നാടകത്തിലും കൈയൊപ്പ് ; സമ്പന്നമായി കോഴിക്കോടൻ നാടകവേദിയും
കോഴിക്കോട് ‘ ഗോപുര നടയിൽ’ എന്ന ഒരൊറ്റ നാടകം എം ടി അരങ്ങിന് സമ്മാനിച്ചപ്പോൾ അത് ദേശാതിർത്തി കടക്കുകയായിരുന്നു. എഴുത്തുകാരനും ചലച്ചിത്രകാരനുമായാണ് എം ടി അറിയപ്പെടുന്നത്. എന്നാൽ നാടകപ്രവർത്തകനും നാടകാസ്വാദകനുമായ എം ടിയെ അറിയുന്നവർ ചുരുക്കം. നാടകരചന, സംവിധാനം, സംഘാടനം, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം എംടി കൈയൊപ്പ് ചാർത്തിയപ്പോൾ കോഴിക്കോടൻ നാടകവേദിയും സമ്പന്നമായി. ആ നാടകത്തിൽ ഭാഗവാക്കാവാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് കോഴിക്കോടിന്റെ മുൻനിര നാടകപ്രവർത്തകനായ ബാബു പറശേരി. തന്റെ കന്നി അരങ്ങിന് നിമിത്തമായത് എം ടിയുടെ ആദ്യ നാടകസൃഷ്ടിയാണ്. തെരുവുപോക്കിരിയുടെ ചെറുവേഷത്തിൽ അരങ്ങിലെത്തിയ ബാബുവിന് വേദികൾ പിന്നിട്ടതോടെ ഇബ്രാഹിം വെങ്ങര അവതരിപ്പിച്ച മുതലാളി എന്ന കഥാപാത്രത്തിന് വേഷപ്പകർച്ച നൽകാനായി. ഇത് തന്മയത്വത്തോടെ അവതരിപ്പിക്കുമ്പോഴാണ് വിക്രമൻ നായർ സംഗമം വിട്ട് സ്‌റ്റേജ് ഇന്ത്യ രൂപീകരിക്കുന്നത്. തുടർന്ന് നരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായതായി -ബാബു പറശ്ശേരി പറഞ്ഞു. യാദൃച്ഛികമായാണ് എം ടി നാടകകൃത്താവുന്നത്. അതിന് നിമിത്തമായതാകട്ടെ, സംഗമം തിയറ്റേഴ്‌സും. 1971ൽ കെ ടി ചെയർമാനും വിത്സൺ സാമുവൽ, വിക്രമൻ നായർ, അനന്തകൃഷ്‌ണൻ, ആലിക്കോയ, പി പി ആലിക്കോയ, എ എം കോയ എന്നിവർ ഡയറക്ടർമാരുമായി തുടങ്ങിയ സംഗമം കെ ടിയുടെ ‘സകാര നാടകങ്ങളി' ലൂടെ അരങ്ങ് തകർക്കുകയായിരുന്നു. ഇതിനിടയിൽ കെ ടി സംഗമം വിട്ട് ‘കലിംഗ’ രൂപീകരിച്ചതോടെ സംഗമത്തിന്റെ സാരഥ്യം വിൽസൺ സാമുവലിലും വിക്രമൻ നായരിലുമായി. സംഗമത്തിന്റെ നാടക റിഹേഴ്‌സൽ ക്യാമ്പുകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന എം ടിയെക്കൊണ്ട് നാടകമെഴുതിക്കാൻ ഇരുവരും ശ്രമം നടത്തി. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും സ്‌നേഹനിർബന്ധത്തിന് വഴങ്ങി ‘ഗോപുരനടയിൽ’ എന്ന നാടകമെഴുതി. സംവിധാനം നിർവഹിച്ചതും എം ടി തന്നെ. 1978-ൽ അരങ്ങിലെത്തിയ നാടകത്തിന് സംസ്ഥാന നാടകമത്സരത്തിൽ രചനയ്ക്കുള്ള ഒന്നാംസ്ഥാനവും അവതരണത്തിനുള്ള രണ്ടാം സ്ഥാനവും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. മലയാളത്തിൽ അപൂർവത അവകാശപ്പെടാവുന്ന നാടകങ്ങളിലൊന്നാണ് ‘വഴിയമ്പലം'. ആഹ്വാൻ സെബാസ്റ്റ്യന്റെ മ്യൂസിക്കൽ തിയറ്റേഴ്‌സിനുവേണ്ടിയാണ് എം ടിയോട് നാടകമെഴുതിത്തരാൻ ടി ദാമോദരൻ മുഖേന അഭ്യർഥിച്ചത്. അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവിൽ എം ടിയുടെ ‘മുസാവരി ബംഗ്ലാവ്' എന്ന കഥ ദാമോദരൻ നാടകരൂപത്തിലാക്കി. ഒരു വാച്ച്മാനെ കേന്ദ്രീകരിച്ചുള്ള കഥ ഒന്നുപൊലിപ്പിക്കണമെന്നായി. എം ടിക്കുപുറമെ തിക്കോടിയൻ, ടി ദാമോദരൻ, കെ ടി എന്നിവരുംകഥ നാടകരൂപത്തിലാക്കി. ഒടുവിൽ അവയെല്ലാം ചേർത്ത് ഒറ്റ നാടകമാക്കി. ഇതോടെ നാലുപേർ ചേർന്ന് രചിച്ച നാടകമെന്ന ഖ്യാതി ‘വഴിയമ്പല'ത്തിന് ലഭിച്ചു. Read on deshabhimani.com