വേദന തോറ്റു, 
നിശ്‌ചയദാർഢ്യം ‘ജയിച്ചു’



മലപ്പുറം "എങ്ങനെ ഉണ്ടായിരുന്നു പരീക്ഷ?  നന്നായി എഴുതിയില്ലേ?’ –- കടുത്ത വേദനയിലും ആംബുലൻസിലിരുന്ന്‌ സഹപാഠികളോട്‌ കുശലം പറഞ്ഞാണ്‌ മലപ്പുറം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി എ രഹ്‌ല ആശുപത്രിയിലേക്ക്‌ മടങ്ങിയത്‌.  ആംബുലൻസിലെത്തി സ്‌ക്രൈബിന്റെ സഹായത്തോടെയാണ്‌ ഹാജിയാർപള്ളി സ്വദേശിയായ ഈ മിടുക്കി എസ്‌എസ്‌എൽസി പരീക്ഷയെഴുതിയത്‌. വാഹനാപകടത്തിൽ പരിക്കേറ്റ്‌, ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ചികിത്സയിലാണ്‌ രഹ്‌ല. ചൊവ്വാഴ്‌ച വൈകിട്ട്‌ സ്‌കൂളിൽനിന്ന്‌ റിവിഷൻ ക്ലാസ്‌ കഴിഞ്ഞ്‌ ബാപ്പയോടൊപ്പം ബൈക്കിൽ വീട്ടിലേക്ക്‌ പോകുമ്പോഴായിരുന്നു അപകടം.  എതിരെ വന്ന ഓട്ടോയിൽ ഇടിക്കുന്നത്‌ ഒഴിവാക്കാൻ വെട്ടിച്ച ബൈക്ക്‌ മറിയുകയായിരുന്നു. അപകടത്തിൽ രഹ്‌ലയുടെ ഇടതുകൈയുടെ എല്ല്‌ രണ്ടിടത്ത്‌ പൊട്ടി.  ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.   രാത്രിതന്നെ ശസ്‌ത്രക്രിയയും നടത്തി.  സ്‌കൂൾ അധികൃതർ ആശുപത്രിയിലെത്തിയപ്പോഴാണ്‌ പരീക്ഷ എഴുതണമെന്ന  ആഗ്രഹം രഹ്‌ല പറയുന്നത്‌. ശസ്‌ത്രക്രിയ കഴിഞ്ഞയുടനെ പുറത്തുപോകുന്നത്‌ പ്രായോഗികമായിരുന്നില്ല. തുടർന്നാണ്‌ ആംബുലൻസിലെത്തി സ്‌ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്കുന്നത്‌. സ്‌കൂൾ അധികൃതർ വിദ്യാഭ്യാസവകുപ്പിൽനിന്ന്‌ പരീക്ഷ എഴുതാൻ അനുമതി ലഭ്യമാക്കി.  ലൈഫ്‌ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസും സജ്ജമാക്കി.  ഉമ്മ റസിയയ്ക്കും ബാപ്പ അഷറഫിനും ഒപ്പമാണ്‌ സ്‌കൂളിലെത്തിയത്‌.  ഒമ്പതാം ക്ലാസ്‌ വിദ്യാർഥി ഫാത്തിമ ദിയയായിരുന്നു പരീക്ഷാസഹായി (സ്‌ക്രൈബ്‌). Read on deshabhimani.com

Related News