എം എം ലോറൻസ്... മനുഷ്യത്വത്തിന്റെ മറുപേര്‌

1960 കളില്‍ കൊച്ചി നഗരത്തില്‍ എം എം ലോറന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം


എറണാകുളം നഗരത്തിലെ  നിറസാന്നിധ്യമായിരുന്നു എം എം ലോറൻസ്. ആളുകൾക്ക് എന്ത് പ്രശ്നമുണ്ടായാലും  ഓടിയെത്തും. ഇതുപോലുള്ള ഒരാൾ എന്തുകൊണ്ട് കമ്യൂണിസ്റ്റ് പാർടിക്കാരനായെന്ന് മഹാരാജാസിലെ സഹപ്രവർത്തകൻ ചോദിക്കുകയുണ്ടായി. കോൺഗ്രസുകാരനായ അദ്ദേഹം എന്റെ ഗുരുവും ആയതുകൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞു: ''മനുഷ്യമോചനത്തിനു പല മാർഗങ്ങളും കണ്ടെത്തിയിട്ടുണ്ട്, സാറിന്റേത് ഒരു വഴിയാണ്. അദ്ദേഹം കാണുന്നത് മറ്റൊന്നും. ഇനിയുമൊരാൾക്ക്‌ വേറൊന്നാവും. താൻ കണ്ടെത്തിയ വഴിയിൽ സ്വയം സമർപ്പിക്കുകയും അതിലൂടെ സഞ്ചരിച്ച് ലോകോപകാരപ്രദമായ കൃത്യങ്ങൾ ചെയ്യുകയുമാണ് ഓരോരുത്തരുടെയും ചുമതല. ലോറൻസ് അതു മാത്രമാണ് ചെയ്തത്.'' അദ്ദേഹം ജനിച്ചത് പ്രബുദ്ധ കുടുംബത്തിലാണ്. അറിവിനെ സ്നേഹിക്കുകയും ആദർശത്തെ ആശ്ലേഷിക്കുകയും ചെയ്യാൻ വെമ്പൽകൊണ്ട കുടുംബം‐ മാടമാക്കൽ. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ കവിയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കോൺഗ്രസുകാരനും. പിതാവ് യുക്തിവാദി. ലോറൻസ്, മനുഷ്യമോചനത്തിനു തന്റെ ചിന്തയിൽ കണ്ടെത്തിയത് കമ്യൂണിസമാണ്. അതിൽ ചേർന്നുനിന്ന് പ്രവർത്തിച്ചു. 'നവയൗവനവും വന്ന് നാൾതോറും വളരുന്ന' പ്രായത്തിൽ യുവാക്കളുടെ അന്തരംഗത്തിൽ അനുരാഗമാണ് വന്നുദിക്കുന്നത്. അതേ അനുരാഗമാണ് ലോറൻസിന് കമ്യൂണിസത്തോട് തോന്നിയത്. അതിന്റെ ഭാഗമായി ചെറുപ്രായത്തിലേ പാർടിയിൽ ചേർന്നു.  അധികം വൈകുംമുമ്പ്‌  കൽക്കത്ത തിസീസും അനുബന്ധിച്ച സാഹസിക പ്രവർത്തനങ്ങളും. ഇടപ്പള്ളി സംഭവത്തിൽ പങ്കെടുക്കുന്നത് അങ്ങനെ. മുൻകൂട്ടി തീരുമാനിച്ച പ്രകാരം കള്ളവണ്ടി കയറി പരിചയമില്ലാത്ത സ്ഥലത്തെത്തി, രണ്ട് സഖാക്കളെ മോചിപ്പിക്കാനുള്ള സാഹസിക പ്രവർത്തനത്തിൽ പങ്കാളിയായി. അതിൽ ഒരാൾ കൊല്ലപ്പെട്ട വിവരമാണ് ലഭിച്ചത്. സംഭവം നടന്ന് മാസത്തിനുശേഷമാണ് പിടിയിലാകുന്നത്‌; ഒറ്റുകാരന്റെ  സഹായത്തോടെ. കൊണ്ടുപോയത് ഏറ്റവും ക്രൗര്യമുള്ള പൊലീസ് ഉദ്യോഗസ്ഥൻ. 
