ശങ്കർദയാൽ ശർമയും ദ്വാരകയിലെ മേൽമുണ്ടും
യുക്തിവാദിയും പുരോഗമനാശയക്കാരനുമായിരുന്നു ലോറൻസിന്റെ അപ്പൻ. ഹൈസ്കൂൾവരെ പഠിച്ച, നല്ല വായനാശീലമുള്ളയാൾ. സ്വഭാവരൂപീകരണത്തിൽ അപ്പന്റെ സ്വാധീനം വേണ്ടുവോളമുണ്ടെന്ന് ലോറൻസ് പറയുമായിരുന്നു. ചെറുപ്പംമുതൽ ദൈവവിശ്വാസമുണ്ടായില്ല. മകൻ ഇംഗ്ലീഷ് പഠിക്കണമെന്ന നിർബന്ധംകൊണ്ട് ഒന്നാംക്ലാസ് കഴിഞ്ഞതോടെ സെന്റ് ആൽബർട്സ് സ്കൂളിലേക്ക് മാറ്റി. പക്ഷേ, ഒന്നാംക്ലാസിൽ ഇംഗ്ലീഷ് പഠിക്കാത്തതിനാൽ ഒന്നിൽത്തന്നെ ഇരുത്തി. അക്കാലം സെന്റ് ആൽബർട്സിൽ കത്തോലിക്ക കുടുംബങ്ങളിലെ കുട്ടികൾക്ക് വേദപാഠ ക്ലാസ് നിർബന്ധം. പറ്റില്ലെന്നു പറഞ്ഞ ലോറൻസിനെ പുറത്താക്കി. നൂറുൾ ഇസ്ലാം സ്കൂളിൽ ചേർത്ത് അപ്പൻ കൂടെനിന്നു. പത്തുവരെ അവിടെ. പഠനകാലത്ത് കൂട്ടുകാരുമായി വിശ്വാസത്തെച്ചൊല്ലി തർക്കം പതിവ്. ഒരിക്കൽ തർക്കവുമായി നടക്കവേ തലയിൽ തേങ്ങ വീണു. അത് അവിശ്വാസിക്ക് കിട്ടിയ ശിക്ഷയായി കരുതിയ കൂട്ടുകാരുണ്ടായെങ്കിലും ലോറൻസ് കുലുങ്ങിയില്ല. രാഷ്ട്രീയജീവിതത്തിൽ സ്വാധീനിച്ചത് ഇ എം എസ്. 1945ലാണ് ആദ്യമായി കാണുന്നത്. രാജേന്ദ്ര മൈതാനിയിൽ പാർടി യോഗം കേൾക്കാൻ അന്ന് വിദ്യാർഥി പ്രവർത്തകരായ വി വിശ്വനാഥ മേനോൻ, ജസ്റ്റിസ് ജാനകി അമ്മയുടെ സഹോദരൻ വിജയകുമാർ, പി കെ ശിവദാസൻ തുടങ്ങിയവർക്കൊപ്പം ലോറൻസും സദസ്സിന്റെ മുൻനിരയിൽ. ഇ എം എസ് പ്രസംഗം തുടങ്ങി “സ സ്സ സ്സ്,. സഹോദരീ സ സഹോദരന്മാരെ..' വിക്കിയുള്ള പ്രസംഗം കേട്ടതോടെ സദസ്സിൽ അടക്കിപ്പിടിച്ച ചിരി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരാണ് പ്രസംഗം. മിനുട്ടുകൾക്കുള്ളിൽ ചിരിയുടെ ശബ്ദം കുറഞ്ഞുവന്നു. എങ്ങും സൂചി വീണാൽ കേൾക്കുന്ന നിശബ്ദത. പ്രസംഗം ജനങ്ങളുടെ മനസ്സിൽ തട്ടി തുടങ്ങിയിരിക്കുന്നു. ശബ്ദത്തിലെ താളപ്പിഴ ആരും ഗൗനിക്കാതായി. ആശയത്തിന്റെ ഗൗരവം തികഞ്ഞ നിശബ്ദതയുളവാക്കി. പിന്നീട് എറണാകുളത്ത് ഇ എം എസ് പ്രസംഗിക്കാൻ വന്നാൽ ജനങ്ങൾ ഒഴുകിയെത്തി. അഭിഭാഷകരും ഡോക്ടർമാരുമുൾപ്പെടെ വിദ്യാസമ്പന്നർ, കമ്യൂണിസ്റ്റ് ആശയത്തോട് താൽപര്യമില്ലെങ്കിലും അദ്ദേഹത്തെ ശ്രവിക്കാൻ എത്തിയിരുന്നു. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഒരിക്കൽ ആലുവയിൽ 'ഒരണ' ടിക്കറ്റ് വെച്ച് നടത്തിയ പ്രസംഗം. എതിർചേരികളിൽ നിൽക്കുമ്പോഴും മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുമായി ലോറൻസ് അടുത്ത സൗഹൃദം പുലർത്തി. പാർലമെന്റിൽ ഒരുമിച്ച് പ്രവർത്തിച്ചതുമുതലുള്ള ബന്ധം. ഒരിക്കൽ ഗുജറാത്ത് സന്ദർശിച്ച സംഘത്തിൽ ഇരുവരും. ദ്വാരക ക്ഷേത്രത്തിൽ എത്തിയപ്പോൾ മേൽമുണ്ടെടുത്ത് ലോറൻസിനെ പുതപ്പിച്ച്് ശർമയുടെ കമന്റ്:–താനും കയറൂ, ആ പാപമൊക്കെ പോകട്ടെ. ലോറൻസ് മറുപടി പൊട്ടിച്ചിരിയിലൊതുക്കി. ഇ എം എസ് പാർടി ജനറൽ സെക്രട്ടറിയായിരിക്കെ ദില്ലി വിയത്നാം എംബസിയിലെ ഒരു ചടങ്ങിലേക്ക് എംപിയായ ലോറൻസിന് ക്ഷണം. ഒപ്പം വന്നേ തീരൂ എന്ന് ശങ്കർദയാൽ ശർമ. വിയത്നാം പാർടിയും സിപിഐ എമ്മും ചില അകൽച്ചയുണ്ടായ കാലം. ഇ എം എസിന്റെ അനുമതിയില്ലാതെ വരില്ലെന്ന് ലോറൻസ് നിലപാടെടുത്തു. ശർമയുടെ നിർബന്ധത്തിന് വഴങ്ങി കാര്യം അവതരിപ്പിച്ചപ്പോൾ അനുമതി കിട്ടി. പരിപാടിയിൽ പങ്കെടുത്തു. എംപിയായിരിക്കെ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഫ്രണ്ട്ഷിപ് അസോസിയേഷൻ സംഘടിപ്പിച്ച യാത്രയിലാണ് ആദ്യമായി ലോറൻസ് വിദേശത്ത് പോകുന്നത്,–കിഴക്കൻ ജർമനിയിലേക്ക്. കൂടെ ശങ്കർദയാൽ ശർമയും. പിന്നീട് തിരുവനന്തപുരം സന്ദർശിക്കാനെത്തിയ ശർമയെ കാണാൻപോയ ഇ എം എസ് ലോറൻസിനെ ഒപ്പംകൂട്ടി. അന്നെടുത്ത ഫോട്ടോ വീടിന്റെ സ്വീകരണമുറിയിൽ ഓർമച്ചിത്രമായി ബാക്കി. Read on deshabhimani.com