പുത്തേട്ടെ പായും പുലികൾ
‘മൂന്ന് വനിതകൾ ലോറിയോടിച്ച് യുപിയിലേക്ക്'. യുട്യൂബിൽ തരംഗമായ ഒരു വീഡിയോയുടെ തമ്പ്നെയിലാണിത്. കോട്ടയം ഏറ്റുമാനൂരിലെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് സൂപ്പർ ഡ്രൈവർമാർ. തങ്ങളുടെ സ്വന്തം പുത്തേട്ട് ട്രക്കുകളുമായി ഇന്ത്യൻ നിരത്തുകൾ കൈയടക്കാൻ ഒരുങ്ങിയ മൂന്ന് ലേഡി ഡ്രൈവർമാർ; ജലജ രതീഷും മകൾ ദേവിക രതീഷും ജലജയുടെ സഹോദര ഭാര്യയായ സൂര്യയും. ഇവരും ഇവരുടെ പുത്തേട്ട് ട്രാവൽ വ്ളോഗും നവമാധ്യമങ്ങളിൽ താരമാണ്. കൂട്ടത്തിലെ മെയിൻ ഡ്രൈവറായ ജലജ രതീഷിന്റെ വഴി പിന്തുടർന്നാണ് മറ്റ് രണ്ടു പേരും നിരത്തുകളിലേക്കിറങ്ങിയത്. ജലജയാണ് താരം സ്ത്രീകൾക്ക് കടന്നുവരാൻ പറ്റാത്ത മേഖലകൾ ഒന്നുമില്ല; എല്ലാത്തിനും സ്ത്രീകൾ കരുത്തരാണ്. ഡ്രൈവിങ് സീറ്റിൽ ഇരുന്ന് ഇത് പറയുമ്പോൾ ഏറ്റുമാനൂർകാരി ജലജയുടെ മുഖത്ത് ആത്മവിശ്വാസം. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും രണ്ട് ഇതരരാജ്യങ്ങളിലും ഗുഡ്സ് ട്രക്ക് ഓടിച്ച് നേടിയെടുത്ത കരുത്തുകൂടിയാണ് ആ വാക്കുകളിലുള്ളത്. യാത്രയോടുള്ള ആവേശമാണ് ജലജയെ വളയം പിടിക്കാൻ പ്രേരിപ്പിച്ചത്. കശ്‌മീർ കാണണമെന്ന മോഹം ലോറി ബിസിനസുള്ള ഭർത്താവ് രതീഷിനോട് പങ്കുവച്ചപ്പോൾ ലോറി ഓടിക്കാൻ തയ്യാറെങ്കിൽ പോകാം എന്നായി മറുപടി. എങ്കിൽ അങ്ങനെയാകട്ടെ എന്നായി ജലജയും. അങ്ങനെ സ്ഥലങ്ങൾ കാണാനുള്ള മോഹം ജലജയെ പ്രൊഫഷണൽ ഡ്രൈവറാക്കി. ആദ്യം നേരിയ ഭയം ഉണ്ടായിരുന്നു. ഹെവി ലോഡുള്ള വണ്ടി ഓടിക്കുന്നതിന്റെയും ദിവസങ്ങളും മാസങ്ങളും നീളുന്ന യാത്രയുടെയും അലച്ചിലിന്റെയുമൊക്കെ ആശങ്കകളുണ്ടായിരുന്നു. പക്ഷേ, വളയം കൈയിലൊതുങ്ങിയതോടെ എല്ലാം മാറി. കൂടെ ഭർത്താവിന്റെയും മക്കളുടെയും കുടുംബത്തിന്റെയും കട്ട സപ്പോർട്ടും. ഇപ്പോൾ കിലോമീറ്ററുകളും ലോഡിന്റെ വലിപ്പവും ഒന്നും ജലജയെ ബാധിക്കാറില്ല. എത്ര നേരം വേണമെങ്കിലും ഡ്രൈവിങ്ങിന് തയ്യാറാണ് ജലജ. ബംഗാൾ പൊലീസിന്റെ ‘സിലിഗുരി ദീദി’ ഇതരസംസ്ഥാനങ്ങളിൽ ജലജയ്‌ക്ക് ആരാധകർ ഏറെയാണ്. വണ്ടി കൈകാട്ടി നിർത്തിച്ച് ധാരാളം പേർ സെൽഫി