ചെമ്പതാക പൂത്തുലഞ്ഞു ; ചരിത്രമെഴുതി ദേശീയ പാതയോരം



കണ്ണൂർ ജനസാഗരമേന്തിയ ചെമ്പതാകകളാൽ ചരിത്രമെഴുതി ദേശീയ പാതയോരം.  സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ വിളംബരമായി വെള്ളിയാഴ്‌ച വൈകിട്ട്‌ നടന്ന റെഡ്‌ ഫ്‌ളാഗ്‌ ദിനാചരണത്തിൽ  ദേശീയ പാത ചെമ്പട്ടണിഞ്ഞു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബുവും ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ് മരിച്ചുവീണ തലശേരി ജവഹർഘട്ട്‌ മുതൽ കണ്ണൂർ കാൽടെക്‌സിലെ എ കെ ജി പ്രതിമവരെ 23 കിലോമീറ്ററാണ്‌ ചെങ്കൊടിയേന്തിയ  മനുഷ്യർ ചരിത്രം കുറിച്ചത്‌.   23 കിലോമീറ്റർ നീളമുള്ള പതാകയേന്തിയുള്ള പരിപാടി ചരിത്രത്തിലെ ആദ്യസംഭവമെന്ന നിലയിൽ യൂണിവേഴ്‌സൽ റെക്കോർഡ്‌ ഫോറ (യുആർഎഫ്‌)ത്തിന്റെ റെക്കോർഡിനും അർഹമായി. കരിവെള്ളൂർ രക്തസാക്ഷി സ്മാരകം മുതൽ മാഹി പൂഴിത്തലയിൽ പ്രത്യേകം ഒരുക്കിയ ചെറുകല്ലായി രക്തസാക്ഷി കവാടംവരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളിലും 150 മീറ്റർ വീതം നീളമുള്ള ചെങ്കൊടിയേന്തി ജനങ്ങൾ അണിനിരന്നു. തലശേരിയിൽ രക്തസാക്ഷി സ്മാരകം മുതൽ മാഹി പൂഴിത്തലയിൽ ചെറുകല്ലായി രക്തസാക്ഷി കവാടംവരെയും പ്രധാന കേന്ദ്രങ്ങളിൽ ജനങ്ങൾ ചെങ്കൊടിയേന്തി. ആകെ  82 കിലോമീറ്ററിറിലാണ്‌ റെഡ്‌ഫ്‌ളാഗ്‌ പരിപാടി നടന്നത്‌.     തലശ്ശേരി ജവഹർഘട്ടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും എ കെ ജി സ്‌ക്വയറിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജനും മന്ത്രി എം വി ഗോവിന്ദനും ആദ്യ കണ്ണിയായി.  ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ്‌, കെ പി സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.   കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി കരിവെള്ളൂരിലും കെ കെ ശൈലജ മാഹിയിലും ആദ്യ കണ്ണികളായി.  പാർടി കോൺഗ്രസിന്റെ മുന്നോടിയായി ആരംഭിച്ച അന്താരാഷ്‌ട്ര പുസ്‌തകോത്സവ വേദിയിൽ യുആർഎഫ്‌ ജൂറി അംഗം സുനിൽ ജോസഫ്‌ ഗിന്നസ്‌ റെക്കോർഡ്‌ പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജന്‌ മെഡലും സർട്ടിഫിക്കറ്റും കൈമാറി. Read on deshabhimani.com

Related News