മഷിയുണങ്ങാത്ത പൊൻപേനയുമായി



ബഹുഭാഷാപണ്ഡിതന്‍, ഗവേഷകന്‍, കവി, പുരോഗമനചിന്തകന്‍, വിവര്‍ത്തകന്‍, അധ്യാപകന്‍, സാംസ്കാരികപ്രഭാഷകന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം കഴിഞ്ഞ നാലു ദശകങ്ങളിലായി കേരളത്തിന്റെ സാംസ്കാരിക– സാഹിത്യമണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായ ഡോ. എന്‍ വി പി ഉണിത്തിരി സപ്തതിയുടെ നിറവിലും തന്റെ ദൌത്യം ഇടവേളയില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. 1979ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങള്‍മുതല്‍ മലയാളം, ഇംഗ്ളീഷ്, സംസ്കൃതം എന്നീ ഭാഷകളിലായി ഏറ്റവും ഒടുവില്‍ 2015ല്‍ സാഹിത്യപ്രവര്‍ത്തകസഹകരണസംഘംതന്നെ പ്രസിദ്ധീകരിച്ച•മാക്സ്മുള്ളറുടെ ഉപനിഷത്തുകള്‍, ഋഗ്വേദസംഹിത എന്നിവയുടെ മലയാള വിവര്‍ത്തനങ്ങള്‍വരെയുള്ള അമ്പതിലധികം വരുന്ന പഠന– വിമര്‍ശന– സര്‍ഗാത്മകകൃതികളടങ്ങുന്ന ഡോ. ഉണിത്തിരിയുടെ രചനാപ്രപഞ്ചം വിസ്മയാവഹമാണ്. (ഋഗ്വേദത്തിന്റെ മലയാളവിവര്‍ത്തനത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഉണിത്തിരിമാഷ്.) ചരിത്രം, സംസ്കാരം, സാഹിത്യം, രാഷ്ട്രീയം, ദര്‍ശനം, മതം എന്നു തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ട സമസ്തപ്രതലങ്ങളിലൂടെയും അത് ഒഴുകിപ്പരക്കുന്നു. സാഹിത്യകൃതികളുടെ സാംസ്കാരികമൂല്യം ഉള്‍ക്കാഴ്ചയോടെ പുരോഗമന സാമൂഹിക സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നവയാണ് ഈ കൃതികള്‍.ഭൌതികവാദത്തിന്റെയും മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെയും അടിസ്ഥാനത്തില്‍ മത– ചരിത്ര– ദാര്‍ശനിക തത്വങ്ങള്‍ വിശകലനംചെയ്യുന്ന കൃതികള്‍ മലയാളഭാഷയില്‍ മുമ്പും ഉണ്ടായിട്ടുണ്ട്, ഭാരതീയപൈതൃകത്തിലെ ഭൌതികവാദഘടകങ്ങളെ ശാസ്ത്രീയമായി വിശദമാക്കുന്ന ഗ്രന്ഥങ്ങളും. അഖിലേന്ത്യാതലത്തില്‍ ഈ വിജ്ഞാനരംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരില്‍ പ്രധാനികളാണ് ദേബീപ്രസാദ് ചതോപാധ്യായ, ഡി ഡി കോസാംബി, രാഹുല്‍ സാംകൃത്യായന്‍, ആര്‍ എസ് ശര്‍മ, ഇര്‍ഫാന്‍ ഹബീബ്, റൊമീലാ ഥാപ്പര്‍, കെ എന്‍ പണിക്കര്‍ തുടങ്ങിയ മഹാപ്രതിഭകള്‍. മലയാളത്തില്‍ ഈ ദൌത്യം ഏറ്റെടുത്ത ആദ്യപഥികരില്‍ പ്രധാനികളാണ് കെ ദാമോദരന്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവര്‍. ഇവര്‍ക്കുശേഷം ഉറച്ച കാല്‍വയ്പോടെ ഈ രംഗത്ത് ഏറെ മുന്നേറ്റമുണ്ടാക്കിയത് ഡോ. എന്‍ വി പി ഉണിത്തിരിയാണെന്നു പറയാം. ദാര്‍ശനികരംഗത്ത് ദേബീപ്രസാദ് ചതോപാധ്യായയുടെ പിന്‍മുറക്കാരിലെ പ്രധാനിയായ ഈ മഹാമനീഷി മഷിയുണങ്ങാത്ത പൊന്‍പേനയുമായി സൂര്യപ്രഭയോടെ കര്‍മനിരതനായി ജ്വലിച്ചുനില്‍ക്കുന്നു.