സ്‌നേഹമാകണം ലഹരി; ഭിക്ഷ യാചിച്ചെത്തിയ ഭ്രാന്തൻ



തൃശൂർ> "1977ൽ സിത്താര മ്യൂസിക്‌ ക്ലബ്ബിൽ പാടുന്ന കാലത്ത്‌ ഒരു പയ്യൻ എന്നും ട്രൂപ്പിൽ വരാറുണ്ടായിരുന്നു. തിരുവനന്തപുരത്തെ പണക്കാരുടെ മക്കളുടെ കൂട്ടത്തിൽപെട്ടവനായിരുന്നു. പുത്തൻ ബൈക്കിൽ തന്റെ യുവത്വം ആഘോഷിച്ചവൻ. ഇടയ്‌ക്ക്‌ അവനിലെ സ്വഭാവമാറ്റങ്ങളും ദേഷ്യവുംകണ്ടാണ്‌ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്‌. ലഹരിമരുന്ന്‌ ഉപയോഗമുണ്ടെന്ന്‌ തിരിച്ചറിയുമ്പോഴേക്കും അവൻ അതിൽ അടിമയായിരുന്നു. പതിയെ ഞാൻ എന്റെ തിരക്കുകളിലേക്ക്‌ മാറി.  വർഷങ്ങൾക്കുശേഷം തെരുവിൽ ഭ്രാന്തനെപ്പോലെ ഭിക്ഷ യാചിച്ച്‌ വന്ന പരിചിത മുഖം ഞാൻ ഓർത്തെടുത്തു.അത് ആ പയ്യൻ ആയിരുന്നു. ബൈക്കപടത്തിൽ കാല്‌ നഷ്‌ടപ്പെട്ടിരുന്നു. മയക്കുമരുന്നിൽ അടിമപ്പെട്ടതോടെ വീടും കുടുംബവും നഷ്‌ടപ്പെട്ട്‌  തെരുവിലേക്ക്‌ വലിച്ചെറിയപ്പെട്ടു. ഭിക്ഷ യാചിച്ച്‌ മുന്നിൽ വന്നത്‌ അവനാണെന്ന തിരിച്ചറിവ്‌  എന്നെ ഭയപ്പെടുത്തി'–- സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ വാക്കുകൾ. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഇക്കാലത്തെ മാത്രം ഒരു പ്രശ്‌നമല്ലെന്ന് മോഹൻ സിത്താര പറഞ്ഞു. അന്നും ഇന്നും സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണിത്‌. കുടുംബങ്ങൾ, ബന്ധങ്ങൾ, വ്യക്തികൾ... ഇങ്ങനെ നീളും മദ്യവും മയക്കുമരുന്നും ഇല്ലാതാക്കുന്നവ. ഗുരുതുല്യനായ ഒരു വ്യക്തി മദ്യത്തിന്‌ അടിമപ്പെട്ട്‌ സ്വയം ജീവിതം അവസാനിപ്പിച്ചത്  ജീവിതത്തിൽ കേൾക്കേണ്ടി വന്ന ഏറ്റവും മോശം വാർത്തകളിലൊന്നായിരുന്നു. സംഗീത സംവിധായകനായിരുന്ന അദ്ദേഹം ആദ്യമായി ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തവും മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ളതായിരുന്നു. മനുഷ്യന്‌ സ്‌നേഹമായിരിക്കണം ലഹരി. പരസ്‌പരം സ്‌നേഹിച്ചും ബഹുമാനിച്ചും മനുഷ്യജീവിതം മുന്നോട്ട്‌ കൊണ്ടുപോകാൻ നാം പഠിക്കണമെന്നും മോഹൻ സിത്താര പറഞ്ഞു‌‌. Read on deshabhimani.com

Related News