ദാരിദ്ര്യം ഇല്ലാതാക്കാൻ ആഗ്രഹിച്ച ബാലൻ



കോളേജിൽ തന്റെ പ്രധാന പഠനവിഷയമായി സാമ്പത്തികശാസ്‌ത്രം തെരഞ്ഞെടുത്തതിനെക്കുറിച്ച്‌ 12 വർഷംമുമ്പ്‌ വേൾഡ്‌ ഇക്കണോമിക്‌സ്‌ അസോസിയേഷന്റെ വാർത്താപത്രികയുടെ എഡിറ്റർ സ്റ്റുവേർട്ട്‌ ബിർക്‌സിന്‌ നൽകിയ അഭിമുഖത്തിൽ പ്രൊഫ. സി ടി കുര്യൻ പറയുന്നുണ്ട്‌. 1947–-48ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾത്തന്നെ ഇക്കാര്യത്തിൽ ബോധപൂർവം തീരുമാനമെടുത്തു എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. ഇന്ത്യ സ്വാതന്ത്ര്യം നേടിയ വർഷമായിരുന്നു അത്‌. രാജ്യം രാഷ്‌ട്രീയസ്വാതന്ത്ര്യം നേടിയ സാഹചര്യത്തിൽ സാമ്പത്തികസ്വാതന്ത്ര്യത്തിലേക്ക്‌, വിശേഷിച്ച്‌ ദാരിദ്ര്യത്തിന്റെ പിടിയിലമർന്ന ജനങ്ങളെ അതിൽനിന്ന്‌ മോചിപ്പിക്കുന്നതിലേക്ക്‌ ശ്രദ്ധ തിരിയണമെന്ന ചർച്ച പൊതുമണ്ഡലത്തിൽ ഉയർന്നുതുടങ്ങിയിരുന്നു. സാമ്പത്തികശാസ്‌ത്രം പഠിച്ചാൽ ദാരിദ്ര്യത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനും അത്‌ ഇല്ലാതാക്കുന്നതിന്‌ തന്റെ പങ്ക്‌ വഹിക്കാനും കഴിയുമെന്നായിരുന്നു ആ ബാലന്റെ പ്രത്യാശ. എന്നാൽ, നിർണായകമായ ഈ യഥാർഥ ജീവിതപ്രശ്‌നം നേരിടുന്നതിന്‌ ‘മുഖ്യധാരാ’ സാമ്പത്തികശാസ്‌ത്രം അപര്യാപ്തമാണെന്ന്‌ മനസ്സിലാക്കിയതോടെ അതിനോട്‌ താൽപ്പര്യമില്ലാതായി. ദാരിദ്ര്യത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിനുള്ള ശ്രമങ്ങളെ ‘മുഖ്യധാരാ’ സാമ്പത്തികശാസ്‌ത്രം വഴിതെറ്റിക്കുകയാണെന്ന്‌ തിരിച്ചറിഞ്ഞതോടെയാണ്‌ സി ടി കുര്യൻ ജനപക്ഷ ബദൽ സാമ്പത്തികശാസ്‌ത്രത്തിന്റെ പാതയിലെ അന്വേഷണങ്ങളിലേക്ക്‌ തിരിഞ്ഞത്‌. 2012ൽ ‘വെൽത്ത്‌ ആൻഡ്‌ ഇൽഫെയർ’ എന്ന പുസ്‌തകം പുറത്തിറങ്ങിയ വേളയിലായിരുന്നു ആ അഭിമുഖം.  