വാണിജ്യ കലാ സിനിമകൾക്കിടയിലെ തന്റേടം
നേർരേഖാ കഥാകഥനത്തിന്റെയും പരമ്പരാഗത പരിചരണത്തിന്റെയും ഔചിത്യങ്ങൾ കുടഞ്ഞെറിഞ്ഞു ശ്യാംബെനഗൽ. വാണിജ്യ‐ കലാ ചിത്രങ്ങൾക്കിടയിലെ തന്റേടം. ജനപ്രിയ ഫോർമുലാ ചലച്ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വഴിതേടിയ സംവിധായകർക്കിടയിലാണ് ബെനഗൽ സ്വയം സ്ഥാനപ്പെടുത്തിയത്. സിനിമയെടുക്കുമ്പോൾ മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നതെന്നും പറഞ്ഞു. ഇന്ത്യൻ സിനിമയുടെ ഉൽപ്രേരകം, 1970കളിലെ സമാന്തര ധാരയുടെ ആദ്യ പഥികരിലൊരാൾ എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം പ്രേക്ഷകരെയും കമ്പോളത്തെയും വേർതിരിച്ചു കണ്ടു. അഭിരുചികൾ മനസ്സിലാക്കാതെ ഒരു ഇടപെടലും ഫലപ്രദമാകില്ലെന്നും പ്രഖ്യാപിച്ചു. അത്തരമൊരു തിരിച്ചറിവിലൂടെ മാത്രമേ യഥാർഥ പ്രേക്ഷകരിലേക്ക് എത്താനാകൂവെന്നും പറഞ്ഞു. ആദ്യചിത്രം "അങ്കുറി'ന് വിതരണക്കാരെ കിട്ടാതെ 13 വർഷം അലയേണ്ടിവന്നു. പിന്നീട് ഒരു കമ്പനി ഏറ്റെടുത്തതിനെ, ഫലിതം പുരട്ടി "ചരിത്രപരമായ അത്യാഹിതം' എന്നാണ് പറഞ്ഞത്. ചരിത്രവും സമകാലികാനുഭവങ്ങളും ആ അന്വേഷണങ്ങളുടെ ഹൃദയമായി. പ്രശസ്തമായ നിരവധി ഡോക്യുമെന്ററികൾ അതിന്റെ സാഫല്യവും. സ്വാതന്ത്ര്യത്തിന്റെ നിരർഥകതയും ഗ്രാമീണ ദാരിദ്ര്യത്തിന്റെ ദൈന്യതയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിമർത്താടലും ലൈംഗിക ചൂഷണത്തിന്റെ മീശവെപ്പുമെല്ലാം ഫീച്ചർ സംരംഭങ്ങൾക്ക് പ്രചോദനമായി. അമിതനഗരവൽക്കരണത്തിൽ ഞെരിഞ്ഞമരുന്നവർ എപ്പോഴും അവയുടെ കേന്ദ്രത്തിലുണ്ടായി. 60ശതമാനം ജനങ്ങളും ദാരിദ്ര്യക്കയത്തിൽ വെന്തുരുകുകയാണെന്ന് പറഞ്ഞ ബെനഗൽ ഇന്ത്യയുടെ ഹൃദയമെന്ന് ഗാന്ധിവിശേഷിപ്പിച്ച ഗ്രാമങ്ങളുടെ ദുർഗതി ഓർമിപ്പിച്ചു. ജീവിതം താറുമാറായ സാധാരണക്കാരുടെ സൂക്ഷ്മ പ്രതിഫലനങ്ങളായി ആ ക്യാമറക്കാഴ്ചകൾ. സത്യജിത് റേ ഇക്കാര്യത്തിൽ പ്രേരണയും ഉത്സാഹവുമായി. വിദ്യാർഥിയായിരിക്കെ റേയുടെ സിനിമകൾ കണ്ടതും ഓർമക്കുറിപ്പിൽ എഴുതി. 1973നും 76നുമിടയിൽ അങ്കുർ, നിശാന്ത്, മന്ഥൻ എന്നിവയുമായി ബെനഗൽ ശക്തമായ സാന്നിധ്യമറിയിച്ചു. ഗ്രാമീണ ഇന്ത്യയും സ്ത്രീകൾക്കെതിരായ അക്രമങ്ങളും മൂന്നിലും പ്രമേയം. അങ്കുറിലും നിശാന്തിലും അത് പ്രാധാന്യത്തോടെ വന്നു. സമ്പന്നഭൂവുടമയുടെ മകൻ സ്ത്രീയെ ഇരയാക്കുന്നതാണ് ആദ്യത്തേതിന്റെ കേന്ദ്രമെങ്കിൽ രണ്ടാമത്തേതിൽ ഭർതൃമതി കൂട്ടബലാത്സംഗത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. ഭരണകൂട സംവിധാനങ്ങളും അക്രമികൾക്കൊപ്പം. ഭർത്താവിന്റെ പരാതി ബധിര കർണങ്ങളിലാണ് പതിച്ചത്. നിശാന്തിന് "എ' സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതു സംബന്ധിച്ച് വിവാദമുയർന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിനിമ കണ്ട് വിലയിരുത്താൻ എത്തിയത് വാർത്തയുമായി. 