ബൗദ്ധികത എന്ന സമരമുഖം, സുനിൽ പി ഇളയിടത്തിന്റെ പംക്തി പതിനൊന്നാം ഭാഗം

പ്രൊഫ. കെ എൻ പണിക്കർ, ഫോട്ടോ: ജി പ്രമോദ്‌


പ്രൊഫസർ കെ എൻ പണിക്കരുടെ നടപ്പിലും പെരുമാറ്റത്തിലും ആഴമേറിയ ഒരു സ്വാസ്ഥ്യമുണ്ട്. പ്രസന്നമായ മുഖഭാവത്തോടെ, പ്രൗഢവും ശാന്തവുമായി, അദ്ദേഹം കാമ്പസിൽ നടന്നു. കാലുഷ്യം കലർന്ന വാക്കും ക്ഷോഭം നിറഞ്ഞ ശബ്ദവും മാഷിൽ ഞാൻ കണ്ടിട്ടില്ല. ഒന്നാം നിലയിലെ തന്റെ ഓഫീസിൽനിന്ന് താഴേക്കുള്ള പടികൾ ഇറങ്ങിവരുമ്പോഴാണ് പ്രൊഫ. കെ എൻ പണിക്കരെ ഞാൻ ആദ്യമായി നേരിട്ട്‌ കാണുന്നത്. സർവകലാശാലയിൽ അദ്ദേഹം വൈസ്ചാൻസലറായി ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞുകാണണം. ഏറെ മുൻപേതന്നെ അദ്ദേഹത്തെ ധാരാളം വായിച്ചിട്ടുണ്ടായിരുന്നു. മലബാർ കലാപം, ആധുനിക ഇന്ത്യയിലെ ബൗദ്ധികജീവിതത്തെക്കുറിച്ചുള്ള നാനാതരം ആലോചനകൾ, വർഗീയതയുടെ വേരുകളെയും വ്യാപനത്തെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ... പണിക്കർ മാഷ് അക്കാലത്തെ ഞങ്ങളുടെയെല്ലാം വിചാരജീവിതത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു. അതുകൊണ്ട് ആദ്യമായി കാണുമ്പോഴും എനിക്ക് അപരിചിതത്വം ഒട്ടും അനുഭവപ്പെട്ടില്ല. മാഷ് അന്ന് എന്നെ അറിയാനിടയില്ല. അതുപക്ഷേ, അദ്ദേഹത്തിന്റെ മുഖഭാവത്തിലുണ്ടായിരുന്നില്ല. വഴിയൊതുങ്ങി നിന്ന എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ച് അദ്ദേഹം പടികളിറങ്ങി. തന്റെ ഓർമക്കുറിപ്പുകളിൽ വളരെയൊന്നും ആകർഷകമല്ലാത്തതെന്ന് മാഷ് വിശേഷിപ്പിച്ച, നടുത്തളത്തിലെ ശങ്കരപ്രതിമയ്ക്കരികിലൂടെ അദ്ദേഹം പുറത്തേക്ക് നടക്കുന്നത് ഞാൻ പിന്നിൽ നോക്കിനിന്നു. പ്രൊഫസർ കെ എൻ പണിക്കരുടെ നടപ്പിലും പെരുമാറ്റത്തിലും ആഴമേറിയ ഒരു സ്വാസ്ഥ്യമുണ്ട്. പ്രസന്നമായ മുഖഭാവത്തോടെ, പ്രൗഢവും ശാന്തവുമായി, അദ്ദേഹം കാമ്പസിൽ നടന്നു. കാലുഷ്യം കലർന്ന വാക്കും ക്ഷോഭം നിറഞ്ഞ ശബ്ദവും മാഷിൽ ഞാൻ കണ്ടിട്ടില്ല. വിയോജിപ്പുകളും ഭിന്നാഭിപ്രായങ്ങളും മാഷ് ശാന്തമായാണ് അവതരിപ്പിച്ചത്. എപ്പോഴും അതിന് ചെവികൊടുക്കുകയും ചെയ്തു. ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളുമ്പോഴും അതിന്റെ നിർവഹണം ഉദാരവും സ്നേഹനിർഭരവുമായിട്ടായിരുന്നു. തന്റെ തീരുമാനം എന്നതിൽ നിന്ന് ഞങ്ങളുടെ തീരുമാനം എന്നതിലേക്കൊരു വഴി പണിക്കർ മാഷ് എപ്പോഴും തുറന്നിട്ടു. ആ വഴിയിലൂടെയാണ് ഞങ്ങൾ നടന്നത്. സംസ്കൃത സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും ഹൃദ്യവും സ്നേഹനിർഭരവും വൈജ്ഞാനികമഹിമ നിറഞ്ഞതുമായ കാലമായി മാഷ് വൈസ് ചാൻസലർ ആയിരുന്ന കാലം മനസ്സിൽ നിറഞ്ഞുനിൽക്കുന്നതും മറ്റൊന്നും കൊണ്ടല്ല. കാമ്പസിന് പുറത്ത് സാമൂഹ്യ‐ രാഷ്ട്രീയ ജീവിതത്തിൽ വലിയ കോളുകൾ ഇളകുന്നുണ്ടായിരുന്നു. അതിനിടയിലും അക്കാലം ഹൃദ്യമായിരുന്നു. പഴയൊരു കാലത്തെക്കുറിച്ച് വേർഡ്സ്വർത്ത് എഴുതിയതിനെ പിൻപറ്റിക്കൊണ്ട് പറഞ്ഞാൽ, ‘അന്ന് അവിടെയുണ്ടാകാൻ കഴിഞ്ഞതു സുന്ദരമായ ഒരനുഭവമായിരുന്നു; യുവാവായിരിക്കുന്നത് അതിസുന്ദരവും.’ ആ സൗന്ദര്യത്തിന്റെ പ്രഭവമായിരുന്നു പ്രൊഫ. കെ എൻ പണിക്കർ. സംസ്കാരത്തെയും ബൗദ്ധികതയെയും ആധുനിക ഇന്ത്യയിലെ ചരിത്രവിചാരത്തിന്റെ കേന്ദ്രത്തിൽ ഉറപ്പിക്കുന്നതിൽ പ്രൊഫ. കെ എൻ പണിക്കരോളം വലിയ പങ്കുവഹിച്ചവർ ഉണ്ടെന്നു തോന്നുന്നില്ല. മാർക്സിസ്റ്റ് ചരിത്രവിചിന്തനത്തിന്റെ വഴികളിലൂടെയാണ് മാഷ് നടന്നത്. അപ്പോൾത്തന്നെ പലപ്പോഴും അതിൽ വന്നുകൂടിയ യാന്ത്രികതയുടെയും നിർണയനവാദത്തിന്റെയും പിടിമുറുക്കങ്ങളെ മാഷ് മറികടക്കുകയും ചെയ്തു. സംസ്കാരത്തെയും ബൗദ്ധികതയെയും ആധുനിക ഇന്ത്യയിലെ ചരിത്രവിചാരത്തിന്റെ കേന്ദ്രത്തിൽ ഉറപ്പിക്കുന്നതിൽ പ്രൊഫ. കെ എൻ പണിക്കരോളം വലിയ പങ്കുവഹിച്ചവർ ഉണ്ടെന്നു തോന്നുന്നില്ല. മാർക്സിസ്റ്റ് ചരിത്രവിചിന്തനത്തിന്റെ വഴികളിലൂടെയാണ് മാഷ് നടന്നത്. അപ്പോൾത്തന്നെ പലപ്പോഴും അതിൽ വന്നുകൂടിയ യാന്ത്രികതയുടെയും നിർണയനവാദത്തിന്റെയും പിടിമുറുക്കങ്ങളെ മാഷ് മറികടക്കുകയും ചെയ്തു. സംസ്കാരത്തിന്റെയും ബൗദ്ധികതയുടെയും ലോകം ഭൗതികോൽപ്പാദനത്തിന്റെ അനുബന്ധമായി നിലകൊള്ളുകയല്ലെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു. ആശയാനുഭൂതികളുടെ മൂർത്തവും ഭൗതികവുമായ പ്രകൃതത്തെയും പ്രയോഗരൂപങ്ങളെയും ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ വിവിധ സന്ദർഭങ്ങളിൽനിന്ന് നിർധാരണം ചെയ്യുകയായിരുന്നു പ്രൊഫ. കെ എൻ പണിക്കർ. ഒരു ജനസമൂഹം ഏതെങ്കിലുമൊരാശയം ഏറ്റെടുത്തുകഴിഞ്ഞാൽ അതൊരു ഭൗതികശക്തിയായിത്തീരുമെന്ന നിർണായകമായ തിരിച്ചറിവായിരുന്നു അദ്ദേഹത്തിന്റെ ചരിത്രവിചിന്തനത്തിന്റെ കാതൽ. അതുകൊണ്ട് സംസ്കാരവും ബൗദ്ധികതയും ആശയാനുഭൂതികളുമെല്ലാം ചരിത്രഗതികളിൽ ഇടം പിടിക്കുന്ന, അതിനെ വഴിതിരിച്ചുവിടാൻപോന്ന, മൂർത്തമായ ഭൗതികശക്തികളാണെന്ന വലിയ തെളിച്ചം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുഖ്യധാരാ ചരിത്രഗ്രന്ഥങ്ങളിലെ അനുബന്ധ അധ്യായങ്ങളുടെ പദവിയിൽ നിന്ന് സംസ്‌കാരത്തെ ചരിത്രവിചാരത്തിന്റെ കേന്ദ്രത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു. മലബാർ കലാപമാകട്ടെ, ആയുർവേദത്തിന്റെ വ്യാപനമാകട്ടെ, ഇന്ത്യൻ നവോത്ഥാനത്തിന്റെ പ്രക്രിയാപരമായ സ്വരൂപമാകട്ടെ മാഷിന്റെ ആലോചനകൾക്കെല്ലാം ഈ അടിസ്ഥാനമുണ്ടായിരുന്നു. സംസ്കാരം എന്ന സമരമുഖത്തെക്കുറിച്ചുള്ള യുടെ ആശയാവലികളാണ് മാഷെ ഏറ്റവുമധികം സ്വാധീനിച്ചത് എന്നു തോന്നിയിട്ടുണ്ട്. സംസ്കാരത്തിന്റെ ഗതിഭേദങ്ങളായിരുന്നു മാഷിന്റെ ആലോചനകളുടെ ഗുരുത്വകേന്ദ്രം. വിസിയുടെ മുറിയിലിരുന്ന് ഏതോ ഒരു ഉച്ചനേരത്ത് മാഷ് ഗ്രാംഷിയെക്കുറിച്ച് ദീർഘമായി സംസാരിച്ചു. ഇറ്റലിയിൽ ഗ്രാംഷി സ്മാരക പ്രഭാഷണത്തിനായി പോയതിനെക്കുറിച്ചു പറഞ്ഞപ്പോൾ, മാഷ് ഗാന്ധിയെക്കുറിച്ചും പറഞ്ഞു. നിസ്സംഗവിപ്ലവത്തിന്റെ മതാത്മകധ്വനികളോടുകൂടിയ സരളസിദ്ധാന്തീകരണം എന്ന് ഗ്രാംഷി ഗാന്ധിയുടെ ചിന്തയെക്കുറിച്ചെഴുതിയത് ഞാനോർത്തു. സംസ്കാരത്തിന്റെ സമരമുഖങ്ങളിലൂടെയാണ് ഗാന്ധിയും വലിയൊരളവോളം നടന്നത്. അതുകൊണ്ടുതന്നെ ഗ്രാംഷിയിൽനിന്ന് ഗാന്ധിയിലേക്കും മാഷിന്റെ ആലോചനകൾ നീങ്ങിയിരുന്നു. സൈദ്ധാന്തികസങ്കല്പനങ്ങൾ മാഷിന്റെ ചരിത്രവിചാരങ്ങളിൽ അമൂർത്തമായി കെട്ടിക്കിടന്നില്ല. ജീവിതത്തിന്റെ മൂർത്തപ്രയോഗങ്ങളിലേക്ക് അവ തുറന്നുകിടന്നു. വൈസ്ചാൻസലർ എന്ന നിലയിലുള്ള മാഷിന്റെ പ്രവർത്തനങ്ങളിലും ഈ അടിസ്ഥാനസമീപനം മാറ്റമില്ലാതെ തുടരുന്നുണ്ടായിരുന്നു. സർവകലാശാല അടിസ്ഥാനപരമായി ഒരു വൈജ്ഞാനികകേന്ദ്രമായി ഉറപ്പിച്ചുനിർത്താൻ മാഷ് സദാ ജാഗരൂഗത പുലർത്തി. സർവകലാശാലയിലെ ഭരണനിർവഹണം വിദ്യാർഥികൾക്കും വിജ്ഞാനപ്രവർത്തനങ്ങൾക്കും പന്തുണയായാണ് നിൽക്കേണ്ടതെന്ന കാര്യത്തിൽ മാഷിന് ഒരിക്കലും സംശയമുണ്ടായില്ല. സർവകലാശാല ഒന്നാമതായും രണ്ടാമതായും വിദ്യാർഥികളുടേതും അവരുടെ വൈജ്ഞാനികജീവിതത്തിന്റേതുമാണെന്ന് മാഷ് ഉറപ്പിച്ചെടുത്തു. അക്കാദമികജീവിതത്തെ വിഴുങ്ങുന്ന ഭരണനിർവഹണത്തെയും ഉദ്യോഗസ്ഥപ്രഭുത്വത്തെയും മാഷ് മടിയില്ലാതെ പ്രതിരോധിച്ചു. അദ്ദേഹം കൈക്കൊണ്ട ചെറുതും വലുതുമായ ഓരോ തീരുമാനത്തിന്റെയും അടിസ്ഥാനം വിദ്യാർഥികളുടെയും വൈജ്ഞാനികതയുടെയും വികാസമായിരുന്നു. തീരുമാനങ്ങളിലും അവയുടെ നിർവഹണത്തിലും ഉടനീളം ജനാധിപത്യത്തെ അടിസ്ഥാനമൂല്യമായി നിലനിർത്തുകയും ചെയ്തു. അവസാനമില്ലാത്ത ചടങ്ങുകളുടെയും ഔദ്യോഗിക യോഗങ്ങളുടെയും ഉപചാരങ്ങളുടെയും ലോകമാണ് സർവകലാശാല. ഒരർഥത്തിൽ വൈസ്ചാൻസലർ അതിന്റെ തടവുകാരനാണ്. പണിക്കർ മാഷ് അതിനെ അഴിച്ചുപണിതു. ചടങ്ങുകളെ അവയുടെ ഔപചാരികതലത്തിൽ നിന്നുയർത്തി വൈജ്ഞാനികമായ ആലോചനകളായി വികസിപ്പിക്കാൻ പണിക്കർ മാഷിന് അസാധാരണമായ കഴിവുണ്ടായിരുന്നു. മാഷ് ഒരിടത്തും അർഥശൂന്യമായി സംസാരിച്ചില്ല. സർവകലാശാലയുടെ വൈസ്ചാൻസലർ എന്ന നിലയിൽ ഔപചാരികമായ ഒട്ടേറെ ചടങ്ങുകളിൽ ഒരാൾക്ക് പങ്കെടുക്കേണ്ടതായും സംസാരിക്കേണ്ടതായും വരും. അനിവാര്യം എന്നു പറയാവുന്ന വിരസതയും അന്തസ്സാരശൂന്യതയും ഇത്തരം ചടങ്ങുകളുടെ സ്വഭാവമാണെന്ന് അത്തരം ചടങ്ങുകളിൽ വളരെക്കുറച്ചുമാത്രം പങ്കെടുത്തിട്ടുള്ള എനിക്ക്‌ തോന്നിയിട്ടുണ്ട്. മാഷ് അക്കാര്യത്തിൽ വളരെ വ്യത്യസ്തനായിരുന്നു. താൻ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഓരോ സന്ദർഭത്തെയും ആശയസംവാദത്തിന്റെ വലിയൊരു തലത്തിലേക്ക് മാഷ് ഉയർത്തിക്കൊണ്ടുവന്നു. സൂക്ഷ്മമായ ആലോചനകളും ഒരുക്കവുമില്ലാതെ മാഷ് ഒരിക്കലും സംസാരിക്കാൻ എത്തിയിരുന്നില്ല; അതെത്ര ചെറിയ യോഗത്തിനാണെങ്കിലും. കേൾക്കാൻ വരുന്നവരെ മാഷ് എപ്പോഴും മാനിച്ചു. അവരോട് മടികൂടാതെ സംസാരിച്ചു. ഒരു അധ്യാപകന്റെ ജാഗ്രതയും സൂക്ഷ്മതയും മാഷിന്റെ ഓരോ പ്രഭാഷണത്തിലും ഉണ്ടായിരുന്നു. പണിക്കർ മാഷ് വൈസ് ചാൻസലർ ആയിരുന്ന കാലത്ത് അക്കാദമിക് കൗൺസിൽ പോലുള്ള ചില സമിതികളിൽ അധ്യാപക പ്രതിനിധി എന്ന നിലയിൽ അംഗമായിരിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അക്കാദമിക ഗൗരവത്തിന്റെയും അച്ചടക്കത്തിന്റെയും വലിയ ആവിഷ്കാരങ്ങളായിരുന്നു അവ. ചർച്ചയ്ക്കുള്ള ഓരോ വിഷയത്തെക്കുറിച്ചും ആമുഖമായി മാഷ് ചില കാര്യങ്ങൾ പറയും. പിന്നാലെ അതിലുള്ള അഭിപ്രായങ്ങൾ കേൾക്കും. വൈകാതെ തന്നെ അക്കാര്യത്തിൽ ഒരു തീരുമാനം കൈക്കൊണ്ട് അടുത്ത വിഷയത്തിലേക്ക് നീങ്ങും. ഓരോ വിഷയത്തെയും മാഷ് അവതരിപ്പിക്കുന്നത് അതിന്റെ കാതലിനെ തന്നെ വിശദീകരിച്ചുകൊണ്ടായിരിക്കും. അതുകൊണ്ട് ആ യോഗങ്ങളെല്ലാം വൈജ്ഞാനികമായി വലിയ ഉണർവ്‌ നൽകുന്നവ കൂടിയായി. ആരും വലിയ ശബ്ദകോലാഹലങ്ങൾക്ക് മുതിരുകയോ ഒരു വിഷയം അനന്തമായി നീണ്ടുപോവുകയോ ചെയ്തില്ല. പിൽക്കാലത്ത്, ഒരു വിഷയത്തെക്കുറിച്ച് എല്ലാവരും ഒരേസമയം സംസാരിക്കുന്ന, വി സിക്ക് ഒരു നിയന്ത്രണവും വിഷയധാരണയുമില്ലാത്ത യോഗങ്ങളിൽ പങ്കെടുക്കേണ്ടിവന്നപ്പോൾ മാഷ് അധ്യക്ഷനായിരുന്ന് നടത്തിയ അക്കാദമിക യോഗങ്ങളുടെ മിതത്വവും മഹിമയും ഞാൻ ഓർത്തുകൊണ്ടേയിരുന്നു. അക്കാദമിക് കൗൺസിൽ അംഗങ്ങളായി അദ്ദേഹം ശുപാർശ ചെയ്തത് പ്രൊഫ. ചമ്പകലക്ഷ്മിയെപ്പോലുള്ള വലിയ പണ്ഡിതരെയാണ്. ശങ്കരസ്മൃതി പ്രഭാഷണങ്ങൾക്കും മറ്റും കപിലാവാത്സ്യായനനെയും പ്രൊഫ. റൊമിലാ ഥാപ്പറെയും പോലുള്ളവരെയും. ഇന്ത്യയിലെ തലമുതിർന്ന പണ്ഡിതർ അക്കാലത്ത് നിരന്തരമായി സർവകലാശാലയിലെത്തി. ഉപചാരമായി അവസാനിക്കാവുന്ന ചടങ്ങുകൾ വൈജ്ഞാനികദീപ്തി നിറഞ്ഞവയായി. സർവകലാശാലയിൽവച്ച് എന്റെ രണ്ടു പുസ്തകങ്ങൾ മാഷ് പ്രകാശനം ചെയ്യുകയുണ്ടായി. ചിത്രകലാസംബന്ധിയായ പഠനങ്ങൾ ഉൾപ്പെടുന്ന ‘കൺവഴികൾ കാഴ്ചവട്ടങ്ങൾ’ എന്നതാണ് ആദ്യത്തേത്. എന്റെ പിഎച്ച്ഡി ഗവേഷണപ്രബന്ധം 'ദമിതം: ആധുനികതാവാദത്തിന്റെ രാഷ്ട്രീയ അബോധം' എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതാണ് മാഷ് പ്രകാശനം ചെയ്ത മറ്റൊരു ഗ്രന്ഥം. രണ്ടാമത്തെ പുസ്തകപ്രകാശനത്തിന്റെ സമയത്ത് മാഷ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാനാണ്. പ്രകാശനത്തിനായി മാഷ് തിരുവനന്തപുരത്തുനിന്നും തലേന്ന് രാത്രി തന്നെ ആലുവ പാലസിലെത്തി അവിടെ നിന്നും സർവകലാശാലയിലേക്ക് വരികയായിരുന്നു. രണ്ടു സന്ദർഭങ്ങളിലും മാഷ് വിഷയത്തിനുള്ളിലേക്ക് സൂക്ഷ്മമായി കടന്നു. ദേശീയപ്രസ്ഥാനവും ഇന്ത്യൻ ചിത്രകലയും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ച് 'കൺവഴികളു'ടെ പ്രകാശനവേളയിൽ മാഷ് വിശദമായി പറഞ്ഞു. അതെന്നെ കുറേയേറെ വിസ്മയിപ്പിച്ച ഒന്നായിരുന്നു. ഉന്നതനായ ഒരു കലാചരിത്രകാരന്റെ ഉൾക്കാഴ്ചകൾ ആ പ്രസംഗത്തിലുണ്ടായിരുന്നു. എന്റെ പഠനത്തിൽ ഞാൻ പരിശോധിച്ചിട്ടില്ലാത്ത ചില ഗ്രന്ഥങ്ങൾ പ്രത്യേകമായി പരാമർശിക്കുകയും അവ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ വിശദീകരിക്കുകയും ചെയ്തു. 'ദമിത'ത്തിന്റെ പ്രകാശനസന്ദർഭത്തിൽ ആശയവ്യവസ്ഥകളെ മുൻനിർത്തുന്ന ഗവേഷണത്തിന്റെ പ്രകൃതത്തെക്കുറിച്ചാണ് മാഷ് സംസാരിച്ചത്. ഗവേഷണ രീതിശാസ്ത്രത്തെക്കുറിച്ചുള്ള ഗഹനമായ ഒരാലോചനയായിരുന്നു ആ പ്രസംഗം. ഉപചാരത്തിന്റെ വഴികളെ ആശയവിചിന്തനത്തിന്റെ വഴിയായി മാഷ് എപ്പോഴും വികസിപ്പിച്ചുകൊണ്ടിരുന്നു. ‘കൺവഴികൾ കാഴ്ചവട്ടങ്ങൾ’ക്ക് മികച്ച കലാനിരൂപണഗ്രന്ഥത്തിനുള്ള കേരള ലളിതകലാ അക്കാദമി അവാർഡ് ലഭിച്ചപ്പോൾ മലയാളവിഭാഗം എനിക്കൊരു ഉപഹാരം നൽകുകയുണ്ടായി. പണിക്കർ മാഷാണ് ആ ഉപഹാരം നൽകിയത്. കലാപഠനത്തെ സംസ്കാരവിചാരത്തിന്റെ ഉപാധിയായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് മാഷ് അന്ന് സംസാരിച്ചത്. ബംഗാൾ സ്കൂളിനെക്കുറിച്ച് തപ്തി ഗുഹാതാക്കൂർത്തയുടെ പഠനം മാഷ് എനിക്ക് സമ്മാനമായി തരുകയും ചെയ്തു. സർവകലാശാലാ വൈസ്ചാൻസലർ എന്ന നിലയിൽ എന്നെ അഭിനന്ദിച്ചുകൊണ്ട് മാഷ് ഔദ്യോഗികമായി ഒരു കത്ത് എനിക്ക് നൽകുകയും ചെയ്തു. എനിക്ക് ലഭിച്ച പുരസ്കാരത്തിൽ സർവകലാശാലയ്ക്കുള്ള സന്തോഷം രേഖപ്പെടുത്തുന്ന കത്തായിരുന്നു അത്. അതുളവാക്കിയ ആഹ്ലാദവും അഭിമാനബോധവും വളരെ വലുതായിരുന്നു. ഞാൻ സർവകലാശാലയുടെ ഭാഗമാണ് എന്ന വലിയൊരു അംഗീകാരം ആ കത്ത് എനിക്ക് നൽകി. പതിനേഴുവർഷങ്ങൾക്കിപ്പുറവും വിലപിടിച്ച ഒന്നായി ഞാനാ കത്ത് സൂക്ഷിക്കുന്നുണ്ട്. പിൽക്കാലത്ത് സാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങൾ ഉൾപ്പെടെ പല അവാർഡുകളും ലഭിച്ചെങ്കിലും മറ്റൊരിക്കലും അത്തരമൊരു പരിഗണന സർവകലാശാലയിൽ നിന്നും ലഭിച്ചില്ലെന്ന് ഞാനോർക്കാറുണ്ട്. സംസ്കൃത സർവകലാശാലയുടെ പ്രാരംഭദശയിലാണ് പണിക്കർ മാഷ് വൈസ് ചാൻസലറായി എത്തിയത്. അവിടെ നടന്നിരുന്ന ചെറുതും വലുതുമായ ഓരോ പ്രവൃത്തിയിലും മാഷിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. അക്കാലത്ത് ബുധനാഴ്ച വൈകുന്നേരങ്ങളിൽ പ്രൊഫ. സ്കറിയാ സക്കറിയയുടെ നേതൃത്വത്തിൽ ബുധസംഗമം എന്ന അനൗപചാരിക സദസ്സ് സർവകലാശാലയിൽ ചേരുമായിരുന്നു. ഏതെങ്കിലും ഒരു പ്രമേയത്തെക്കുറിച്ചുള്ള സംവാദമോ സംഭാഷണമോ ആയാണ് അതരങ്ങേറുക. സർവകലാശാലാ സമൂഹത്തിന്റെ സാഹോദര്യഭാവനയുടെ വേദിയായിരുന്നു അത്. അധ്യാപകരും ഗവേഷകരും വിദ്യാർഥികളും എല്ലാം ഒത്തുകൂടുന്ന ഒരു അനൗപചാരിക വേദി. സർവകലാശാലയിൽ ഉണ്ടെങ്കിൽ പണിക്കർ മാഷും അതിൽ പങ്കെടുക്കാനെത്തും. വിദ്യാർഥികൾക്കൊപ്പം ഒരു കേൾവിക്കാരനായി അതിൽ പങ്കുചേരും. ചില ദിവസങ്ങളിൽ ചർച്ചയിൽ ഇടപെട്ട് സംസാരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്രപണ്ഡിതരിലൊരാൾ വിദ്യാർഥികൾക്കൊപ്പം സദസ്സിൽ നിശ്ശബ്ദനായി കേൾവിക്കാരനായി ഇരിക്കുന്നത് ഞങ്ങൾ കുറച്ചൊരു