എടുക്കാറുണ്ട്. പശ്ചിമബംഗാൾ പൊലീസിലുമുണ്ട് ജലജയുടെ ഫാൻസ്, അവർ ഒരു പേരും നൽകിയിട്ടുണ്ട് ‘സിലിഗുരി ദീദീ’. സിലിഗുരി ടൗണിൽക്കൂടി ലോറിയുമായി കടന്നുപോകുന്ന ജലജയുടെ ചിത്രം ഒരു പൊലീസ് ഉദ്യോഗസ്ഥൻ അവരുടെ വാട്‌സാപ് ഗ്രൂപ്പിൽ പങ്കുവച്ചു. ഇതിനുശേഷം ബംഗാളിൽ എവിടെ ലോഡുമായി എത്തിയാലും ‘സിലിഗുരി ദീദി’യെ പൊലീസുകാർ തിരിച്ചറിഞ്ഞ് സ്വീകരിക്കാറുണ്ട്. മിക്കവാറും സംസ്ഥാനങ്ങളിലെ എല്ലാ പൊലീസ്, ആർടിഒ ഉദ്യോഗസ്ഥരും ജലജയുടെ പരിചയക്കാരാണ്. യാത്രകളിൽ പല ബുദ്ധിമുട്ടുകളും നേരിടാറുണ്ടെന്ന് ജലജ പറയുന്നു. വൃത്തിയില്ലാത്ത ടോയ്‌ലറ്റുകളും ഉള്ളത് ഉപയോഗിക്കാൻ സമ്മതിക്കാത്തതും വനിതയായതിനാൽ ചില കമ്പനികൾക്ക് ഉള്ളിൽ പ്രവേശനം നിഷേധിക്കുന്നതുമൊക്കെ പ്രധാന പ്രശ്‌നങ്ങളാണ്. മുത്ത് ഡ്രൈവറും സൈക്കിൾ ചവിട്ടാത്ത സൂര്യയും ജലജയുടെയും രതീഷിന്റെയും മകളായ മുത്ത് എന്ന് വിളിക്കുന്ന ദേവികയും പുത്തേട്ടെ സ്ഥിരം ഡ്രൈവറാണ്. ലോറിയിൽ പോകാൻ തുടങ്ങിയ ശേഷമാണ് ക്ഷമ പഠിച്ചതെന്ന് ദേവിക പറയുന്നു. ചിലപ്പോൾ ദിവസങ്ങളോളം ലോഡിനുവേണ്ടി കാത്തുകിടക്കണം. മാസങ്ങളോളം റോഡിൽ കഴിച്ചുകൂട്ടണം. ഇങ്ങനെയൊക്കെ നല്ല ക്ഷമ വേണ്ട ഇടമാണ് ലോറി ലൈഫ്. ലൈസൻസ് എടുക്കാനായി 20 വയസ്സാകുന്നതും കാത്തിരിക്കുകയായിരുന്നു. അച്ഛനാണ് ഡ്രൈവിങ്ങിലെ മാതൃക. 20–-ാം പിറന്നാൾ ദിവസം ആശംസ പറയുംമുമ്പേ ലൈസൻസിന് അപേക്ഷിക്കാൻ പറഞ്ഞ ആളാണ് അച്ഛനെന്ന് ദേവിക പറയുന്നു. വീഡിയോ ഒക്കെ കണ്ടതോടെ കോളേജിലൊക്കെ അധ്യാപകരും സുഹൃത്തുക്കളുമെല്ലാം നല്ല സപ്പോർട്ടാണ്. എറണാകുളം രാജഗിരി കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ് ദേവിക. ‘ഒരു സൈക്കിൾപോലും ചവിട്ടാനറിയാത്ത ഞാൻ വലിയ വണ്ടിയോടിക്കുമെന്ന് സ്വപ്‌നത്തിൽപ്പോലും വിചാരിച്ചില്ല’. രണ്ടരവയസ്സുള്ള കുഞ്ഞുമായി അതിർത്തികൾ താണ്ടി ലോഡിറക്കിയ സൂര്യ ഇങ്ങനെയാണ് പ്രതികരിക്കുന്നത്. ജലജ വണ്ടിയോടിക്കുന്നത് കണ്ടിട്ടാണ് ഇത് തനിക്കും പറ്റുന്ന പണിയാണെന്ന തോന്നൽ സൂര്യക്കും ഉണ്ടായത്. പിന്നെ യാത്ര ചെയ്യാനുള്ള ആഗ്രഹവും കൂടിയായപ്പോൾ ലൈസൻസ് എന്ന