താഴത്തങ്ങാടി മുസ്ളിംപള്ളി സ്ത്രീകള്‍ക്കായ് തുറന്നു



കോട്ടയം> ജാതിമത ഭേദമെന്യേ എത്തിയ ആയിരക്കണക്കിനു സ്ത്രീകള്‍ക്കു മുന്നില്‍ താഴത്തങ്ങാടി മുസ്ളീംപള്ളി ചരിത്രവിസ്മയം തുറന്നു. കേരളത്തിലെ അതിപുരാതന മുസ്ളിം പള്ളികളില്‍, രൂപഭംഗിയില്‍ മികച്ചതെന്ന ഖ്യാതിയുള്ള താഴത്തങ്ങാടി പള്ളിയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രവേശനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സ്ത്രീകള്‍ ഞായറാഴ്ച രാവിലെ മുതല്‍ പള്ളിയില്‍ പ്രവേശിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കൊത്തുപണികളാല്‍ സമ്പന്നവുമായ പള്ളി സ്ത്രീസന്ദര്‍ശകര്‍ക്കു ഏറെ കൌതുകമായി. ജീവിതത്തിലെ അവിസ്മരണീയ അനുഭവമെന്നായിരുന്നു സന്ദര്‍ശകരായ സ്ത്രീകളുടെ പ്രതികരണം. അതിശയിപ്പിക്കുന്ന വാസ്തുവിദ്യാമാതൃകയായ ആരാധനാലയം എക്കാലവും സംരക്ഷിക്കപ്പെടണമെന്നും അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു. പള്ളി സന്ദര്‍ശിക്കാന്‍ നിരവധി വിദേശികളും നാട്ടുകാരും ഗവേഷകരുമൊക്കെ എത്താറുണ്ട്. പൊതുജനങ്ങളുടെയും മറ്റും നിരന്തര അഭ്യര്‍ഥന മാനിച്ചാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ താഴത്തങ്ങാടി ജുമുഅ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിച്ചത്. ആരാധന കര്‍മങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത തരത്തില്‍ പ്രവേശനം ക്രമീകരിച്ചു. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമായിരുന്നു. താഴത്തങ്ങാടിയുടെ പ്രകൃതിദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശനവും സംഘടിപ്പിച്ചു. മെയ് എട്ടിനും പള്ളി സന്ദര്‍ശിക്കാം. രാവിലെ എട്ടുമുതല്‍ 12 വരെയും പകല്‍ ഒന്നുമുതല്‍ 3.30വരെയും 4.30മുതല്‍ ആറുവരെയുമാണ് സന്ദര്‍ശനസമയം. എട്ടാം നൂറ്റാണ്ടില്‍ ഇസ്ളാം മതപ്രചരണത്തിനായി അറേബ്യയില്‍ നിന്നു എത്തിയ മാലിക് ബിന്‍ ദിനാര്‍ കേരളത്തില്‍ പത്തു പള്ളികളും തമിഴ്നാട്ടില്‍ ഒരു പള്ളിയും സ്ഥാപിച്ചു. ആദ്യത്തേത് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയാണ്. ആ ശ്രേണിയില്‍പ്പെട്ട പള്ളിയാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. എല്‍ഡിഎഫ് ഭരണകാലത്ത് താഴത്തങ്ങാടിയെ പൈതൃകമേഖലയാക്കി പ്രഖ്യാപിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത്ഇവിടുത്തെ ടൂറിസം സാധ്യതകള്‍ക്ക് വിരാമമിട്ടു. Read on deshabhimani.com

Related News