6 മണിക്കൂർ കാട്ടിൽ, മലവെള്ളത്തിനേക്കാൾ വലുതല്ല കാട്ടാന
ചൂരൽമല ""ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ടപ്പോൾ ഓടുകയായിരുന്നു. ഉരുളാണെന്ന് അറിഞ്ഞത് മുതൽ പുഞ്ചിരിമട്ടം മലയിലേക്ക് ഓടിക്കയറി. ചുറ്റും ഇരുട്ട്. ഗർഭിണിയായ മകളെ രക്ഷിക്കണമെന്ന ചിന്തയേയുണ്ടായിരുന്നുള്ളൂ. കുടുംബത്തെയുംകൂട്ടി എങ്ങനെ മലകയറിയന്ന് ഒരോർമയുമില്ല. മലമുകളിലുള്ള സഹോദരിയുടെ വീട്ടിലെത്താമെന്ന് വിചാരിച്ചു. അവിടെയെത്തിയപ്പോൾ സുരക്ഷിതമല്ലെന്ന് കണ്ട് കുടുംബാംഗങ്ങളെയും കൂട്ടി വീണ്ടും വനത്തിലൂടെ മുകളിലേക്ക് ഓടി''–-മേപ്പാടി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ കുടുംബത്തോടൊപ്പം കഴിയുന്ന ചൂരൽമല പടവട്ടിക്കുന്നിൽ ഏറാൻ ഉസ്മാൻ വിറയലോടെയാണ് ദുരന്താനുഭവം പറയുന്നത്. ""വനത്തിലെത്തിയപ്പോൾ ഫോറസ്റ്റ് വാച്ചർമാരെ വിളിച്ചു. കാട്ടാനയുണ്ട് കരുതണമെന്ന് അവർ പറഞ്ഞു. കുതിച്ചെത്തുന്ന മലവെള്ളത്തിനേക്കാൾ വലുതല്ല കാട്ടാനയെന്ന് ഉറപ്പിച്ചു. ആറ് മണിക്കൂർ വനത്തിൽനിന്ന് നേരം വെളുപ്പിച്ചു. നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ നീളം. ഭാര്യ, മക്കൾ, ഉമ്മ, ഉമ്മയുടെ സഹോദരി, മരുമകൻ എന്നിവരുൾപ്പെടെ 11 പേർ. മൂന്ന് വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വ രാവിലെ തിരിച്ച് ചൂരൽമല അങ്ങാടിയിലെത്തി. അപ്പോഴാണ് വീടും അയൽവാസികളെയും മലവെള്ളം കൊണ്ടുപോയത് അറിഞ്ഞത്'' –- ഉസ്മാൻ പറഞ്ഞു. മകളുടെ പ്രസവം അടുത്തതോടെ മൂന്നുമാസംമുമ്പാണ് മരുമകൻ സജാദ് കുവൈത്തിൽനിന്ന് എത്തിയത്. അടുത്തയാഴ്ച മടങ്ങേണ്ടതായിരുന്നു. മലവെള്ളപ്പാച്ചിലിൽ വിസയും പാസ്‌പോർട്ടും മറ്റുരേഖകളും എല്ലാം കവർന്നു. ജീവിതം പ്രതിസന്ധിയിലായെന്ന് സജാദ് പറഞ്ഞു. Read on deshabhimani.com