വികസനക്കുതിപ്പേകി എൽഡിഎഫ്‌ സർക്കാർ അഞ്ചാം വർഷത്തിലേക്ക്‌



കൊച്ചി എൽഡിഎഫ്‌ സർക്കാർ അഞ്ചാംവർഷത്തിലേക്ക്‌ കടക്കുമ്പോൾ ജില്ലയുടെ വികസന, ക്ഷേമരംഗത്ത്‌ പൂർത്തിയാകുന്നത്‌ വൻകുതിപ്പ്‌ പകർന്ന  പദ്ധതികൾ. കൊച്ചി മെട്രോയുടെ രണ്ട്‌ സുപ്രധാന കുതിപ്പുകൾക്ക്‌ വേഗംപകർന്ന സർക്കാർ ആദ്യഘട്ടത്തിന്റെ പൂർത്തീകരണവും അതിവേഗത്തിലാണ്‌ പൂർത്തിയാക്കുന്നത്‌. ആലുവമുതൽ പേട്ടവരെയുള്ള ഒന്നാംഘട്ടത്തിന്റെ നിർമാണം പൂർത്തിയായി കഴിഞ്ഞെങ്കിലും കോവിഡ്‌ ഭീഷണിയിൽ കമീഷനിങ്ങിന്‌ കഴിഞ്ഞിട്ടില്ല. കോവിഡ്‌ ഭീതി ഒഴിയുന്ന മുറയ്‌ക്ക് പേട്ടയിലേക്കുള്ള സർവീസ്‌ തുടങ്ങാനാകുമെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്‌. വാട്ടർ മെട്രോയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആകെയുള്ള 32 ജെട്ടികളിൽ എട്ടെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവ പുരോഗമിക്കുന്നു. കൊച്ചി ക്യാൻസർ സെന്ററിന്റെ നിർമാണം, എറണാകുളം മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാസൗകര്യങ്ങളും മെച്ചപ്പെടുത്തൽ, ജനറൽ ആശുപത്രിയിലെ വികസനപ്രവർത്തനങ്ങൾ എന്നിവയും അതിവേഗത്തിൽ ലക്ഷ്യം കാണുന്നു. ഗെയിൽ പൈപ്പുലൈൻ പദ്ധതി പൂർത്തീകരണത്തിൽ എത്തിക്കാനായതും ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന പരിധികളിൽ സിറ്റിഗ്യാസ്‌ പദ്ധതിക്ക്‌ തുടക്കമിടാനായതും ജില്ലയ്‌ക്ക്‌ വലിയ കുതിപ്പായി. മുടങ്ങിക്കിടന്ന പുതുവൈപ്പ്‌ എൽഎൻജി ഇറക്കുമതി ടെർമിനലിന്റെ നിർമാണം പുനരാരംഭിച്ചതും നേട്ടമായി. കൊച്ചി മെട്രോ പദ്ധതി ഇൻഫോപാർക്കിലേക്കും തൃപ്പൂണിത്തുറയിലേക്കും നീട്ടാനായതും സ്ഥലമെടുപ്പ്‌ പൂർത്തിയാക്കി നിർമാണജോലികൾ തുടങ്ങാനായതും ജില്ലയുടെ പൊതുഗതാഗതരംഗത്ത്‌ വലിയ നേട്ടമാണ്‌. പൂത്തോട്ട റോഡിന്റെ വീതികൂട്ടൽ, സീപോർട്ട്‌–-എയർപോർട്ട്‌ റോഡിന്റെ പൂർത്തീകരണം എന്നിവയും കഴിഞ്ഞ നാലുവർഷത്തെ എൽഡിഎഫ്‌ സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ തിളക്കമുള്ള പദ്ധതികളാണ്‌.   കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്‌ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്‌ത്രൂവിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഈ മാസം പൂർത്തിയാകുകയാണ്‌. വാണിജ്യനഗരമായ കൊച്ചി നഗരം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾക്കൊന്നിനാണ്‌ ഇതോടെ പരിഹാരമാകുക. കഴിഞ്ഞ ഒക്‌ടോബറിൽ പെയ്‌ത മഴയിൽ നഗരം വെള്ളക്കെട്ടിലായതിനെ തുടർന്നാണ്‌ സർക്കാർ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതി നടപ്പാക്കാൻ നിർദേശിച്ചത്‌. നഗരത്തെ മുക്കിയ വെള്ളക്കെട്ടിന്‌ പരിഹാരം കാണുന്നതിൽ  കൊച്ചി കോർപറേഷൻ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ഈ ഇടപെടൽ.   വെള്ളക്കെട്ടിന് കാരണമാകുന്ന കാനകളിലെയും ചെറുതോടുകളിലെയും തടസ്സങ്ങൾ മാറ്റി പ്രധാനതോടുകളിലേക്ക് മഴവെള്ളം എത്തിക്കുന്നതിനുള്ള വിവിധ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്. ബ്രേക്‌ത്രൂ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നേറുന്നതായി മുഖ്യമന്ത്രി  വിലയിരുത്തിയിരുന്നു. ഒന്നാംഘട്ട പ്രവർത്തനങ്ങളിൽ ഇനി പ്രധാനമായും പൂർത്തിയാകാനുള്ളത് കമ്മട്ടിപ്പാടം, മാത്യു പൈലി റോഡ് എന്നിവിടങ്ങളിലെ കാനകളുടെയും കൽവർട്ടുകളുടെയും നിർമാണമാണ്. ലോക്ക്ഡൗൺമൂലം പ്രവൃത്തിദിനങ്ങൾ നഷ്ടമായതും റെയിൽവേ ലൈൻ കടന്ന് നിർമാണസാമഗ്രികൾ എത്തിക്കുന്നതിനുള്ള തടസ്സങ്ങളും തുടർച്ചയായുള്ള മഴയുമാണ് ഇവിടെ നിർമാണപ്രവൃത്തികൾ വൈകിക്കുന്നത്. പ്രതിബന്ധങ്ങളെ തരണംചെയ്ത് ഈ മാസത്തിനുള്ളിൽ ഒന്നും രണ്ടും ഘട്ടങ്ങളിലെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് നിർമാണച്ചുമതലയുള്ള വിവിധ വകുപ്പുകൾ. ഈ മാസത്തിനകം രണ്ടാംഘട്ട പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് ജില്ലാ ഭരണനേതൃത്വം ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രധാനതോടുകൾ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ ബ്രേക്‌ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ.   നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസ്സമില്ലാതെ ഒഴുകുന്നതിനാണ് ഈ ഘട്ടത്തിൽ ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമായി തേവര കായൽമുഖം, കോയിത്തറ കനാൽ, ചിലവന്നൂർ കായൽ, ചിലവന്നൂർ ബണ്ട് റോഡ്, കാരണക്കോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങൾ നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇടപ്പള്ളി തോട്ടിൽ പോള നീക്കുന്ന പ്രവർത്തനങ്ങളും ആവശ്യമായ ഇടങ്ങളിൽ തോടിന്റെ ആഴം കൂട്ടുന്ന പ്രവർത്തനങ്ങളുമാണ് നടക്കുന്നത്. 50 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. ചിലവന്നൂർ കായലിൽ എക്കൽ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. Read on deshabhimani.com

Related News