നിലവിട്ട്‌ സതീശൻ ; എയറിലായി 
പ്രതിപക്ഷം



തിരുവനന്തപുരം സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ നിയമസഭയിൽ ഉന്നയിക്കാനുള്ള അവസരം ലഭ്യമാകുന്ന ചോദ്യോത്തരവേളയും മുഖ്യമന്ത്രിയെയും സ്പീക്കറെയും അധിക്ഷേപിക്കാനുള്ള വേദിയാക്കി പ്രതിപക്ഷ നേതാവ്‌. ശൂന്യവേളയിലും വി ഡി സതീശൻ അധിക്ഷേപം തുടർന്നു. നിയമസഭാ സമ്മേളനം അങ്ങേയറ്റം പ്രക്ഷുബ്-ധമാകുന്ന ഘട്ടങ്ങളിലും പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹരിക്കുന്നതാണ്‌ പതിവ്‌. എന്നാൽ സതീശന് സാധാരണക്കാരുടെ പ്രശ്നങ്ങളൊന്നും വിഷയമല്ല. തങ്ങൾക്ക്‌ അഹിതമായ വിഷയങ്ങൾ ഉയരുമ്പോൾ അധിക്ഷേപം ചൊരിയുക, ഒളിച്ചോടുക എന്നതാണ് സതീശൻ പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രീതി. 2023 ഫെബ്രുവരി ഒമ്പതിന്‌ ബജറ്റ്‌ ചർച്ചയ്‌ക്കിടെയും പ്രതിപക്ഷം ചോദ്യോത്തരവേള തടസപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസിലെ ഗാന്ധിചിത്രം തകർത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ ടി സിദ്ദിഖ്‌ എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസ്‌ ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമായ ദിവസവും സഭ അലങ്കോലമാക്കി. തിങ്കളാഴ്‌ചയും ഇത് തുടർന്നു. ഇത്തവണ ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന്‌ സ്പീക്കർ നിർദേശിച്ചതാണ് സതീശന്‌ "രക്തസമ്മർദം' കൂട്ടിയത്. പ്രതിപക്ഷ നേതാവിനെ വകവയ്‌ക്കാതെ മാത്യുകുഴൽനാടൻ ഡയസിന്‌ മുന്നിൽ തുടർന്നതോടെ ആരാണ്‌ പ്രതിപക്ഷ നേതാവെന്ന്‌ സ്പീക്കർക്ക്‌ ചോദിക്കേണ്ടി വന്നു. ഇതോടെ കുപിതനായ സതീശൻ സ്പീക്കർക്കെതിരെ അധിക്ഷേപവർഷമാരംഭിച്ചു. സ്പീക്കറെ അപക്വമതിയെന്നും പക്ഷപാതിയെന്നും  വിളിച്ചായിരുന്നു തുടക്കം. പിന്നീട്‌ ചോദ്യോത്തരവേള ബഹിഷ്‌കരിച്ച്‌ പുറത്തുപോയി. സ്പീക്കർക്കെതിരായ പ്രതിപക്ഷനേതാവിന്റെ പരാമർശങ്ങൾ പാരമ്യതയിൽ എത്തിയെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. ഒരുപ്രതിപക്ഷ നേതാവും ചെയ്യാത്ത രീതിയിൽ സ്പീക്കറെ അപമാനിച്ചെന്നും സഭയുടെ അന്തസിനെ മാനിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും എം ബി രാജേഷ്‌ ആവശ്യപ്പെട്ടു. ശൂന്യവേളയിൽ തിരികെയെത്തിയ പ്രതിപക്ഷ നേതാവ്‌ അടിയന്തര പ്രമേയത്തിൽ ചർച്ചയാകാമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ വീണ്ടും ചാടിയെഴുന്നേറ്റ്‌ അധിക്ഷേപമാരംഭിച്ചു. മുഖ്യമന്ത്രിക്കെതിരെയായിരുന്നു ഇത്തവണ മുറുമുറുപ്പ്. കണ്ണാടിയിൽ നോക്കിയാൽ നിലവാരമില്ലാത്ത്‌ ആരെന്ന്‌ സ്വയം മനസ്സിലാകുമെന്നും കാപട്യത്തിന്റെ മൂർത്തീകരണമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ മുഖമടച്ചുള്ള മറുപടിയോടെയാണ്‌ സതീശൻ അടങ്ങിയത്‌. സതീശന്റെ അധിക്ഷേപ വാക്കുകൾ സഭാരേഖയിൽ നിന്ന്‌ നീക്കുന്നതായി സ്പീക്കർ അറിയിച്ചു. സഭ നടക്കരുതെന്നാണ്‌ 
ആഗ്രഹിച്ചത് സഭാനടപടികൾ നടക്കരുതെന്നാണ്‌ തങ്ങൾ ആഗ്രഹിച്ചതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. നിയമസഭയ്‌ക്ക്‌ മുന്നിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിച്ച സ്പീക്കറുമായി സഹകരിച്ച്‌ പോകാൻ കഴിയില്ല. അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ തങ്ങൾ തയ്യാറായിരുന്നു. സഭ പ്രക്ഷുബ്-ധമാകുമ്പോൾ ലിസ്റ്റ്‌ ചെയ്‌ത കാര്യങ്ങൾ പലതും സഭയിൽ വരില്ല. അത്‌ സ്വാഭാവികമാണ്‌. തങ്ങൾ ഒളിച്ചോടിയെന്നത്‌ തമാശയാണെന്നും സതീശൻ പറഞ്ഞു. എത്തിയത്‌ സർവസന്നാഹവുമായി പ്രതിപക്ഷം തിങ്കളാഴ്‌ച  നിയമസഭയിൽ എത്തിയത്‌ അടിയന്തര പ്രമേയത്തിന്‌ അനുമതി ലഭിച്ചാലും ബഹളമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ. സഭയിലുയർത്താനുള്ള ബാനർ നേരത്തേ തയാറാക്കിയിരുന്നു. സ്‌പീക്കറെ ആക്രമിക്കാൻ ശ്രമിച്ചു.   സ്‌പീക്കറുടെ മുഖംമറച്ച്‌ ബാനർ ഉയർത്താൻ പാടില്ലെന്നിരിക്കേ, അതും ചെയ്‌തു. ‘ചെയർ മറയ്‌ക്കരുത്‌’ എന്ന്‌ മുഖ്യമന്ത്രിയുൾപ്പെടെ പലതവണ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.നടപടികളുമായി മുന്നോട്ടുപോയ സ്‌പീക്കറെ പ്രകോപിപ്പിക്കാനായി പിന്നീടുള്ള നീക്കം. മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ളവർ ഡയസിൽ ചാടിക്കയറി ബഹളമുണ്ടാക്കി. വാച്ച്‌ ആന്റ്‌ വാർഡ്‌ ഇടപെട്ടതോടെ കൂടുതൽ എംഎൽഎമാർ ഡയസിലേക്കെത്തി. കൂടുതൽ വാച്ച്‌ ആന്റ്‌ വാർഡുമാരെത്തിയാണ്‌ ഇവരെ നീക്കം ചെയ്‌തത്‌.   Read on deshabhimani.com

Related News