ലോകോത്തര ഫിലിം സ്കൂൾ
തെളിച്ചമില്ലായ്മയിലേക്കും സംശയങ്ങളിലേക്കും വെളിച്ചം വീശി അരികുവൽക്കരിക്കപ്പെട്ടവർക്കൊപ്പം നിലകൊള്ളുക എന്നതാണ് തുടങ്ങിയ കാലംമുതൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ (ഐഡിഎസ്എഫ്എഫ്കെ) അടിസ്ഥാന ധർമം. അപ്രഖ്യാപിത സാംസ്‌കാരിക അടിയന്തരാവസ്ഥയുടെ ഇക്കാലത്ത് വസ്തുതാപരമായ വിവരങ്ങളുടെ അടിത്തറയിൽ ഉൾക്കാഴ്ചകയുടെയും ഇഴകീറിയുള്ള രാഷ്ട്രീയ പരിശോധനകളുടെയും വേദിയായിക്കൂടി മാറുന്നുണ്ട് മേള. ചരിത്രവിരുദ്ധതയുടെ സത്യാനന്തര ശ്രമങ്ങളിൽ ഡോക്യുമെന്ററിയുടെയും ഹ്രസ്വചിത്രങ്ങളുടെയും പിൻബലം ലോകത്താകെയുള്ള ജനാധിപത്യവിശ്വാസികൾക്കാവശ്യമുണ്ട്. കഴിഞ്ഞ കാലയളവിൽ ഭരണാധികാരികളാൽ നിരോധിക്കപ്പെടുന്ന നോൺ ഫിക്‌ഷൻ ദൃശ്യാവിഷ്കാരങ്ങളുടെ എണ്ണം വർധിക്കാനുള്ള കാരണം അവ പൊതുസമൂഹത്തോട് ക്രിയാത്മകമായി ഇടപെടൽ സാധ്യമാക്കാൻ ആഹ്വാനം ചെയ്യുന്നു എന്നതാണ്. മേളയിൽ രാജ്യം ആദരിക്കുന്ന സംവിധായകൻ ആനന്ദ് പട്‌വർധന്റെ "റീസൺ' പ്രദർശിപ്പിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ മണിക്കൂറുകൾക്കകം ചലച്ചിത്ര അക്കാദമി ഹൈക്കോടതിയിൽ പോയി അവസാന ദിവസം പ്രദർശിപ്പിക്കാൻ അനുമതി നേടിയെടുത്തതൊക്കെയും ഐഡിഎസ്എഫ്എഫ്കെ പുലർത്തുന്ന ജനാധിപത്യബോധത്തിന്റെ ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളും യുക്തിവാദികളുടെ കൊലപാതകങ്ങളും വിവരിക്കുന്ന നാല് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചപ്പോൾ അതിലും വ്യക്തമായൊരു രാഷ്ട്രീയ മറുപടി കേരളത്തിന് രാജ്യത്തിന്റെ മുന്നിലേക്ക് വയ്‌ക്കാനില്ലായിരുന്നു. അരികുവൽക്കരിക്കപ്പെടുന്നവരുടെ ശബ്ദമാണ് ഇക്കൊല്ലവും കൈരളിയിലും ശ്രീയിലും നിളയിലും മുഴങ്ങുന്നത്. മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡ് ജേതാവും മുൻ സെലക്‌ഷൻ കമ്മിറ്റി അംഗവും തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. രാജേഷ് ജെയിംസ് ഒരു പതിറ്റാണ്ട് നീളുന്ന ഐഡിഎസ്എഫ്എഫ്കെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ മേള പത്തു വർഷത്തിലേറെയായി മേളയിൽ പങ്കെടുക്കുന്നുണ്ട്. അക്കാദമിക പശ്ചാത്തലത്തിൽനിന്നു വരുന്നതിനാൽ ഇന്ത്യൻ ഡോക്യുമെന്ററികളെക്കുറിച്ച് പഠിക്കാനുള്ള വാതിലാണ് മേളകൾ. ഫിലിം മേക്കർ എന്ന വളർച്ചയിൽ നിർണായക സ്വാധീനമാണ് അവ ചെലുത്തിയിട്ടുള്ളത്. സർക്കാർ സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി മേളകൾ രാജ്യത്ത് വേറെവിടെയും കാണാനാകില്ല. ആദ്യമായി ആനന്ദ് പട്‌വർധനെയും രാകേഷ് ശർമയെയും നേരിട്ട് കാണുന്നത് അവിടെയാണ്. രാജ്യത്തെ 30 ഡോക്യുമെന്ററി ഫിലിം മേക്കേഴ്‌സുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടുത്തി 2021ൽ ഇന്ത്യ റി ടോൾഡ് എന്ന ബുക്ക് ബ്ലൂംസ്ബറി പബ്ലിഷ് ചെയ്യാനായത് മേളയുടെ പരിചയസമ്പത്തിന്റെ കരുത്തിലാണ്. ഇത്തവണത്തേത് ഉൾപ്പെടെ നാല് ഡോക്യുമെന്ററി വിവിധ വിഭാഗങ്ങളിലായി മേളയിൽ എത്തിയതും മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടാനായതും ഡെലിഗേറ്റായി പങ്കെടുത്തിരുന്ന മേളയിൽ സെലക്‌ഷൻ കമ്മിറ്റി അംഗമായതുമെല്ലാം അഭിമാനമായി കാണുന്നു. പല മേളകൾ രാജ്യത്ത് നിലവിലുണ്ടെങ്കിലും നമ്മുടെ മേളയോട് കിടപിടിക്കാൻ പറ്റുന്നവിധം സംഘാടനവും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ മേന്മയും മറ്റെങ്ങുമില്ല. ഐഎഫ്എഫ്കെയ്ക്ക് പലപ്പോഴും വലിയ ഒരാൾക്കൂട്ടമുണ്ടാകും. എന്നാൽ, ഐഡിഎസ്എഫ്എഫ്കെയിൽ അതില്ല. നമ്മുടെ പ്രേക്ഷകർ ഗൗരവമായി ആവിഷ്കാരങ്ങളെ കാണുന്നവരാണ്. അത് മേളയുടെ നിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തെ പല പ്രധാന സംവിധായകരുടെയും അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ച സൃഷ്ടികൾ ഇന്ത്യയിലാദ്യം പ്രദർശിപ്പിക്കാനാഗ്രഹമുള്ളത് ഐഡിഎസ്എഫ്എഫ്കെയിൽ ആണെന്ന് അവർതന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അടിമുടി പൊളിറ്റിക്കൽ ഐഡിഎസ്എഫ്എഫ്‌കെ അടിമുടി പൊളിറ്റിക്കലാണ്. ഡോക്യുമെന്ററി എന്നതുതന്നെ ശക്തമായി രാഷ്ട്രീയം സംസാരിക്കാനുള്ള മീഡിയമാണ്. കഴിഞ്ഞ വർഷങ്ങളിലൊക്കെ കർഷകസമരങ്ങൾ പല വർക്കുകളിലും കണ്ടിരുന്നു. പലസ്‌തീൻ, ഉക്രയ്‌ൻ ഉൾപ്പെടെയുള്ള സാർവദേശീയ വിഷയങ്ങളും അഭയാർഥിത്വവും അടിച്ചമർത്തലുകളുമെല്ലാം സജീവമായി ചർച്ച ചെയ്യാറുണ്ട്. 2022ലെ ഉദ്ഘാടന ചിത്രം മരിയു പൊളിസ് -2 വായിരുന്നു. ഉക്രയ്നിലെ മരിയു പൊളിസ് എന്ന നഗരത്തിലെ ബോംബ് ഭീഷണികളാണ് പ്രമേയം. ലിത്വാനിയൻ സംവിധായകനായ മൻതാസ് ക്വൊദാരാവിഷ്യസാണ് പ്രതിസന്ധിയിലായ നഗരത്തിലെ ജനങ്ങൾക്കു സമർപ്പിച്ചിരിക്കുന്ന ഈ ചിത്രം നിർമിച്ചത്. ഇതിനിടയിലുണ്ടായ ആക്രമണത്തിൽ സംവിധായകൻ കൊല്ലപ്പെട്ടു എന്നതൊക്കെ ഡോക്യുമെന്ററി നിർമാണത്തിന്റെ ഗൗരവം പങ്കുവയ്‌ക്കുന്നതായിരുന്നു. ഇടതുപക്ഷത്തെ വിമർശിക്കുന്ന ചിത്രങ്ങൾപോലും ഇടതുപക്ഷ സർക്കാർ സംഘടിപ്പിക്കുന്ന വലിയൊരു വേദിയിൽ പ്രദർശിപ്പിക്കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ ഭംഗി. സംവാദാത്മക വേദി പല സമയങ്ങളിലായി നടക്കുന്ന ഓപ്പൺഫോറം ജനാധിപത്യ സംവാദങ്ങളുടെ വേദിയാണ്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും കൈരളിക്കു മുന്നിൽ ഒരുമിച്ചിരുന്നാണ് പങ്കെടുക്കുന്നത്. ചില സമയങ്ങളിൽ ശക്തമായ തർക്കങ്ങൾക്കും വിയോജിപ്പുകൾക്കും അത് വഴിമാറാറുണ്ട്. വൈകുന്നേര സെഷനുകളിൽ അഭിപ്രായവ്യത്യാസങ്ങൾ കടുക്കാറുണ്ട്. പക്ഷേ, അപ്പോഴും ആരോഗ്യകരമായ വിമർശങ്ങളാണ് ഉയരുന്നത്. ക്രീയേറ്റീവ് ക്രിട്ടിസിസം നല്ലതാണ്. ഫിലിം മേക്കർ എന്ന നിലയിൽ കുറെയധികം കാര്യങ്ങൾ, വിവിധ വശങ്ങൾ എല്ലാം അതിൽനിന്ന് പഠിക്കാനുണ്ട്. അത് അടുത്ത വർക്കിന് ഗുണമാകും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വിയോജിപ്പുകൾ ഒരിക്കലും വ്യക്തിപരമല്ല. ക്യാമ്പസ് വിദ്യാർഥികൾക്ക് ഉൾപ്പെടെ മികച്ച സ്പേസ് ഉറപ്പാക്കാൻ ഓപ്പൺഫോറങ്ങൾ അവസരമൊരുക്കുന്നുണ്ട്. രാജ്യത്ത് മറ്റൊരിടത്ത് ഇത് ലഭിക്കില്ല. സ്ലേവ്സ് ഓഫ് ദ എമ്പയർ ലോങ് ഡോക്യുമെന്ററിയിലാണ് ഇത്തവണ എൻട്രി ലഭിച്ചത്. അനുപമ ശ്രീനിവാസൻ, നിഷ്ഠ ജെയിൻ, ആനന്ദ് പട്‌വർധൻ, മേഘനാഥ്, ലളിത് വചനി എന്നിവരെപ്പോലെ അത്രയും പ്രഗൽഭരായ സംവിധായകർക്കൊപ്പം ഇത്തവണ പേര് വന്നു എന്നതാണ് സന്തോഷം. ഇന്ത്യയുടെ ഡയറക്ട് ഓസ്കർ നിർദേശമായിപ്പോലും പലപ്പോഴും പരിഗണിക്കപ്പെടുന്നത് ലോങ് ഡോക്യുമെന്ററി വിഭാഗത്തിലെ മികച്ചവയാണ്. സ്ലേവ്സ് ഓഫ് ദ എമ്പയർ സംസാരിക്കുന്നത് കൊച്ചിയിലെ വണ്ണാർസംഘത്തിന്റെ ജീവിതമാണ്. കൊളോണിയൽ കാലത്ത് ഡച്ചുകാർ കൊച്ചി രാജാവുമായി ഉണ്ടായ പ്രശ്നങ്ങൾക്കുശേഷം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്ന് കൊച്ചിയിലേക്ക് മിലിട്ടറി യൂണിഫോം അലക്കാനായാണ് ഇവരുടെ പൂർവികരെ കൊണ്ടുവന്നത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അവരുടെ സാഹചര്യങ്ങളും ചരിത്രവുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ഫോർട്ട്കൊച്ചിയുടെ പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലാണ് കാഴ്ചക്കാരിലേക്ക് ഡോക്യുമെന്ററി എത്തുക. ഗ്രീസിലെ ഫെസ്റ്റിവലിലേക്ക് നിലവിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. Read on deshabhimani.com