ഹിന്ദുത്വഫാസിസം എല്ലാ മറകളും നീക്കി അസഹിഷ്ണുതയുടെ പരകോടിയില്‍ സാമൂഹ്യജീവിതത്തെ ചവിട്ടിമെതിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല പരിതോവസ്ഥയില്‍ സാംസ്കാരികദേശീയവാദം ഏറെ ബലാല്‍ക്കാരമായും തന്ത്രപരമായും ഇന്ത്യയുടെ പൊതുജീവിതത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  ദേശീയതയെ ഭൂമിശാസ്ത്രപരമായ അതിരുകളില്‍നിന്ന് പിഴുതുമാറ്റി ഇന്ത്യയുടെ വൈദികപാരമ്പര്യവുമായി കണ്ണിചേര്‍ക്കുകയും ലോകത്തെ എല്ലാ സംസ്കാരങ്ങളുടെയും ഉറവിടമായി ആര്‍ഷഭാരതത്തെ പ്രതിഷ്ഠിക്കുകയുംചെയ്യുന്ന ഫാസിസ്റ്റ് തന്ത്രമാണ് സാംസ്കാരികദേശീയവാദം. ഹിന്ദുത്വത്തിന് വെളിയിലുള്ള എല്ലാ ആശയങ്ങള്‍ക്കും പതിത്വവും അപരത്വവും കല്‍പ്പിച്ച•് മാറ്റിനിര്‍ത്തുകയും ഇന്ത്യ=ഹിന്ദു എന്ന തികച്ചും ലളിതമായ എന്നാല്‍ ഏറെ ഭയാനകമായ ഒരു സമവാക്യം പൌരസമൂഹത്തിന്റെ പൊതുബോധത്തിന്റെ ഭാഗമാക്കി രൂപപ്പെടുത്തുകയുമാണ് ഇത് ഏറ്റെടുത്തിരിക്കുന്ന ദൌത്യം. സംസ്കൃതത്തെ ഒരു ഭാഷ എന്നതിലുപരി അതിനുചുറ്റും അതിനിഗൂഢമായ ഒരു മാന്ത്രികവലയം തീര്‍ത്തുകൊണ്ടാണ് ഫാസിസ്റ്റ് ശക്തികള്‍ ഇത്തരം പരിശ്രമങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുന്നത്. സംസ്കൃതഭാഷയെ ഈ മാന്ത്രിക കളത്തില്‍നിന്ന് മോചിപ്പിച്ച് അതിനെ ലോകത്തിലെ നിരവധി ഭാഷകളിലൊന്നായി കാണുകയും ആ ഭാഷയിലെഴുതപ്പെട്ട കൃതികളിലെ ഉള്ളടക്കം അതിനെ പൊതിഞ്ഞിരിക്കുന്ന നിഗൂഢതയില്‍നിന്ന് വിമുക്തമാക്കി സാമാന്യമനുഷ്യരിലെത്തിക്കാനുള്ള ചരിത്രപരവും വിപ്ളവകരവുമായ ദൌത്യമാണ് എന്‍ വി പി ഉണിത്തിരി തന്റെ കൃതികളിലൂടെ സാക്ഷാല്‍ക്കരിച്ചിരിക്കുന്നതെന്നു പറയാം. വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിന്റെ പ്രിയകവി വള്ളത്തോള്‍ നാരായണമേനോന്‍ ഋഗ്വേദത്തിന് വിവര്‍ത്തനം ചമച്ച് അന്ധവിശ്വാസങ്ങള്‍ക്കും ബ്രാഹ്മണപുരോഹിത മേധാവിത്വത്തിനും എതിരെ തുടങ്ങിവച്ച•ചരിത്രദൌത്യം കുറെക്കൂടി ചടുലമായി സമര്‍ഥമായി മുന്നോട്ടുകൊണ്ടുപോകുകയാണ് ഡോ. ഉണിത്തിരി ചെയ്തുകൊണ്ടിരിക്കുന്നത്. യാഥാസ്ഥിതിക പുരോഹിത മേധാവിത്വം സകലശക്തിയുമുപയോഗിച്ച് വള്ളത്തോളിനെതിരെ അക്കാലത്ത് അണിനിരന്നപ്പോള്‍ അവരുടെ തിരുശേഷിപ്പുകളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന്റെ പുതുരൂപങ്ങളാണ് ഇന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കലമ്പിക്കൊണ്ടിരിക്കുന്നത്. വടക്കെ ഇന്ത്യയില്‍ ജീവിക്കാന്‍ പേടിയാകുന്നു എന്ന് എ കെ ആന്റണിമാര്‍ വിലപിച്ചുകൊണ്ടിരിക്കുന്ന,  പിണ്ടാരികള്‍ നമ്മുടെയൊക്കെ അടുക്കളകളില്‍ തമ്പടിച്ചിരിക്കുന്ന, അതിരുകളില്ലാത്ത മാനവികതയുടെ വക്താവായ ശ്രീനാരായണഗുരുവിനെപ്പോലുള്ള മഹാമനീഷികളെ ഫാസിസ്റ്റ് ശക്തികളുടെ യാഗക്കുറ്റിയില്‍ കെട്ടിയിട്ട് സ്വന്തം മോക്ഷമാര്‍ഗം ചമയ്ക്കുന്ന യജമാനന്മാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തില്‍ ജനസമൂഹത്തെ ഭയവിമുക്തരാക്കി സമാധാനജീവിതം ഉറപ്പുവരുത്താനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഊര്‍ജസ്രോതസ്സായി ഈ കൃതികള്‍ മാറുന്നത് അതുകൊണ്ടുകൂടിയാണ്.ചിന്തകരുടെയും ബുദ്ധിജീവികളുടെയും അരാഷ്ട്രീയവാദം ഏത് വര്‍ഗത്തിന്റെ താല്‍പ്പര്യസംരക്ഷണത്തിനാണ് കൂട്ടുനില്‍ക്കുന്നതെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. കേരളത്തിലെ കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചത് ഹിമാലയന്‍ വങ്കത്തമായിരുന്നു എന്ന ആന്റണിയുടെ കുമ്പസാരം ഇവിടെ ഓര്‍ക്കാവുന്നതാണ്. ചരിത്രം തങ്ങളിലര്‍പ്പിച്ച പുരോഗമനപരമായ കടമ നിറവേറ്റാന്‍, നിഷ്പക്ഷതയുടെ പേരില്‍ കൊണ്ടുനടക്കുന്ന അരാഷ്ട്രീയവാദം ഉപേക്ഷിച്ച്, തങ്ങളുടെ അറിവ് ശരിയായി പ്രയോഗിച്ചുകൊണ്ട് സമകാലിക സാമൂഹ്യ– സാമ്പത്തിക– രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയെന്നതാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ചിന്തകരും സാംസ്കാരികപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള ബുദ്ധിജീവികളുടെ കര്‍ത്തവ്യമെന്ന് ഡോ. ഉണിത്തിരി സ്വന്തം പ്രവര്‍ത്തനത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു. സമുന്നതനായ ഒരധ്യാപകനായിരുന്നുകൊണ്ടുതന്നെ എങ്ങനെ ഒരു രാഷ്ട്രീയജീവിതം സാധ്യമാക്കാം എന്ന് തെളിയിച്ച കേരളത്തിലെ മികച്ച•വ്യക്തിത്വങ്ങളില്‍ പ്രധാനിയായി ഡോ. എന്‍ വി പി ഉണിത്തിരി മാറുന്നത് അതുകൊണ്ടുകൂടിയാണ്. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്തില്‍ കുളപ്പുറത്ത് ടി സി ഗോവിന്ദന്‍ നമ്പൂതിരിയുടെയും എന്‍ വി പാപ്പപ്പിള്ളയാതിരിയമ്മയുടെയും മകനായി 1945 ഡിസംബര്‍ പന്ത്രണ്ടാം തീയതി ജനിച്ച നൂഞ്ഞില്‍ വടക്കേമഠത്തില്‍ പത്മനാഭന്‍ ഉണിത്തിരിയാണ് എന്‍ വി പി ഉണിത്തിരി എന്ന് അറിയപ്പെടുന്ന ഉണിത്തിരിമാഷ്. ചെറുതാഴം ഗവ. എല്‍പി സ്കൂളിലും പിലാത്തറ യുപി സ്കൂളിലും മാടായി ഗവ. ഹൈസ്കൂളിലുമായി സാമാന്യവിദ്യാഭ്യാസം നേടിയ അദ്ദേഹം കണ്ണൂര്‍ ഗവ. ബേസിക് ട്രെയ്നിങ് സ്കൂളില്‍നിന്ന് സെക്കന്‍ഡറി