അവസാനം ശരിയുടെ പാതയിലേക്ക്
ജനതാദൾ(യു) നേതാവ്, സോഷ്യലസിറ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരൻ, മാധ്യമ സാരഥി, എഴുത്തുകാരൻ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിൽ എം പി വീരേന്ദകുമാറിന്റെ വ്യക്തിത്വം അതുല്യമായിരുന്നു. വയനാട്ടിൽ പിറന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് പടർന്ന അദ്ദേഹം തട്ടകമാക്കിയത് കോഴിക്കോടാണ്. അരനൂറ്റാണ്ടിലധികമായി അവിടം ആസ്ഥാനമാക്കിയായിരുന്നു ബഹുമുഖ പ്രവർത്തനങ്ങൾ. മാതൃഭൂമി പത്രത്തിന്റെ ചുമതലയും നിയന്ത്രണവും കൈയേറ്റതോടെയാണ് ചരിത്രനഗരം അദ്ദേഹത്തിന്റെ കർമഭൂമിയായതും. എഴുത്തിലേക്കും സാംസ്കാരികലോകത്തേക്കുമുള്ള പ്രവേശവും അതിന്റെ തുടർച്ച. കോഴിക്കോടിന്റെ പാർലമെന്റംഗമായുള്ള പ്രവർത്തനാനുഭവും വീരേന്ദ്രകുമാറിനുണ്ട്. ‘രാമന്റെ ദു:ഖം’, ‘ഗാട്ടും കാണാച്ചരടും’ തുടങ്ങിയ ആദ്യകാല കൃതികളിലൂടെ ആശയപരമായ നിലപാടുകളുടെ പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. തുടർന്ന് നിരൂപണം, യാത്രാവിവരണം, ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളിൽ നിരവധി കൃതികൾ രചിച്ചു. എഴുത്തും പ്രഭാഷണവുമായി സാംസ്കാരിക പോരാളിയിലേക്കുള്ള വളർച്ചയാണ് പിന്നീട് കാണാനായത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി വീരൻ രംഗത്തുവന്നു. അന്നത്തെ ജയിൽവാസം, എൽഡിഎഫിലേക്കുള്ള വരവ് തുടങ്ങിയവ രാഷ്ട്രീയ ദിശാമാറ്റത്തിന്റെ പ്രഖ്യാപനമായി. ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടെങ്കിലും വിരുദ്ധനിലപാടുകൾ പലപ്പോഴും തലപൊക്കി. പ്രസംഗത്തിലും എഴുത്തിലുമെല്ലാം അതിന്റെ പ്രതിഫലനവുമുണ്ടായി. തൊണ്ണൂറുകളുടെ ആദ്യത്തിലെ ചുവടുമാറ്റം അന്നേവരെ സ്വീകരിച്ച എല്ലാ നിലപാടുകൾക്കും ഘടകവിരുദ്ധമായിരുന്നു. ഇടതുപക്ഷത്തുനിന്ന് യുഡിഎഫിലേയ്ക്കുള്ള മാറ്റം സമീപനങ്ങളുടെ കൂറുമാറ്റം കൂടിയായത് അതുവരെയുണ്ടായ സ്വീകാര്യതക്ക് ക്ഷീണമേൽപിച്ചു. ആ തിരിച്ചറിവ് വീരേന്ദ്രകുമാറിനുമുണ്ടായിരുന്നു. അവസാനകാലത്ത് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളാനുള്ള ഇച്ഛയും നിർബന്ധവും പ്രകടിപ്പിച്ചത് അതിന്റെ ഭാഗം. രാജ്യത്ത് ഹിന്ദുത്വശക്തികൾ ഫാസിസ്റ്റ് രൂപംകൈവരിക്കുന്നത് ഫലപ്രദമായി പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനാണ് കഴിയുകയെന്ന് പരസ്യമായി പറയാൻ തയ്യാറാവുന്നതുവരെ ആ മാറ്റമെത്തി. മോഡി ഭരണത്തിനുകീഴിൽ രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം അപായകരമായി മാറുന്നതും കോൺഗ്രസിന്റെ മൃദുഹിന്ദുത്വസമീപനവും മതനിരപേക്ഷ വാദിയായ വീരേന്ദ്രകുമാറിന് അംഗീകരിക്കാനാവുമായിരുന്നില്ല. ഒരു മുന്നണിയെന്ന നിലയിൽ പതിറ്റാണ്ടുകൾ എൽഡിഎഫിനൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന് യുഡിഎഫിന്റെ സമീപനങ്ങളും ൈശലിയും ഉൾക്കൊള്ളാനും പ്രയാസമുണ്ടായി. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ കനത്ത തോൽവി പ്രതീക്ഷിക്കാത്തതായിരുന്നു. വിശ്വസിക്കാൻ കൊള്ളാത്തവരെന്ന് കോൺഗ്രസിനെക്കുറിച്ചുള്ള ബോധ്യം ഉറപ്പിക്കുന്നതായി ആ പരാജയവും തുടർന്നുള്ള അനുഭവങ്ങളും. ഉമ്മൻചാണ്ടി സർക്കാർ അഴിമതിയിൽ ഉലഞ്ഞപ്പോൾ അതിനെ ന്യായീകരിക്കാൻ ഘടകകക്ഷി നേതാവെന്ന നിലയിൽ നിർബന്ധിതനായത് വീരേന്ദ്രകുമാറിനെ അസ്വസ്ഥനാക്കിയെന്ന് അടുത്ത സഹപ്രവർത്തകർക്ക് അറിയാമായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് മുന്നണി മാറ്റമെന്ന തീവ്രമായ അഭിലാഷത്തിലേക്ക് അദ്ദേഹം നീങ്ങിയത്. അങ്ങനെ എൽഡിഎഫിലെത്തി. Read on deshabhimani.com