ഈ പുസ്‌തകത്തെ 2014ൽ വേൾഡ്‌ ഇക്കണോമിക്‌ അസോസിയേഷൻ ലോകത്തിലെ ഏഴു പ്രധാന പുസ്‌തകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പ്രായം 90 കടന്നതിനുശേഷമുള്ള അവസാന കൃതിയുടെ (ഇക്കണോമിക്‌സ്‌ ഓഫ്‌ റിയൽ ലൈഫ്‌) മുഖവുരയിലും തന്നെ സാമ്പത്തികശാസ്‌ത്ര പഠനത്തിലേക്ക്‌ നയിച്ച ഉൽക്കണ്ഠകൾ അദ്ദേഹം വിവരിച്ചിട്ടുണ്ട്‌. മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജിലെ (എംസിസി) മാസ്‌റ്റേഴ്‌സ്‌ പഠനം കഴിഞ്ഞ്‌ യുഎസിലെ സ്റ്റാൻഫഡ്‌ സർവകലാശാലയിൽ ഡോക്ടറൽ പഠനത്തിനെത്തിയപ്പോഴാണ്‌ കുര്യനുമുന്നിൽ അന്വേഷണത്തിന്റെ പുതിയ വഴികൾ തുറന്നത്‌. പിന്നീട്‌ നൊബേൽ സമ്മാനം നേടിയ കെന്നത്‌ ആരോ അടക്കമുള്ളവർ അവിടെ അധ്യാപകരായിരുന്നു. ‘മിച്ച തൊഴിൽ’ വിഷയത്തിൽ ഹോളിസ്‌ ഷെനേറിയുടെ കീഴിലാണ്‌ ഗവേഷണം ആരംഭിച്ചത്‌. എന്നാൽ, ഷെനേറി വൈകാതെ യുഎസ്‌ പ്രസിഡന്റ്‌ ജോൺ എഫ്‌ കെന്നഡിയുടെ ഉപദേശകസമിതിയിൽ അംഗമായതിനെ തുടർന്ന്‌ മോസസ്‌ അബ്രമോവിറ്റ്‌സിനൊപ്പമാണ്‌ ഗവേഷണം തുടർന്നത്‌. ഗവേഷണത്തിന്റെ അവസാനഘട്ടത്തിലും ഡോക്ടറേറ്റ്‌ നേടി നാട്ടിലെത്തിയശേഷവും കെന്നത്ത്‌ ആരോയുമായി തന്റെ ആശയങ്ങൾ കുര്യൻ ചർച്ച ചെയ്യുമായിരുന്നു. എംസിസിയിലെ പഠനകാലംമുതൽ അരനൂറ്റാണ്ടോളം ചെന്നൈയിലായിരുന്നു വാസം. 2003ൽ 72–-ാംവയസ്സിൽ അക്കാദമിക്‌ ജീവിതത്തിൽനിന്ന്‌ വിരമിക്കാൻ തീരുമാനിച്ചശേഷം ബംഗളൂരുവിലേക്ക്‌ താമസം മാറ്റി. പിന്നീട്‌ ഒരുദശകത്തോളം കഴിഞ്ഞ്‌ വീട്ടുകാരുടെ നിർബന്ധത്തിന്‌ വഴങ്ങിയാണ്‌ ‘വെൽത്ത്‌ ആൻഡ്‌ ഇൽഫെയർ’ എഴുതിയത്‌. 1991ലെ സാമ്പത്തിക പരിഷ്‌കരണാനന്തര ഇന്ത്യൻ ജീവിതത്തെപ്പറ്റി സാധാരണക്കാർക്കുവേണ്ടിയായിരുന്നു അത്‌. പിന്നെയും ഒരുപതിറ്റാണ്ട്‌ കഴിഞ്ഞ്‌ എഴുതിയ അവസാന കൃതിയിലാകട്ടെ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ നിത്യജീവിത യാഥാർഥ്യങ്ങളാണ്‌ പ്രതിപാദ്യം. ബംഗളൂരുവിലേക്ക്‌ താമസം മാറ്റിയപ്പോൾ തന്റെ അക്കാദമിക്‌ പുസ്‌തകശേഖരം  എംസിസിക്കും മദ്രാസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിനും സംഭാവന ചെയ്‌തിരുന്നതിനാൽ ഓർമയെയും ഇന്റർനെറ്റിനെയുമാണ്‌ കൂടുതൽ ആശ്രയിച്ചതെന്ന്‌ അദ്ദേഹം എഴുതിയിട്ടുണ്ട്‌. ഇത്തരത്തിൽ കൗമാരംമുതൽ നവതിവരെ നാടിനും സാധാരണ മനുഷ്യർക്കുംവേണ്ടി ചിന്തിച്ച മനീഷിയാണ്‌ ഓർമയായത്‌. Read on deshabhimani.com

Related News