വന്നിറങ്ങിയത്‌ വേരുകളറ്റ മണ്ണിൽ

ഉരുൾപൊട്ടലിൽ കാണാതായ ബാലചന്ദ്രനും അജിതയും


ചൂരൽമല ഉറ്റവരും വീടും ഒലിച്ചുപോയ മണ്ണിലേക്കാണ്‌ ഹർഷ വെള്ളിയാഴ്‌ച അർധരാത്രി വിമാനമിറങ്ങിയത്‌. യുകെയിലേക്ക്‌ തന്നെ യാത്രയാക്കിയ അച്‌ഛനും അമ്മയുമടക്കം ഒമ്പത്‌ മനുഷ്യർ ഇല്ലാതായ മണ്ണ്‌. ഹൃദയം നുറുങ്ങുന്ന വേദനയിൽ സഹോദരി സ്‌നേഹയെ അവൾ ചേർത്തുപിടിച്ചു. വാടകവീടും പൊളിച്ചുപണിയുന്ന തറവാട്‌ വീടും നിലംപൊത്തിയ ചൂരൽമലയിൽ കൃഷ്‌ണ നിവാസ്‌, നിയർ വെള്ളാർമല ജിവിഎച്ച്‌എസ്‌എസ്‌ എന്ന വിലാസത്തിൽ ഇനി ഇവർ മാത്രം.  വീടിനെ കരകയറ്റാൻ നാലുമാസം മുമ്പാണ്‌ ഹർഷ യുകെയിലേക്ക്‌ തിരിച്ചത്‌. കോഴിക്കോട്‌ വിദ്യാർഥിയായ അനിയത്തി സ്‌നേഹയും ഉരുൾപൊട്ടൽ ദിനത്തിൽ വീട്ടിലില്ലായിരുന്നു. ദുരന്തമറിഞ്ഞ്‌ കൂട്ടുകാരിക്കൊപ്പമാണ്‌ ഹർഷ പുറപ്പെട്ടത്‌. റോഡ്‌മാർഗം രാത്രി വൈകി ചൂരൽമലയിലെ ബന്ധുവീട്ടിലെത്തി. ഹാരിസൺ എസ്‌റ്റേറ്റിലെ തൊഴിലാളിയാണ്‌ അച്ഛൻ ബാലചന്ദ്രൻ. അമ്മ അജിത. ബാലചന്ദ്രന്റെ സഹോദരങ്ങളായ ഭാസ്‌കരൻ, വിജയൻ എന്നിവരുടെ കുടുംബങ്ങളും ദുരന്തത്തിനിരയായി. ഭാസ്‌കരൻ, ഭാര്യ ശകുന്തള, മകൾ സൗഗന്ധിക, സൗഗന്ധികയുടെ മകൻ  ഇവാൻ ദീക്ഷിൻ, വിജയൻ, ഭാര്യ ഷീല, മകൾ നിഖിൽ കൃഷ്‌ണ എന്നിവരെയാണ്‌ കാണാതായത്‌. ഇതിൽ നാലുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തി.  Read on deshabhimani.com

Related News