കണ്ടുനിൽക്കാനാവുന്നില്ല, കരൾപിളരും കാഴ്‌ചകൾ



മേപ്പാടി വെള്ളപുതച്ച്‌ കിടക്കുന്ന എണ്ണിത്തീരാത്തത്രയും മൃതദേഹങ്ങൾ. ജീവനറ്റുകിടക്കുന്നത്‌ തങ്ങളുടെ പ്രിയപ്പെട്ടവർ ആവരുതെന്ന്‌ ആശിച്ചെത്തുന്ന ആയിരങ്ങൾ. ചലനമറ്റുകിടക്കുന്നവരെ ചേർത്തുപിടിച്ച്‌ തളർന്നുവീഴുന്നവർ. ചൂരൽമലയും മുണ്ടക്കൈയും ദുരിതഭൂമി ആയതിനൊപ്പം മേപ്പാടി കുടുംബാരോഗ്യകേന്ദ്രം സങ്കടക്കടൽ ആവുകയാണ്‌. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചവരെ മേപ്പാടിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലെ താൽക്കാലിക മോർച്ചറിയിലേക്കാണ്‌ എത്തിച്ചത്‌. ഉറ്റവർ എത്തി ബന്ധുക്കളെയും സുഹൃത്തുകളെയും തിരിച്ചറിയുന്ന ഉള്ളുലയ്‌ക്കുന്ന കാഴ്‌ചയായിരുന്നു എങ്ങും. രാവിലെ മുതൽ ആശുപത്രി പരിസരം നിറഞ്ഞതോടെ ആരോഗ്യപ്രവർത്തകരും പൊലീസും സന്നദ്ധപ്രവർത്തകരും ഒറ്റക്കെട്ടായി താൽക്കാലിക മോർച്ചറി പരിസരത്ത്‌ വേണ്ടതെല്ലാം ചെയ്‌തു. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ  പോസ്റ്റ്‌മോർട്ടം ചെയ്‌തശേഷം വൈകിട്ടോടെ സമീപത്തെ കമ്യൂണിറ്റി ഹാളിലേക്ക്‌ മാറ്റി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ്‌, വൈത്തിരി, ബത്തേരി താലൂക്ക്‌ ആശുപത്രികൾ എന്നിവിടങ്ങളിലെത്തിച്ച മൃതദേഹങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തിലാണ്‌ പോസ്റ്റ്‌മോർട്ടം ചെയ്‌തത്‌. മൃതദേഹങ്ങൾക്കുപുറമെ മൂന്നുപേരുടെ കാലുകളും അറ്റുപോയ ഒരു കൈയും കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്‌. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക്‌ വിട്ടുനൽകി. Read on deshabhimani.com

Related News