ഇതാ അവരുടെ പുതിയ ആകാശം
കേരളത്തിന് പുറത്തുള്ളവരെ ഇത് അത്ഭുതപ്പെടുത്തിയേക്കാം. ദളിത് വിഭാഗത്തിൽപ്പെട്ട കൂലിപ്പണിക്കാരന്റെയും തൊഴിലുറപ്പ് തൊഴിലാളിയുടെയും മകൻ വിമാനം പറത്തുക. അതേ വിഭാഗത്തിൽപ്പെട്ട മറ്റൊരാൾ വീടിന്റെ ആധാരം പണയപ്പെടുത്തി പൈലറ്റ് ആകാനുള്ള സ്വപ്നത്തിലേക്ക് നടന്നടുക്കുക. പഠനം തുടങ്ങുമ്പോഴേക്കും അച്ഛനെ നഷ്ടപ്പെട്ട പെൺകുട്ടി തന്റെ പൈലറ്റ് മോഹത്തെ നിശ്ചയദാർഢ്യത്തോടെ പിന്തുടരുക. നിങ്ങൾ സ്വപ്‌നം കണ്ടോളൂ ഞങ്ങൾ കൂടെയുണ്ട് എന്ന് ഒരു സർക്കാർ ഉറപ്പുനൽകുമ്പോൾ പിന്നെ ഏതു ശക്തിക്കാണ് ഇവരെ പിന്തിരിപ്പിക്കാനാകുക! പൈലറ്റാകാൻ കൊതിച്ച തങ്ങളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുത്ത സംസ്ഥാന സർക്കാരിനെക്കുറിച്ച് വാചാലരാകുകയാണ് ഈ വിദ്യാർഥികൾ. പുതുവർഷത്തിൽ പ്രതീക്ഷയുടെ വിശാലമായ ആകാശത്തിലേക്കാണ് അവർ കണ്ണയക്കുന്നത് നിങ്ങൾക്ക് വലുതാകുമ്പോൾ ആരാകണം’’..? ‘‘എനിക്ക് പൈലറ്റാകണം, ആകാശംമുട്ടെ പറക്കണം, ഈ ലോകം മുഴുവൻ കാണണം...’’ കണ്ണെത്താ ഉയരത്തിൽ പറന്നുപോകുന്ന വിമാനങ്ങൾ കണ്ട് കൊതിച്ച കുട്ടിക്കാലത്ത് നമ്മളെല്ലാം ആഗ്രഹിച്ചിരുന്നത് ‘വിമാനം പറത്തുന്ന ആൾ’ ആകണം എന്നായിരിക്കാം. കുഞ്ഞുമനസ്സുകളെ അത്രമാത്രം കൊതിപ്പിക്കുന്ന ഒന്നാണ് ആകാശം. പക്ഷേ, നമ്മൾ വളർന്ന്, പഠനത്തിരക്കിലേക്കമരുമ്പോൾ ഡോക്ടർ, എൻജിനിയർ അല്ലെങ്കിൽ എന്തെങ്കിലുമൊരു സർക്കാർ ജോലി എന്ന നിലയിലേക്ക് നമ്മുടെ മനസ്സിന്റെ ആകാശവും ചുരുങ്ങാറുണ്ട്. ‘നിലത്തുനിൽക്കാൻ സമയമില്ല’ എന്ന പല്ലവിയായിരിക്കും അപ്പോഴേക്കും നമ്മുടെ സഹചാരി. എന്നാൽ, കുട്ടിക്കാലത്ത് കൊതിച്ച ആകാശം കൈയെത്തിപ്പിടിച്ച ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ കേൾക്കാം. ആകാശത്തിലൂടെ വിമാനങ്ങൾ പറന്നുപോകുന്നതുനോക്കി സ്വപ്‌നം കണ്ടവരാണ് സങ്കീർത്തനയും, ശരണ്യയും ആദിത്യനും വിഷ്‌ണുപ്രസാദും രാഹുലും. ‘പറക്കണം’ അതായിരുന്നു അഞ്ചുപേരുടെയും കുട്ടിക്കാലംമുതൽക്കുള്ള സ്വപ്‌നം. വലുതാകുന്തോറും ചെറുതായിവരുന്നതാണല്ലോ ആഗ്രഹങ്ങൾ. അതുപോലെ തങ്ങളുടെ മോഹവും മനസ്സിന്റെ കോണിലൊതുക്കി ജീവിത പ്രാരബ്‌ധങ്ങൾക്കൊപ്പം യാത്ര തുടരാം എന്ന് കരുതിയാണ് അവരും കൗമാരത്തിലേക്ക് കടന്നത്. എങ്കിലും ആകാശം കാണുമ്പോഴൊക്കെ, തലയ്‌ക്കുമുകളിലൂടെ വിമാനം പറക്കുമ്പോഴൊക്കെ ‘എനിക്കും ചിറകുണ്ടായിരുന്നെങ്കിൽ’ എന്നവർ കൊതിച്ചുകൊണ്ടേയിരുന്നു. ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന അച്ഛനമ്മമാർക്ക് തങ്ങളുടെ ആഗ്രഹങ്ങൾക്ക് ചിറകുനൽകാൻ കഴിയില്ല എന്നവർക്കറിയാമായിരുന്നു. അതിനിടയിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പൈലറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ച വിവരം അഞ്ചുപേരും അറിഞ്ഞു. കോഴ്‌സിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അക്കാദമിയിൽനിന്ന് മുമ്പ് പഠിച്ചിറങ്ങിയവരെയും പൈലറ്റായി ജോലിചെയ്യുന്നവരെയുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെയൊക്കെ ബന്ധപ്പെട്ട് കോഴ്‌സിനെക്കുറിച്ച് മനസ്സിലാക്കി. പരീക്ഷയെഴുതാൻതന്നെ തീരുമാനിച്ചു. ഒരു ബാച്ചിൽ 25‐30 പേർക്കുമാത്രമാണ് അഡ്‌മിഷൻ. ഉള്ളിലെ ആഗ്രഹങ്ങളുടെ കരുത്തുകൊണ്ടാകാം അഞ്ചുപേരും പരീക്ഷ വിജയിച്ചു. അഭിമുഖവും പാസായി. എല്ലാം ‘പിള്ളേരുകളി’ എന്നു കരുതിയ മുതിർന്നവർക്ക് ഇനിമുതൽ അത് അങ്ങനെയല്ല എന്ന് മനസ്സിലായിക്കഴിഞ്ഞിരുന്നു. മക്കൾ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. അവർക്ക് കരുത്ത് പകരണം. പക്ഷേ, എങ്ങനെ എന്ന ചിന്ത രക്ഷിതാക്കളെ അലട്ടി. എല്ലാവരും ഇടത്തരം കുടുംബക്കാർ. ചിലരുടെ രക്ഷിതാക്കൾക്ക് സർക്കാർ ജോലിയുണ്ട്. എങ്കിലും കോഴ്‌സ് ഫീസ് അവരുടെ സങ്കൽപ്പങ്ങൾക്കും അപ്പുറത്തായിരുന്നു. 26.50 ലക്ഷം രൂപവരെയാകും. താമസവും ഭക്ഷണവും ഉൾപ്പെടെ പഠനം പൂർത്തിയാകുമ്പോൾ ചെലവ് 30 ലക്ഷം കഴിയും. ‘ഡോക്ടറും, എൻജിനിയറുമൊക്കെയാകാൻ ഇത്രയും തുക മുടക്കി പഠിക്കേണ്ടതില്ലല്ലോ’–-എന്നു പറഞ്ഞ് പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ‘പൈലറ്റ് ആകണം എന്നൊക്കെ കുട്ടിക്കാലത്തുപറയാം. അതൊക്കെ നടപ്പുള്ള കാര്യമാണോ’എന്ന് കേട്ടവർ, കേട്ടവർ ചോദിച്ചു. പക്ഷേ, സങ്കീർത്തനയും ശരണ്യയും ആദിത്യനും വിഷ്‌ണുപ്രസാദും രാഹുലും തളർന്നില്ല. മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ രക്ഷിതാക്കളും ഒപ്പംനിന്നു. വരുന്നിടത്തുവച്ചുകാണാം എന്നുറപ്പിച്ച്, കിട്ടിയതെല്ലാം സ്വരൂപിച്ച് രക്ഷിതാക്കൾ മക്കളെയുംകൂട്ടി തലസ്ഥാനത്തേക്ക് വണ്ടികയറി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പടികയറുമ്പോൾ തങ്ങളുടെ നെഞ്ച് പിടയ്‌ക്കുന്നത് മക്കൾ കേൾക്കാതിരിക്കാൻ രക്ഷിതാക്കൾ പണിപ്പെട്ടു. കോഴ്‌സ് ഫീസ് ആദ്യഘട്ടത്തിൽ ഏഴുലക്ഷം രൂപ അടയ്‌ക്കണം. അത്രയും വലിയ തുകയെക്കുറിച്ച് ചിന്തിക്കാനുള്ള സാഹചര്യംപോലും പലരുടെയും കുടുംബത്തിലുണ്ടായിരുന്നില്ല. രണ്ടാംഘട്ടത്തിൽ നാലുലക്ഷവും അടയ്‌ക്കണം. കിടപ്പാടം വിറ്റുകിട്ടിയതും ബന്ധുക്കൾ നൽകിയതും കടംവാങ്ങിയതും പലിശയ്‌ക്കെടുത്തതുമൊക്കെ ചേർത്ത് ആദ്യഗഡു അടയ്‌ക്കാനുള്ളതുമാത്രമേ പലരുടെയും കൈയിലുണ്ടായിരുന്നുള്ളു. അക്കാദമിയിൽ ഹോസ്‌റ്റൽ ഇല്ല, ഭക്ഷണമില്ല. താമസത്തിനും ഭക്ഷണത്തിനുമുള്ള തുകകൂടി കണ്ടെത്തണമായിരുന്നു. അതൊന്നും പുറത്തുപ്രകടിപ്പിക്കാതെ മക്കൾക്ക് അഡ്‌മിഷനും താമസവുമെല്ലാം റെഡിയാക്കി നൽകി രക്ഷിതാക്കൾ മടങ്ങി. സങ്കീർത്തന ദിനേശ് കണ്ണൂർ തളിപ്പറമ്പ് ശിവകീർത്തനത്തിൽ എം കെ ദിനേശന്റെയും മുൻ കായികാധ്യാപിക കെ ജി രാജമ്മയുടെയും മകൾ. വയനാട് കൃഷ്‌ണഗിരി ശ്രുതിഭവനിൽ മുൻ സർക്കാർ ജീവനക്കാരായ കെ ആർ ബാലന്റെയും യശോദയുടെയും മകളാണ് എസ് ബി ശരണ്യ. ആലപ്പുഴ ചേപ്പാട് ചന്ദ്രോദയത്തിൽ അജിത് കുമാറിന്റെയും (ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്) രതികുമാരിയുടെയും മകനാണ് ആദിത്യൻ. കോഴിക്കോട് കോട്ടൂളി ചെറോട്ടുതാഴത്ത് മുൻ എസ്‌ഐ കെ പി പുരുഷോത്തമന്റെയും എം കെ രാധയുടെയും മകനാണ് കെ പി വിഷ്‌ണുപ്രസാദ്. തിരുവനന്തപുരം കണിയാപുരത്ത് മണക്കാട്ടുവിളാകത്തിൽ രവീന്ദ്രന്റെയും സുനിതയുടെയും മകനാണ് ആർ രാഹുൽ. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. എല്ലാവരും പട്ടിക വിഭാഗത്തിലുള്ളവർ. ഏവിയേഷൻ അക്കാദമിയിലെ കോഴ്‌സിന് ഒരു പ്രത്യേകതയുണ്ട്. പട്ടിക വിഭാഗത്തിലെ അർഹതപ്പെട്ട ഒരു വിദ്യാർഥിയുടെ മുഴുവൻ ഫീസും സംസ്ഥാന സർക്കാർ വഹിക്കും. സങ്കീർത്തനയും ശരണ്യയും ആദിത്യനും വിഷ്‌ണുപ്രസാദും ഒരുമിച്ച് പഠിക്കുന്നവർ. നാലുപേരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ. പരീക്ഷയിൽ ഒന്നാംറാങ്കുകാരിയായിരുന്നു സങ്കീർത്തന. സർക്കാർ ഫീസ് ലഭിച്ചില്ലെങ്കിൽ എന്തുചെയ്യും എന്ന സംശയം സങ്കീർത്തനയെ അലട്ടി. തുടർന്ന് സങ്കീർത്തന പട്ടികജാതി ക്ഷേമ സമിതി (പികെഎസ്) സംസ്ഥാന കമ്മിറ്റിയെ സമീപിച്ചു. സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് എംപിയോട് വിഷമതകൾ പറഞ്ഞു. സോമപ്രസാദ് എംപി അവരെ ഒരു നിവേദനവുമായി പട്ടികജാതി/പട്ടികവർഗ/ പിന്നാക്കവികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്റെ അടുത്തേക്കയച്ചു. സ്വപ്‌നങ്ങൾ കീഴടക്കാനുള്ള ഒരു വഴിത്തിരിവിലേക്കാണ് തങ്ങൾ പോകുന്നത് എന്നവർ ചിന്തിച്ചിരുന്നില്ല. മന്ത്രി കെ രാധാകൃഷ്‌ണനുമായി സംസാരിച്ചു. മന്ത്രി അവരുടെ ആഗ്രഹങ്ങളും അത് പൂർത്തിയാക്കാനുള്ള കടമ്പകളും സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാം സമയമെടുത്ത് കേട്ടു. ഒരാൾക്കുമാത്രം ഫീസ് നൽകുമ്പോൾ, അതേ കോഴ്‌സിന് പഠിക്കുന്ന ദളിത് വിഭാഗക്കാരായ മറ്റ് വിദ്യാർഥികൾ എന്തുചെയ്യും എന്നവർ ചോദിച്ചു. ആ ചോദ്യം കെ രാധാകൃഷ്‌ണൻ എന്ന മനുഷ്യസ്‌നേഹിയായ പൊതുപ്രവർത്തകന്റെ മനസ്സിൽത്തട്ടി. എല്ലാം കേട്ടുകഴിഞ്ഞ് മന്ത്രി അവരോട് ഒരു തീരുമാനം അറിയിച്ചു. ‘‘നിങ്ങൾ നാലുപേരുടെയും ഫീസ് സർക്കാർ വഹിക്കും. മാത്രമല്ല, ഇനിമുതൽ ഈ കോഴ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ പട്ടികവിഭാഗക്കാരായ വിദ്യാർഥികളുടെയും ഫീസ് സർക്കാർ വഹിക്കുന്നതായിരിക്കും.’’ മന്ത്രിയുടെ വാക്കുകൾ ആ വിദ്യാർഥികൾക്ക് പകർന്നുനൽകിയത് ഒരു രക്ഷാകർത്താവിന്റെ പിന്തുണയായിരുന്നു. മന്ത്രിയുടെ ഓഫീസിൽനിന്നിറങ്ങിയശേഷം അവർ ഒരു ശുഭവാർത്തകൂടെ അറിഞ്ഞു. പൈലറ്റ് ആകാൻ പഠിക്കുന്ന പട്ടികവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ മുഴുവൻ ഫീസും ഏറ്റെടുക്കുന്നതിന് ‘WINGS’ എന്ന