സാമൂഹ്യാനുഭവങ്ങളുടെ മാനിഫെസ്റ്റോ



തന്റെ പേരിലെ ശാന്തതയല്ല അശാന്തമായ സാമൂഹ്യാനുഭവങ്ങളാണ്‌  എ ശാന്തകുമാറെന്ന നാടകപ്രവർത്തകന്റെ മാനിഫെസ്റ്റോ. തിളച്ചുമറിയുന്ന ചുറ്റുപാടുകളിലേക്ക്‌ പോയിട്ട്‌ തന്നിലേക്ക്‌ പോലും നോക്കാതെ സ്വയം ചുരുങ്ങുന്ന വാമനജീവിതങ്ങളോടുള്ള കലഹവും ക്രോധവും ശാന്തനെ നിരന്തരം അശാന്തനാക്കുന്നുണ്ട്‌ ‘ഒരു  ഉറക്കമുണർന്നപ്പോഴേക്കും എന്റെ രാജ്യം മാറിപ്പോയിരിക്കുന്നു പച്ചമാംസം പച്ചക്കറിയാക്കുന്ന ജാലവിദ്യക്കാർ എന്റെ രാജ്യം കീഴടക്കിയിരിക്കുന്നു’ പൊള്ളിക്കുന്ന ഈ കവിതാശകലത്തിലൂടെയാണ്‌ എ ശാന്തകുമാറിന്റെ ആറാംദിവസം എന്ന നാടകത്തിന്റെ  തുടക്കം. ഇന്ത്യൻ വർത്തമാനാവസ്ഥയുടെ ഭീതിദമായ മുഖം ഉള്ളുലയ്‌ക്കുംവിധം തീവ്രമായി വരച്ചുകാട്ടുകയാണ്‌ ശാന്തകുമാർ ആറാംദിവസത്തിൽ. ശാന്തകുമാറിന്റെ കൂവാഗം എന്ന നാടകസമാഹാരത്തിലെ ഈ ആദ്യനാടകം കണ്ടപ്പോഴനുഭവിച്ച അതേ സംഘർഷം ആസ്വാദകരിലേക്ക്‌ പകരുന്നതാണിതിന്റെ  വായനയും. സമകാലീന ഇന്ത്യയിൽ ഭക്ഷണത്തിന്റെ, വേഷത്തിന്റെ എല്ലാം രൂപത്തിൽ  ഹൈന്ദവ വർഗീയ ഭീകരത അഴിഞ്ഞാടുമ്പോൾ അതിനോടുള്ള തീവ്രമായ പ്രതികരണമാണ്‌ ആറാംദിവസം.  അക്രമാസക്തമാകുന്ന ഹൈന്ദവവർഗീയത സാധാരണമായ ജീവിതങ്ങളെ എത്രമാത്രം വിറങ്ങലിപ്പിക്കുന്നു എന്നത്‌ അനുഭവിപ്പിക്കുന്നരംഗഭാഷ്യം.   ഗൂർണിക്ക  എന്ന പിക്കാസോ പെയിന്റിങ്ങിനെ അനുസ്‌മരിപ്പിക്കുന്ന മാംസക്കടയുടെ പശ്‌ചാത്തലത്തിലാണ്‌ നാടകാവതരണം. സജ്ജാദ്‌ എന്ന ചെറുപ്പക്കാരൻ പേരിന്റെ  പേരിൽ ഭീകരമായി കൊലചെയ്യപ്പെടുന്നു.   ഉത്തരേന്ത്യയിൽ അരങ്ങേറുന്ന അതേ കൊലകൾ കോഴിയെ അറുക്കുന്ന ലാഘവത്തിൽ ചെയ്യാൻ  നമ്മുടെ യുവത്വത്തെ മാറ്റിത്തീർക്കുംവിധം നമ്മുടെ പരിസരവും  മാറ്റുന്നുണ്ടെന്ന്‌ ഓർമപ്പെടുത്തുന്നുണ്ടീ രചന. നമ്മുടെ  നാടിന്റെ അകത്ത്‌  വർഗീയഭാവങ്ങൾ കിടന്ന്‌ തിളയ്‌ക്കുന്നുണ്ട്‌. അത്‌ തിരിച്ചറിയാനാകണമെന്ന ഓർമപ്പെടുത്തലുണ്ടിതിൽ. ഇഷ്‌ടമല്ലാത്തവരെ കൊല്ലാൻ കാരണങ്ങൾ തേടി നടക്കേണ്ടതില്ല, സ്വയം മെനഞ്ഞെടുക്കുന്ന കാരണങ്ങൾ മതി അതിനവർക്ക്‌ എന്ന്‌ നാടകാന്ത്യം നമ്മുടെ ഉള്ളകങ്ങളിൽ  തറയ്‌ക്കുംവിധം പറയും.  ‘ആറാംദിവസമാണ്‌  ദൈവത്തിന്‌ കയ്യബദ്ധം പിണഞ്ഞത്‌. വിനയമില്ലാതെ പ്രാർഥിക്കുകയും പ്രണയമില്ലാതെ പ്രാപിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന മനുഷ്യനെ സൃഷ്‌ടിച്ച ദിവസമെന്ന്‌ ആറാംനാളിനെക്കുറിച്ച്‌ കവി സച്ചിദാനന്ദൻ എഴുതിയിട്ടുണ്ട്‌. അത്തരം മനുഷ്യർ പെരുകുന്ന നാടായി നമ്മുടെ നാടും മാറുന്നതിന്റെ അസ്വസ്ഥത നാടകീയമായി അതേസമയം സാധാരണ ജീവിതപാത്രങ്ങളിലൂടെ ശാന്തൻ പറഞ്ഞുവയ്‌ക്കുന്നു.  ക്യാമ്പസിന്റെ  പ്രിയപ്പെട്ട നാടകകാരനാണ്‌ ശാന്തകുമാർ.   കൂവാഗം ക്യാമ്പസുകളിൽ നിറഞ്ഞാടി.  ട്രാൻസ്‌ജെൻഡറുകളുടെ ജീവിതത്തോട്‌ ഇത്രയേറെ സത്യസന്ധമായി അതിലേറെ സഹജാതമായ അനുഭാവത്തോടെ പ്രതികരിച്ച രചനകൾ തന്നെ  മലയാളത്തിൽ ദുർലഭം. വിചിത്രമായ കാഴ്‌ചപ്പണ്ടങ്ങളായി സമൂഹം നോക്കുന്ന ട്രാൻസ്‌ജെൻഡർമാരുടെ ഹൃദയാനുരണനങ്ങൾ  കൂവാഗത്തിൽ വായിച്ചെടുക്കാം.  കാമനകളും സർഗാത്മകതയും വേദനകളും കണ്ണീരുമുള്ള   മനുഷ്യരാണിവരുമെന്ന്‌ മറക്കരുതെന്ന്‌ കൂവാഗം നമ്മോട്‌ പറയുന്നുണ്ട്‌. തമിഴ്‌നാട്ടിലെ കൂവാഗത്ത്‌ അരങ്ങേറുന്ന ട്രാൻസ്‌ജെൻഡർ ഉത്സവത്തിലൂടെയാണ്‌ നാടകം കടന്നുപോകുന്നത്‌. പുരാണത്തിലെ അർജുനപുത്രനായ ഇരാവൻമാരെപ്പോലെ ചിറകറ്റ ശബ്‌ദമില്ലാത്ത പാത്രങ്ങളുടെ നോവും നിനവുമാണിതിൽ നിറയുന്നത്‌. കേരള സംഗീതനാടക അക്കാദമി നാടകമത്സരത്തിൽ സമ്മാനിതമായ നാടകമാണ്‌  ഭൂപടം മാറ്റിവരയ്‌ക്കുമ്പോൾ. ഒരു കലാസമിതി ഇല്ലാതാകുമ്പോൾ ദേശത്തിന്റെ ഭൂപടമാകെ മാറുകയാണെന്നത്‌ ഹൃദ്യമായി  പറയുന്നുണ്ട്‌ നാടകം. കലയും സാഹിത്യവും ഒഴിയുമ്പോൾ നാടിന്റെയും മനഷ്യരുടെയും മനസ്സുകളിൽ, അരാഷ്‌ട്രീയതയും  അരാജകത്വവും നിറയുന്നുണ്ടെന്ന്‌ കാണിച്ചുതരുന്നു നാടകകൃത്ത്‌.  തന്റെ പേരിലെ ശാന്തതയല്ല അശാന്തമായ സാമൂഹ്യാനുഭവങ്ങളാണ്‌ എ ശാന്തകുമാറെന്ന നാടകപ്രവർത്തകന്റെ മാനിഫെസ്റ്റോ.  തിളച്ചുമറിയുന്ന ചുറ്റുപാടുകളിലേക്ക്‌ പോയിട്ട്‌ തന്നിലേക്ക്‌ പോലും നോക്കാതെ സ്വയം ചുരുങ്ങുന്ന വാമനജീവിതങ്ങളോടുള്ള കലഹവും ക്രോധവും ശാന്തനെ നിരന്തരം അശാന്തനാക്കുന്നുണ്ട്‌. അരങ്ങുകളിൽനിന്ന്‌ അരങ്ങുകളിലേക്ക്‌ പടരുന്ന സുഖമുള്ള പകർച്ചവ്യാധിയെന്ന്‌  നാടകത്തെ ശാന്തൻ വിശേഷിപ്പിച്ചിട്ടുമുണ്ട്‌.  കോവിഡിന്റെ  ഭീതിദമായ ഈ കാലത്തും അരങ്ങാവിഷ്‌കാരങ്ങൾക്കായി   തുടിക്കുന്നുണ്ടവൻ.  അതിജീവനകലയായ നാടകത്തിന്റെ  സുഖാനുഭൂതികൾ ചൊരിയുന്ന ഈ നാടകസമാഹാരം അതിനാൽതന്നെ മഹാമാരിയുടെ  കാലത്ത്‌ സവിശേഷമായ വായനാനുഭവമാകും. Read on deshabhimani.com

Related News