മഞ്ഞക്കൊന്നയെ എന്ത് ചെയ്യും



കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് 2013ൽ നടത്തിയ സർവേ പ്രകാരം കരയിൽ ജീവിക്കുന്ന 82 അധിനിവേശസസ്യങ്ങളുണ്ട് കേരളത്തിൽ. ഇവയെല്ലാംതന്നെ ഒരേപോലെ അപകടകാരികളല്ല. എന്നാൽ, വലിയ അപകടമുണ്ടാക്കുന്ന സസ്യങ്ങളിൽ ഇന്ന് ഏറെ മുന്നിൽ എത്തിയിട്ടുള്ളത് സെന്ന സ്പെക്ടബിലൈസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന മഞ്ഞക്കൊന്നയാണ്. വയനാട് ജില്ലയിലെ കാടുകളിലും അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലെ കാടുകളിലും വ്യാപകമായി പടർന്നുപിടിച്ചുകഴിഞ്ഞു ഈ മരം.     രാസതന്മാത്രകൾ മഞ്ഞക്കൊന്ന  ഉൽപ്പാദിപ്പിച്ച്‌ മണ്ണിലേക്ക് എത്തിക്കുന്ന നിരവധിയായ രാസതന്മാത്രകളാണ് അതിനു ചുറ്റും പുല്ലുപോലും മുളയ്‌ക്കാൻ സാധ്യത ഇല്ലാതാക്കുന്നത്. വെട്ടിക്കളഞ്ഞാൽ നിരവധി തണ്ടുകളായി അത് വളർന്നുവരും. ഈ മരത്തിന്റെ വിത്തല്ലാതെ മറ്റൊരു ശരീരഭാഗവും സസ്യഭുക്കുകൾക്ക് ഭക്ഷിക്കാനാകില്ല. അവ ഭക്ഷണം തേടിയിരുന്ന ഇടങ്ങളൊക്കെ മഞ്ഞക്കൊന്ന നിറയുമ്പോൾ അവർ ഭക്ഷണത്തിനായി പുതിയ ഇടങ്ങളിലേക്ക് മാറും. അവർ മാറുമ്പോൾ സ്വാഭാവികമായും മാംസഭുക്കുകളായ പുലിക്കും കടുവയ്ക്കുമൊക്കെ പുതിയ ഇടങ്ങളിലേക്ക് മാറേണ്ടി വരും. സസ്യഭുക്കുകൾ മാറുന്നതുപോലെയല്ല മാംസഭുക്കുകൾ മാറുന്നതുകൊണ്ടുള്ള ഫലങ്ങൾ. കൃത്യമായി അതിരു സൂക്ഷിക്കുന്ന ഇടംവിട്ട്‌ മാംസഭുക്കുകൾ മാറുമ്പോൾ അവർ കടക്കുക മറ്റൊരു മാംസഭുക്കിന്റെ ഇടത്തിലേക്കാണ്. അത് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷത്തെ കൂടുതൽ സങ്കീർണമാക്കും. അലങ്കാരമായി വന്നു മധ്യ അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കുള്ള മൂന്നിൽ രണ്ടു ഭാഗം, മെക്സിക്കോയുടെ തെക്കൻ പകുതി- ഈ ഇടങ്ങളാണ്‌ മഞ്ഞക്കൊന്നയുടെ സ്വദേശം. അലങ്കാര സസ്യമായിട്ടാണ് സസ്യം ഇന്ത്യയിലേക്ക് എത്തുന്നത്. കേരളത്തിലേക്ക് അത് എത്തുന്നതാകട്ടെ സാമൂഹ്യവനവൽക്കരണ പദ്ധതിയിലൂടെയും. വിത്തായിരിക്കുമ്പോഴും ചെറുതൈയായിരുക്കുമ്പോഴും സൂക്ഷിച്ചു നോക്കിയില്ലെങ്കിൽ കണിക്കൊന്നയെന്ന്  തെറ്റിദ്ധരിക്കാവുന്നതാണിത്‌. ഈ തെറ്റിദ്ധാരണയാണ് കണിക്കൊന്നയാണെന്നു കരുതി വഴിയരുകിലൊക്കെ മഞ്ഞക്കൊന്ന നടാൻ കാരണമായത്. ഇന്നിപ്പോൾ വയനാട്ടിൽ മാത്രമല്ല തേക്കടിയിലും നെല്ലിയാമ്പതിയിലുമൊക്കെ മഞ്ഞക്കൊന്ന കാണാം. പക്ഷേ, വനത്തിനുള്ളിൽ അതിന്റെ വ്യാപനം ഏറ്റവും ഭീകരമായിത്തീർന്നത് വായനാട്ടിലാണ്. നിയന്ത്രണം ശ്രമകരം മഞ്ഞക്കൊന്നയെ നിയന്ത്രിക്കാൻ പല മാർഗങ്ങളും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മരത്തിന്റെ തൊലി ചെത്തിമാറ്റിയിട്ടോ തടി ഡ്രിൽ ചെയ്തിട്ടോ അവിടെ രാസകളനാശിനി പ്രയോഗിക്കുക എന്നതായിരുന്നു