പോരാട്ടങ്ങളുടെ കനൽവഴിയിൽ
കൊച്ചി സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും കനൽവഴിയായിരുന്നു ബാവായുടെ ജീവിതം. അറസ്റ്റുകൾ, പൊലീസ് മർദനങ്ങൾ, ജയിൽവാസം എന്നിവയ്‌ക്കൊന്നും തളർത്താനാകാത്ത പോരാട്ടവീര്യം. അറുനൂറിലേറെ കേസുകളിൽ പ്രതിയായ ബാവാ വാദിയായി ഒരു കേസുപോലും ഇല്ലെന്നത് പലർക്കും അറിയാത്ത ചരിത്രമാണ്. 1977 ഡിസംബർ ആറിന് ആലുവ തൃക്കുന്നത്ത് സെന്റ് മേരിസ് പള്ളിയിൽ കബറടക്കത്തിന് അനുമതി നിഷേധിച്ചതിനെതിരെ 44 ദിവസവും പഴന്തോട്ടത്ത് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചപ്പോൾ ഏഴു ദിവസവും ഉപവാസമനുഷ്ഠിച്ചു. ആലുവയിൽ ക്രൂരമായ പൊലീസ് മർദനത്തിനു വിധേയനായി. വിലങ്ങുമായി ജയിലിൽ അടയ്ക്കപ്പെട്ടു. ദീർഘകാലത്തെ ചികിത്സയിലൂടെയാണ് അന്നത്തെ പരിക്ക് ഭേദമായത്. കോലഞ്ചേരി, മാമലശേരി, കണ്യാട്ടുനിരപ്പ്, കടമറ്റം പള്ളികളും പോരാട്ടഭൂമികളാണ്. സഭാ ഭരണഘടന വിശ്വാസ പാരമ്പര്യങ്ങൾ സംരക്ഷിക്കുക ലക്ഷ്യമിട്ട് സഭാ ഭരണഘടന യാഥാർഥ്യമാക്കിയതും ബാവായുടെ ഇച്ഛാശക്തിയാണ്. നാട്ടിൽ നിരവധി പള്ളികൾക്കും വിദേശങ്ങളിൽ കോൺഗ്രിഗേഷനുകൾക്കും രൂപംനൽകി. ഭാരതത്തിൽ ഉടനീളം സഞ്ചരിച്ച് ആരാധനാലയങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ അമ്പതിൽപ്പരം പള്ളികളും ചാപ്പലുകളും സ്ഥാപിച്ചു. വിദേശത്ത് തുടക്കംകുറിച്ച കോൺഗ്രിഗേഷനുകൾ പിന്നീട് ഭ്രദാസനങ്ങളായി മാറി. ഏറ്റവും വലിയ ആത്മീയ പ്രസ്ഥാനമായ സൺഡേസ്കൂളിന് നവജീവൻ നൽകി. പുത്തൻകുരിശിൽ ആസ്ഥാനത്തിന് ബീജാവാപം നൽകി. പത്ത് വർഷം സൺഡേ സ്കൂൾ പ്രസിഡന്റായിരുന്നു. മർത്തമറിയം വനിതാ സമാജത്തിന് പുത്തൻകുരിശിൽ പുതിയ ആസ്ഥാനം നിർമിച്ചു. സഭയുടെ ജീവകാരുണ്യ വിഭാഗമായ കേഫായ്ക്ക് രൂപംനൽകി. യൂത്ത് അസോസിയേഷൻ പുനർജീവിപ്പിച്ചു. വിദ്യാർഥികൾക്കായി മാർ ഗ്രീഗോറിയോസ് സ്റ്റുഡന്റ്‌സ് മൂവ്മെന്റിനും മുതിർന്നവർക്കായി എൽഡേഴ്‌സ് ഫോറത്തിനും രൂപംനൽകി. സുവിശേഷീകരണത്തിനും ആത്മീയസന്ദേശ പ്രചാരണത്തിനുമായി അച്ചടിശാലയും പുസ്തകശാലയും ആരംഭിച്ചു. പുത്തൻകുരിശ് കേന്ദ്രമാക്കി ബിബ്ലിക്കൽ അക്കാദമി സ്ഥാപിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർ ഇവിടെ പഠനപരമ്പരകളിൽ ചേർന്നു പഠിക്കുന്നു. Read on deshabhimani.com