എവിടെ ഞങ്ങളുടെ വീട്



ചൂരൽമല   ‘ഇവിടെയായിരുന്നു വീട്’–- പുഞ്ചിരിമട്ടത്തെ മൺകൂനയ്ക്ക് മുകളിലെ കൂറ്റൻപാറക്കല്ല് ചൂണ്ടി പറയുമ്പോൾ ജംഷീറിന്റെ ദുഃഖം അണപൊട്ടി. ഷാഫിക്ക് വീടുണ്ടായ സ്ഥലം തിരിച്ചറിയാനായില്ല. ബാവയും ബഫീനും വീടിന്റെ ഇടം തിരഞ്ഞുകൊണ്ടേയിരുന്നു. അവർക്കുമുന്നിൽ പാറകളും മൺതിട്ടകളും ഭൂമി പിളർന്നൊഴുകിയ പുഴയും മാത്രം. വ്യാഴാഴ്‌ച നിർമാണം പൂർത്തിയാക്കിയ ബെയ്‌ലി പാലത്തിലൂടെയാണ്‌ ഇവർ പുഞ്ചിരിമട്ടത്തേക്ക് എത്തിയത്. ഇന്നലെവരെ ജീവിച്ചയിടങ്ങളിലെ കാഴ്ചകളിൽ അവർ തളർന്നിരുന്നു; പരസ്‌പരം ആശ്വസിപ്പിക്കാനാകാതെ. ഉരുൾപൊട്ടലിൽനിന്ന്‌ അവിശ്വസനീയമായാണ് ജംഷീറും കുടുംബവും രക്ഷപെട്ടത്. തിങ്കൾ രാത്രി  ഉപ്പ, ഉമ്മ, സഹോദരി, സഹോദരിയുടെ മൂന്ന് മക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവരെ ഉമ്മയുടെ വീട്ടിൽ കൊണ്ടുവിട്ടു. ജംഷീർ തിരികെ പോകാൻ തുനിഞ്ഞെങ്കിലും പിന്നീട്‌ വേണ്ടെന്ന് വച്ചു. മണിക്കൂറുകൾ പിന്നിടുംമുമ്പേ നാടാകെ ഒഴുകിപ്പോയി. തങ്ങൾ രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെ അമ്പതോളം കുടുംബങ്ങളെ ഉരുൾകൊണ്ടുപോയെന്ന്‌ ജംഷീർ പറഞ്ഞു. ദുരന്തമറിഞ്ഞ് ഷാഫി രണ്ടുദിവസം മുമ്പാണ്  വിദേശത്തുനിന്നും എത്തിയത്. അപ്പോഴേക്കും ഉപ്പയും ഉമ്മയും സഹോദരിയും നഷ്ടമായിരുന്നു. Read on deshabhimani.com

Related News