സമരനായകന്‌ സമർപ്പിച്ച കവിത



കൊച്ചിയിൽ മലം വാരിയിരുന്ന തോട്ടിപ്പണിക്കാരുടെ ദുരിതകാലം വരച്ചുകാട്ടുന്നതായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത "തോട്ടി'. സമൂഹം അകറ്റിനിർത്തിയിരുന്ന തോട്ടിത്തൊഴിലാളികളെ ആദ്യമായി സംഘടിപ്പിച്ച എം എം ലോറൻസിനുള്ള സമർപ്പണമായിരുന്നു അത്‌. ‘കൊച്ചിയുടെ അടിപ്പടവിൽ മലം നിറച്ച പാട്ടയുമായി അയാൾ നിന്നു' എന്നു തുടങ്ങുന്ന കവിത അച്ചടിച്ചുവന്നതിനുപിന്നാലെ കഴിഞ്ഞ ഒക്‌ടോബറിൽ ലോറൻസിനെ കവി ചൊല്ലിക്കേൾപ്പിച്ചത്‌ വലിയ വാർത്തയായിരുന്നു. ലോറൻസ്‌ സീനിയർ ഗവ. പ്ലീഡറായ മകൻ അഡ്വ. എം എൽ സജീവന്റെ വീട്ടിൽ വിശ്രമത്തിലായിരുന്ന സമയത്താണ്‌ ബാലചന്ദ്രൻ ചുള്ളിക്കാട്‌ കാണാനെത്തിയത്‌. "ഞാൻ ബാലചന്ദ്രൻ...' എന്നു തുടങ്ങിയപ്പോൾ "അറിയാം' എന്ന്‌ വീൽചെയറിലിരുന്ന്‌ ലോറൻസ്‌ മറുപടി നൽകി. കൊച്ചിയുടെ ചരിത്രവും തോട്ടിത്തൊഴിലാളികളുടെ കഥകളുമെല്ലാം പങ്കുവച്ചു. ലോറൻസിനുമുന്നിലിരുന്ന്‌ കവി കവിത ചൊല്ലി. ഈ കൂടിക്കാഴ്‌ചയുടെയും കവിത ചൊല്ലലിന്റെയും വീഡിയോ അന്ന്‌ വൈറലായിരുന്നു. ഡിസി ബുക്‌സ്‌ പുറത്തിറക്കിയ ബാലചന്ദ്രന്റെ പുതിയ കവിതാസമാഹാരത്തിൽ ഈ കവിതയുമുണ്ട്‌. തോട്ടി ബാലചന്ദ്രൻ ചുള്ളിക്കാട് (ഇന്ത്യയിൽ ആദ്യമായി തോട്ടിപ്പണിക്കാരുടെ യൂണിയൻ 
സംഘടിപ്പിച്ച സഖാവ് എം എം ലോറൻസിന്) കൊച്ചിയുടെ അടിപ്പടവിൽ മലം നിറച്ച പാട്ടയുമായി അയാൾ നിന്നു. യാർ നീ? കഴിഞ്ഞ നൂറ്റാണ്ടു ചോദിച്ചു. നാൻ ഇശക്കിമകൻ കുപ്പയാണ്ടി. അയാൾ വിനീതനായി. ലോകം വിധിച്ചു: നീ തോട്ടി. നീചജാതി. ജന്മപാപി. അസ്പൃശ്യൻ. ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോൻ. ശിഷ്യനായ വേലായുധൻ നാണുഗുരുവിനോടു ചോദിച്ചു: തോട്ടി ബ്രഹ്മമാണോ? ഗുരു പറഞ്ഞു: തോട്ടിയും ബ്രഹ്മം. മലവും ബ്രഹ്മം. ബോട്ടുജെട്ടിയിൽ ഗാന്ധി പറഞ്ഞു: തോട്ടിയിൽനിന്നു വമിക്കുന്ന ദുർഗന്ധം അവന്റെ മലത്തിന്റേതല്ല. നിങ്ങളുടെ മലത്തിന്റേതാണ്. അപ്പോൾ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ് നീരുകെട്ടിയ കാലുകൾ കവച്ചുനിന്ന് അമറിക്കൊണ്ട് ലോറൻസുചേട്ടനെ പെറ്റു. പൊക്കിളിൽനിന്ന് ചെങ്കൊടി വലിച്ചൂരിയെടുത്തുയർത്തിപ്പിടിച്ച് ഭൂമിയുടെ പടവുകളിറങ്ങിച്ചെന്ന് കുപ്പയാണ്ടിയുടെ തോളിൽ കൈവെച്ച് ലോറൻസുചേട്ടൻ വിളിച്ചു: സഖാവേ. അയാൾ ആദ്യമായി പാതാളത്തിൽനിന്ന് കണ്ണുകളുയർത്തി. മലത്തിൽനിന്ന് മാനത്തേക്കു നോക്കി. സൂര്യൻ അയാളുടെ കണ്ണുകൾക്കു തീയിട്ടു. കുപ്പയാണ്ടിയുടെ പരമ്പര ഇപ്പോഴും കൊച്ചിയിലുണ്ട്. കോർപറേഷനിൽ മാലിന്യം നീക്കുന്നു. ലോറൻസുചേട്ടന് തൊണ്ണൂറു കഴിഞ്ഞു. ആണിക്കിടക്കയിൽ മരണകാലം കാത്തുകിടക്കുന്നു.  (മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച കവിത) Read on deshabhimani.com

Related News