ക്വാറന്റൈൻ ലംഘിക്കേണ്ട; പിടിവീഴും



തിരുവനന്തപുരം മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും വന്ന്‌ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ വിപുലമായ സംവിധാനം. വ്യക്തികൾക്ക്‌ നൽകുന്ന ഡിജിറ്റൽ പാസ്‌ വഴി യാത്ര അടക്കമുള്ള വിവരങ്ങൾ കൺട്രോൾ റൂമിൽ പരിശോധിക്കാനാകും. വീട്ടിലത്തിയാലും മൊബൈൽ ടവർ വിട്ട്‌ പുറത്തിറങ്ങിയാലോ, ദിവസവും വിവരം നൽകിയില്ലെങ്കിലോ പിടിവീഴും. ഇവരെ നിരീക്ഷിക്കാൻ പ്രദേശിക ജാഗ്രതാ സമിതികളും ഉണ്ടാകും. നാട്ടിലേക്ക്‌ വരാൻ  രജിസ്‌റ്റർ ചെയ്‌തവർക്ക്‌ മുൻഗണനാ ക്രമത്തിലാണ്‌ യാത്രാനുമതി നൽകുക. കോവിഡ്‌ ജാഗ്രതാ പോർട്ടൽവഴി യാത്രാപാസിനായി രജിസ്‌റ്റർ ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ എസ്‌എംഎസ്‌ ലഭിക്കും. ഒപ്പം ഒരു ലിങ്കും. ഇതിൽ ക്ലിക്ക്‌ ചെയ്‌ത്‌ ഏത്‌ ചെക്ക്‌ പോസ്‌റ്റ്‌ വഴിയാണ്‌ എത്തുന്നതെന്നും സമയവും നാട്ടിൽ എവിടെയാണ്‌ എത്തേണ്ടത്‌ എന്നതടക്കമുള്ള വിവരം നൽകണം. ഇതിനുശേഷമാണ്‌ യാത്രയ്‌ക്കുള്ള  അപ്രൂവ്‌ഡ്‌ മെസേജ്‌ ലഭിക്കുക ചെക്ക്‌ പോസ്‌റ്റിലെ കൗണ്ടറുകളിലെത്തി മൊബൈൽ ഫോണിൽ ലഭിച്ച ലിങ്കിലെ ക്യുആർ കോഡ്‌ സ്‌കാൻ ചെയ്യണം. അപ്പോൾ യാത്രക്കാരന്റെ പൂർണ വിവരങ്ങൾ ഉദ്യോഗസ്ഥനു കംപ്യൂട്ടറിൽ ലഭിക്കും. തുടർന്ന്‌ മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയനാകണം. രോഗലക്ഷണമുള്ളവരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ മാറ്റും. അല്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ തുടരണം. ഇവർ കൗണ്ടർ വിടുംമുമ്പ്‌ മൊബൈൽ ഫോണിൽ കോവിഡ്‌ ജാഗ്രതാ ആപ് ഡൗൺലോഡ്‌ ചെയ്യണം. ചെക്ക്‌പോസ്‌റ്റോ കൗണ്ടറോ വിടും മുമ്പുതന്നെ യാത്രക്കാരൻ എവിടേക്കാണോ പോകുന്നത്‌ അവിടത്തെ തദ്ദേശസ്ഥാപനങ്ങൾക്ക്‌ വിവരം കൈമാറും.  ഇവരുടെ വീടുകളിൽ സുരക്ഷിതമായി നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യമുണ്ടോ എന്ന്‌ പ്രത്യേക സമിതികൾ ഉറപ്പാക്കും. സൗകര്യമില്ലാത്തവരെ   നിരീക്ഷണകേന്ദ്രങ്ങളിലേക്ക്‌ മാറ്റും. വീട്ടിലേക്ക്‌ പോകുമ്പോൾ ഇടയ്‌ക്ക്‌ വാഹനം നിർത്തിയാലും മറ്റെവിടെയെങ്കിലും ഇറങ്ങിയാലും വിവരം കൺട്രോൾ റൂമിൽ അറിയാൻ കഴിയും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ മൊബൈൽ ആപ് വഴി ദിവസവും ആരോഗ്യവിവരം കൈമാറണം. വിവരം കൈമാറിയില്ലെങ്കിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തും.   മൊബൈൽ ഫോൺ നിശ്ചിത ടവർ വിട്ടുപോയാൽ മൊബൈൽ സേവനദാതാക്കൾ ദുരന്തനിവാരണ സമിതിയെ വിവരം അറിയിക്കും. വിദേശത്തുനിന്ന്‌ എത്തുന്ന എല്ലാവർക്കും ബിഎസ്‌എൻഎൽ സിം നൽകാനും പദ്ധതിയുണ്ട്‌. Read on deshabhimani.com

Related News