അതിലൊന്ന്. വലിയ അളവിൽ കളനാശിനി സംരക്ഷിത വനപ്രദേശങ്ങളിൽ ഉപയോഗിക്കുന്നത് നിരവധിയായ പാർശ്വഫലങ്ങളാണ് ഉണ്ടാക്കുക. മഞ്ഞക്കൊന്ന ഉണങ്ങിയാലും തദ്ദേശീയമായ സസ്യങ്ങൾ വളർന്നുവരുന്നതിനെ തടയുക മാത്രമല്ല വന്യജീവികൾക്ക് ജീവനു ഭീഷണിയാകാനും കാരണമാകും. മരം ഒന്നാകെ പറിച്ചു മാറ്റുക എന്നതാണ് മറ്റൊരു രീതി. വലിയതോതിൽ ജെസിബി പോലുള്ള യന്ത്ര ഉപയോഗം കാട്ടിനകത്ത്‌ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമല്ല മണ്ണൊലിപ്പിനും ഇത് കാരണമാകും. മരം പിഴുത് മാറ്റുന്നതിനിടയിൽ വേര് പൊട്ടി മണ്ണിനടിയിലിരുന്നാൽ അവിടെനിന്ന് പുതിയ മരം മുളച്ചുവരികയും ചെയ്യും. തമിഴ്‌നാട്ടിൽ പേപ്പർ ഉണ്ടാക്കുന്ന കമ്പനികൾക്ക് മരം മുറിച്ചെടുക്കാൻ അനുവാദം കൊടുത്തുകഴിഞ്ഞു. അങ്ങനെ മുറിക്കുമ്പോൾ ബാക്കിയാകുന്ന കുറ്റിയിൽനിന്ന്‌ വീണ്ടും മുളപൊട്ടാതിരിക്കാൻ പ്ലാസ്റ്റിക്കിന്റെ ആവരണംകൊണ്ട്‌ അത് മൂടുകയാണ് ചെയ്യുന്നത്. ഡീബാർക്കിങ് ഒരിടത്തെ മഞ്ഞക്കൊന്നകളത്രയും ഇല്ലാതാക്കാനുള്ള വിജയകരമായ ആദ്യ പരീക്ഷണം നടന്നത് പെരിയാർ ടൈഗർ റിസെർവിന്റെ ഭാഗമായ   കൊക്കറ ഫോറസ്റ്റ്‌ സ്റ്റേഷന്റെ പരിധിയിലാണ്. 69 വലിയ മഞ്ഞക്കൊന്ന മരങ്ങളാണ് ഉണ്ടായിരുന്നത്. എല്ലാ മരങ്ങളുടെയും നെഞ്ചളവുമുതൽ താഴേക്കുള്ള തൊലിയത്രയും വേരുകൾ തുടങ്ങുന്നത്ര താഴെവരെ ചീന്തി എടുത്തു. ഡീബാർക്കിങ് എന്ന ഈ പ്രക്രിയ ചെയ്തശേഷം എല്ലാ മാസവും ആ മരങ്ങൾ നിരീക്ഷിക്കപ്പെട്ടു. വളരെ പെട്ടെന്നുതന്നെ മുകളിലെ  മുറിച്ചുമാറ്റാത്ത തൊലിയിൽനിന്ന് താഴെവരെ പെൻസിൽ വണ്ണത്തിൽ വേരുകൾക്കുമേലുള്ള തൊലിയുമായി ബന്ധിപ്പിക്കുന്ന വളർച്ച മരം  സൃഷ്ടിച്ചു. അതിജീവനത്തിനായുള്ള ഈ ശ്രമത്തെ എല്ലാ മാസവും വളർച്ചയെ മുറിച്ചുമാറ്റിക്കൊണ്ടാണ് നേരിട്ടത്. 15 മാസം കഴിഞ്ഞപ്പോൾ മരങ്ങളിൽ 65 ശതമാനത്തോളം പൂർണമായും ഉണങ്ങിയിരുന്നു. 32 ശതമാനം മരങ്ങൾ മിക്കവാറും ഉണങ്ങിയെങ്കിലും പുതിയ നാമ്പുകൾ ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. വലിയ അതിജീവനശേഷിയുള്ള മരമാണ് മഞ്ഞക്കൊന്ന. അതിനെ ഇല്ലാതാക്കാൻ വേണ്ട സമയം ഏകദേശം 15 മാസമാണ്. അതിനുമുന്നേ ഡീബാർക്കിങ് ഫലപ്രദമല്ല എന്ന വിലയിരുത്തൽ ഉണ്ടാകുന്നതാണ് പലപ്പോഴും മറ്റു രീതികൾ അവലംബിച്ചത്‌. അധിനിവേശസസ്യങ്ങൾ രണ്ടു തരത്തിലുള്ള പ്രശ്നങ്ങൾക്കാണ് കാരണമാകുക. ഒന്ന്, ആ സസ്യങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. രണ്ടാമതായി, അതിനെ ഇല്ലാതാക്കാൻ അപകടകരമായ മാർഗങ്ങൾ അവലംബിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഈ രണ്ടു പ്രശ്നങ്ങളും ഗൗരവമായി കാണണം. (കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ്‌ സയന്റിസ്റ്റാണ്‌ ലേഖകൻ) Read on deshabhimani.com

Related News