ദിൽ സെ; ദില്ലി സെ-പ്രഭാവർമ്മയുടെ 'ദില്ലിക്കാലം' പരമ്പര മൂന്നാം ഭാഗം

ബ്ലൂസ്റ്റാർ ഓപ്പറേഷന്‌ വിധേയമായ സുവർണക്ഷേത്രം


1984 ജൂൺ മൂന്നിനും എട്ടിനുമിടയിലായിരുന്നു ആരുമറിയാതെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ. ഇന്ത്യൻ ആർമിയിലെ മേജർ ജനറൽ കുൽദീപ്സിങ് ബ്രാർ, ലഫ്റ്റനന്റ് ജനറൽ രഞ്ജിത്സിങ് ദയാൽ, ലഫ്റ്റനന്റ് ജനറൽ കൃഷ്ണസ്വാമി സുന്ദർജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൈന്യം കൊടുങ്കാറ്റുപോലെ സുവർണക്ഷേത്രത്തിലേക്ക് പാഞ്ഞുകയറിയത്... സുവർണക്ഷേത്രത്തിലെ ചോരക്കളത്തിൽ ‘They have sown the wind, and they shall reap the whirlwind’   Bible, Hosea 8:7                                                                                   1984 ജൂൺ 10. അന്നാണ് ഇന്ത്യൻ ആർമിയുടെ ബ്ലൂസ്റ്റാർ ഓപ്പറേഷന്‌ വിധേയമായ അമൃത്‌സറിലെ സുവർണക്ഷേത്രത്തിലേക്ക് കേന്ദ്ര ഗവൺമെന്റ് ഡൽഹിയിൽനിന്ന് ഒരുസംഘം പത്രപ്രവർത്തകരെ കൊണ്ടുപോയത്. വാർത്താ പ്രക്ഷേപണ കാര്യമന്ത്രിയായിരുന്ന എച്ച് കെ എൽ ഭഗത്തിന്റെ നേതൃത്വത്തിലാണ് ഞാനുൾപ്പെട്ട പത്രപ്രവർത്തകസംഘം ചെന്നത്. ബ്ലൂസ്റ്റാർ ഓപ്പറേഷനെക്കുറിച്ച് പ്രചരിക്കുന്ന കഥകളുടെ മറുവശം കാട്ടിത്തരിക എന്നതായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യം. രാവിലെ എട്ടരയ്ക്ക് ഞങ്ങളുടെ പ്രത്യേക വിമാനം ഡൽഹി വിമാനത്താവളത്തിൽനിന്നും പറന്നുയർന്നു. ഏതാണ്ട് അരമണിക്കൂർ കൊണ്ടുതന്നെ ഞങ്ങൾ അമൃത്‌സറിലെത്തി. വിമാനത്താവളം ഏതാണ്ട് നിശ്ചലാവസ്ഥയിൽ. ഞങ്ങളുടെ വിമാനമല്ലാതെ എയർപോർട്ടിൽ മറ്റൊരു വിമാനവും ചലിക്കുന്നുണ്ടായിരുന്നില്ല. എയർപോർട്ട് പട്ടാളത്തിന്റെയും അർധസൈനിക സേനയുടെയും ബന്തവസ്സിൽ. റോഡുകൾ ആളൊഴിഞ്ഞു കിടന്നു. ഓരോ കാൽ കിലോമീറ്ററിലും പൊലീസ് ബാരിക്കേഡുകൾ. ഭയജനകമായ മൗനം ഘനീഭവിച്ചുനിന്ന അന്തരീക്ഷം. റോന്തുചുറ്റുന്ന പട്ടാളവാഹനങ്ങളല്ലാതെ എവിടെയും ഒന്നും കാണാനില്ല. കടകളെല്ലാം അടഞ്ഞുകിടന്നിരുന്നു. അമൃത്‌സറിലാകെ ശ്മശാന മൂകത. ആ മൗനത്തെ വകഞ്ഞുമാറ്റിക്കൊണ്ടാണ് ഞങ്ങളുടെ പ്രത്യേക വാഹനങ്ങൾ കവചിത സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ സുവർണക്ഷേത്രം ലക്ഷ്യമാക്കി നീങ്ങിയത്. ഏറ്റവും മുമ്പിൽ ട്രക്കുപോലുള്ള ഒരു സൈനിക വാഹനം. അതിനുള്ളിലുള്ളവരെ പുറത്തേക്ക് കാണുക വയ്യ. നാലുദിക്കിലേക്കും നീണ്ടുനിൽക്കുന്ന വലിയ തോക്കുകൾ മാത്രം കാണാം. തൊട്ടുപിന്നിലായി തോക്കുചൂണ്ടിയ മൂന്ന് സൈനിക വാഹനങ്ങൾ. പിന്നിൽ മന്ത്രിയുടെ കാർ. അതിന്‌ തൊട്ടുപിന്നിൽ ആംബുലൻസ്. അതിനുപിന്നിലായി ഞങ്ങൾ, പത്രക്കാരുടെ വാഹനങ്ങൾ. പിന്നെയും സൈനിക വാഹനങ്ങൾ. അതായിരുന്നു ഞങ്ങളുടെ വാഹനവ്യൂഹനീക്കത്തിന്റെ രീതി. ഏതുനിമിഷവും എവിടെനിന്നും ആക്രമണമുണ്ടാവാമെന്ന സന്ദേശം ആരും പറയാതെതന്നെ ഞങ്ങളുടെ മനസ്സിൽ കട്ടിപിടിച്ചുവന്നു. സുവർണക്ഷേത്രത്തോടടുക്കുംതോറും ഭീതി വർധിച്ചു കൊണ്ടിരുന്നു. ഈ ഭീകരാവസ്ഥയിലേക്ക് ഞങ്ങളെ എന്തിനുകൊണ്ടുവരുന്നു എന്ന്‌ ചിലർ പിന്നീട് എച്ച് കെ എൽ ഭഗതിനോടു നേരിട്ടുതന്നെ ചോദിച്ചതോർക്കുന്നു. സുവർണക്ഷേത്രത്തോടടുക്കുംതോറും ഭീതി വർധിച്ചു കൊണ്ടിരുന്നു. ഈ ഭീകരാവസ്ഥയിലേക്ക് ഞങ്ങളെ എന്തിനുകൊണ്ടുവരുന്നു എന്ന്‌ ചിലർ പിന്നീട് എച്ച് കെ എൽ ഭഗതിനോടു നേരിട്ടുതന്നെ ചോദിച്ചതോർക്കുന്നു. പഞ്ചാബിലെ ഖാലിസ്ഥാൻ വിഘടന ഭീകരപ്രസ്ഥാനങ്ങൾ അവരുടെ പ്രവർത്തനം അതിന്റെ പാരമ്യത്തിലെത്തിച്ച ഘട്ടത്തിലായിരുന്നു ബ്ലൂസ്റ്റാർ ഓപ്പറേഷൻ. സുവർണക്ഷേത്രം സിഖ് മതമൗലികതാവാദികളുടെയും ഭീകരപ്രവർത്തകരുടെയും കൈപ്പിടിയിലൊതുങ്ങി നിന്നിരുന്നു. സുവർണക്ഷേത്രം കൊടുംഭീകരരുടെ ഒളിത്താവളം. അവിടത്തെ ഓരോ മുറിയും ആയുധപ്പുരകൾ. ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലായിരുന്നു ഭീകരർ അവിടം താവളമാക്കിയിരുന്നത്. ദേവാലയം, അതും സിഖുകാരുടെ പരമപരിശുദ്ധമായ ആരാധനാകേന്ദ്രം ആകയാൽ സുവർണക്ഷേത്രത്തിൽ പൊലീസ് കടക്കില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു അവിടം താവളമാക്കാൻ അവരെ പ്രേരിപ്പിച്ചത്. എന്നാൽ, നിത്യേനയുള്ള ബോംബ് സ്ഫോടനങ്ങൾ, മനുഷ്യക്കുരുതികൾ, ഡൽഹിയടക്കം ഭീതിയിലായ നില, മന്ത്രിമാരടക്കം ഭീകര ആക്രമണത്തിൽ കൊലചെയ്യപ്പെടുന്ന അവസ്ഥ എന്നിവയൊക്കെ ഗവൺമെന്റിനെ ബ്ലൂസ്റ്റാർ ഓപ്പറേഷന്‌ നിർബന്ധിച്ചു. 1984 ജൂൺ മൂന്നിനും എട്ടിനുമിടയിലായിരുന്നു ആരുമറിയാതെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ. ഇന്ത്യൻ ആർമിയിലെ മേജർ ജനറൽ കുൽദീപ്സിങ് ബ്രാർ, ലഫ്റ്റനന്റ് ജനറൽ രഞ്ജിത്സിങ് ദയാൽ, ലഫ്റ്റനന്റ് ജനറൽ കൃഷ്ണസ്വാമി സുന്ദർജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൈന്യം കൊടുങ്കാറ്റുപോലെ സുവർണക്ഷേത്രത്തിലേക്ക് പാഞ്ഞുകയറിയത്. ടാങ്കുകളും ഹെലികോപ്ടറുകളും ഒക്കെ ഉപയോഗിച്ചുള്ള അതിശക്തമായ ആക്രമണം. ബ്ലൂസ്റ്റാർ ഓപ്പറേഷന്‌ രണ്ടുതലങ്ങളുണ്ടായിരുന്നു. 'ഓപ്പറേഷൻ മെറ്റൽ' എന്ന പേരിൽ ക്ഷേത്ര കോംപ്ലക്സ്‌ ആക്രമണം. 'ഓപ്പറേഷൻ ഷോപ്പ്' എന്ന പേരിൽ ചീപ്പുകൊണ്ട്‌ മുടി എന്നപോലെ പഞ്ചാബിന്റെ ഗ്രാമങ്ങളെയാകെ ചീകിയെടുക്കുന്ന തരത്തിലുള്ള ഭീകരവേട്ട. ഇതിന്‌ രണ്ടിനുംശേഷം ഓപ്പറേഷൻ വുഡ്റോസ് എന്ന പേരിൽ സംസ്ഥാന വ്യാപകമായ സൂക്ഷ്മപരിശോധന. ഇതിൽ 'ഓപ്പറേഷൻ മെറ്റൽ' പൂർത്തിയായിക്കഴിഞ്ഞതിന്‌ തൊട്ടുപിന്നാലെയാണ് ഞങ്ങൾ സുവർണക്ഷേത്രത്തിലെത്തിയത്. ഇന്ത്യൻ കരസേനയ്ക്കുപുറമെ സിആർപിഎഫ്, ബിഎസ്എഫ്, പഞ്ചാബ് പൊലീസ് എന്നിവകൂടി സഹകരിച്ചാണത്‌ നടത്തിയത്. സുവർണക്ഷേത്രത്തിനുള്ളിലേക്ക് പാഞ്ഞുകയറിയത് ആർമി ആയിരുന്നു. അകത്തുനിന്നുള്ള ഭീകരരുടെ തുരുതുരെയുള്ള വെടിവെപ്പിനെ നേരിട്ടുകൊണ്ടുള്ള ആ പാഞ്ഞുകയറ്റത്തിലും തുടർ നടപടികളിലും 83 ഇന്ത്യൻ സൈനികർ മരിച്ചുവെന്നും 220 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമായിരുന്നു ആർമിയുടെ ഔദ്യോഗിക കണക്ക്. 492 സുവർണക്ഷേത്ര അന്തേവാസികളും കൊല്ലപ്പെട്ടിരുന്നു. ഔദ്യോഗിക കണക്കിനും എത്രയോ അപ്പുറമായിരിക്കണം യഥാർഥ മരണസംഖ്യ എന്നുചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കാഴ്ചകളാണ് ഞങ്ങൾ അവിടെ കണ്ടത്. ഭീകരരുടെ തലവന്മാരായ ഭിന്ദ്രൻവാലയുടെയും ടാബേക് സിങ്ങിന്റെയും മൃതദേഹങ്ങൾ അപ്പോൾ മാറ്റിയിരുന്നേയുള്ളൂ. ഭിന്ദ്രൻവാല വെടിയേറ്റു വീണയിടം ഞങ്ങൾക്ക് സൈനികർ കാട്ടിത്തന്നു. അയാളുടെ രക്തം കട്ടപിടിച്ചുകിടന്നിരുന്നു അവിടെ അപ്പോഴും. തലങ്ങും വിലങ്ങും പീരങ്കികളിൽനിന്നുള്ള അഗ്നി വർഷമേറ്റ് 'അകാൽ തക്ത്' അസ്ഥികൂടം പോലെ ആടിയുലഞ്ഞുനിന്നിരുന്നു. വെടിയുണ്ട തുളച്ച ഭിത്തികൾ. കത്തിയെരിഞ്ഞമർന്ന ഇടത്തളങ്ങൾ. ചോരത്തളം കെട്ടിക്കിടന്ന മുറികൾ. ശരീരഭാഗങ്ങൾ ചിതറിച്ചിന്നിക്കിടന്ന തറയോടുകൾ. ആകെക്കൂടി യുദ്ധഭൂമിയിൽ ചെന്നതുപോലെ. രാവണൻകോട്ട പോലെയാണ് സുവർണക്ഷേത്രം. ഏതുവഴി അകത്തുകടക്കുന്നു, ഏതൊക്കെ ഇടനാഴികളിലൂടെ സഞ്ചരിക്കുന്നു; ഏതുവഴി പുറത്തുകടക്കുന്നു‐ ഒന്നും നിശ്ചയമില്ല. അകത്തുപെട്ടാൽ പത്മവ്യൂഹത്തിൽ പ്പെട്ടതുപോലെയാണ്. അതുകൊണ്ടുകൂടിയാവണം കൃത്യമായ മാപ്പ് തയ്യാറാക്കി ബ്ലൂപ്രിന്റോടുകൂടി കരസേനാധിപനായ ജനറൽ അരുൺ ശ്രീധർ വൈദ്യയും കരസേനയുടെ വൈസ് ചീഫ് ലഫ്റ്റനന്റ് ജനറൽ കെ സുന്ദർജിയും ചേർന്ന് ആസൂത്രണം ചെയ്തതായിട്ടും ഇത്രയേറെ കാഷ്വൽറ്റിയുണ്ടായത്. ഞങ്ങൾ ഓരോ മുറികളിലും കയറിയിറങ്ങി. ഹർമന്ദിർ സാഹബിനടുത്തുള്ള മുറിയിലേക്ക് നടക്കുമ്പോൾ കാതടപ്പിക്കുന്ന വെടിയൊച്ച. ഞങ്ങൾക്ക് വിവരങ്ങൾ പറഞ്ഞുതരികയായിരുന്ന സൈനികസംഘത്തിലെ ഒരാൾ വെടിയേറ്റു വീണു. മന്ത്രിയടക്കം പരസ്പരം ഞെട്ടിത്തരിച്ചു. അടുത്ത ഓപ്പറേഷനുള്ള ജാഗ്രതയിൽ സൈനികർ തലങ്ങും വിലങ്ങും പാഞ്ഞു. പിന്നീടാണറിഞ്ഞത്, ആ ഘട്ടത്തിലും അകാൽ തക്തിൽ ചില ഭീകരർ അവശേഷിച്ചിരുന്നുവെന്ന്‌. അവരിലൊരാൾ ഏതോ നിലവറയ്ക്കുള്ളിൽനിന്ന് 'മാൻഹോൾ' അടപ്പ് ഉയർത്തി വെടിവെച്ചിട്ട് നിലവറയിലേക്ക്‌ മറയുകയായിരുന്നുവത്രെ. ആ വെടി ഞങ്ങളിൽ ആർക്കുവേണമെങ്കിലും കൊള്ളാമായിരുന്നുവെന്ന് ഞങ്ങൾ ഓർത്തു. ഈ ഘട്ടത്തിൽ ഞങ്ങളെ എന്തിനിവിടെ കൊണ്ടുവന്നു എന്ന എച്ച് കെ എൽ ഭഗത്തിനോടുള്ള ചോദ്യത്തിന് പ്രസക്തിയുടെ മുഴക്കം കൈവന്ന നിമിഷങ്ങൾ! എല്ലായിടവും അരിച്ചുപെറുക്കി സുവർണക്ഷേത്രത്തെ പൂർണമായി അധീനത്തിലാക്കിയെന്ന് അഭിമാനിച്ചിരുന്നവരുടെ അറിവിൽ ആ നിലവറയും അതിൽ നിന്നുയർന്നുവരാവുന്ന മാൻഹോളും ഉണ്ടായിരുന്നില്ലത്രെ! ഏതായാലും ആ വെടിയൊച്ചയോടെ ഞങ്ങളുടെ സുവർണക്ഷേത്ര സന്ദർശനം അപൂർണമായി കലാശിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ഞങ്ങളെ സൈനികർ തന്നെ കനത്ത സുരക്ഷാവലയത്തിൽ അവിടെനിന്നു മാറ്റി. അമൃതിന്റെ സരസ് എന്നർഥമുള്ള അമൃത്‌സർ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ വാഗാ ബോർഡറിന്‌ 29 കിലോമീറ്റർ മാത്രം ഇപ്പുറത്താണ്. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബർ സിഖ് ഗുരുപരമ്പരയിലെ നാലാമനായ ഗുരു രാംദാസിന്‌ സംഭാവന നൽകിയ ജലാശയമുൾപ്പെട്ട പ്രദേശത്തിൽനിന്നാണ് അമൃത്‌സർ എന്ന സ്ഥലനാമം ഉണ്ടായത്. 1588 ൽ ഗുരു അർജുൻ സാഹബ് ആണ് അവിടെ ദർബാർ സാഹബ് പണികഴിപ്പിച്ചത്. സിഖ് പ്രമാണഗ്രന്ഥമായ വിശുദ്ധ ഗുരു ഗ്രന്ഥസാഹബിന്റെ ആദ്യ വാള്യങ്ങൾ അവിടെവച്ചാണത്രെ രചിച്ചത്. അവിടെ അകാൽ തക്ത് എന്ന സിഖ് പരമാധികാര ദേവാലയം ഉയർന്നു. രണ്ടുവട്ടം അഫ്ഗാൻ അധിനിവേശ സേന അകാൽ തക്ത് തകർത്തു. അഫ്ഗാൻ ചക്രവർത്തി അഹമ്മദ് ഷാദുറാനി 1762ൽ സിഖുകാരെ കൂട്ടക്കൊല ചെയ്തു. എന്നാൽ, അതേക്കാളൊക്കെ വലിയ പാതകമായാണ് സിഖുകാർ ബ്ലൂസ്റ്റാർ ഓപ്പറേഷനെ കണ്ടത്. ആ വികാരമാണ് സിഖ് സമുദായത്തിൽപ്പെട്ട രണ്ട്‌ രക്ഷാഭടന്മാർ ഇന്ദിരാഗാന്ധിയെ വെടിവച്ചുകൊല്ലുന്നതിനും തുടർന്നുണ്ടായ സിഖ് കൂട്ടക്കൊലയ്ക്കും ഒക്കെ വഴിവെച്ചത് എന്നോർക്കണം. ഗുരു ഗ്രന്ഥസാഹബ് ഇരിക്കുന്ന ഹർമന്ദർസാഹബ് ആക്രമിക്കപ്പെട്ടു എന്നതാണ് സിഖ് മതവികാരത്തിന്‌ തീകൊളുത്തിയത്. ലോകത്തെവിടെയുമുള്ള സിഖുകാരുടെ പരമപവിത്രമായ ദൈവികഗ്രന്ഥവും അതിരിക്കുന്ന ശ്രീകോവിലും ആക്രമിക്കപ്പെട്ടു എന്നതായിരുന്നു ചിന്ത. ഹിന്ദു‐മുസ്ലിം വാസ്തുശിൽപ്പ വിദ്യകളുടെ സമന്വയമാണ് സുവർണക്ഷേത്രം. ആ സമന്വയം സിഖ് വാസ്തുശിൽപ്പമായി പിന്നീട് അറിയപ്പെട്ടു. ജാതി‐മത‐ലിംഗ വ്യത്യാസമില്ലാതെ ഏവർക്കും പ്രവേശനമുള്ളിടമാണത്. സരോവരത്തിന്റെ നടുവിലായി 67 അടി സമചതുര മണ്ഡപത്തിലാണ് ഹർമന്ദിർ സാഹബ്. ശ്രീകോവിലിന്‌ 40 ചതുരശ്രയടി വിസ്തീർണമുണ്ട്. നാലുവശത്തേക്കും വാതിലുണ്ട്. ജലാശയത്തിന്‌ നടുവിലെ ഹർമന്ദിർ സാഹബിലേക്ക് തീർഥാടകരെ നയിക്കുന്നത് 21 അടി വീതിയും 202 അടി നീളവുമുള്ള പാലമാണ്. സ്വർണത്താൽ പൊതിഞ്ഞ് എന്ന വണ്ണം സുവർണാഭമായി നിലകൊള്ളുന്നു ഹർമന്ദിർ സാഹബ്! സൗന്ദര്യത്തിന്റെ സ്വപ്നമന്ദിരമായ സുവർണക്ഷേത്രമാണ് യുദ്ധം കഴിഞ്ഞ ഭൂമി എന്നപോലെ ശ്മശാനമൂകതയിൽ കാണപ്പെട്ടത്. സുവർണക്ഷേത്രത്തിലെ ബ്ലൂസ്റ്റാറിനെത്തുടർന്ന് സൈന്യത്തിൽതന്നെ സിഖ് കലാപമുണ്ടായി. സിഖ് ഗുരുവായ ഗുരു അർജുൻസിങ്ങിന്റെ രക്തസാക്ഷിത്വ ദിനമെന്ന സിഖ് സമുദായത്തിന്റെ പരമപവിത്ര ദിനത്തിലാണ് ബ്ലൂസ്റ്റാർ ഓപ്പറേഷനുണ്ടായത് എന്നത് സിഖ് വികാരത്തിന്റെ തീയിൽ എണ്ണ ഒഴിക്കുന്ന വിധത്തിലായി എന്നതും ഓർമിക്കേണ്ടതുണ്ട്. 'അകാലിദൾ' എന്നത് പഞ്ചാബിലെ ഒരു പ്രാദേശിക രാഷ്ട്രീയപാർടി മാത്രമായിരുന്നു. ഏറെയും സിഖുകാരാണതിലുണ്ടായിരുന്നതെങ്കിലും അതുയർത്തിയിരുന്നത് പഞ്ചാബിന്‌ സ്വന്തമായ തലസ്ഥാനം, രവി‐ബിയാസ് നദീജലം തുടങ്ങിയ ജനാധിപത്യ മുദ്രാവാക്യങ്ങളായിരുന്നു. ആ പാർടിയെ ദുർബലപ്പെടുത്താൻ അതിൽ ഒരു വിഭാഗത്തെ മതവികാരത്തിന്റെ പാതയിലൂടെ നീങ്ങാൻ പ്രേരിപ്പിച്ചത് അന്നത്തെ ഭരണപക്ഷ രാഷ്ട്രീയം തന്നെയാണ്. ആ പ്രക്രിയയിലാണ് ഭിന്ദ്രൻവാലയുണ്ടായത്. ഒടുവിൽ ഭസ്മാസുരന്‌ വരം കൊടുത്തപോലെയായി കാര്യങ്ങൾ. ഒരു പ്രധാനമന്ത്രിതന്നെ വധിക്കപ്പെടുന്നതിനും ആയിരക്കണക്കിന് നിരപരാധികളായ സിഖുകാർ വധിക്കപ്പെടുന്നതിനും ഒക്കെ വഴിവെച്ചു ആ വിധത്തിലുള്ള മതത്തിന്റെ രാഷ്ട്രീയ വിനിയോഗം. സന്ദർശനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചുമടങ്ങുമ്പോൾ അങ്ങനെ വേണ്ടിവന്നതിലുള്ള ദുഃഖമായിരുന്നില്ല, മറിച്ച് ജീവൻ രക്ഷപ്പെട്ടതിലുള്ള ആശ്വാസമായിരുന്നു മനസ്സിൽ നിറയെ. കാലത്ത് അമൃത്‌സറിലേക്ക്‌ പുറപ്പെട്ട ഞങ്ങൾ വൈകിട്ട് ആറുമണിയോടെ ഡൽഹിയിൽ തിരിച്ചെത്തി. ആ യാത്രയും എന്നെ സംബന്ധിച്ചിടത്തോളം യാദൃച്ഛികതയുടെ പരമ്പരയിലെ ഒരു കണ്ണി തന്നെ! ചോരക്കളങ്ങളിൽ ചവിട്ടി റിപ്പോർട്ടുചെയ്യേണ്ടിവന്ന മറ്റൊരു സന്ദർശനം ത്രിപുരയിലാണുണ്ടായത്. ത്രിപുരയിൽ ഗോത്രവർഗ ജനതയെ, കമ്യൂണിസ്റ്റുകാരെ ടിഎൻവി ഭീകരർ കൂട്ടക്കൊല ചെയ്തതറിഞ്ഞ് ഡൽഹിയിൽ നിന്ന് അവിടേക്കുപോയി. ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ! അതിനിടയിലൂടെയായി റിപ്പോർട്ടിങ്. അതും ഒരു പരമ്പരയായി വന്നു ദേശാഭിമാനിയിൽ! 1980 കളിൽ രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു ഭോപ്പാൽ ഗ്യാസ് ദുരന്തം.ദുരന്തമുണ്ടായി ദിവസങ്ങൾക്കകം കാർബൺ മേധാവി വാറൻ ആൻഡേഴ്സൺ വിദേശത്തേക്ക്‌ കടന്നു. നൂറുകണക്കിനാളുകൾ പിടഞ്ഞുവീണുമരിച്ച ആ സംഭവത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ തണലിലല്ലാതെ എങ്ങനെയാണ് അയാൾ ഇന്ത്യ വിട്ടുപോയത്. 1980 കളിൽ രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു ഭോപ്പാൽ ഗ്യാസ് ദുരന്തം.ദുരന്തമുണ്ടായി ദിവസങ്ങൾക്കകം കാർബൺ മേധാവി വാറൻ ആൻഡേഴ്സൺ വിദേശത്തേക്ക്‌ കടന്നു. നൂറുകണക്കിനാളുകൾ പിടഞ്ഞുവീണുമരിച്ച ആ സംഭവത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ തണലിലല്ലാതെ എങ്ങനെയാണ് അയാൾ ഇന്ത്യ വിട്ടുപോയത്. ഈ ചോദ്യം മുൻനിർത്തി നിരവധി റിപ്പോർട്ടുകൾ തയ്യാറാക്കാൻ അന്നുസാധിച്ചു. ആന്റേഴ്സന് അന്ന് വിദേശത്തേക്കുപോകാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ യൂണിയൻ കാർബൈഡ് കമ്പനിക്ക് വൻതുക നഷ്ടപരിഹാരമായി നൽകേണ്ടിവരുമായിരുന്നു. ആ പതിറ്റാണ്ടിൽ ഇന്ത്യയെ ഞെട്ടിച്ച മറ്റൊരു സംഭവമാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതിനെതിരെ ഉണ്ടായ പ്രതിഷേധങ്ങൾ. നീണ്ടകാലം കോൺഗ്രസ് ശീതസംഭരണിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ആ റിപ്പോർട്ട്. അതാണ് വി പി സിങ് പൊടിതട്ടിയെടുത്തത്. പ്രക്ഷോഭങ്ങളിൽ പലതും അക്രമാസക്തമായിരുന്നു. ചിലയിടങ്ങളിൽ പ്രക്ഷോഭകാരികളിൽ ചിലർ സ്വയം തീകൊളുത്തുന്നുമുണ്ടായിരുന്നു. പിന്നോക്ക വിഭാഗക്കാർക്ക് 27 ശതമാനം സംവരണം എന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വി പി സിങ് ഗവൺമെന്റ് തീരുമാനിച്ചപ്പോൾ അതിനെതിരായ സവർണവികാരമാണ് ബിജെപിയുടെ കാർമികത്വത്തിൽ മണ്ഡൽ പ്രക്ഷോഭമായി ആളിപ്പടർന്നത്. ഗാന്ധിവധത്തെത്തുടർന്ന് ഏതാണ്ട് മാളത്തിലേക്ക് ഒതുങ്ങിനിന്നിരുന്ന ഹിന്ദു വർഗീയത പിന്നീട് തലപൊക്കിയത് അടിയന്തരാവസ്ഥക്കാലത്തും തുടർന്ന് മണ്ഡൽ പ്രക്ഷോഭ കാലത്തുമാണ്. ബി ജെപി വീണ്ടുമൊരിക്കൽ കൂടി ശാക്തീകരിക്കപ്പെട്ടത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെതിരായ വികാരം പടർത്തി സവർണ വർഗീയതയുടെ മുഖ്യവക്താവായി മാറിയപ്പോഴാണ്. ഇതിന്റെ തുടർച്ചയായാണ് ബാബ്റി മസ്ജിദ് തകർക്കൽ പദ്ധതി ബിജെപി ഏറ്റെടുത്തതും രഥയാത്രകൾ സംഘടിപ്പിച്ചതും. അത് ഹിന്ദു വർഗീയവികാരം കൂടുതൽ ആളിപ്പടർത്തുന്നതിന്‌ ബിജെപിക്ക്‌ സഹായകരമായി. അതിന്റെ ആവേശതരംഗത്തിലാണ് തുടർച്ചയായി രണ്ടാംവട്ടവും ഇന്ത്യ ഭരിക്കുന്ന പ്രസ്ഥാനമായി ബിജെപി വളർന്നത് എന്ന്‌ കാണാൻ വിഷമമില്ല. ഈ വളർച്ചയ്ക്ക്‌ വളമിടുന്നതായിരുന്നു എൺപതുകളിലെ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകൾ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയും അരുൺ നെഹ്റു ആഭ്യന്തര മന്ത്രിയുമായിരുന്ന ഘട്ടത്തിലാണ് ബാബ്റി മസ്ജിദ് തുറന്നുകൊടുത്തതും അവിടെ ശിലാന്യാസവും കർസേവയും അനുവദിച്ചതും എന്ന് ഓർക്കുക. കോൺഗ്രസ് ഗവൺമെന്റ് അനുവദിച്ചുകൊടുത്ത ആ പ്രക്രിയയുടെ സ്വാഭാവിക പരിണതിയായിരുന്നു നരസിംഹ റാവുവിന്റെ ഭരണം ബാബ്റി മസ്ജിദ് തകർക്കലിനു നിഷ്ക്രിയത്വത്തിലൂടെ കാർമികത്വം വഹിച്ചുകൊടുത്തത്. കോൺഗ്രസ് അക്കാലത്ത് ഹിന്ദുത്വ പ്രീണനത്തിനുവേണ്ടി നടത്തിയ ഇത്തരം വിട്ടുവീഴ്ചകളെക്കുറിച്ച് അന്ന് ദേശാഭിമാനിയിൽ നിരവധി ലേഖനങ്ങൾ എഴുതിയത് ഓർമിക്കുന്നു. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ ചരിത്രവും ആ പ്രക്രിയയിൽ പുറത്തുകൊണ്ടുവരാനായി. ബാബ്റി മസ്ജിദ് കോമ്പൗണ്ടിലേക്ക് വിഗ്രഹമെറിഞ്ഞതും അത്‌ മുൻനിർത്തി രാമക്ഷേത്ര നിർമാണത്തിനുവേണ്ടിയുള്ള മുറവിളി ആരംഭിച്ചതും മുതൽക്കുള്ള കാര്യങ്ങൾ. ആചാര്യ നരേന്ദ്രദേവ് കോൺഗ്രസിന്റെ ലോക്‌സഭാംഗത്വം രാജിവച്ച് കോൺഗ്രസിനെതിരെ മത്സരിച്ച ഫൈസബാദ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു ഹിന്ദു സന്യാസിയെ കോൺഗ്രസ് എതിർ സ്ഥാനാർഥിയാക്കിയിരുന്നു. അയോധ്യ ആ മണ്ഡലത്തിനുള്ളിലാണ് എന്നതുകൊണ്ടുതന്നെയാണ് സന്യാസിയെ സ്ഥാനാർഥിയാക്കിയത്.ഇതടക്കമുള്ള ചരിത്രം അവിടെപ്പോയി കണ്ടെത്തി ദേശാഭിമാനിയിൽ എഴുതാൻ കഴിഞ്ഞു. എ ബി വാജ്പേയ് സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് അധികൃതർക്ക് എഴുതിക്കൊടുത്ത മാപ്പപേക്ഷയുടെ ഒറിജിനൽ കണ്ടെത്തി ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതും ആ ഘട്ടത്തിലെ സംഘപരിവാർ ചരിത്ര ഗവേഷണത്തിന്റെ ഫലമായാണ്.ദൈനംദിന പത്രപ്രവർത്തന ജോലികൾക്കിടയിൽ നാഷ ണൽ ആർക്കൈവ്സിന്റെ ഇരുണ്ട ഫയലുകൾ തപ്പിനോക്കിയത് ഈ നിലയ്ക്കൊക്കെ ദേശാഭിമാനിക്ക്‌ പ്രയോജനപ്പെടുത്താനായിട്ടുണ്ട് എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നു. എ ബി വാജ്പേയ് സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് അധികൃതർക്ക് എഴുതിക്കൊടുത്ത മാപ്പപേക്ഷയുടെ ഒറിജിനൽ കണ്ടെത്തി ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതും ആ ഘട്ടത്തിലെ സംഘപരിവാർ ചരിത്ര ഗവേഷണത്തിന്റെ ഫലമായാണ്.ദൈനംദിന പത്രപ്രവർത്തന ജോലികൾക്കിടയിൽ നാഷ ണൽ ആർക്കൈവ്സിന്റെ ഇരുണ്ട ഫയലുകൾ തപ്പിനോക്കിയത് ഈ നിലയ്ക്കൊക്കെ ദേശാഭിമാനിക്ക്‌ പ്രയോജനപ്പെടുത്താനായിട്ടുണ്ട് എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നു. ഒരു ഓണത്തിന് സദ്യയുണ്ണാനിരിക്കുമ്പോൾ ഒരു ഫോൺകോൾ! ഐഎസ്ബിടിയിൽ ബോംബുപൊട്ടി മലയാളികളടക്കം നിരവധിപേർ മരിച്ചു. സദ്യ പരിപ്പിനപ്പുറത്തേക്ക് കടന്നിരുന്നില്ല. അതവിടെ ഉപേക്ഷിച്ച് ഞാൻ ഐഎസ്ബിടിയിലേക്കു പാഞ്ഞു. തൂശനിലയ്ക്ക് മുമ്പിൽനിന്ന് ഞാൻ എടുത്തെറിയപ്പെട്ടത് ബോംബുപൊട്ടി ശരീരമാകെ ചിതറിത്തെറിച്ച് മനുഷ്യർ കിടക്കുന്ന രംഗത്തേക്കാണ്. പൂക്കളും പൂനിലാവും നിറഞ്ഞ സങ്കൽപ്പത്തിലെ ഓണത്തിൽനിന്ന് ചോരയും മാംസവും ചിതറിത്തെറിച്ച യാഥാർഥ്യത്തിലെ ഓണത്തിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. എൺപതുകളിലാണ്; വർഷം കൃത്യമായി ഓർക്കുന്നില്ല. അന്ന് പത്രപ്രവർത്തകനായി ഡൽഹിയിലായിരുന്നു ഞാൻ. ഒരുപക്ഷേ, കേരളത്തിലുള്ളവരെക്കാൾ ഓണത്തെ മനസ്സിൽ കൊണ്ടുനടക്കുന്നത് പ്രവാസികളാണ്; അവർ ഡൽഹിയിലായാലും ഗൾഫിലായായും. ജനസംസ്കൃതിയുടേതാണെന്ന്‌ തോന്നുന്നു; അന്ന് ഡൽഹിയിൽ ഒരു പൂക്കള മത്സരം. മന്ദാരം മുതൽ മുക്കുറ്റി വരെ; ചെമ്പകം മുതൽ പാരിജാതം വരെ. കാശിത്തെറ്റി മുതൽ കുടച്ചെത്തി വരെ. നന്ത്യാർവട്ടം മുതൽ ഗന്ധരാജൻ വരെ. പൂക്കളായ പൂക്കളെല്ലാം എങ്ങുനിന്നൊക്കെയൊ കൊണ്ടുവന്ന് ശിൽപ്പപ്പൊരുത്തത്തോടെ, ഏറെ വർണപ്പൊലിമയോടെ ഡൽഹിയിലെ മലയാളി സ്ത്രീകൾ പൂക്കളങ്ങളൊരുക്കിയിരുന്നു. നിറങ്ങളാൽ കൺകുളിർക്കുന്ന അനുഭവം. സൗരഭത്താൽ മനസ്സുനിറയുന്ന അനുഭവം. എല്ലാം പൂക്കളങ്ങൾ തന്നെ. അത് എടുത്തുപറയാൻ കാരണം, പൂക്കളങ്ങളായി കേരളത്തിൽ ഓണക്കാലത്ത് പ്രത്യക്ഷപ്പെടുന്നത്‌ പലതും കൽക്കളങ്ങളാണെന്നതുകൊണ്ടാണ്. ഒന്നുകിൽ നിറംപിടിപ്പിച്ച കല്ലുകൾകൊണ്ടുള്ള കളങ്ങൾ; അല്ലെങ്കിൽ നിറംപിടിപ്പിച്ച ഉപ്പുകല്ലുകൾ കൊണ്ടുള്ള കളങ്ങൾ. പൂക്കളങ്ങൾ അത്യപൂർവം മാത്രം. അതായിരുന്നില്ല ഡൽഹിയിൽ സ്ഥിതി. വാടാത്ത പൂക്കൾകൊണ്ടുള്ള വർണജാലം. അതും നിരനിരയായി. പൂക്കളങ്ങൾക്കപ്പുറത്ത് പരമ്പരാഗത കേരളീയ രീതിയിൽ വസ്ത്രം ധരിച്ച പെൺകുട്ടികളുടെ തുമ്പിതുള്ളൽ; കുമ്മിപ്പാട്ട്, തിരുവാതിരക്കളി. ആകെ മലയാണ്മ തോറ്റുപോകുന്ന കേരളീയത! വീരവിരാടകുമാരവിഭോ എന്ന കുമ്മിയടിപ്പാട്ടും അതിനൊത്തുള്ള പദചലനങ്ങളും തീർന്ന മുറയ്ക്ക്‌ ഞാൻ വീട്ടിലേക്ക്‌ തിരിച്ചു. റഫിമാർഗിലുള്ള വിതൽഭായി പട്ടേൽ ഹൗസിലാണ് ഞാനന്നു താമസം. വീട്ടിലെത്തിയപ്പോൾ സമൃദ്ധമായ ഓണസദ്യ. എല്ലാ വിഭവങ്ങളും വിളമ്പിക്കഴിഞ്ഞിരിക്കുന്നു. പരിപ്പ്, പപ്പടം, കദളിപ്പഴം, കാളൻ, ഓലൻ എന്നിങ്ങനെ കടലപ്രഥമൻ വരെ. തൂശനിലയ്ക്കുമുമ്പിൽ വന്നിരുന്നതേയുള്ളൂ. ഉടൻ ഫോൺ കോൾ. എഴുന്നേറ്റ് ചെന്ന് ഫോണെടുത്തു. ഐഎസ്ബിടിയിൽ ഒരു സ്ഫോടനം; മലയാളികൾ കൊല്ലപ്പെട്ടത്രെ. വിളമ്പിയ സദ്യയ്ക്കു മുന്നിൽനിന്ന് ഒന്നും കഴിക്കാതെ നേരെ ഇന്റർനാഷണൽ ബസ് ടെർമിനലിലേക്ക് തിരിച്ചു. ഖാലിസ്ഥാൻ പ്രസ്ഥാനവും അതിന്റെ നേതൃത്വത്തിലുള്ള