കൂടുതല്‍ പാലിന് കൂടുതല്‍ കരുതല്‍
ജനിതകശേഷിയാണ് പാലുല്‍പ്പാദനത്തിന്റെ അളവ് തീരുമാനിക്കുന്ന അടിസ്ഥാന ഘടകമെന്ന് മനസ്സിലാക്കുക. ഇങ്ങനെ പാരമ്പര്യഗുണമുള്ള പശുക്കള്‍ക്ക് ആവശ്യമായ പോഷണവും കൃത്യമായ പരിപാലനവും ലഭിക്കുമ്പോള്‍ അവര്‍ പരമാവധി പാല്‍ ചുരത്തുന്നു. അതിനാല്‍ വര്‍ഗഗുണമുള്ള പശുക്കളെ തൊഴുത്തിലെത്തിക്കുക ഏറെ പ്രധാനമാണ്. 9-10 മാസം നീളുന്ന പശുവിന്റെ കറവക്കാലം പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. പ്രസവശേഷം പാലുല്‍പ്പാദനം ക്രമമായി ഉയരുകയും 6-8 ആഴ്ചയില്‍ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനത്തിലെത്തുകയും ചെയ്യുന്നു. പരമാവധി ഉല്‍പ്പാദനകാലം നിലനില്‍ക്കുന്ന ഘട്ടത്തിനുശേഷം പാലുല്‍പ്പാദനം പ്രതിമാസം 8-10 ശതമാനം എന്ന നിരക്കില്‍ കുറഞ്ഞുവരികയും ചെയ്യുന്നു. അടുത്ത പ്രസവത്തിന് രണ്ടുമാസം മുമ്പ് കറവ അവസാനിപ്പിക്കുകയും, പശുക്കള്‍ക്ക് വറ്റുകാല വിശ്രമം നല്‍കുകയുമാണ് കര്‍ഷകര്‍ ചെയ്യുന്നത്. പരമാവധി ഉല്‍പ്പാദനം ലഭിക്കുന്ന ഘട്ടത്തില്‍ ഒരുലിറ്റര്‍ കുറവുണ്ടായാല്‍ ആ കറവക്കാലത്തെ പാലിന്റെ അളവ് 200 ലിറ്ററോളം കുറവാകുമെന്ന് കണക്കുകള്‍ പറയുന്നു. അതിനാല്‍ കറവയുടെ ഓരോ ഘട്ടത്തിലും കൃത്യമായ പരിപാലനം നല്‍കുകയും ഉല്‍പ്പാദനത്തില്‍ കുറവുണ്ടായാല്‍ ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും വേണം. പ്രസവത്തിനുമുമ്പ് 7-8 ആഴ്ച പശുക്കള്‍ക്ക് വറ്റുകാലം നല്‍കിയോ എന്ന് പരിശോധിക്കുക. കറവയുടെ അവസാനകാലത്തും വറ്റുകാലത്തും അമിതമായ തീറ്റ നല്‍കി പശുവിനെ തടിപ്പിക്കുന്നത് പ്രസവശേഷം തീറ്റയുടെ അളവ് കുറയ്ക്കുകയും പരമാവധി ഉല്‍പ്പാദനത്തിന് വിഘാതമാകുകയും ചെയ്യുന്നു. വറ്റുകാലത്തില്‍നിന്ന് പ്രസവത്തോടടുക്കുന്ന സമയത്ത് നല്‍കുന്ന തീറ്റ ഏറെ പ്രധാനമാണ്. പ്രസവശേഷം നല്‍കേണ്ട തീറ്റ പ്രസവത്തിനു മുമ്പേതന്നെ നല്‍കിത്തുടങ്ങി പരിചയപ്പെടുത്തുന്ന സ്റ്റീമിങ് അപ്’ രീതി നടപ്പാക്കിയോ എന്ന് ഉറപ്പാക്കണം. ഊര്‍ജവും, ധാന്യങ്ങളും കൂടുതല്‍ അടങ്ങിയ സാന്ദ്രാഹാരം കറവയുടെ തുടക്കത്തില്‍ നല്‍കിയില്ലെങ്കില്‍ ഉയര്‍ന്ന ഉല്‍പ്പാദനത്തിലെത്താന്‍ പശുക്കള്‍ക്ക് കഴിയില്ല. പ്രസവശേഷം ആദ്യത്തെ 60 ദിവസം തീറ്റയുടെ അളവ് ഓരോ നാലുദിവസം കൂടുമ്പോഴും അരക്കിലോഗ്രാം കൂട്ടിക്കൊടുക്കുന്ന ചലഞ്ച് ഫീഡിങ്’ രീതി പരീക്ഷിച്ചാല്‍ മാത്രമേ പരമാവധി ഉല്‍പ്പാദനം സാധ്യമാകൂ. പാലിന്റെ ഉല്‍പ്പാദനം കൂടുന്നില്ലെങ്കില്‍ തീറ്റയുടെ അളവ് അങ്ങനെത്തന്നെ നിര്‍ത്തുക. തീറ്റപ്പുല്ലില്‍നിന്നുള്ള ശുഷ്കാഹാരം (ഡ്രൈ മാറ്റര്‍), ഫലപ്രദമായ നാരുകളുടെ അളവ് എന്നിവയിലുണ്ടാകുന്ന കുറവ് ദഹനത്തെ ബാധിക്കുകയും ഉല്‍പ്പാദനം ഉയര്‍ന്ന അളവിലെത്തുന്നത് തടയുകയും ചെയ്യുന്നു. ശരീരഭാരത്തിന്റെ 1.5 ശതമാനം എന്ന നിരക്കില്‍ (20-30 കിലോഗ്രാം പച്ചപ്പുല്ല്) തീറ്റപ്പുല്ലില്‍ നിന്നുള്ള ശുഷ്ക പദാര്‍ഥങ്ങള്‍ കിട്ടുന്നുണ്ടോയെന്നു പരിശോധിക്കുക. പ്രസവത്തിനു മുമ്പും പിമ്പും കറവയുടെ വിവിധ ഘട്ടങ്ങളിലുള്ള വിവിധ പോഷകന്യൂനതകള്‍ ഉല്‍പ്പാദനം കുറയ്ക്കുന്നു. ഊര്‍ജം, മാംസ്യം, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സള്‍ഫര്‍, ഉപ്പ് എന്നിവയുടെ ന്യൂനത പരിശോധിച്ചറിയണം. ശുദ്ധമായ ജലം ആവശ്യത്തിനും സമയത്തും ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അമിതമായി നല്‍കുന്ന കൊഴുപ്പ്, ധാന്യഭക്ഷണം, എളുപ്പം ദഹിപ്പിക്കാവുന്ന അന്നജം എന്നിവ നല്‍കുന്നത് ദഹനത്തെ ബാധിക്കുകയും ദീര്‍ഘകാലം നിലനില്‍ക്കുന്ന അസിഡോസിസ് വരുത്തി വയ്ക്കുകയും ചെയ്യുന്നു. പാല്‍ പെട്ടെന്നു കുറയാനിടയുള്ള കാരണങ്ങളിലൊന്നാണിത്. സാന്ദ്രാഹാരത്തിന്റെയും, പരുഷാഹാരത്തിന്റെയും അനുപാതം പരിശോധിക്കണം. ഉയര്‍ന്ന ഉല്‍പ്പാദനത്തില്‍ ഇത് 60:40 എന്ന വിധത്തിലും പിന്നീട് 50:50 അല്ലെങ്കില്‍ 40:60 എന്ന രീതിയിലും ആകണം. ഉയര്‍ന്ന ഉല്‍പ്പാദനശേഷം കറവയുടെ അടുത്തഘട്ടത്തിലെത്തുമ്പോള്‍ തീറ്റയില്‍ സാന്ദ്രാഹാരത്തിന്റെ അളവ് കുറഞ്ഞാല്‍ അത് കറവക്കാലം ഹ്രസ്വമാക്കുന്നു. പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളായ അകിടുവീക്കം, ഗര്‍ഭാശയ വീക്കം, കീറ്റോണ്‍ രോഗം, ആമാശയ സ്ഥാനഭ്രംശം എന്നിവ ഉയര്‍ന്ന ഉല്‍പ്പാദനം അസാധ്യമാക്കുന്നു. ശ്വാസകോശ, ആമാശയ പ്രശ്നങ്ങള്‍, ആന്തരബാഹ്യ പരാദബാധ എന്നിവ പാലുല്‍പ്പാദനം കുറയ്ക്കുന്ന പ്രധാന വില്ലന്മാരാണ്. ദീര്‍ഘകാലമുള്ള മാംസ്യം, അയണ്‍, കോപ്പര്‍, കൊബാള്‍ട്ട്, സെലീനിയം എന്നിവയുടെ കുറവും, വിരബാധയും വിളര്‍ച്ചയിലേക്കും ഉല്‍പ്പാദനനഷ്ടത്തിലേക്കും വഴിതെളിക്കുന്നു. പാദത്തിന്റെയും, കുളമ്പിന്റെയും അനാരോഗ്യം പാലുല്‍പ്പാദനത്തെ തളര്‍ത്തുന്നു. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ഗര്‍ഭമലസല്‍, സമയമെത്തുംമുമ്പേയുള്ള പ്രസവം എന്നിവ പാല്‍ കുറയുന്നതിന് കാരണമാകും. വിഷസസ്യങ്ങള്‍, പൂപ്പല്‍ബാധ എന്നിവ തീറ്റയെടുക്കുന്നത് കുറയ്ക്കുകയും, പാല്‍ പെട്ടെന്ന് വലിയ അളവില്‍ കുറയാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന പനിയുണ്ടാക്കുന്ന സാംക്രമികരോഗങ്ങള്‍ പാല്‍ പെട്ടെന്ന് താഴ്ന്നുപോകുന്നതിന് കാരണമാകും. ഉയര്‍ന്ന ചൂടും, അന്തരീക്ഷ ആര്‍ദ്രതയും പാലുല്‍പ്പാദനത്തിന്റെ പ്രധാന ശത്രുക്കളാണ്. തീറ്റയെടുക്കുന്നതിലുണ്ടാകുന്ന കുറവ് പാലുല്‍പ്പാദനം കുറയ്ക്കുന്നു. അതിനാല്‍ കാലാവസ്ഥയുടെ കാഠിന്യങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നവിധത്തില്‍ തൊഴുത്തിലും ക്രമീകരണങ്ങളുണ്ടെന്ന് ഉറപ്പാക്കണം. 24 മണിക്കൂറും ആവശ്യമായ അളവില്‍ ശുദ്ധജലം ലഭിക്കുന്നവിധം വെള്ളപ്പാത്രങ്ങള്‍ സജ്ജീകരിക്കണം. ആവശ്യത്തിന് സ്ഥലസൌകര്യമില്ലാത്ത തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍കഴിയാതെ വരുന്നതും ദീര്‍ഘസമയം നില്‍ക്കേണ്ടിവരുന്നതും അവയെ സമ്മര്‍ദത്തിലാക്കുകയും പാല്‍ ചുരത്താന്‍ മടിക്കുന്ന അവസ്ഥയെത്തുകയും ചെയ്യുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ പാലിന്റെ അളവു കുറയാന്‍ ഇടയാക്കുന്നു. (തൃശ്ശൂര്‍ മണ്ണുത്തി, വെറ്ററിനറി കോളേജ്ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എല്‍.പി.എം. അസിസ്റ്റന്റ് പ്രൊഫസ്സറാണ് ലേഖകന്‍) Read on deshabhimani.com