പദ്ധതിക്ക് സർക്കാർ തുടക്കമിട്ടിരിക്കുന്നു. ആ പദ്ധതിയുടെ ആദ്യഗുണഭോക്താക്കൾ തങ്ങളാണ് എന്നറിഞ്ഞ് സങ്കീർത്തനയും ശരണ്യയും ആദിത്യനും വിഷ്‌ണുപ്രസാദും കോരിത്തരിച്ചു. തങ്ങൾക്ക് പറക്കാൻ ഒരു പുതിയ ആകാശമാണ് എൽഡിഎഫ് സർക്കാരും മന്ത്രി കെ രാധാകൃഷ്‌ണനും ഒരുക്കിത്തന്നതെന്ന് അവർ ലോകത്തോട് അഭിമാനത്തോടെ വിളിച്ചുപറയുകയാണിപ്പോൾ. കോഴിക്കോട്ടുകാരനായ വിഷ്‌ണുപ്രസാദ് ആകെയുണ്ടായിരുന്ന വീടിന്റെ ആധാരം പണയപ്പെടുത്തിയ തുകയുംകൊണ്ടാണ് പഠിക്കാനെത്തിയത്. കോഴ്‌സിന് ചേരാൻ തീരുമാനിച്ച സമയത്താണ് സങ്കീർത്തനയുടെ അച്ഛൻ മരിക്കുന്നത്. അതോടെ എല്ലാ മോഹവും ഉപേക്ഷിച്ചതാണ്. ഒടുവിൽ രണ്ടുംകൽപ്പിച്ച് ഇറങ്ങിത്തിരിച്ചപ്പോൾ സർക്കാർ സഹായിച്ചതിലെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. തിരുവനന്തപുരം സ്വദേശി രാഹുൽ 2013 ബാച്ചുകാരനാണ്. ആ ബാച്ചിൽ രാഹുലിന് മാത്രമാണ് സർക്കാർ ഫീസ് ലഭിച്ചത്. അച്ഛൻ കൂലിപ്പണിക്കാരനാണ്. അമ്മ തൊഴിലുറപ്പ് തൊഴിലാളിയും. കോഴ്‌സിന് ചേരുന്ന എല്ലാ പിന്നാക്കവിഭാഗക്കാരുടെയും ഫീസ് ഏറ്റെടുത്തതിന് മന്ത്രിയോട് നന്ദിപറയാൻ രാഹുലും മറ്റുള്ളവർക്കൊപ്പം പോയിരുന്നു. ആദിത്യന് പ്രതിരോധസേനയുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. ബാക്കി നാലുപേർക്കും വാണിജ്യവിമാനങ്ങളുടെ പൈലറ്റുമാർ ആകണമെന്നും. ‘അവർ ലക്ഷ്യത്തിലേക്ക് പറന്നുയരട്ടെ’‐ മന്ത്രി കെ രാധാകൃഷ്‌ണൻ പട്ടികവിഭാഗത്തിൽപ്പെട്ട അഞ്ചു കുട്ടികൾ നമ്മുടെ സർക്കാരിന്റെ സഹായത്തോടെ ചിറക് വിരിക്കുകയാണ്. ഒരുകാലത്ത് വിദ്യാഭ്യാസമെന്ന വാക്കുപോലും ഉച്ചരിക്കാൻ അനുവാദമില്ലാതിരുന്ന ഒരു വിഭാഗത്തിന്റെ പുതുതലമുറയാണ് ഈ ലക്ഷ്യത്തിലേക്ക് പറക്കുന്നത്. വരുംവർഷങ്ങളിലും തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തിൽപ്പെടുന്ന എല്ലാ വിദ്യാർഥികൾക്കും പഠനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.‘ വിങ്സ്'എന്നു പേരിട്ട് ഒരു പദ്ധതി തന്നെ ആവിഷ്കരിച്ചു. കൂടുതൽ ചിറകുകൾ വാനിൽ പറക്കട്ടെ, കൂടുതൽ പുഞ്ചിരി ചുണ്ടുകളിൽ വിരിയട്ടെ. Read on deshabhimani.com