾ വിദ്യാർഥിയായിരിക്കെ അദ്ദേഹം തെളിയിച്ചിരുന്നു. പുരാണേതിഹാസങ്ങളുടെ ചട്ടക്കൂടിൽ സമകാലിക വിഷയങ്ങളെ വ്യാവർത്തിപ്പിച്ചും ജീവിതാനുഭവത്തോടും കാലബോധത്തോടും ചേർത്തുനിർത്തിയും ആദ്യകാല രചനകളിൽത്തന്നെ ഹിരണ്യൻ തിളങ്ങി. കവിതയുടെ ഈ തുടർച്ച വേണ്ടത്ര പിന്നീടുണ്ടായില്ല. മടിച്ചും ശങ്കിച്ചും തന്റേതായ എഴുത്തിനോട് വിമുഖത കാട്ടി. പുസ്‌തകരൂപത്തിൽ ഒന്നും സമാഹരിക്കപ്പെട്ടില്ല. ജീവിക്കുന്ന സാഹിത്യ വിജ്ഞാനകോശമെന്ന് ഹിരണ്യനെ വിളിക്കാറുണ്ട്. മാതൃഭൂമി സാഹിത്യ മത്സര വിജയികളാണ് ഹിരണ്യനും ഭാര്യ ഗീത ഹിരണ്യനും. ഹിരണ്യന് കവിതയിലായിരുന്നു സമ്മാനം. ഗീതയ്‌ക്ക് കഥയ്‌ക്കും. പിന്നെ അവർ ജീവിതത്തിൽ ഒന്നിച്ചു. കവിതയിൽ തുടർന്നിരുന്നെങ്കിൽ മലയാളത്തിലെ തലപ്പൊക്കമുള്ള കവിയാകുമായിരുന്നു ഹിരണ്യൻ. എന്തെഴുതിയാലും പ്രസിദ്ധീകരിക്കാൻ ആവശ്യക്കാരുണ്ടായിരുന്നു. എന്നിട്ടും എഴുത്തിന്റെ നൈരന്തര്യം അറ്റു. ‘ഒറ്റ സ്‌നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം’ എന്നത് ഗീതാ ഹിരണ്യന്റെ കഥയാണ്. ജീവിതത്തിന്റെ എല്ലാ സ്‌നാപ്പും ഒറ്റ ക്ലിക്കിൽ തീർത്ത വാശിയിൽ അവരെന്നോ പോയി. ഗൗളി വാൽ മുറിച്ചിട്ടപോലെ ഹിരണ്യൻ ബാക്കിയായി. ഇപ്പോഴിതാ ഹിരണ്യൻമാഷും.... Read on deshabhimani.com