മാലിന്യനീക്കം ; റെയിൽവേക്കറിയാം, എന്നിട്ടും...
തിരുവനന്തപുരം തങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ മാലിന്യനീക്കത്തിന്റെ ഉത്തരവാദിത്വം അറിയാമായിരുന്നിട്ടും കടമ നിർവഹിക്കാതെ റെയിൽവേ അധികൃതർ. മാലിന്യനീക്കം സംബന്ധിച്ച സർക്കാർ നിർദേശങ്ങൾ അംഗീകരിക്കാനോ യോഗങ്ങളിൽ പങ്കെടുക്കാനോ റെയിൽവേ തയ്യാറാകുന്നില്ല. 2011 സെപ്‌തംബർ 13ന് ജനറൽ മാനേജർമാർക്ക് അയച്ച സർക്കുലറിൽ മാലിന്യ സംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. പരിധിയിലുള്ള പ്രദേശങ്ങളിലും ട്രെയിനുകളിലും മാലിന്യ സംസ്കരണം നടത്തേണ്ടതിന്റെ സുദീർഘ നിർദേശങ്ങളും സർക്കുലറിലുണ്ട്. എന്നിട്ടും, മാലിന്യനീക്കത്തിൽ ഗുരുതര അലംഭാവമായിരുന്നു. തിരുവനന്തപുരം ഡിവിഷനുകീഴിലുള്ള 30 സ്റ്റേഷനുകളിൽ ആറിടത്ത് മാത്രമാണ് മാലിന്യ സംഭരണി. ചെറിയ സ്റ്റേഷനുകളിൽ അതുമില്ല. ശേഖരിക്കുന്ന മാലിന്യം എവിടേയ്‌ക്ക് മാറ്റണമെന്നത് കൃത്യമായ ധാരണയില്ല. സംഭരണികൾ സ്ഥാപിച്ച സ്ഥലങ്ങളിൽ മാലിന്യം കുമിഞ്ഞുകിടക്കുന്നു. മാലിന്യനീക്കത്തിൽ നടപടിയെടുക്കാൻ സർക്കാർ പലതവണ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. ജനുവരി 25ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയറുമായി പ്രാഥമിക ചർച്ച നടത്തി. പാലക്കാട്, തിരുവനന്തപുരം ഡിആർഎമ്മുമാർക്ക് അഡീണൽ ചീഫ് സെക്രട്ടറി കത്തയച്ചു. തിരുവനന്തപുരം ഡിവിഷൻ ഇതുവരെ കത്തിന് മറുപടി നൽകിയിട്ടില്ല. മാലിന്യസംസ്കരണത്തിൽ ദ്രുത അവലോകനവും സംസ്ഥാന സർക്കാർ നടത്തിയിരുന്നു. പ്രതികരണമാവശ്യപ്പെട്ട് റിപ്പോർട്ടും നൽകി. ഏപ്രിൽ ഒന്നിന് റെയിൽവേ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ യോഗം വിളിച്ചു. ഇതിൽ രണ്ട് ഡിവിഷണൽ മാനേജർമാരും പങ്കെടുത്തില്ല. പകരം പാലക്കാട് സീനിയർ ഡിവിഷണൽ എൻജിനീയറും തിരുവനന്തപുരം അസി. ഹെൽത്ത് ഓഫീസറുമാണ് പങ്കെടുത്തത്. അടുത്ത യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കാൻ നിർദേശം നൽകി. അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും പാലക്കാട് ഡിവിഷൻ നൽകിയില്ല. രണ്ട് തവണ കോർപറേഷൻ നൽകിയ നോട്ടീസ് അവഗണിച്ചു. നഗരസഭാ സെക്രട്ടറി നേരിട്ടെത്തി മാലിന്യനീക്കത്തിന് നിർദേശിച്ചിട്ടും കുലുക്കമുണ്ടായില്ല. നിയമനടപടിക്കായി നോട്ടീസ് നൽകിയപ്പോഴാണ് മാലിന്യനീക്കം കരാറുകാരനെ ഏൽപ്പിച്ചത്. Read on deshabhimani.com