വിസ്മയത്തോടെയാണ് കണ്ടിരുന്നത്. ഓരോ വിദ്യാർഥിയുടെയും അഭിപ്രായങ്ങളെ മാഷ് എത്രയും ശ്രദ്ധയോടെ കേട്ടു. അറിവും അധികാരവും ഒരാളെയും മറ്റൊരാൾക്കു മുകളിലാക്കുന്നില്ല എന്ന് മാഷ് നിശ്ശബ്ദമായി ഞങ്ങളോട് പറയുകയായിരുന്നു. അധികാരപ്രമത്തതയുടെയും അൽപ്പബുദ്ധിയുടെയും വിരാട്രൂപങ്ങൾ പലതും പിൽക്കാലത്ത് കാണേണ്ടിവന്നപ്പോഴൊക്കെ പണിക്കർ മാഷിന്റെ പിൻനിരയിലെ വിനീതഗംഭീരമായ ആ ഇരുപ്പ് എന്റെ മനസ്സിലുണ്ടായിരുന്നു. സംസ്കൃത സർവകലാശാലയുടെ അക്കാദമിക നവീകരണത്തിന് അസ്തിവാരം ചമച്ചതിൽ പണിക്കർ മാഷിന്റെ പങ്ക് വളരെ വലുതായിരുന്നു. മാഷ് വിസി യായി എത്തുന്നതിനു മുൻപ് പ്രൊഫ. എൻ പി ഉണ്ണിയും പ്രൊഫ. എൻ വി പി ഉണിത്തിരിയും ഡോ. കെ ജി പൗലോസും ഉൾപ്പെടുന്ന നേതൃത്വം സർവകലാശാലയെ കരയറ്റാനുള്ള ശ്രമങ്ങൾക്ക് സഫലമായ തുടക്കം കുറിച്ചിരുന്നു. അതിനു മുൻപുള്ള വൈസ്ചാൻസലർ നിയമിച്ച മുഴുവൻ പേരെയും ഹൈക്കോടതി പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ വലിയ അവ്യവസ്ഥയിൽ നിന്ന് സർവകലാശാലയെ അവർ പുറത്തുകൊണ്ടുവന്നിരുന്നു. എങ്കിലും അക്കാദമികവും ഭരണപരവുമായ പരാധീനതകളുടെ ഒരു പരമ്പര തന്നെ സർവകലാശാലയെ അപ്പോഴും വലയം ചെയ്തു നിന്നു. അതിന്‌ നടുവിലേക്കാണ് പണിക്കർ മാഷ് എത്തിയത്. മാഷ് വിസിയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെ അന്തർവൈജ്ഞാനികമായ ചോയ്സ് ബേയ്സസ് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ (ഇആഇട) സംവിധാനത്തിലേക്ക് സർവകലാശാലയിലെ അക്കാദമിക പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കാനുള്ള ശ്രമം തുടങ്ങി. 2001‐ 2002 അക്കാദമിക വർഷത്തിലാവണം അത് നടപ്പിലാക്കിത്തുടങ്ങിയത്. പരമ്പരാഗതമായ കോഴ്സ് നടത്തിപ്പിന്റെ ഇടുങ്ങിയ ചട്ടക്കൂടുകളിൽ നിന്നുള്ള വലിയൊരു വഴിമാറലായിരുന്നു അത്. വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ അക്കാദമികമായ തുറസ്സിലേക്ക് അത്‌ കൊണ്ടുപോയി. അവരുടെ വ്യക്തിപരമായ അഭിരുചികൾക്കും വൈജ്ഞാനികാഭിമുഖ്യങ്ങൾക്കും ഇടം കിട്ടി. വിഷയാതിർത്തികൾക്ക്‌ കുറുകെ നീങ്ങുന്ന പ്രോഗ്രാമുകളും കോഴ്സുകളും നിലവിൽ വന്നു. വിശാലമായ ഒരു ക്ലാസ്‌മുറിയുടെ നാല് കോണുകളിലായി വ്യത്യസ്തമായ നാല് കോഴ്സുകൾക്ക് ഒരേസമയം ഞങ്ങൾ നാലുപേർ ക്ലാസ് നടത്തിയത് എന്റെ ഓർമയിലുണ്ട്. വിവർത്തനപഠനം, മധ്യകാല സാഹിത്യം, സാഹിത്യവിജ്ഞാനം, വ്യാകരണം എന്നിങ്ങനെ നാല് കോഴ്സുകൾ ഒരു ബാച്ചിലെ മലയാളം വിദ്യാർഥികൾക്കുതന്നെ പഠിക്കാൻ കഴിഞ്ഞു. അധ്യാപകരും വിദ്യാർഥികളും ഒരുപോലെ പഠിതാക്കളായി മാറി. രണ്ടുപതിറ്റാണ്ടിന് മുൻപ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് തീർത്തും അപരിചിതമായ ഒരാശയമായിരുന്നു അത്. സംസ്കൃത സർവകലാശാലയാകട്ടെ ഭാഷാ‐ മാനവിക വിഷയങ്ങളെയും ചുരുക്കം ചില സാമൂഹ്യശാസ്ത്ര കോഴ്സുകളെയും മുൻനിർത്തി സംവിധാനം ചെയ്യപ്പെട്ട സ്ഥാപനവും. പാരമ്പര്യത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും പിടിമുറുക്കം സർവകലാശാലയുടെ പല തലങ്ങളിലും പ്രബലമായിരുന്നു. ഒരുവിഭാഗം അധ്യാപകർ പുതിയ ക്രമീകരണത്തോട് വിമുഖരായിരുന്നു. സംസ്കൃത സർവകലാശാലയുടെ പരിമിതമായ പശ്ചാത്തലസൗകര്യങ്ങൾ പുതിയ സംവിധാനത്തിന്റെ ഫലപ്രദമായ നിർവഹണത്തിന് പ്രായോഗികമായ പല തടസ്സങ്ങളും സൃഷ്ടിച്ചിരുന്നു. സിൻഡിക്കേറ്റ് ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളിലെ പല അംഗങ്ങൾക്കും ഒരുവിഭാഗം അനധ്യാപകർക്കും മാഷോട് കടുത്ത വിപ്രതിപത്തികളുണ്ടായിരുന്നു. നിർണായകമായ ഒരു അക്കാദമിക പരിവർത്തനത്തെ എല്ലാ നിലയിലും തടസ്സപ്പെടുത്താനോ നിരുത്സാഹപ്പെടുത്താനോ പോന്നതായിരുന്നു അന്നത്തെ അന്തരീക്ഷം. മാഷ് പക്ഷേ, അല്പംപോലും ക്ഷീണിതനായില്ല. ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനത്തിന്റെ ഓരോ പടവുകളും മാഷ് സ്വന്തം മേൽനോട്ടത്തിൽ പടിപടിയായി ആസൂത്രണം ചെയ്തു. അതേക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായി അന്ന് സർവകലാശാലയിൽ ചുരുക്കം പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിനും ഇന്ത്യയ്‌ക്കും പുറത്തെ സർവകലാശാലാ ജീവിതവുമായി പരിചയവും ബന്ധവുമുള്ള ചുരുക്കം അധ്യാപകർ മാത്രം. അക്കാദമിക പുനഃസംഘാടനത്തിന്റെ ഓരോ ഘട്ടത്തിനും പണിക്കർ മാഷ് സ്വന്തം നിലയിൽ മുൻനിന്ന് നേതൃത്വം നൽകി. കേരളത്തിനും ഇന്ത്യയ്‌ക്കും പുറത്തെ സർവകലാശാലാ ജീവിതവുമായി പരിചയവും ബന്ധവുമുള്ള ചുരുക്കം അധ്യാപകർ മാത്രം. അക്കാദമിക പുനഃസംഘാടനത്തിന്റെ ഓരോ ഘട്ടത്തിനും പണിക്കർ മാഷ് സ്വന്തം നിലയിൽ മുൻനിന്ന് നേതൃത്വം നൽകി. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും യോഗങ്ങൾ പ്രത്യേകമായി വിളിച്ചുചേർത്തു. ഓരോ വിഭാഗത്തോടും പുതിയ ക്രമീകരണത്തിന്റെ അക്കാദമികവും സാങ്കേതികവുമായ ഉള്ളടക്കം വിശദീകരിച്ചു. അഡ്മിഷൻ മുതൽ പരീക്ഷാനടത്തിപ്പ് വരെയുള്ള കാര്യങ്ങളുടെ സാങ്കേതികക്രമീകരണങ്ങൾ സ്വന്തം നിലയിൽതന്നെ തയ്യാറാക്കി. പ്രായോഗികമായ ഓരോ പ്രതിസന്ധിയെയും മറികടക്കുന്നതിന് വിശദാംശങ്ങളിലടക്കം ശ്രദ്ധ നൽകി. മാഷ് ചുമതലയേറ്റതിന്റെ തൊട്ടടുത്ത വർഷം തന്നെ സർവകലാശാലയുടെ അലകും പിടിയും പുതുക്കിപ്പണിയാൻപോന്ന പുതിയ അക്കാദമികക്രമീകരണം പ്രവർത്തനസജ്ജമായി. അത്രമേൽ സമഗ്രവും ഊർജദായകവുമായ അഴിച്ചുപണിയലും അക്കാദമികനവീകരണവും സർവകലാശാലയിൽ പിന്നീട് നടന്നിട്ടില്ല. പിൽക്കാലത്ത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ ചോയ്സ് ബേയ്സ്ഡ് ക്രഡിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റം നിലവിൽവന്നപ്പോഴേക്കും സംസ്കൃത സർവകലാശാല ആ വഴിയിൽ ഏഴെട്ടുവർഷങ്ങൾ പിന്നിട്ടുകഴിഞ്ഞിരുന്നു! അക്കാദമികനേതൃത്വം എന്നതിന്റെ സമുന്നത മാതൃകയായിരുന്നു പ്രൊഫ. കെ എൻ പണിക്കർ. നവീനവും അടിയുറച്ചതുമായ വീക്ഷണം ഉണ്ടായിരിക്കുക, അത് നടപ്പിലാക്കുന്നതിന് പ്രായോഗികമായ മാർഗരേഖ തയ്യാറാക്കുക, പ്രായോഗിക നിർവഹണത്തിന്റെ ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന പ്രശ്നങ്ങളെ സമചിത്തതയോടെ പരിഹരിക്കുക, അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെയുള്ള സർവകലാശാലാ സമൂഹത്തെ നിരന്തരമായി അഭിസംബോധന ചെയ്ത് അവരെ ഒപ്പം നിർത്തുക, വൈസ്ചാൻസലർ എന്ന നിലയിലുള്ള ഇടപെടലുകളിൽ വിഭാഗീയതയുടെ നിഴൽപോലും വീഴാതെ നോക്കുക, സാർവദേശീയ തലത്തിൽ വരെ ആദരിക്കപ്പെട്ടിരുന്ന തന്റെ പാണ്ഡിത്യത്തെ വൈജ്ഞാനികഗർവായി കൊണ്ടുനടക്കാതെ മുഴുവൻ പേരോടും മനുഷ്യർ എന്ന നിലയിൽ സമഭാവനയോടെ പെരുമാറുക... ഒരു വൈസ് ചാൻസലറിൽനിന്ന് പ്രതീക്ഷിക്കാവുന്ന മഹിമകളത്രയും പണിക്കർ മാഷിൽ ഞങ്ങൾ കണ്ടിരുന്നു. പിൽക്കാലത്ത് പലപ്പോഴും ക്ഷുദ്രതയുടെ വിളയാട്ടങ്ങൾ വൈസ് ചാൻസലർ പദവിയെ എത്രയോ താഴേക്കു കൊണ്ടുപോന്നപ്പോഴൊക്കെ മാഷിന്റെ അതുല്യമായ നേതൃത്വമികവിനെ ഞങ്ങൾ പിന്നെയും പിന്നെയും ഓർത്തു. സമുന്നതരായ അക്കാദമികപണ്ഡിതർ മികച്ച ഭരണാധികാരികളാകില്ല എന്നതാണ് കാലങ്ങളായി നിലനിൽക്കുന്ന പൊതുവായ ധാരണ. പണിക്കർ മാഷ് അതിനപവാദമായിരുന്നു. അക്കാദമികജ്ഞാനവും ഭരണപാടവവും അസുലഭമായ ഭംഗിയോടെ, അത്രമേൽ അനായാസമായി, മാഷിൽ ഒത്തിണങ്ങിനിന്നു. അക്കാലത്ത് സർവകലാശാലയിൽ പുതിയ ക്രമീകരണത്തെക്കുറിച്ച് ധാരാളം ചർച്ചകളും വർക്ക്ഷോപ്പുകളും മറ്റും നടക്കുമായിരുന്നു. അന്തർവൈജ്ഞാനികത പോലുള്ള രീതിശാസ്ത്രസമീപനങ്ങൾ മുതൽ പരീക്ഷാ നടത്തിപ്പിനും മറ്റുമായി കോഴ്സ് കോഡുകൾ ക്രമപ്പെടുത്തേണ്ടതെങ്ങനെയെന്ന സാങ്കേതികകാര്യങ്ങൾ വരെ ആ ചർച്ചകളിൽ പണിക്കർ മാഷ് വിശദീകരിച്ചു. സൈദ്ധാന്തികവിചാരങ്ങളിലെന്നപോലെ പ്രായോഗികമായ സാങ്കേതികകാര്യങ്ങളിലും ഒരുപോലെ ശ്രദ്ധയർപ്പിച്ച്, വലിയ ഒരു നവീകരണദൗത്യത്തെ മാഷ് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. സർവകലാശാലയിലെ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരുമെല്ലാം അതിൽ മാഷിനൊപ്പം കൂടി. സർവകലാശാലയിൽ മാഷിന്റെ മറ്റൊരു വലിയ ഇടപെടൽ നടന്നത് ലൈബ്രറി നവീകരണത്തിന്റെ കാര്യത്തിലാണ്. ലൈബ്രറിയിലെ പർച്ചേസിങ്‌ രീതിയിൽ മാഷ് മാറ്റങ്ങൾ വരുത്തി. ഇന്ത്യയിലെയും ലോകത്തിലെയും പ്രമുഖരായ അക്കാദമിക പ്രസാധനശാലകളിൽനിന്ന് പുസ്തകങ്ങൾ അപ്പപ്പോൾ നേരിട്ടുവാങ്ങുന്ന സമ്പ്രദായം തുടങ്ങി. അതോടെ കാലതാമസമില്ലാതെ മികച്ച പുസ്തകങ്ങൾ അപ്പോഴപ്പോൾ സർവകലാശാലയിൽ എത്തി. റഫറൻസ് വിഭാഗം പ്രബലമായി. നൂറോളം ജേണലുകളുമായി ജേണൽവിഭാഗം അത്യന്തം മികവുറ്റതായി. ഒരുപക്ഷേ, കേരളത്തിലെ തന്നെ ഏറ്റവും മികവുറ്റ ഒന്ന്. ജേണലുകൾ വാങ്ങുന്നതിന് മാത്രമായി ലക്ഷക്കണക്കിന് രൂപ നീക്കിവച്ചു. ഏത്‌ സർവകലാശാലയുടെയും കേന്ദ്രം അതിന്റെ വൈജ്ഞാനികതയാണെന്നറിയാവുന്ന ഒരു വിസിയുടെ നിതാന്തസാന്നിധ്യം കൊണ്ട് സർവകലാശാലാ ലൈബ്രറി ദിനംപ്രതി വളരുകയായിരുന്നു. മാഷ് മിക്കപ്പോഴും ലൈബ്രറിയിലെത്തിയിരുന്നു. ജീവനക്കാരെയും വിദ്യാർഥികളെയും അദ്ദേഹം സ്നേഹപൂർവം അഭിമുഖീകരിച്ച്‌ പല പ്രതിസന്ധിസന്ദർഭങ്ങളിലും അവർക്കൊപ്പം നിന്ന് അവരെ നയിക്കുകയും ചെയ്തു. പണിക്കർ മാഷിനൊപ്പം കുറെയൊക്കെ ഇടപഴകാൻ കഴിഞ്ഞു എന്നതാണ് സംസ്കൃതസർവകലാശാലാജീവിതം എനിക്കു നൽകിയ സൗഭാഗ്യങ്ങളിലൊന്ന്. മാഷ് വൈസ്ചാൻസലറായി എത്തിയതിനു തൊട്ടുപിന്നാലെയുള്ള വർഷം സർവകലാശാലയിലെ അധ്യാപക സംഘടനയുടെ (അടടഡഠ) സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഡോ. പി പവിത്രനാണ്. തൊട്ടുപിന്നാലെയുള്ള വർഷം ഞാനും. മാഷിന്റെ അക്കാദമികനവീകരണശ്രമങ്ങളെ പിന്തുണയ്ക്കുക എന്ന താൽപ്പര്യം കൂടി അതിന്‌ പിന്നിലുണ്ടായിരുന്നു. ആ രണ്ടു വർഷങ്ങളിൽ മാത്രമല്ല, മാഷ് വിസിയുടെ കാലാവധി പൂർത്തിയാക്കി മടങ്ങുന്നതുവരെ പല നിലകളിൽ ഞങ്ങളെല്ലാവരും മാഷിനോട് അടുത്ത ബന്ധം പുലർത്തിയിരുന്നു. പുതിയ തലമുറയിലെ അധ്യാപകരോട് പിതൃതുല്യമായ സ്നേഹവാത്സല്യമാണ് മാഷ് നിലനിർത്തിയിരുന്നത്. എന്റെ ലേഖനങ്ങൾ വാരികകളിലും മറ്റും വരുമ്പോൾ മാഷ് പലപ്പോഴും ശ്രദ്ധാപൂർവം വായിച്ച് അഭിപ്രായങ്ങൾ പറയുമായിരുന്നു. കാൽനൂറ്റാണ്ട്‌ തികയുന്ന സർവകലാശാലാ ജീവിതത്തിനിടയിൽ അങ്ങനെ മറ്റൊരനുഭവം ഉണ്ടായിട്ടില്ല. മാഷ് വിസിയായിരിക്കുന്ന കാലത്ത് മൂന്നോ നാലോ തവണ അദ്ദേഹവുമായി അഭിമുഖസംഭാഷണങ്ങൾ നടത്തേണ്ടിവന്നു. ഒരുതവണ ടെലിവിഷൻ ചാനലിനുവേണ്ടിയും ബാക്കി സന്ദർഭങ്ങളിൽ അച്ചടിമാധ്യമങ്ങൾക്കുവേണ്ടിയും. ആശയങ്ങളുടെ പ്രവാഹവേദികളായിരുന്നു ഓരോ സംഭാഷണവും. സാന്ദർഭികമായ ചെറിയ ചോദ്യങ്ങളെപ്പോലും വലിയ ആലോചനകളിലേക്കുള്ള വഴികളായി മാഷ് വികസിപ്പിക്കുമായിരുന്നു. ഓരോ ഇന്റർവ്യൂവിനും മാഷ് നൽകുന്ന ഗൗരമേറിയ പരിഗണനയിൽ എനിക്ക് കുറച്ചൊരു വിസ്മയം തോന്നിയിട്ടുണ്ട്. എത്രയോ മുഖാമുഖങ്ങൾ പിന്നിട്ട ഒരാളാണെങ്കിലും അവയോരോന്നിനെയും അദ്ദേഹം വലിയ പ്രാധാന്യത്തോടെ അഭിമുഖീകരിച്ചു. അലസമായ ഒരു വാക്കും മാഷ് പറയുമായിരുന്നില്ല. ഉദാസീനമായോ ഉത്തരവാദിത്തരഹിതമായോ ഒരു സംഭാഷണത്തിലും അദ്ദേഹം പങ്കുചേർന്നിരുന്നില്ല. തന്നെ വിമർശിക്കുമ്പോൾ പലരും ഉപയോഗിച്ചിരുന്ന ശകാരപദങ്ങൾ മാഷ് അഭിമുഖങ്ങളിൽ ഒരിക്കലും ആവർത്തിച്ചിരുന്നില്ല. അവരുടെ ആശയങ്ങളോട് കഠിനമായി വിയോജിച്ചപ്പോഴും വ്യക്തിവിദ്വേഷത്തിലേക്ക് അദ്ദേഹത്തിന്റെ വാക്കുകൾ വഴുതിയില്ല. തന്റെ ഓരോ വാക്കും, താൻ പറയുന്ന ഓരോ ആശയവും കൃത്യവും സുതാര്യവുമായിരിക്കണം എന്നദ്ദേഹം എപ്പോഴും ജാഗ്രത പുലർത്തി. ബൗദ്ധിക ജാഗ്രതയെന്നത് മാഷിന് ഇടവേളകളിലെ നേരംപോക്കായിരുന്നില്ല. ഇത്തിരിവട്ടങ്ങളെ അദ്ദേഹം എപ്പോഴും അകലെ നിർത്തി; വാക്കിലും പ്രവൃത്തിയിലും. കാലടിയിൽ വിസിയായിരിക്കുന്ന സമയത്താണ് മാഷിന്റെ മലബാർ കലാപപഠനത്തിന്റെ മലയാളപരിഭാഷ പ്രസിദ്ധീകരിക്കുന്നത്. ഞങ്ങളുടെ സർവകലാശാലയിലെ തത്വശാസ്ത്ര വിഭാഗം അധ്യാപകനായ എബി കോശിയാണ് അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. മാഷിന്റെ ഗവേഷണപ്രബന്ധമാണ് ആ ഗ്രന്ഥം. കാലടിയിൽ വിസിയായിരിക്കുന്ന സമയത്താണ് മാഷിന്റെ മലബാർ കലാപപഠനത്തിന്റെ മലയാളപരിഭാഷ പ്രസിദ്ധീകരിക്കുന്നത്. ഞങ്ങളുടെ സർവകലാശാലയിലെ തത്വശാസ്ത്ര വിഭാഗം അധ്യാപകനായ എബി കോശിയാണ് അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. മാഷിന്റെ ഗവേഷണപ്രബന്ധമാണ് ആ ഗ്രന്ഥം. ലോകപ്രശസ്തമായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്‌ ആണ് ഇംഗ്ലീഷിൽ അത് പ്രസിദ്ധീകരിച്ചത്. മലയാളവിവർത്തനത്തിന്റെ കരട് ഭാഷാപരമായ  പരിശോധനയ്ക്കുവേണ്ടി വായിച്ചുനോക്കാൻ മാഷ് എന്നോടും ആവശ്യപ്പെട്ടു. അതൊരു വലിയ അംഗീകരാമായാണ് എനിക്കനുഭവപ്പെട്ടത്. പ്രമുഖ ചരിത്രകാരനായ എം ആർ രാഘവവാര്യരും ആ പരിശോധന നടത്തുന്നുണ്ടായിരുന്നു. ആ പുസ്തകം കമ്പോടുകമ്പ് വായിക്കാനും മൂലപാഠവുമായി ഒത്തുനോക്കാനും അത് അവസരം തന്നു. ചില അഭിപ്രായങ്ങളും തിരുത്തലുകളും ഞാൻ മാഷിനോട് പറയുകയും ചെയ്തു. ഒരു നിലയ്ക്ക് എനിക്കതൊരു വലിയ പരിശീലനം കൂടിയായിരുന്നു. ഒരു ഗവേഷണപ്രബന്ധത്തിന്റെ ഘടനയും സമീപനവും അടുത്തുനിന്നു നോക്കാൻ അത് വഴിതുറന്നുതന്നു. അത്തരമൊരു വായനയുടെ അഭാവത്തിൽ അതേ ശ്രദ്ധയോടെ ഞാൻ അക്കാര്യം ചെയ്യുമായിരുന്നില്ല. പുസ്തകത്തിന്റെ മലയാളവിവർത്തനം പുറത്തുവന്നപ്പോൾ മാഷ് തന്റെ കയ്യൊപ്പോടെ ഒരു കോപ്പി സ്നേഹപൂർവം എനിക്കു തന്നു. വീട്ടിലെത്തി വായിച്ചുതുടങ്ങിയപ്പോഴാണ് ആമുഖത്തിൽ മാഷ് എന്റെ പേരും പരാമർശിച്ചതായി കണ്ടത്. ചുറ്റുമുള്ളവരെയും അവരുടെ ചെറിയ ചെറിയ പ്രവൃത്തികളെയും വിലവയ്ക്കുന്നതിലാണ് മനുഷ്യമഹിമ കുടികൊള്ളുന്നതെന്ന് അതെന്നെ ബോധ്യപ്പെടുത്തി.  ദില്ലിയിൽ ആദ്യമായി ഒരു വലിയ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ ഞാൻ പോയത് മാഷിന്റെ നിർദേശം അനുസരിച്ചാണ്. 2006‐ ലോ മറ്റോ ആവണം. മാഷിന്റെ വിസി കാലാവധി കഴിഞ്ഞിരുന്നു എന്നാണോർമ. മാഷ് അന്ന് ദില്ലിയിലെ ജനസംസ്കൃതി എന്ന സംഘടനയുടെ അധ്യക്ഷനാണ്. ജനസംസ്കൃതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ കേരളീയ നവോത്ഥാനത്തെക്കുറിച്ച്  പ്രബന്ധം അവതരിപ്പിക്കണമെന്ന് മാഷ് ആവശ്യപ്പെട്ടത് എന്നെ വിസ്മയത്തിലാക്കി. പ്രകാശ് കാരാട്ടാണ് ആ സെമിനാർ ഉദ്ഘാടനം ചെയ്തത്. സി പി ചന്ദ്രശേഖർ, ജയതിഘോഷ്, കെ എൻ ഗണേശ് തുടങ്ങിയ മുതിർന്ന പണ്ഡിതർ അതിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു. അത്തരമൊരു പണ്ഡിതവൃന്ദത്തിൽ എന്നെപ്പോലൊരാളെയും ഉൾപ്പെടുത്താൻ മാഷ് മടിച്ചില്ല. അത് വലിയൊരു പരിശീലനമായിമാറി. ചുറ്റുമുള്ള ചെറിയവരെയും കാണുന്നതിനെക്കുറിച്ചും അതിലെ ആഴമേറിയ ജനാധിപത്യത്തെക്കുറിച്ചും