അമ്മ പൊന്നമ്മ - മോഹൻലാൽ എഴുതുന്നു



എന്റെ അമ്മയെന്ന്‌ കേൾക്കുമ്പോൾ ഭൂമുഖത്ത്‌ എവിടെയുമുള്ള ഭൂരിപക്ഷം മലയാളി  ചലച്ചിത്ര പ്രേക്ഷകരുടെയും  മനസ്സിൽ വിരിയുന്ന മുഖം എന്റെ കവിയൂർ പൊന്നമ്മയുടെതായിരുന്നു. ഒരുപക്ഷേ, സിനിമയിൽ  അവർ അമ്മ വേഷങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുണ്ടാവുക എന്റെ അമ്മയായിട്ടാകും.  അത്രമാത്രം പ്രിയപ്പെട്ട മകനായിരുന്നു പൊന്നൂസിന്‌  ഞാൻ. അക്കാര്യം പലപ്പോഴും  തുറന്നു പറയാറുണ്ടായിരുന്നു.   ഒരിക്കൽ തിരുവനന്തപുരത്തെ ഉൾപ്രദേശത്ത്‌ മുറുക്കാൻ വാങ്ങാൻ കാർ നിർത്തിയപ്പോൾ ആളുകൾ ചുറ്റും ഓടിക്കൂടി മോഹൻലാലിന്റെ അമ്മയെന്ന്‌ വിളിച്ചത്‌ തെല്ലു ഫലിതത്തോടെ  വിവരിക്കുകയും ചെയ്യുകയുണ്ടായി. അതുപോലെ താൻ പ്രസവിക്കാത്ത മകനാണെന്ന്‌ പറയാറുള്ളതും മറക്കാനാവില്ല. എന്റെ അമ്മ ശാന്തകുമാരിക്കും കവിയൂർ പൊന്നമ്മ എന്റെ അമ്മ വേഷം ചെയ്യുന്നത് കാണാനായിരുന്നു ഏറെ ഇഷ്ടമെന്നതാണ്‌ വാസ്‌തവം. എന്റെ ആരാധകരും അതേറെ ഇഷ്ടപ്പെട്ടതായാണ്‌ മനസ്സിലാക്കുന്നത്‌. ഇരുപതാം വയസ്സിൽ തന്നെക്കാൾ പ്രായമുള്ള സത്യൻ, പ്രേംനസീർ തുടങ്ങിയ നായക നടന്മാരുടെതുൾപ്പെടെ അമ്മയായി അഭിനയിച്ച്‌ സിനിമയിലെത്തിയതായിരുന്നു കവിയൂർ പൊന്നമ്മ.   അമ്മവേഷങ്ങൾ ചെയ്താൽ കരിയർ നശിക്കുമോ നായികാ കഥാപാത്രങ്ങൾ കിട്ടാതെയാകുമോ ഒരേ ടൈപ്പ്‌ എന്ന മുദ്രപതിയുമോയെന്ന്‌ ഏറെക്കുറെ അന്നത്തെ നടിമാരെല്ലാം   ആകുലപ്പെടുന്ന കാലത്താണ്‌ ഒന്നും ചിന്തിക്കാതെ കിട്ടിയ അമ്മവേഷങ്ങളെല്ലാം മനോഹരമായി ചെയ്‌ത്‌ അവർ മലയാളത്തിന്റെ അമ്മയായത്‌. അത്രയധികം സിനിമയെയും അഭിനയ കലയെയും സ്നേഹിച്ച ഒരാൾ ആയിരുന്നു എന്റെ പൊന്നൂസ്‌. Read on deshabhimani.com

Related News