വായന



ജീവന്റെ മിടിപ്പുള്ള കഥകൾ ഡോ. പി എം സലിം പ്രകൃതി ചൂഷണവും ആസക്തിയും മിത്തും കാൽപ്പനികതയും ഒക്കെ ഇടകലർന്ന പന്ത്രണ്ട് കഥകളുടെ സമാഹാരമാണ് ടി കെ മാറിയിടം എഴുതിയ ‘മാനുവലിന്റെ സാരോപദേശങ്ങൾ'. പ്രബലരുടെ ചൂഷണത്തിന് വിധേയരാകാൻ മാത്രം വിധിക്കപ്പെട്ട മനുഷ്യരുടെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം കാർഷിക പൈതൃകത്തിന്റെ ഭാഗമായിരുന്ന ഗൃഹോപകരണങ്ങൾക്കുപോലും ആത്മാവുണ്ടെന്ന് ദ്യോതിപ്പിക്കുന്ന ആഖ്യാനം മനോഹരം. ‘നവയുഗ പുലരി' എന്ന കഥയിലെ നവദൗത്യവാഹകരുടെ ആഗമനം വായനക്കാരിൽ ശുഭാപ്തിവിശ്വാസം നിറയ്‌ക്കുമ്പോൾ ‘പുതിയ ന്യായങ്ങൾ' എന്ന കഥയിൽ പുഴയെയും കാടിനെയും ചതുപ്പിനെയുമൊക്കെ പതിച്ചെടുക്കുന്ന നവകാല കുത്തകകളുടെ തനിസ്വരൂപം പ്രതിഫലിപ്പിക്കുന്നു. ‘സഹയാത്രികന്റെ കഥയിലെ മത്സ്യം' എന്ന കഥയിലൂടെ നമ്മുടെ മനസ്സിനെ ഗലീലിയുടെ തീരത്തേക്ക്‌ ആനയിക്കുന്ന പ്രതീതിയാണ്. പിന്നിട്ട വഴികളെ മറക്കുന്ന സെലിബ്രിറ്റിയുടെ മനോവ്യാപാരത്തെ പ്രകടിപ്പിക്കുന്ന ‘പ്രഭാതത്തിലെ കുളിർമ’ എന്ന കഥയും ചേതോഹരം. കുറുക്കുവഴികളിലൂടെ പണമുണ്ടാക്കുന്നതിനുവേണ്ടി ലഹരിയുടെ പിന്നാമ്പുറ സാധ്യതകൾ തേടിയ കുടുംബത്തിന്റെ ദുരന്തം ചിത്രീകരിക്കുന്ന ‘പിഴ ചൊല്ലുന്നവർ', കുടുംബബന്ധങ്ങളുടെ ഇഴപിരിയലുകൾ പ്രതിപാദിക്കുന്ന ‘വടവൃക്ഷവും പാഴ് മുളയും' തുടങ്ങിയ കഥകളിലെ സന്ദേഹങ്ങൾ ചിന്തോദ്ദീപകമാണ്. ടി കെ മാറിയിടം രചിച്ച കഥാ-കവിതാ സമാഹാരങ്ങൾ വായിച്ചുകഴിയുമ്പോൾ പ്രകൃതിയുടെ വിധിവൈപിരിത്യങ്ങളിലും വൈരുധ്യാധിഷ്ഠിതവും മിത്തോളജിയുടെ വൈവിധ്യപൂർണവുമായ മനുഷ്യ പ്രകൃതി സങ്കീർണതകളിലും ബഹുവിധ വ്യാഖ്യാന സാധ്യതകളിലും അനുവാചകരുടെ ചിന്തകൾ വ്യാപരിക്കുമെന്നതിൽ സംശയമില്ല. കാലം ആവശ്യപ്പെടുന്ന അനിവാര്യത തന്നെയാണ് ഈ കഥാസമാഹാരം. Read on deshabhimani.com

Related News