വിഘടനവാദവും  ഭീകരാക്രമണങ്ങളും ഡൽഹിയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന കാലമാണത്. ഐഎസ്ബിടിയിൽ ചെന്നപ്പോൾ കണ്ടത് ചിതറിത്തെറിച്ചു കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെയാണ്. പടർന്നൊഴുകിക്കിടക്കുന്ന രക്തവും ചിതറിക്കിടക്കുന്ന മനുഷ്യമാംസവും. കിന്നരിവച്ച തൊപ്പി, കളിപ്പാട്ടം എന്നിവ പ്രത്യേകമായി കണ്ടതോർക്കുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിലേറെയും കുഞ്ഞുങ്ങളായിരുന്നു. അടങ്ങാത്ത നിലവിളികളെ പിന്നിലുപേക്ഷിച്ച് പൊലീസ് സ്റ്റേഷനിൽ പോയി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് നേരെ ഓഫീസിലെത്തി വിശദമായ വാർത്ത ‐ പത്രക്കാരുടെ ഭാഷയിൽstory അയച്ചു. അന്ന് ഉച്ചയ്ക്ക് ഉണ്ടില്ല; രാത്രിയും. കൺകളിൽ ചോരയും മാംസവും മാത്രം! മനസ്സിൽ ദയനീയമായ നിലവിളികൾ മാത്രം! എങ്ങനെ ഊണു കഴിക്കും? എന്റെ ജീവിതത്തിൽ സദ്യ ഉണ്ണാത്ത ഏക ഓണദിനം അതാണ്; അതുമാത്രമാണ്. എന്റെ ബാല്യത്തിൽ നാട്ടിൻപുറത്ത് ഓണത്തിന്‌ പ്രത്യേക തെളിച്ചമുണ്ടായിരുന്നു. പൊതുവിൽ ദാരിദ്ര്യമുണ്ടായിരുന്നു അന്ന്‌ കേരളത്തിൽ പരക്കെ. അതുകൊണ്ടുതന്നെ ഓണസദ്യ, ഓണക്കോടി എന്നിവയ്ക്ക്‌ പ്രത്യേക പദവി ലഭിച്ചു. ഇന്ന് ആ അവസ്ഥയില്ല. ജീവിതനിലവാരം ഉയർന്നു. കോടി ഓണത്തിനുമാത്രമെ എടുക്കൂ എന്നില്ല. സദ്യ ഓണത്തിനു മാത്രമെ ഒരുക്കൂ എന്നുമില്ല. അതുകൊണ്ടാവണം പഴയ പകിട്ട് ഇന്നില്ലാതായത്. അന്ന് ജീവിതാവസ്ഥയിലായിരുന്നു ദാരിദ്ര്യം. എന്നാലിന്ന് അത്‌ സംസ്കാരത്തിലായിരിക്കുന്നു. അത്‌ പ്രകടമായ വ്യത്യാസമാണ്. പൂക്കളങ്ങൾ കൽക്കളങ്ങൾക്കു വഴിമാറിയതല്ലേ. അത്‌ ജീവിതത്തിലും പ്രതിഫലിക്കാതിരിക്കുന്നതെങ്ങനെ? വ്യക്തിപരമായി എനിക്ക് ഓണം മറ്റൊരു സവിശേഷാനുഭവമാവാറുണ്ട്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി പരിചയപ്പെട്ടവരിലെ ഏറ്റവും പ്രിയപ്പെട്ടവരിലൊരാളും എന്റെ മനസ്സിൽ അന്ന്‌ കടന്നുവരാതിരിക്കില്ല. പലപ്പോഴും മനസ്സിൽ വരുന്നവരെങ്കിലും ഓണനാളിലെ ആ വരവിന് ഒരു സവിശേഷ ചാരുതയുണ്ട്. അന്ന് ആ മുഖങ്ങൾക്കു സവിശേഷമായ ഒരു പ്രകാശവിശുദ്ധിയുണ്ട്. ഞാൻ ഏതുവേഷത്തിൽ ഏതു സ്ഥലത്ത് ഏറ്റവുമൊടുവിൽ കണ്ടുവോ, അതേ വേഷത്തിൽ, അതേ സ്ഥലപശ്ചാത്തലത്തിൽ അവർ എന്റെ മനസ്സിൽ വന്നുനിൽക്കുന്നു; ആ ദിവസം. എന്റെ നിരവധി സുഹൃത്തുക്കളോട്‌ ഞാൻ ഈ അനുഭവത്തെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. എന്നാൽ, അവരിലൊരാൾക്കും ഇങ്ങനെ ഒരു അനുഭവമില്ല. ഇത് എനിക്ക് എല്ലാ ഓണത്തിനും മനസ്സിലോമനിക്കാനുള്ള എന്റേതുമാത്രമായ ഒരു അനുഭവം! 'കരളിൽ നിറഞ്ഞൊരാ പൂക്കളം മാഞ്ഞൂ; കണ്ണിൽ കരളിൽ തറഞ്ഞേപോയ് പിന്നൊരു രക്തക്കളം. ചിതറിത്തെറിച്ചത്  പൂക്കളല്ലല്ലോ,രക്ത‐ കണമിറ്റിടും മർത്ത്യമാംസ                     ഖണ്ഡങ്ങൾ ചുറ്റും...' ഞെട്ടിക്കുന്ന സമകാലിക വൈരുധ്യമാണിത്. നല്ലവരല്ലാതെയില്ല പാരിൽ എന്നും ദുഷ്ടരെ കൺകൊണ്ടുകാൺമാനില്ല എന്നും പറഞ്ഞുതന്ന ഒരു സങ്കൽപ്പത്തിൽനിന്നുള്ള വീഴ്ചയാണിത്. അപ്പോഴും അമ്മയെപ്പോലെ ഗ്രാമം വിശുദ്ധമായ ശബ്ദത്തിൽ എന്നെ മടക്കിവിളിച്ചുകൊണ്ടിരുന്നു. 'കണ്ണിലെ വെട്ടവും മങ്ങിടുന്നൂ; കാതിലെ ചെത്തവും ചെറുതാവുന്നു മണ്ണിലെ പൂവിളി കേൾപ്പീ    ലല്ലോ സാക്ഷാൽ മണ്ണു വിളിക്കുന്നു പോരൂ;                                           പോരൂ                                                                                                ഊഞ്ഞാൽക്കയറല്ല, കാലപാശത്തിന്റെ ഊരാക്കുടുക്കുകൾ കാൺമൂ മുന്നിൽ എന്നിട്ടും കാത്തിരിക്കു‐ ന്നിതമ്മ എന്തെന്റെ മാവേലീ വന്നിടാത്തൂ' നഗരത്തിൽനിന്ന് നമ്മളും പാതാളത്തിൽനിന്ന് മഹാബലിയും വർഷത്തിൽ ഒരിക്കൽ മാത്രം കേരളത്തെ തേടിയെത്തുന്നു എന്ന് തോന്നിയിട്ടുണ്ട് അന്നൊക്കെ. 