കടമ്പ അതിവേഗം താണ്ടി. അച്ഛനും അമ്മയുംപോലും വണ്ടിയോടിക്കുമെന്ന് പറഞ്ഞിട്ട് വിശ്വസിച്ചില്ല. മക്കളായ ഗംഗയും ദക്ഷയും ഭർത്താവ് രാജേഷും കൂടെ ചേർന്നപ്പോൾ കാര്യങ്ങൾ ഉഷാർ. മൂത്ത മകൾ കുഞ്ഞിക്കിളി എന്ന് വിളിക്കുന്ന നാലാം ക്ലാസ് വിദ്യാർഥി ഗംഗയാണ് ഇവരുടെ യാത്രകളിലെ പ്രധാന അസിസ്റ്റന്റ്. രണ്ടര വയസ്സുള്ള ദക്ഷയെയും കൂട്ടിയാണ് യാത്രകൾ. ട്രാവൽ വ്‌ളോഗറെന്ന ആശയം യാത്രകൾ പതിവായതോടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വീഡിയോകളും ഫോട്ടോകളും ചോദിച്ചു തുടങ്ങി. അങ്ങനെയാണ് ഈ കാഴ്‌ചകൾ എല്ലാവർക്കുമായി പങ്കുവച്ചാലെന്തെന്ന ചിന്ത ഉണ്ടാകുന്നത്. ആ ചിന്ത എത്തിനിന്നത് പുത്തേട്ട് ട്രാവൽ വ്‌ളോഗ് എന്ന യുട്യൂബ് ചാനലിലാണ്. ആദ്യമൊക്കെ വീഡിയോ പങ്കുവയ്‌ക്കാൻ മടിയായിരുന്നു. പിന്നീട് ഇത് ലോഡിങ്ങിനേക്കാൾ പ്രധാന ചുമതലയായി മാറി. ഒരു ദിവസം വീഡിയോ കണ്ടില്ലെങ്കിൽ നിരവധി അന്വേഷണങ്ങളാണ് വരുന്നത്. യാത്രയിൽ കാണുന്ന കാഴ്‌ചകളും കണ്ടുമുട്ടുന്ന മനുഷ്യരെയും അവരുടെ ജീവിതങ്ങളുമൊക്കെ ഒട്ടും ആലങ്കാരികമല്ലാതെ പങ്കുവയ്‌ക്കുന്നതുകൊണ്ട് കാഴ്‌ചക്കാരും ഏറി. ലോറി ജീവിതത്തിലെ ബുദ്ധിമുട്ടുകളും നേട്ടങ്ങളും പ്രതിസന്ധികളുമൊക്കെ ഒരുപോലെ പങ്കുവയ്‌ക്കുന്നുണ്ട്. ലോറിയിലെ ജീവനക്കാരും പുത്തേട്ടെ കുടുംബാംഗങ്ങൾ തന്നെയാണ്. അവരുടെ വിശേഷങ്ങളും യാത്രയ്‌ക്കിടയിൽ ഉണ്ടാകുന്ന തമാശകളും സന്തോഷങ്ങളും എല്ലാം കാഴ്‌ചയ്‌ക്ക് മാറ്റു കൂട്ടുന്നുണ്ട്. ജീവനക്കാരായ ചായിയും ജോബിയും അജേഷും ആകാശുമൊക്കെ വീഡിയോകളിലെ സ്ഥിരം സാന്നിധ്യമാണ്. ഇപ്പോൾ മൂന്നരലക്ഷത്തിലേറെ വരിക്കാർ ചാനലിനുണ്ട്. കൂട്ടുകുടുംബമായ പുത്തേട്ടെ വീട്ടുവിശേഷങ്ങൾമാത്രം പങ്കുവയ്‌ക്കുന്ന പുത്തേട്ട് ഫാമിലി വ്‌ളോഗ് എന്ന ചാനലും സജീവമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചരക്ക് ലോറി ഓടിച്ച വനിത എന്ന റെക്കോഡിലേക്കാണ് ഇനി ജലജയുടെ പ്രയാണം. ഒപ്പം പുത്തേട്ടെ നാലാമത്തെ വനിതാ ഡ്രൈവറാകാൻ ഇളയ മകൾ ഗോപിക ലൈസൻസ് തേടുന്നതും കാത്തിരിക്കുകയാണ്. Read on deshabhimani.com