കാണുക 
ഈ ഏകോപനം സമാനതകളില്ലാത്ത രക്ഷാ–പുനരധിവാസ പ്രവർത്തനങ്ങൾ

ഉരുൾപൊട്ടലിൽ തകർന്ന ഓട്ടോ മാറ്റി തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ


കൽപ്പറ്റ സമാനതകളില്ലാത്ത രക്ഷാ–- പുനരധിവാസ പ്രവർത്തനങ്ങൾ ദുരന്തമുഖത്ത്‌ മൂന്നാംനാളും. വിപത്‌ഘട്ടങ്ങളിൽ സ്‌തംഭിച്ച്‌ നിൽക്കാതെ എങ്ങനെയാകണം സർക്കാർ പ്രവർത്തിക്കേണ്ടതെന്ന്‌ ലോകത്തിന്‌ മുന്നിൽ വയനാടിന്റെ സാക്ഷ്യം. അവശേഷിക്കുന്ന ഓരോ ജീവനും രക്ഷിക്കാൻ ഇടതടവില്ലാത്ത ഇടപെടലുകൾ. കാണാതായവർക്കായി ഭഗീരഥ പ്രയത്‌നങ്ങൾ. കണ്ടെത്തുന്ന മൃതദേഹങ്ങൾ നിമിഷങ്ങൾപോലും കാത്തിരിക്കാതെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കുന്നു. തിരിച്ചറിയുന്നവ ബന്ധുക്കൾക്ക്‌ കൈമാറുകയോ സംസ്കരിക്കുകയോ ചെയ്യുന്നു. രക്ഷപ്പെട്ടവർക്ക്‌ ചികിത്സ.  ക്യാമ്പിലുള്ളവർക്ക്‌ വസ്‌ത്രം, ഭക്ഷണം, സൗകര്യങ്ങൾ. നേരിയ വിമർശത്തിനുപോലും പഴുതില്ലാത്ത ഏകോപനം. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽചേർന്ന സർവകക്ഷി യോഗത്തിൽ 36 മണിക്കൂറിലേറെ നീണ്ട രക്ഷാ–-പുനരധിവാസ പ്രവർത്തങ്ങളെക്കുറിച്ച്‌ ആർക്കും പരാതിയോ പരിഭവമോ ഇല്ല. പുതിയ നിർദേശം മുന്നോട്ടുവച്ചതൊഴിച്ചാൽ കുറ്റപ്പെടുത്തലുകളുമില്ല. സർക്കാർ പ്രവർത്തനങ്ങൾക്ക്‌ പൂർണപിന്തുണയും സഹകരണവും വാഗ്‌ദാനം ചെയ്‌താണ്‌ സർവകക്ഷി യോഗം പിരിഞ്ഞത്‌. മൃതദേഹങ്ങളെത്തിച്ചാൽ മൂന്ന്‌ മിനുട്ടിനകം പോസ്‌റ്റ്‌മോർട്ടം ആരംഭിക്കും. രക്ഷപ്പെട്ടവർക്കും മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾക്കും കൗൺസിലിങ്‌. രക്ഷാപ്രവർത്തനങ്ങൾക്ക്‌ ഊരാളുങ്കൽ സൊസൈറ്റിയുടെ മണ്ണുമാന്തി യന്ത്രങ്ങളും ജീവനക്കാരും തൊഴിലാളികളും. സൈന്യത്തിന്റെ കഠിനപ്രയത്നത്തിൽ ബെയ്‌ലി പാലം സജ്ജം. ദൗത്യം ഊർജിതമാക്കാൻ കേന്ദ്ര-–-സംസ്ഥാന സേനാവിഭാഗത്തിലെ 1809 പേർ രംഗത്ത്‌. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന് സജീവം. എൻഡിആർഎഫ്, സിആർപിഎഫ്, കര-–-വ്യോമ-–-നാവിക സേനകൾ, കോസ്റ്റ് ഗാർഡ്, പൊലീസ്, അഗ്നി രക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. റവന്യൂ, തദ്ദേശഭരണം, ആരോഗ്യ വകുപ്പുകൾ കെഎസ്‌ഇബി, ബിഎസ്‌എൻഎൽ തുടങ്ങി ഓരോസംവിധാനവും കൈകോർത്ത്‌ പ്രവർത്തിക്കുന്നു. കോടിക്കണക്കിന്‌ രൂപയുടെ കൃഷി നാശമുണ്ടായി. തിരിച്ചെടുക്കാൻ കഴിയാത്തവിധം സർവതും നഷ്‌ടപ്പെട്ടു. ആ ജനതയെ നെഞ്ചോർത്ത്‌ പിടിക്കുമെന്ന പ്രഖ്യാപനമാണ്‌ എങ്ങും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സഹായം നൽകാൻ എത്തിയവരും നിരവധി. ദുരന്തപ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി ജനങ്ങൾക്ക്‌ പകർന്ന കരുത്തും ആത്മവിശ്വാസവുമാണ്‌ ഈ നാടിന്റെ പ്രതീക്ഷ.   ദൗത്യം  തുടരും മൂന്ന് ദിവസമായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനുള്ള എല്ലാവരെയും രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതലയോഗം വിലയിരുത്തി.  മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള, -കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാന്റിങ് (ജിഒസി) മേജർ ജനറൽ വി ടി മാത്യു അറിയിച്ചു.  500 സെെനികർ തിരച്ചിലിനുണ്ട്. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന്‌ ഇനിയും പരിശോധിക്കും. മൃതദേഹങ്ങൾ കണ്ടെടുക്കാൻ മൂന്നു സ്നിഫർ നായകളുമുണ്ട്. കേരള പൊലീസിലെ 1000 പേർവീതം  തിരച്ചിൽ സ്ഥലത്തും മലപ്പുറത്തും ഉണ്ടെന്ന് എഡിജിപി എം ആർ അജിത്കുമാർ അറിയിച്ചു.  വീടുൾപ്പെടെ 348 കെട്ടിടത്തെ ഉരുൾപൊട്ടൽ ബാധിച്ചുവെന്ന് ലാൻഡ് റവന്യൂ കമീഷണർ ഡോ. എ കൗശിഗൻ അറിയിച്ചു.  അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ  പ്രോട്ടോകോൾ തയ്യാറായെന്ന് പ്രത്യേക ഉദ്യോഗസ്ഥൻ സീറാം സാംബശിവ റാവു പറഞ്ഞു. 129 മൊബൈൽ ഫ്രീസറുകൾ നിലവിലുണ്ട്. കൂടുതൽ നൽകാൻ കർണാടക തയാറായിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ പ്രത്യേക നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയതായി തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥൻ അറിയിച്ചു.  തിരിച്ചറിയപ്പെടാത്തവ സംസ്കരിക്കാൻ അതാത് പഞ്ചായത്തുകൾ തീരുമാനിക്കും.  യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി എ മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ, ജെ ചിഞ്ചുറാണി, വീണാ ജോർജ്, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, വി എൻ വാസവൻ, ഒ ആർ കേളു, വി അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഷേഖ്‌ ദർവാസ് സാഹിബ്,  കലക്ടർ ഡി ആർ മേഘശ്രീ എന്നിവർ പങ്കെടുത്തു.     Read on deshabhimani.com

Related News