'നമ്മുടെ കടലിൽ നാം താഴുമ്പോളനുഭവ‐ ജന്യമാമേതോ മണിമു‐ത്തിനായ് പരതുമ്പോൾ ഏതൊരൂഞ്ഞാലിൻ സ്നേഹമൗദാര്യം, ജന്മാന്തര തീരത്തിലെത്തിക്കുന്നു നമ്മെ, നാമറിവീല! ആടുക, നമുക്കെന്നുമാടുക, പുനർജന്മ വാടികയിലീയൂഞ്ഞാൽപ്പാട്ടുകൾ പൊട്ടുംവരെ' പക്ഷെ, അത്തരം ശുദ്ധമനസ്സുകളുടെ നനുത്ത ഊഞ്ഞാൽപ്പാട്ടുകളിൽപ്പോലും കൃത്രിമത്വത്തിന്റെ താളത്തെറ്റുകൾ വരുന്നുണ്ടോ? മുമ്പൊക്കെ തൊടികളിൽനിന്ന് കുട്ടികൾ പൂക്കൾ ശേഖരിച്ചുവന്നു. 'പുളിയിലനേർക്കര മുണ്ടുമടക്കി പൂവുനിറച്ചാളമ്മാളു' എന്നു വൈലോപ്പിള്ളി. അത്തരം പൂശേഖരണമിന്നില്ല. തമിഴ്നാട്ടിൽനിന്ന് വരുന്ന പൂക്കൾക്കായി കമ്പോളത്തിൽ കാത്തുനിൽക്കലേയുള്ളൂ. പൂ തികഞ്ഞില്ലെങ്കിലോ? കളർ പുരട്ടിയ ഉപ്പുകല്ലുകൾ പൂക്കൾക്കുപകരമാവും. ഓടലെണ്ണ വിളക്കുകൾക്ക് ആലക്തികദീപമാലകൾ പകരമാവും. ഒന്നോർത്താൽ എന്തിനും ഏതിനും പകരംവെയ്ക്കാൻ ചിലതുണ്ട് എന്നതുതന്നെയല്ലേ നമ്മുടെ ദുരന്തം? ഓണം കൊച്ചുകൊച്ചുസന്തോഷങ്ങളെ സന്തോഷങ്ങളുടെ മഹോത്സവങ്ങളാക്കി മാറ്റുന്നു. കൊച്ചുകൊച്ചു ദുഃഖങ്ങളെ ഉൽക്കട സങ്കടങ്ങളുടെ മഹാസാഗരങ്ങളാക്കി അനുഭവിപ്പിക്കുകയും ചെയ്യുന്നു. 'ഇത്തിരി സന്തോഷത്തിൻ താരദീപ്തിയിൽനിന്നും ഒത്തിരി വെളിച്ചത്തിൻ കിരണം ജനിക്കുന്നു. കൊച്ചുദുഃഖത്തിൻ മിഴിനീർക്കണത്തിൽ നി‐ന്നൊരു ദുഃഖസാഗരം വാഴ്‐വിൻ ചുറ്റുമായ്ത്തിളയ്ക്കുന്നു'. ഓണം സ്നേഹം പോലെയാണ്. കുട്ടിക്കാലത്തേ ശീലിച്ചില്ലെങ്കിൽ നമുക്ക് അതിനോട് ഒരു ആഭിമുഖ്യവുമുണ്ടാവില്ല.കുട്ടിക്കാലത്തേ ശീലിച്ചാലോ മരണത്തിനുപോലും അതിനെ മനസ്സിൽനിന്ന് മായ്ക്കാനാവുകയുമില്ല. ഓണം സ്നേഹം പോലെയാണ്. കുട്ടിക്കാലത്തേ ശീലിച്ചില്ലെങ്കിൽ നമുക്ക് അതിനോട് ഒരു ആഭിമുഖ്യവുമുണ്ടാവില്ല.കുട്ടിക്കാലത്തേ ശീലിച്ചാലോ മരണത്തിനുപോലും അതിനെ മനസ്സിൽനിന്ന് മായ്ക്കാനാവുകയുമില്ല. അജ്ഞേയമായ ഏതോ പൊരുളിന്റെ മായികസൗന്ദര്യമാണ് ഓണസങ്കൽപ്പത്തിന്. വീണ്ടെടുക്കാനായി ആ സ്വർണക്കൊടിമരത്തെ നാം തിരഞ്ഞുകൊണ്ടേയിരിക്കുന്നു. 'വെറുമൊരനുഷ്ഠാനമായാ പാട്ടുപാടി വീണ്ടും വറുതികായ്ക്കുമൂരിലേക്കു നമ്മൾ നടക്കുന്നൂ വെറുമൊരാശ്വാസത്തി‐ ന്നേതോ സ്മൃതിതടത്തിൽ തത്തി‐ ക്കെടുതികൾ തൻ   കെട്ടുമേന്തി നമ്മൾ നടക്കുന്നൂ. പ്രിയതരമായുള്ളതെല്ലാം ഒരു കിനാവിൽ കണ്ടു നിലവിളിച്ചുണർന്നു നാം ഇരുട്ടിൽ നോക്കിടുന്നൂ.' നടക്കുന്നത് വറുതിയിലേക്കാവാം; നോക്കുന്നത് ഇരുട്ടിലേക്കാവാം. എങ്കിലും നമുക്ക് പ്രിയപ്പെട്ടതിനെയെല്ലാം ചേർത്തുവച്ചുണ്ടാക്കിയ കനവായി ഈ ഓണം നമുക്ക് എന്നും കൂടെവേണം. ഇരുപുറത്തും കരകളിലെങ്കിലും നടുവിൽ നാമൂയലാടുന്നു പിന്നെയും. ഇരുവശത്തും കരകളില്ല, എന്നിട്ടും ഇരുവശത്തിനുമിടയിൽ നാം ആടിക്കൊണ്ടേയിരിക്കുക. ഇത് നിരർഥകമെന്നു തോന്നാം. എന്നാൽ, ഇതേക്കാൾ സാർഥകമായി മറ്റെന്താണുള്ളത്. അതിനിന്ദ്യമെന്ന് ആശാൻ പറഞ്ഞ ഈ നരത്വത്തെ വന്ദ്യമാക്കാൻ നമുക്ക് മറ്റെന്താണൊരു വഴി? ഈ സങ്കൽപ്പം നമുക്ക് എന്നും കൂടെ വേണം. അതിനോട് നമുക്ക് പറയുക: 'ഈ മൂടൽമഞ്ഞിൽപ്പെട്ടു മരവിച്ചുപോയാലും നീ കൂടെയുണ്ടെന്നുള്ള‐ താണെന്റെ മഹാഭാഗ്യം.'. ( തുടരും) (ദേശാഭിമാനി വാരികയിൽ നിന്ന്)   Read on deshabhimani.com

Related News