നിപാ, വവ്വാൽ, കാലാവസ്ഥാ വ്യതിയാനം



ചെറിയൊരു ഇടവേളയ്ക്കുശേഷം നിപാ വീണ്ടും റിപ്പോർട്ട്‌ ചെയ്‌തിരിക്കുകയാണ്‌. ആരോഗ്യരംഗത്തുള്ള കേരളത്തിന്റെ  മുന്നേറ്റവും നിതാന്ത ജാഗ്രതയുമാണ്‌ ഇത്തരം രോഗങ്ങളെ വേഗം തിരിച്ചറിയാനും പ്രതിരോധ നടപടികളിലേക്ക്‌ അതിവേഗമെത്താനും പര്യാപ്‌തമാക്കിയത്‌. ജന്തുജന്യ രോഗങ്ങൾക്കെതിരെ സമൂഹം കൂടുതൽ ജാഗ്രതപുലർത്തേണ്ടതുണ്ട്‌. ജന്തുജന്യ രോഗങ്ങൾ പലപ്പോഴും  രോഗകാരികളായ വൈറസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്‌മജീവികൾക്ക്‌  മൃഗങ്ങൾ വാഹകരായി പ്രവർത്തിക്കാറുണ്ട്. റാബീസ്, പ്ലേഗ്, എബോള, നിപാ എന്നിവയൊക്കെ ജന്തുജന്യരോഗങ്ങളാണ്.  60 ശതമാനത്തിലധികം പകർച്ചവ്യാധികളും ജന്തുജന്യ രോഗങ്ങളാണ്‌. 18 മില്യൺ വർഷംമുമ്പുതന്നെ ‘ഹെർപിസ് വൈറസ്' (Herpes Virus) ജന്തുക്കളിൽനിന്നും മനുഷ്യരിലേക്ക് പകർന്നതായി ചില ഫോസിൽ പഠനങ്ങൾ  പറയുന്നു. മൃഗങ്ങളുടെ മാംസത്തിന്റെ ആവശ്യകത ഏറുന്നതും വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും ജന്തുജന്യ രോഗങ്ങളുടെ വ്യാപനം കൂട്ടുന്നുണ്ട്‌. നിപാ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത് 98ൽ മലേഷ്യയിലാണ്‌. നിപാ ഹെനിപാ വൈറസ് (Nipah henipavirus) എന്നതാണ്‌  ശാസ്ത്രീയനാമം. ഒരു ആർഎൻഎ വൈറസാണ്‌ ഇത്‌. നാലുമുതൽ 14 ദിവസംവരെയാണ്  ഇൻകുബേഷൻ സമയം. ആദ്യം മൃഗങ്ങളിൽ എത്തുന്ന വൈറസ്‌,  മൃഗങ്ങളുടെ സ്രവങ്ങളിലൂടെ മനുഷ്യരിൽ കടക്കും. നിപാ ബാധിച്ച പക്ഷികളോ മൃഗങ്ങളോ കടിച്ച പഴങ്ങൾ കഴിക്കുന്നതുവഴി മനുഷ്യരുടെ ശരീരത്തിൽ എത്തും. വവ്വാലുകളിലെ പഠനം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവരുടെ പഠനത്തിൽ മഹാരാഷ്ട്രയിലെ മഹാബലേശ്വർ ഗുഹകളിൽ ജീവിക്കുന്ന വവ്വാലുകളിൽ നിപാ വൈറസിന്റെയും അതിനെതിരെയുള്ള ആന്റിബോഡിയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അവയുടെ തൊണ്ട, രക്തം, മലദ്വാരം എന്നിവിടങ്ങളിലെ സ്വാബുകളിൽ നടത്തിയ പഠനമാണ് വൈറസിനെ കണ്ടെത്തിയത്. നിരവധി  രോഗകാരികളെവരെ വഹിക്കുകയും പടർത്തുകയും ചെയ്യുന്നതിൽ വവ്വാലുകൾക്ക് പങ്കുണ്ട്. എന്നാൽ, ഇത്രയേറെ അപകടകാരികളായ വൈറസുകളെ വഹിക്കുമ്പോഴും അവമൂലം വവ്വാലുകൾക്ക് ഒരു ദോഷവും ഉണ്ടാകുന്നില്ല എന്നതാണ്‌ രസകരം. വവ്വാലുകളുടെ പ്രത്യേകമായ പ്രതിരോധ സംവിധാനമാണ്‌  കാരണം. അവ ശരീരത്തിൽ ‘ഇന്റർഫെറോൺ ആൽഫ' (Interferon Alpha) എന്ന പ്രോട്ടീൻ ഉണ്ടാക്കുകയും വൈറസുകൾ പെറ്റുപെരുകുന്നതിനെ തടയുന്ന രാസവസ്തുക്കളെ നിർമിക്കുകയും ചെയ്യുന്നു. മറ്റു ജീവികളുടെ ശരീരത്തിലെ ‘ഇന്റർഫെറോൺ ആൽഫ' ജീനുകൾ ഒരു രോഗകാരി അകത്തുകടക്കുമ്പോൾമാത്രം പ്രവർത്തനം തുടങ്ങുന്നതിൽനിന്നും വ്യത്യസ്തമായി വവ്വാലുകളിൽ ഇവ എപ്പോഴും സജീവമായിത്തന്നെ നിലനിൽക്കുന്നു. അതുമൂലം വൈറസുകൾക്ക്‌ വവ്വാലുകളിൽ  പ്രതികൂലമായി കൂടുതൽ പ്രവർത്തിക്കാനാകില്ല. സസ്തനികളിൽ കാണുന്ന  റൈബോന്യൂക്ലിയസ് എൽ (Ribonuclease -L) എന്ന എൻസൈം ഒരു സൂക്ഷ്മജീവി അകത്തുകടക്കുമ്പോൾ വളരെ നീണ്ട പ്രക്രിയയിലൂടെയാണ് സജീവമാകുകയും വൈറസിന്റെ ആർഎൻഎ നശിപ്പിക്കുകയും ചെയ്യുന്നത്. എന്നാൽ, വവ്വാലുകളിൽ ഇത്തരം നീണ്ട പ്രക്രിയ കൂടാതെതന്നെ അവ ഉൽപ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. അതുവഴി വൈറസുകളുടെ ആക്രമണം തടയാൻ വവ്വാലുകളുടെ ശരീരത്തിന്‌ കഴിയും. വില്ലനായി കാലാവസ്ഥാ വ്യതിയാനവും നിപാ വൈറസ് കണ്ടെത്തിയത്  98ൽ ആണെങ്കിലും അത് ഉദയം ചെയ്‌തത്‌ അപ്പോൾ ആണെന്ന് പറയാനാകില്ല.  കാലാവസ്ഥാ വ്യതിയാനവും തെറ്റായ ഭൂവിനിയോഗവും വൈറസ്‌ വ്യാപനത്തെ സ്വാധീനിക്കുന്നതായി 2022 നവംബറിൽ ‘നേച്ചറിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വവ്വാലുകളിലും മറ്റു ജീവികളിലും നിപാ വൈറസുകളുടെ സാന്നിധ്യം നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനം നിലനിൽപ്പിനെ ബാധിച്ചതോടെ ഇവയുമായി മറ്റു ജീവികൾക്ക് സമ്പർക്കത്തിലാകാനുള്ള സാഹചര്യങ്ങൾ വർധിച്ചു. അങ്ങനെ നിപാ വൈറസ് കൂടുതലായി മറ്റ്‌ ജീവികളിലും എത്തിത്തുടങ്ങി. വവ്വാലുകളുടെ വാസസ്ഥലങ്ങളിൽ മനുഷ്യസാന്നിധ്യം കൂടിയതും ഇവ കൂട്ടമായി പന്നി ഫാമുകളിലേക്ക് അടക്കം എത്തിയതും വൈറസ്‌ വ്യാപനത്തിന്‌ കാരണമാകുന്നുണ്ട്‌. കോവിഡ് അല്ല നിപാ ലക്ഷണങ്ങളും മറ്റും  ചൂണ്ടിക്കാട്ടി കോവിഡിനെയും നിപായെയും ചിലർ താരതമ്യപ്പെടുത്താറുണ്ട്. എന്നാൽ, കോവിഡ് അല്ല നിപാ എന്നും കോവിഡിനേക്കാൾ പതിന്മടങ്ങ്‌ മാരകമായ രോഗമാണ് നിപാ എന്നും മനസ്സിലാക്കേണ്ടതുണ്ട്. കോവിഡ് ആദ്യം ഭയപ്പെടുത്തിയെങ്കിലും പിന്നീട് തീവ്രത കുറഞ്ഞു. കോവിഡിന്റെ അത്രയും വ്യാപനശേഷി ഇല്ലായെങ്കിലും ബാധിക്കുന്നവരിൽ 40 ശതമാനത്തിലേറെപ്പേർക്കും നിപാ മാരകമാകാറുണ്ട്‌. കോവിഡിനേക്കാൾ ഏറെ സൂക്ഷിക്കേണ്ട, ജാഗ്രത പുലർത്തേണ്ട ഒന്നാണ്‌ ഇത്‌. പനി, തൊണ്ടവേദന, പേശികളിലെ വേദന എന്നിവയൊക്കെ ഇവ രണ്ടിലുമുള്ള ലക്ഷണങ്ങളാണെങ്കിലും നിപായിൽ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും മസ്തിഷ്‌കജ്വരവും (Encephalitis) കൂടുതൽ അപകടകരമായി ഉണ്ടാകാം. ഇവ മൂലമാണ് കൂടുതൽ മരണനിരക്ക് ഉണ്ടാകുന്നത്. ഭയമല്ല തുടർച്ചയായ ജാഗ്രതയാണ്‌ വേണ്ടത്‌. Read on deshabhimani.com

Related News