മറക്കുവതെങ്ങനെ ആ മേൽവിലാസം
കോഴിക്കോട് ‘എം ടി വാസുദേവൻ നായർ ‘സിതാര’ കൊട്ടാരം റോഡ് എരഞ്ഞിപ്പാലം’ തപാൽ വകുപ്പിൽ ജോലിചെയ്യുന്ന നടക്കാവിലെ പി ശ്രീയേഷിന് അത്രമേൽ ഹൃദിസ്ഥമായ മറ്റൊരു മേൽവിലാസമില്ല. കത്തുകളുമായല്ലാതെ വ്യാഴാഴ്‌ച ‘സിതാര’യുടെ പടി കടന്നപ്പോൾ ആ മുഖം നിശ്‌ചലമായിരുന്നു . ഇനി ഈ മേൽവിലാസം നിശ്ശബ്ദമാണെന്ന തിരിച്ചറിവിൽ ഇറങ്ങുമ്പോൾ ശ്രീയേഷിന്റെ ഉള്ളൊന്ന് പിടഞ്ഞു. എരഞ്ഞിപ്പാലം പോസ്‌റ്റ് ഓഫീസിന് കീഴിൽ എട്ട് വർഷക്കാലം പോസ്‌റ്റ്‌മാനായി ജോലി ചെയ്‌ത ശ്രീയേഷിന് ഈ വിലാസം പ്രിയപ്പെട്ടതായതിന് കാരണം എം ടി എന്ന പ്രതിഭയോടുള്ള ആരാധന മാത്രമല്ല. കത്തായും കവറായും പുസ്‌തകമായും ഇത്രയും സാമഗ്രികൾ തപാലിലൂടെ നൽകിയ മറ്റൊരു മേൽവിലാസമില്ല. പ്രതിദിനം ശരാശരി എട്ട് പോസ്‌റ്റൽസാമഗ്രികളെങ്കിലും ‘സിതാര’യിൽ നൽകാനുണ്ടാവും. അപൂർവം ദിവസങ്ങളിൽ മാത്രമാണ് ഇവിടെ വരാതിരുന്നത്. പകൽ 11 ഓടെയാണ് ശ്രീയേഷ് എത്തുക. അപ്പോൾ ഉമ്മറപ്പടിയിൽ എം ടി ഇരിക്കുന്നുണ്ടാവും. ‘‘ഒന്നു നോക്കും. ചെറു പുഞ്ചിരിയോടെ കത്തുകൾ വാങ്ങും. കൂടുതൽ സംസാരിക്കില്ല. എന്നാലും ദിവസവും കാണുന്ന ആളോടുള്ള സ്‌നേഹം മുഖത്ത് തെളിയും. പുസ്‌തകങ്ങൾ വായിക്കാൻ തന്നിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്ത കാലത്ത് കത്തുകൾക്കായി പുറത്തു കാത്തിരിക്കും. വൈകിയാൽ അകത്തേക്ക് പോകും. ഇത്രയും സമയം കാത്തിരുന്നു. കാണാതെ അകത്തേക്ക് പോയതാണെന്ന് വീട്ടുകാർ പറയാറുണ്ട്’’. എം ടിയുടെ പിറന്നാൾ ദിനത്തിൽ എണ്ണമറ്റ കത്തുകളാണ് എത്തുക. ‘സിതാര’യിൽ എന്നും പോകുന്നതിനാൽ വീട്ടുകാരുമായും അടുപ്പമുണ്ടായി. ഒരു വലിയ മനുഷ്യനെ എന്നും കാണാനായതും ആ സ്‌നേഹഭാവം അനുഭവിക്കാൻ കഴിഞ്ഞതും ശ്രീയേഷിന്റെ വലിയ സന്തോഷങ്ങളിലൊന്നാണ്. ഒരു വർഷം മുമ്പാണ് എരഞ്ഞിപ്പാലത്തുനിന്ന് ശ്രീയേഷിന് സ്ഥലം മാറ്റമുണ്ടായത്. ഇരിങ്ങല്ലൂരിൽ അസി. ബ്രാഞ്ച് പോസ്‌റ്റ് മാസ്‌റ്ററാണിപ്പോൾ. നിലവിൽ നൗഫിറ എന്ന പോസ്‌റ്റ് വുമണാണ് എം ടിയുടെ വീട്ടിൽ കത്തുകൾ എത്തിക്കുന്നത്. അദ്ദേഹം വിടപറഞ്ഞതിന്റെ പിറ്റേ ദിവസവും ‘സിതാര’യിലേക്ക് കത്തുകൾ എത്തിയിരുന്നു. Read on deshabhimani.com