1976ൽ പൂർത്തിയായ മന്ഥന് തുല്യമായ ജനകീയ സംരംഭം ലോക സിനിമാ ചരിത്രത്തിൽ അപൂർവം. ക്ഷീര കർഷകരുടെ കണ്ണീരിൽ വേവിച്ച ചിത്രത്തിന് അഞ്ച് ലക്ഷംപേർ രണ്ടു രൂപ വീതം സംഭാവന നൽകി. ആളുകൾ കൂട്ടമായി ലോറികളിലാണത്രെ തിയറ്ററിൽ ചിത്രം കാണാനെത്തിയത്. സ്വന്തം സിനിമയായി സാധാരണക്കാർ അതിനെ നെഞ്ചേറ്റി. 1987ൽ നിർമിച്ച സുസ്മനും സമാന പശ്ചാത്തലം. നെയ്ത്തുകാരുടെ സഹകരണ സംഘമാണ് സാമ്പത്തിക സഹായം നൽകിയത്. "മഹാദേവ് കാ സജ്ജൻപുർ', നിന്ദാസ്തുതിയും ഫലിതവും കോർത്തിണക്കിയ കഥ. വിദ്യാസമ്പന്നൻ ഗ്രാമീണ പോസ്റ്റോഫീസിൽ കത്തെഴുത്തുകാരനായി ജോലി കണ്ടെത്തുന്നതാണ് കഥാതന്തു. നിരക്ഷരതയുടെ ഇരുട്ടിലേക്ക് ക്യാമറ തിരിച്ച അതിൽ അമൃതറാവുവും ശ്രേയസ് തൽപഡേയും പ്രധാന വേഷങ്ങളിലെത്തി. ഫീച്ചറുകളിലേക്ക് തിരിയുംമുമ്പ് ബെനഗൽ ഡോക്യുമെന്ററികളിലൂടെയാണ് പ്രതിഭ തെളിയിച്ചത്. ആദ്യ പരീക്ഷണം ഗുജറാത്തിയിൽ‐ ഖേർ ബേത്താ ഗംഗാ. തുടർന്ന് ചൈൽഡ് ഓഫ് ദി സ്ട്രീറ്റ്സ്, നേച്വർ സിംഫണി തുടങ്ങിയവക്കൊപ്പം ഗാന്ധി, നെഹറു, സുഭാഷ് ചന്ദ്രബോസ്, സത്യജിത് റേ തുടങ്ങിയവരെക്കുറിച്ചും ഡോക്യുമെന്ററികളും സീരിയലുകളും ഒരുക്കി. ഗാന്ധിജിയുടെ ആദ്യകാല ദക്ഷിണാഫ്രിക്കൻ ജീവിതം മുൻനിർത്തി മെയ്ക്കിങ് ഓഫ് ദി മഹാത്മ, നെഹറുവിന്റെ ഇന്ത്യയെ കണ്ടെത്തൽ അടിസ്ഥാനമാക്കിയ ഭാരത് ഏക് ഘോജ്, നേതാജിയെക്കുറിച്ചുള്ള ദി ഫൊർഗോട്ടൺ ഹീറോ എല്ലാം വലിയ അംഗീകരം നേടി. ഭരണഘടനയുടെ ഉദയവും വളർച്ചയും രൂപപരിണാമങ്ങളും കോർത്തിണക്കിയ "സംവിധാൻ' മറ്റൊരു സംഭാവന. 1947 ഡിസംബർ മുതൽ 49 വരെയുള്ള ചുരുങ്ങിയ കാലമാണ് പ്രതിപാദ്യമെങ്കിലും വിഭജനവും തുടർന്നുള്ള സംഘർഷങ്ങളുമെല്ലാം കടന്നുവന്നു. അഭിനേതാക്കളുടെ കൃത്യമായ തെരഞ്ഞെടുപ്പും ശ്രദ്ധേയം. ഗാന്ധിജിയായി നീരജ് കബിയും നെഹറുവായി ദലീപ് താഹിലും അംബേദ്കറായി സച്ചിൻ ഖെദേകറും എത്തി. പഴയ കാലത്തെക്കുറിച്ചുള്ള സിനിമാ രൂപങ്ങൾക്ക് ഏറെ ഗൃഹപാഠവും ഗവേഷണവും വായനയും ബെനഗലിന് നിർബന്ധമായിരുന്നു. സംവിധാനുവേണ്ടി 22 ചരിത്രകാരന്മാർ അടങ്ങുന്ന പണ്ഡിത സംഘവുമായി ചർച്ച നടത്തി. വസ്ത്രാലങ്കാര വിഭാഗത്തെ ആർക്കിയോളജിക്കൽ സർവേയിലേക്ക്അയച്ച് കാര്യങ്ങൾ ഗ്രഹിപ്പിച്ചു. "ഭൂമിക' ഡോക്യുഫിക്ഷന്റെ സ്വഭാവമുള്ളത്. 1930കളിലും 40 കളിലും വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ച നടി ഹൻസാ വാദ്കറിന്റെ ജീവിതത്തിന്റെ വിദൂരാനുകരണമാണത്.മികച്ച സിനിമയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിയ അതിലെ അഭിനയത്തിന് സ്മിതാ പാട്ടീലിന് നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു. വിഭജനത്തിൽ വേരറുക്കപ്പെട്ടവരുടെ ധർമസങ്കടങ്ങൾ അന്വേഷിച്ച മാമ്മോ, അവസാന ചിത്രമായ മുജീബ്: ദ മെയ്‌ക്കിങ് ഓഫ് എ നേഷൻ എന്നിവയും എടുത്തുപറയേണ്ടത്. Read on deshabhimani.com