മാഷ് ഒന്നും പറയാതെതന്നെ പലതും പഠിപ്പിച്ചു. എന്റെ പ്രബന്ധം ശ്രദ്ധാപൂർവം കേട്ടതിനുശേഷം അതിൽ വരുത്തേണ്ട തിരുത്തലുകളെക്കുറിച്ചും പുതുതായി നോക്കേണ്ട പഠനങ്ങളെക്കുറിച്ചുമെല്ലാം മാഷ് എന്നോടു പറഞ്ഞു. മുതിർന്നവരുടെയും സമപ്രായക്കാരുടെയും ക്ഷുദ്രതകൾ കാണാനും അനുഭവിക്കാനും പലവട്ടം അവസരം കിട്ടിയ ഒരാളാണ് ഞാൻ. ആ ഇരുട്ടുകളുടെ മറുപുറത്ത്, പ്രകാശനാളം പോലെ തെളിയുന്ന ചുരുക്കം പേരുകളും ഓർമകളുമാണ് കൂടെയുള്ളത്. അങ്ങനെയൊരു വലിയ പ്രകാശപ്പരപ്പാണ് പ്രൊഫസർ കെ എൻ പണിക്കർ. ഹൈന്ദവ വർഗീയവാദികളുടെ കടുത്ത ആക്രമണങ്ങൾ മാഷിനെതിരെ ഉയരുന്ന കാലമായിരുന്നു അത്. ഹിന്ദുത്വത്തിന്റെ ആശയാവലികൾക്കെതിരെ മാഷ് ഉയർത്തിയ നിശിതമായ വിമർശനങ്ങൾ അവരെ അത്യന്തം ക്ഷുഭിതരാക്കിയിരുന്നു. ബാബ്റി പള്ളി തകർക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം ഇന്ത്യയിലുയർന്നുവന്ന മതനിരപേക്ഷമായ പ്രതിരോധത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു പ്രൊഫ. കെ എൻ പണിക്കർ. ഹൈന്ദവ വർഗീയവാദികളുടെ കടുത്ത ആക്രമണങ്ങൾ മാഷിനെതിരെ ഉയരുന്ന കാലമായിരുന്നു അത്. ഹിന്ദുത്വത്തിന്റെ ആശയാവലികൾക്കെതിരെ മാഷ് ഉയർത്തിയ നിശിതമായ വിമർശനങ്ങൾ അവരെ അത്യന്തം ക്ഷുഭിതരാക്കിയിരുന്നു. ബാബ്റി പള്ളി തകർക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം ഇന്ത്യയിലുയർന്നുവന്ന മതനിരപേക്ഷമായ പ്രതിരോധത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു പ്രൊഫ. കെ എൻ പണിക്കർ. സ്വാഭാവികമായും ഹൈന്ദവവർഗീയതയുടെ കൊടിയ ശത്രുതയുടെ ഇരയായി അദ്ദേഹം മാറി. മാഷ് വൈസ് ചാൻസലർ ആയിരിക്കുന്ന കാലത്ത് അന്നത്തെ മാനവവിഭവശേഷി മന്ത്രി മുരളീമനോഹർ ജോഷി മുതൽ ആർഎസ്എസ്സിന്റെ പ്രാദേശികനേതാക്കൾ വരെ മാഷിനെതിരെ രംഗത്തുവന്നു. അധിക്ഷേപങ്ങൾ മുതൽ സർവകലാശാലാഭരണം സ്തംഭിപ്പിക്കാനുള്ള ശ്രമങ്ങൾ വരെ നിരന്തരം അരങ്ങേറി. മാഷ് വിസിയായി അധികം വൈകാതെയാണ് സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായത്. പുതിയതായി അധികാരമേറ്റ യുഡിഎഫ് മന്ത്രിസഭ നിലവിലുള്ള സിൻഡിക്കേറ്റ് പിരിച്ചുവിട്ട് തങ്ങളുടെ ഭരണസമിതിയെ നിയോഗിച്ചു. സർവകലാശാലാ ഭരണം സ്തംഭിപ്പിച്ച് മാഷിനെ നിർവീര്യമാക്കാനായിരുന്നു പിന്നീടുണ്ടായ ഒരു ശ്രമം. മറുഭാഗത്ത് നിയമക്കുരുക്കുകളിലൂടെ മാഷിനെ പുറത്താക്കാനും. അചഞ്ചലമായ ആത്മവിശ്വാസത്തോടെ മാഷ് നടത്തിയ ചെറുത്തുനിൽപ്പ്‌ അന്ന് ഞങ്ങളിൽ ആദരവും അത്ഭുതവുമുളവാക്കിയ ഒന്നാണ്. വലിയ നേതാക്കളുടെ ഹീനമായ പ്രയോഗങ്ങളോട് മാഷ് സുദൃഢമായും ശാന്തമായുമാണ് പ്രതികരിച്ചത്. അവരുടെ ഭാഷയിലെ അഴുക്ക് ആ കാലത്തിന്റെ കൂടി അടയാളമാണെന്ന് മാഷ് അവരെ ഓർമ്മിപ്പിച്ചു. അതികഠിനമായ ആത്മസംഘർഷങ്ങൾ അക്കാലത്ത് മാഷ് അനുഭവിച്ചിരിക്കണം. പക്ഷേ, അതിന്റെ അടയാളങ്ങൾ ഒന്നുമില്ലാതെ, പ്രസന്നവും ഉദാരവും ശാന്തവുമായി മാഷ് ആ കലുഷകാലത്തെ മറികടന്നു. ശത്രുക്കളോട് അവരുടെ യുക്തിയിലും നിലവാരത്തിലുമല്ല പ്രതികരിക്കേണ്ടത് എന്നത് മാഷ് പഠിപ്പിച്ച വലിയ പാഠമായിരുന്നു. അവരൊഴുക്കുന്ന അഴുക്കിലേക്ക് അദ്ദേഹം വഴുതിവീണില്ല. തന്റെ അടിസ്ഥാനബോധ്യങ്ങളുടെ സുദൃഢത മാഷിന്റെ പ്രതികരണങ്ങളെ എപ്പോഴും വേറിട്ടുനിർത്തി. 2004‐ ലെ പൊതുതെരഞ്ഞെടുപ്പിൽ ഹിന്ദുത്വശക്തികൾ പരാജയപ്പെട്ടു. വാജ്പേയി മന്ത്രിസഭ രാജിവയ്ക്കുകയും ഒന്നാം യുപിഎ ഗവൺമെന്റ് നിലവിൽ വരുകയും ചെയ്തു. പിന്നാലെ 2009‐ ലും അതാവർത്തിച്ചു. അപ്പോഴൊക്കെയും അതിനെ ഹിന്ദുത്വത്തിന്റെ അന്തിമപരാജയമായി കാണരുതെന്ന് മാഷ് പറഞ്ഞുകൊണ്ടിരുന്നു. ആധുനിക ഇന്ത്യയുടെ ദേശീയഭാവനയിൽ ആഴത്തിൽ വേരുകളുള്ളതാണ് ഹൈന്ദവ വർഗീയത എന്ന് അദ്ദേഹം നിരന്തരം പറയുമായിരുന്നു. സംസ്കാരവും ചരിത്രവുമാണ് അതിന്റെ മൂലധനം. ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുപരാജയങ്ങൾ അതിനെ ഇല്ലാതാക്കില്ലെന്ന് മാഷ് ഓർമപ്പെടുത്തി. മതനിരപേക്ഷതയുടെ സമരമുഖങ്ങളിൽ ഉദാസീനത പാടില്ലെന്ന് രാഷ്ട്രീയനേതൃത്വത്തോടും പൊതുസമൂഹത്തോടും ഉടനീളം പറഞ്ഞു. മാഷ് അന്ന് നൽകിയ താക്കീതുകളുടെയും ഓർമപ്പെടുത്തലുകളുടെയും വിലയെന്തായിരുന്നുവെന്ന് പിൽക്കാലം നന്നായി വെളിപ്പെടുത്തി. ആഴത്തിൽ വേരോടിയ മതവർഗീയതയുടെ വിഷവൃക്ഷങ്ങൾ പടർന്നുപന്തലിക്കുന്നത് നാമിന്ന് അനുദിനം കണ്ടുകൊണ്ടിരിക്കുന്നു. സാമ്പത്തിക‐ഭരണ യുക്തികളെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ച് സംസ്കാരത്തെ അവഗണിക്കുന്നതിന് വലിയ വില നൽകേണ്ടിവരുമെന്നാണ് പണിക്കർ മാഷ് അക്കാലത്ത് പറഞ്ഞുകൊണ്ടേയിരുന്നത്. ചരിത്രപരിണാമങ്ങളുടെ ഗതിഭേദങ്ങളെ ആഴത്തിൽ തിരിച്ചറിഞ്ഞ സാമൂഹ്യവിവേകത്തിന്റെ മുന്നറിയിപ്പുകളായിരുന്നു അത്. വേണ്ടപോലെ അത് മനസ്സിലാക്കപ്പെട്ടോ? സംശയമാണ്. ഒരർഥത്തിൽ, മതനിരപേക്ഷതയ്ക്കായുള്ള ധൈഷണികപ്രതിരോധത്തിന്റെ പ്രതിരൂപമാണ് പ്രൊഫ. കെ എൻ പണിക്കർ. ദില്ലിയിലെ ജനസംസ്കൃതിയുടെയും സഹ്മത്തിന്റെയും ചരിത്രഗവേഷണ കൗൺസിലിന്റെയും പ്രവർത്തനങ്ങൾ മുതൽ ഗുജറാത്ത് സന്ദർശനവും ഇന്ത്യയിലും കേരളത്തിലും നിരന്തരം സഞ്ചരിച്ചുകൊണ്ട് തുടങ്ങിയ പ്രഭാഷണങ്ങളിലും വരെ മാഷ് മതനിരപേക്ഷതയുടെ വലിയ പോരാളിയായി നിലകൊണ്ടു. തന്റെ കാലം നേരിടുന്ന ഏറ്റവും വലിയ വിപത്തിനെതിരായ പ്രതിരോധമായി സ്വന്തം വൈജ്ഞാനികജീവിതത്തെ മാറ്റി. അറിവ് ഒരു സമരരൂപമാണെന്ന് സ്വന്തം ജീവിതംകൊണ്ടും മാഷ് ഞങ്ങളോട് പറയുന്നുണ്ടായിരുന്നു. താരതമ്യേന ഭദ്രമെന്ന് ഏവരും കരുതിയ ഒരു കാലത്തും വരാനിരിക്കുന്ന വിപത്കാലത്തെ മാഷ് മുൻകൂട്ടി കണ്ടത് അങ്ങനെയാണ്. ചരിത്രബോധം നൽകിയ വലിയ തിരിച്ചറിവുകളെ ഭാവിയിലേക്ക് പ്രക്ഷേപിച്ച കാഴ്ചകളായിരുന്നു മാഷിന്റേത്. നിർഭാഗ്യവശാൽ നമ്മുടെ രാഷ്ട്രീയ‐ സാമൂഹ്യ കാര്യപരിപാടികളിൽ അത്തരം ഉൾക്കാഴ്ചകൾക്ക് വേണ്ടത്ര ഇടം കിട്ടിയില്ല. അതിന്റെ വിലകൂടിയാവണം നാമിന്ന് നൽകിക്കൊണ്ടിരിക്കുന്നത്. ചുറ്റുമുള്ളവരോട് മാഷ് പുലർത്തിയിരുന്ന കരുതലും സ്നേഹവും പകർന്നുകിട്ടിയ അനേകം പേരിൽ ഒരാളായിരുന്നു ഞാനും. പിതൃതുല്യമായ വാത്സല്യം അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ പലപ്പോഴും തിരിച്ചറിയാമായിരുന്നു. അവ ഒട്ടും പ്രകടനപരമോ വാച്യമോ ആയിരുന്നില്ല. ആഴത്തിൽ ഒഴുകുകയും പുറമേ ശാന്തമായിരിക്കുകയും ചെയ്യുന്ന നദിപോലെ കരുതലിന്റെയും സ്നേഹഭാവങ്ങളുടെയും അടിയൊഴുക്ക് അതിലുണ്ടായിരുന്നു. ഒട്ടൊരു ബംഗാളി ഛായ കലർന്ന നിലയിൽ ‘സുനീൽ’... എന്ന് മാഷ് ദീർഘമായി എന്നെ വിളിച്ചിരുന്നത് ഇപ്പോഴും കാതിലുണ്ട്. വി സി യായിരുന്ന കാലത്ത് സർവകലാശാലയ്ക്കുള്ളിലും പുറത്തും മാഷിനൊപ്പം ധാരാളം യോഗങ്ങളിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയും വ്യക്തിപരമായ ഉദാരതയുടെയും ആശയപരമായ മഹിമയുടെയും പ്രകാശം മാഷിനു ചുറ്റുമുണ്ടായിരുന്നു. അതിന്റെ വെളിച്ചം ഞങ്ങളുടെ ജീവിതത്തിനും കൈമാറിക്കിട്ടി. തിരിഞ്ഞുനോക്കുമ്പോൾ സംവാദാത്മകതയായിരുന്നു മാഷിന്റെ ഏറ്റവും വലിയ മൂല്യം എന്നു തോന്നുന്നു. ഒരു അധികാരി എന്ന നിലയിൽ മാഷ് ഒരിക്കലും ഒച്ചവയ്ക്കുകയും കയർക്കുകയും ചെയ്തില്ല. ആരെയും പരുഷമായി കടന്നാക്രമിച്ചില്ല. അടിയുറച്ച സാമൂഹ്യബോധ്യങ്ങളും സമുന്നതമായ വൈജ്ഞാനികബലവും സുദൃഢമായ ഭരണമികവും അദ്ദേഹത്തിനുണ്ടായിരുന്നു. അവയിൽ വേരാഴ്ത്തി നിന്നുകൊണ്ടുതന്നെ മാഷ് എല്ലാവരോടും സംവദിച്ചു. രാഷ്ട്രീയമായി എതിർനിലയിലുള്ളവരോട് അവരുടെ വേദിയിൽ ചെന്ന് സംവദിക്കാനും മാഷ് സന്നദ്ധനായി. തന്റെ ബോധ്യങ്ങളിലുള്ള അടിയുറപ്പാണ് അദ്ദേഹത്തെ എപ്പോഴും സംവാദസന്നദ്ധനാക്കി നിലനിർത്തിയത്. ക്ഷോഭിക്കാനും തർക്കിക്കാനും അപഹസിക്കാനും അപവദിക്കാനും മുതിരാതെ തന്റെ വീക്ഷണങ്ങൾ മാഷ് ആരോടും വിശദീകരിച്ചു. നമ്മുടെ കാലം ആവശ്യപ്പെടുന്ന വലിയൊരു മൂല്യം അത്തരം സംവാദസന്നദ്ധതയാണെന്ന് ഇപ്പോൾ എത്രയും വ്യക്തമാണ്; അക്കാലത്ത് ഞങ്ങളത് വേണ്ടപോലെ മനസ്സിലാക്കിയോ എന്നത് സംശയമാണെങ്കിലും. സർവകലാശാലയിൽ നിന്ന് മാഷ് വിടവാങ്ങുന്ന ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ കാണാൻ ചെന്നിരുന്നു. കുറച്ചുനേരം ഞാൻ ഓഫീസ് മുറിയിലെ സോഫയിലിരുന്നു. ധാരാളം പേർ അതിനിടയിൽ മാഷെ കണ്ട് ആശംസകൾ അറിയിച്ച് മടങ്ങുന്നുണ്ടായിരുന്നു. സർവകലാശാലയിലെ മിക്കവാറും പേർ അന്ന് മാഷിനെ കാണാനെത്തിയിരിക്കണം. വിദ്വേഷവും പരസ്പരവിരോധവും ഏറിനിന്ന ഒരു കാമ്പസിനെ സ്നേഹത്താൽ മാഷ് കൂട്ടിയിണക്കിയിരുന്നു.  മനുഷ്യർക്കിടയിൽ പണിത പാലം പോലെ മാഷ് സർവകലാശാലയിൽ നിലകൊണ്ടു. തന്റെ രാഷ്ട്രീയ എതിരാളികളുടെ കൂടി ആദരവേറ്റുവാങ്ങി, സൗമ്യവും ശാന്തവുമായി, അവിടെ നിന്നും അടുത്ത പടവിലേക്ക് യാത്രയായി. അത്രമേൽ ഹൃദ്യമായി, അത്രമേൽ സ്നേഹനിർഭരമായി ഒരു വൈസ് ചാൻസലറെയും സംസ്കൃത സർവകലാശാല യാത്രയാക്കിയിട്ടുമില്ല. വൈസ്ചാൻസലർ സ്ഥാനമൊഴിഞ്ഞ് മാഷ് തിരുവനന്തപുരത്തേക്ക് പോയതോടെ അദ്ദേഹവുമായുള്ള നിരന്തരസമ്പർക്കം കുറഞ്ഞു. കെസിഎച്ച്ആറിന്റെയും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൗൺസിന്റെയും ചെയർമാൻ എന്ന നിലയിൽ മാഷിന്റെ പ്രവർത്തനങ്ങൾ കൂടുതൽ തിരക്കുപിടിച്ചതായിത്തീർന്നു. തിരുവനന്തപുരത്ത്‌ പോകുമ്പോൾ ചിലപ്പോഴൊക്കെ മാഷെ ചെന്നുകണ്ടു. പിന്നെപ്പിന്നെ അത്തരം കൂടിക്കാഴ്ചകൾ കുറഞ്ഞു. ശാരീരികമായ ക്ഷീണം മാഷിനെയും ബാധിച്ചിരുന്നു. അതിന്റെ പ്രയാസങ്ങൾക്കിടയിലും മാഷ് ജാഗരൂഗമായിരിക്കുന്നത് ഇപ്പോൾ പുറമേനിന്ന് കാണുന്നു. അറിവിനെ സമരമുഖമാക്കി മാറ്റിയ, പ്രൗഢവും പ്രസന്നവും ദീപ്തവുമായ ഒരു മഹിതജീവിതത്തിന്റെ നിലയ്ക്കാത്ത അലയടികൾ അവിടെ നിന്നും ഞങ്ങളിലേക്കെത്തുന്നു. (ദേശാഭിമാനി വാരികയിൽ നിന്ന്) Read on deshabhimani.com

Related News