 മകന്റെ പ്രായമുള്ള ലോറൻസിനെ അമ്മയുടെ പേര് ചേർത്ത് തെറിപറഞ്ഞു. തുടർന്ന്‌  ചെകിട്ടത്ത് അടിച്ചു. ഭീകര മർദന മുറകളാൽ ഭയപ്പെടുത്തുക, കീഴ്പ്പെടുത്തുക എന്നതാണ്  അന്ന് പൊലീസ് രീതി. 22 മാസം ജയിലിൽ. വിചാരണയില്ലാത്ത തടവുകാരൻ. ഉപവാസം നടത്തിയാണ് വിചാരണക്ക് അനുമതി നേടിയത്.  അതും മർദനത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും കീഴടങ്ങാൻ ലോറൻസും മാത്യുവും തയ്യാറായില്ല. 14 ദിവസം നിരാഹാരവുമായി ലോക്കപ്പിൽ. അതെല്ലാം സഹിച്ചാണ് പുറത്തെത്തിയത്. പിന്നീട് പാർടി ആഹ്വാനം ചെയ്യുന്ന സമരവും പണിമുടക്കും എവിടെയായാലും ലോറൻസുമുണ്ടാകും. അടിയന്തരാവസ്ഥയിൽ എറണാകുളത്ത് ആദ്യം പിടിച്ചത് അദ്ദേഹത്തെ. മർദനങ്ങളും വെല്ലുവിളികളും അതിജീവിച്ച് വന്നിട്ടും പാർടി അച്ചടക്ക നടപടിയെടുത്തപ്പോൾ അതിനും വിധേയനായി വിശ്വസിച്ച മാർഗത്തിൽ ഉറച്ചുനിന്നു. ത്യാഗം എന്ന വാക്കിനു വലിയ അർത്ഥമില്ലാതായി. പക്ഷേ, ശരിയായ അർത്ഥത്തിൽ ലോറൻസിന്റെ ജീവിതം അതിന്റെ പര്യായമാണ്. കൊച്ചിയിൽ ആദ്യ മേയർ സ്ഥാനത്തേക്ക് മത്സരിച്ച ലോറൻസിനെ തോൽപ്പിച്ചത്‌ വഞ്ചനയിലൂടെയാണ്‌.  തോൽവി  സൗമ്യതയോടെ സ്വീകരിച്ചു. അത്തരം ഘട്ടങ്ങളിൽ ഉദാരവീക്ഷണം പുലർത്തി മന്ദസ്മിതത്തോടെ നിന്നു. വിരുദ്ധവീക്ഷണം പുലർത്തുന്നവർക്കിടയിൽ കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ നിലപാട് അവതരിപ്പിക്കാനും എതിരാളിയുടെ വാദഗതിയെ യുക്തിഭദ്രമായി തുറന്നുകാട്ടാനും എപ്പോഴും തയ്യാറായി.  തൊഴിലാളികളെ സംഘടിപ്പിക്കുക, അവർക്കായി പ്രവർത്തിക്കുക, പോരാടുക ഒക്കെ ക്ലേശം നിറഞ്ഞതാണ്. അതെല്ലാം ഉത്സാഹത്തോടെ ഏറ്റെടുത്ത് പൊതുരംഗത്ത് ദീർഘകാലം നിലകൊണ്ട മറ്റൊരാളില്ല. വെട്ടിത്തുറന്നു സംസാരിക്കുന്നതുകൊണ്ട് വിരോധികളുണ്ടായത് സ്വാഭാവികം. ന്യായമല്ലാത്തതെങ്കിൽ തുറന്നുപറഞ്ഞ് ബോധ്യപ്പെടുത്താൻ ലോറൻസ്‌  തയ്യാറായി. മികച്ച വായനക്കാരനുമായിരുന്ന ലോറൻസ്‌,   പത്രപ്രവർത്തനരംഗത്തും മുദ്രപതിപ്പിച്ചു. ദേശാഭിമാനിയിേലക്ക് എന്നോട് ആദ്യമായി ലേഖനം ചോദിച്ചത്‌ അദ്ദേഹമാണ്‌.അക്കിത്തത്തിന്റെ ‘പണ്ടത്തെ മേശാന്തി’ കവിതയെക്കുറിച്ചാണ് എഴുതിയത്‌; 'അന്യവൽക്കരണത്തിൽനിന്നും പ്രക്ഷോഭത്തിലേക്ക്' എന്ന തലക്കെട്ടിൽ.  പിന്നീടും ലേഖനങ്ങൾ ആവശ്യപ്പെടുകയും പ്രസിദ്ധീകരിക്കുകയുമുണ്ടായി. ജീവിതത്തിന്റെ ഏതെങ്കിലും തുറ അദ്ദേഹത്തിനു അന്യമായില്ല. സംഗീതാസ്വാദകനും നാടക‐ സിനിമാ പ്രിയനുമായിരുന്നു. Read on deshabhimani.com

Related News