അപർണയ്‌ക്ക്‌ പഠിക്കാം, 
സ്‌കോളർഷിപ്പോടെ



മേപ്പാടി എൻട്രൻസ്‌ എഴുതി നേടിയ സീറ്റിൽ ഇനി അപർണ പഠിക്കും; സ്‌കോളർഷിപ്പോടെ. മന്ത്രിമാരായ ആർ ബിന്ദുവിന്റെയും കെ രാജന്റെയും ഇടപെടലാണ്‌ അപർണയുടെ പഠനത്തിന്‌ തുണയായത്‌. കൽപ്പറ്റ എൻഎംഎസ്‌എം കോളേജിലാണ്‌ മേപ്പാടി കോട്ടപ്പടി കുന്നുമ്മൽ അപർണ വേണുവിന്‌ അഡ്‌മിഷൻ കിട്ടിയത്‌. എന്നാൽ ഹോട്ടൽ ജീവനക്കാരിയായ അമ്മയുടെ മാത്രം വരുമാനത്തിൽ പഠനം തുടരാനാവില്ലായിരുന്നു. ബിരുദത്തിന്‌ പഠിച്ച കോളേജിൽതന്നെ പിജിക്ക്‌ മെറിറ്റിൽ സീറ്റ്‌ നേടിയെങ്കിലും ഇ -ഗ്രാന്റ്‌സ്‌ ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ്‌ വേണം. എന്നാൽ ജനിക്കും മുമ്പേ ഉപേക്ഷിച്ചുപോയ അച്ഛന്റെ രേഖകളില്ലാത്തതിനാൽ ജാതി സർട്ടിഫിക്കറ്റ്‌ കിട്ടിയില്ല. ജാതി സർട്ടിഫിക്കറ്റിനായി അക്ഷയയിലൂടെ ഓൺലൈനായി അപേക്ഷിച്ചെങ്കിലും കാലതാമസമുണ്ടായി. തുടർന്നുള്ള അന്വേഷണത്തിൽ കോട്ടപ്പടി വില്ലേജ്‌ ഓഫീസിൽ നേരിട്ട്‌ ഹാജരാകാനായിരുന്നു അറിയിപ്പ്‌. ഉരുൾപൊട്ടൽ ദുരിതബാധിതർ കഴിയുന്ന മേപ്പാടി സെന്റ്‌ ജോസഫ്‌ ഹയർ സെക്കൻഡറിയിൽ വളന്റിയറായ അപർണ വില്ലേജ്‌ ഓഫീസിൽ എത്തിയെങ്കിലും എന്തെങ്കിലും സാക്ഷ്യപത്രം ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്‌ മേപ്പാടി പഞ്ചായത്ത്‌ ഓഫീസിലെത്തിയെങ്കിലും നിരാശ മാത്രം. ഇതിനിടെ പഞ്ചായത്ത്‌ ഓഫീസിലിരുന്ന്‌ കണ്ണീരൊഴുക്കിയ അപർണയെയും അമ്മയെയും മന്ത്രി ആർ ബിന്ദു കണ്ടതാണ്‌ സർട്ടിഫിക്കറ്റ്‌ ലഭിക്കാൻ കാരണം. മേപ്പാടി ഗവ. എച്ച്‌എസ്‌എസിലെ ക്യാമ്പ്‌ സന്ദർശിക്കാനെത്തിയ മന്ത്രി അവിചാരിതമായാണ്‌ ഇവിടെ എത്തിയത്‌.   വിവരം തിരക്കിയ മന്ത്രി വില്ലേജ്‌ ഓഫീസറെ ഫോണിൽ ബന്ധപ്പെട്ടു. മന്ത്രി കെ രാജനെയും അറിയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിനും നേരിട്ടെത്തി ഇടപെട്ടതോടെ സർട്ടിഫിക്കറ്റ്‌ ഓൺലൈനായി ലഭിച്ചു. Read on deshabhimani.com

Related News