ടിടിസി പരീക്ഷ പാസായി. തുടര്‍ന്ന് 1965–74 കാലഘട്ടങ്ങളില്‍ കണ്ണൂര്‍– കാസര്‍കോട് ജില്ലകളിലെ ഗവ. എല്‍പി സ്കൂള്‍, മവേനി; ഗവ. ഫിഷറീസ് ഹൈസ്കൂള്‍, ബേക്കല്‍;  ചപ്പാരപ്പടവ് ഹൈസ്കൂള്‍; മുത്തേടത്ത് ഹൈസ്കൂള്‍, തളിപ്പറമ്പ്; ഗവ. എല്‍പി സ്കൂള്‍, മാവിച്ചേരി;  ഗവ. ഹൈസ്കൂള്‍, ഇരിക്കൂര്‍; ഗവ. ഹൈസ്കൂള്‍, കല്യാശേരി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അതിനിടയില്‍ പ്രൈവറ്റായി പഠിച്ച് 1967ല്‍ മലയാളം വിദ്വാന്‍, 1971ല്‍ ബിഎ മലയാളം, 1973ല്‍ എംഎ സംസ്കൃതം എന്നീ പരീക്ഷകള്‍ പ്രശസ്തമായ നിലയില്‍ പാസായ അദ്ദേഹം 1974ല്‍ കേരള സര്‍വകലാശാലാ സംസ്കൃതവിഭാഗത്തില്‍ മുഴുവന്‍സമയ ഗവേഷകനായി ചേര്‍ന്നു. സംസ്കൃതവിഭാഗം അധ്യക്ഷന്‍ ഡോ. എസ് വെങ്കിടസുബ്രഹ്മണ്യയ്യരായിരുന്നു മാര്‍ഗദര്‍ശി. വിഷയമാകട്ടെ സുപ്രസിദ്ധ കേരളീയ സംസ്കൃതവ്യാഖ്യാതാവും കവിയും നാടകകൃത്തുമായ പൂര്‍ണസരസ്വതിയുടെ സാഹിത്യസംഭാവനകളെക്കുറിച്ചും. തുടര്‍ന്ന് 1975ല്‍ കേരള സര്‍വകലാശാലാ സംസ്കൃതവിഭാഗത്തില്‍ത്തന്നെ സംസ്കൃതം ലക്ചററായി നിയമിതനായ അദ്ദേഹം 1978ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ സംസ്കൃതവിഭാഗം ആരംഭിച്ചപ്പോള്‍ അവിടെ ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. 1982ല്‍ റീഡറും 1988ല്‍ പ്രൊഫസറുമായി മാറിയ അദ്ദേഹം 1996ല്‍ ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയില്‍ പ്രിന്‍സിപ്പല്‍ ഡീന്‍ ഓഫ് സ്റ്റഡീസായി ചുമതലയേറ്റു. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ഉണിത്തിരി 2006 മാര്‍ച്ച് 31ന് സര്‍വീസില്‍നിന്ന് വിരമിച്ചു. പ്രാചീനഭാരതീയദര്‍ശനം എന്ന അദ്ദേഹത്തിന്റെ കൃതിക്ക് പുത്തേഴന്‍ അവാര്‍ഡും വൃക്ഷായര്‍വേദഗ്രന്ഥങ്ങള്‍ എന്ന കൃതിക്ക് അബുദാബി ശക്തി അവാര്‍ഡും വൈദികം എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമിയുടെ കെ ആര്‍ നമ്പൂതിരി അവാര്‍ഡും രാമായണം എന്ന കൃതിക്ക് തിരുവനന്തപുരം പുസ്തകമേള പുരസ്കാരവും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗദ്യപുനരാഖ്യാനപുരസ്കാരവും ലഭിച്ചിട്ടുണ്ട്. വേദപഠനത്തിനും സംസ്കൃതസാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് കടവല്ലൂര്‍ അന്യോന്യപരിഷത്തിന്റെ വാചസ്പതിപുരസ്കാരത്തിനും സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ പരീക്ഷിത് തമ്പുരാന്‍ പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനാവുകയുണ്ടായി.   Read on deshabhimani.com

Related News