ഇത്‌ നമ്മുടെ കടമ



മഞ്ചേരി ചാലിയാറിൽ ഒഴുകിയെത്തിയ മണ്ണും ചളിയുംപുരണ്ട മൃതദേഹങ്ങൾ വൃത്തിയാക്കി പോസ്‌റ്റ്‌മോർട്ടം ടേബിളിൽവയ്ക്കുന്നവർക്കിടയിൽ പരിചിതമുഖമായി അയാളുണ്ട്‌. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ പൊലീസുകാർക്കും സന്നദ്ധ പ്രവർത്തകർക്കുമൊപ്പം കുറച്ചുദിവസമായി വിശ്രമമില്ലാതെ ഓടുന്ന മഞ്ചേരി കൊടവണ്ടി ഹമീദ്‌. പൊലീസിനും ഡോക്ടർമാർക്കും നഴ്സിങ് അസിസ്റ്റന്റുമാർക്കും 20 വർഷമായി ഹമീദിന്റെ സേവനം ലഭിക്കുന്നു. തുന്നിക്കെട്ടിയ മൃതദേഹം മതാചാരപ്രകാരം കുളിപ്പിക്കാനും വെള്ളപുതയ്‌ക്കാനും എംബാംചെയ്യാനും ആംബുലൻസ് ഒരുക്കാനുമെല്ലാം ഹമീദുണ്ടാകും. സംസ്കാരച്ചടങ്ങുകളിലും ബന്ധുവിനെപ്പോലെ മുന്നിൽ നിൽക്കും. ""വയനാട് ദുരന്തത്തിൽ ഒഴുകിയെത്തിയ ശരീരഭാഗങ്ങളുടെ കാഴ്ച നെഞ്ചുലയ്‌ക്കുന്നതാണ്‌. വേർപെട്ട കൈകാലുകൾ, തലയില്ലാത്ത ഉടലുകൾ തുടങ്ങി എല്ലാമുണ്ട്‌. കുഞ്ഞുങ്ങളുടെ മൃതദേഹം കഴുകിയെടുത്ത് പോസ്റ്റ്‌മോർട്ടം ടേബിളിലേക്ക് കൊണ്ടുപോകുമ്പോൾ കണ്ണുനിറയും. എങ്കിലും ജീവിച്ചിരിക്കുന്നവരുടെ കടമയാണ് ഞാൻ ചെയ്യുന്നത്‌'' –- ഹമീദ് പറഞ്ഞു. ഇതിനകം നൂറുകണക്കിന് മൃതദേഹങ്ങൾ പരിപാലിച്ചു. തേലക്കാട് ബസ് അപകടം, ഓടക്കയം കോളനി ഉരുൾപൊട്ടൽ, കവളപ്പാറ ദുരന്തവേളകളിലും സേവനരംഗത്ത്‌ സജീവമായി. കവളപ്പാറ ദുരന്തത്തിൽ മരിച്ച 28 മൃതദേഹങ്ങൾ വൃത്തിയാക്കിയതിന് കലക്ടറുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. Read on deshabhimani.com

Related News