വെളിച്ചം... സുനിൽ പി ഇളയിടത്തിന്റെ പംക്തി പതിമൂന്നാം ഭാഗം
കാലത്തിൽ വേരാഴ്ത്തി നിൽക്കുന്ന, മഹാവൃക്ഷങ്ങളായി പരിണമിക്കുന്ന എഴുത്തുകളെക്കുറിച്ച്... ചരിത്രത്തിന്റെയും യാഥാർഥ്യത്തിന്റെയും മൂർത്തത സിദ്ധാന്തലോകങ്ങളെ കവിഞ്ഞുപോകുമെന്ന തിരിച്ചറിവുകളിൽ, ജീവിതത്തെ അനുനിമിഷം പുതുക്കുന്ന, വാക്കിനെ കവിതയാക്കുന്ന ചില വെളിച്ചങ്ങളെപ്പറ്റി... മിന്നൽവെളിച്ചം പോലെയാവും ചില പുസ്തകങ്ങൾ നമുക്ക് മുന്നിലെത്തുക. നമുക്കുള്ളിലെ ഇരുളാണ്ട പ്രകൃതിയെ അത് ഒറ്റയടിക്ക് പ്രകാശപൂരിതമാക്കും. അതിലെ നിഴൽവീണ വനവീഥികളെല്ലാം പ്രകാശത്താൽ നിറയും. ഇണങ്ങിയും പിണങ്ങിയും പായുന്ന ഊടുവഴികളും വള്ളിപ്പടർച്ചകളും ഘനമൗനങ്ങളും തെളിഞ്ഞുവരും. ചിലപ്പോൾ അതിനൊരു മുഴുനീളഗ്രന്ഥം വേണമെന്നുമില്ല. ഒരു ലേഖനംകൊണ്ടോ, ഒരു ഖണ്ഡികകൊണ്ടോ, ഒരു വാക്കുകൊണ്ടുപോലുമോ സർവവും വ്യക്തമാകും. കാലഗർഭത്തിൽനിന്നെന്നപോലെ ഉത്തരങ്ങൾ നിരനിരയായി വന്നുനിൽക്കും. വെളിച്ചം എന്നതിന് അതിനേക്കാൾ കവിഞ്ഞ അർഥം ഒരിക്കലും വരാനിടയില്ലെന്ന് അവിടെ വച്ച് നാം തിരിച്ചറിയും! നാലുപതിറ്റാണ്ടോളമെത്തിയ എന്റെ വായനയുടെ ചരിത്രത്തിലും അങ്ങനെ കുറച്ചു പുസ്തകങ്ങൾ ഉണ്ട്. അതിലൊന്നായിരുന്നു ഐജാസ് അഹമ്മദിന്റെ ‘ഇൻ തിയറി’. വാസ്തവത്തിൽ അങ്ങനെയൊരു വെളിപാടുഗ്രന്ഥം പോലെ പ്രവർത്തിക്കാൻ പറ്റുന്നതല്ല ആ പുസ്തകത്തിന്റെ പ്രകൃതവും ഉള്ളടക്കവും. സമകാലിക സാംസ്കാരിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ഗാഢവിമർശനങ്ങളാണ് അതിലെ പ്രബന്ധങ്ങൾ ഓരോന്നും. ഫ്രെഡറിക് ജയിംസൺ, എഡ്വേർഡ് സെയ്‌ദ് തുടങ്ങിയവരോടുള്ള മൗലികമായ വിയോജിപ്പുകളുടെ വിശദീകരണം, ഇന്ത്യൻ സാഹിത്യം, മൂന്നാം ലോകസാഹിത്യം തുടങ്ങിയ സങ്കല്പനങ്ങളുടെ അതിരുകളെയും പരിമിതികളെയും കുറിച്ചുള്ള പര്യാലോചനകൾ. ഇങ്ങനെയൊക്കെയാണ് അതിലെ പ്രബന്ധങ്ങൾ നീങ്ങുന്നത്. അത്തരമൊരു ഒരു സൈദ്ധാന്തിക ഗ്രന്ഥത്തിന് ഒരാളുടെ വായനയെയും ലോകധാരണകളെയും പൊടുന്നനെ പ്രദീപ്തമാക്കാൻ കഴിയുക അസാധാരണമാണ്. പ്രവാചകഗ്രന്ഥങ്ങളിലും മിസ്റ്റിക് സാഹിത്യത്തിലും മറ്റും നാം പ്രതീക്ഷിക്കുന്ന, അത്ഭുതമാണത്. ദുർഗ്രഹവും വിരസമെന്ന് പുറമേക്ക് തോന്നാവുന്നതുമായ സിദ്ധാന്തവിചാരങ്ങളുടെ ലോകം ആ വെളിച്ചം പകരാൻ പര്യാപ്തമാണെന്ന് സാധാരണ നാം പ്രതീക്ഷിക്കാറില്ല. സൈദ്ധാന്തിക ഗ്രന്ഥത്തിന് ഒരാളുടെ വായനയെയും ലോകധാരണകളെയും പൊടുന്നനെ പ്രദീപ്തമാക്കാൻ കഴിയുക അസാധാരണമാണ്. പൊതുവെ പ്രവാചകഗ്രന്ഥങ്ങളിലും മിസ്റ്റിക് സാഹിത്യത്തിലും മറ്റും നാം പ്രതീക്ഷിക്കുന്ന അത്ഭുതമാണത്. ഒട്ടൊക്കെ ദുർഗ്രഹവും വിരസമെന്ന് പുറമേക്ക് തോന്നാവുന്നതുമായ സിദ്ധാന്തവിചാരങ്ങളുടെ ലോകം ആ വെളിച്ചം പകരാൻ പര്യാപ്തമാണെന്ന് സാധാരണ നാം പ്രതീക്ഷിക്കാറില്ല. എങ്കിലും എനിക്ക് ഇൻ തിയറി അങ്ങനെയൊന്നായിരുന്നു. അതിന്റെ ഗഹനതയ്ക്കും സൈദ്ധാന്തിക സാന്ദ്രതയ്ക്കും വിമർശനാത്മകതയ്ക്കുമെല്ലാമുപരിയായി അതു പകർന്ന അസാധാരണമായ വെളിച്ചമാണ് എന്റെ വായനയിൽ വേരുപിടിച്ചത്. അത്തരം പുസ്തകങ്ങൾ അവയിൽ അവസാനിക്കില്ല. നമ്മുടെ വായനാജീവിതത്തിന്റെ ഓരോ പടവിലേക്കും ബഹുശാഖിയായ ഒരു വൻവൃക്ഷമെന്നപോലെ അതു പടരും. വേരുകളും ശിഖരങ്ങളും പലയിടങ്ങളിലേക്കും നീളും. ഒരിടത്തു നിൽക്കുമ്പോഴും അത് പലയിടങ്ങളിലേക്ക് പടർന്നെത്തും. അങ്ങനെയൊരു പടർച്ച ആ ഗ്രന്ഥത്തിനുണ്ടായിരുന്നു. 1996ന്റെ തുടക്കത്തിലെപ്പോഴോ ആണ് ഇൻ തിയറി കയ്യിൽ വരുന്നത്. അക്കാലത്ത് ഞാൻ പാരലൽ കോളേജിലെ അധ്യാപനത്തിൽനിന്ന് ദേശാഭിമാനിയിലെ സബ് എഡിറ്റർ ട്രെയിനിയായി എത്തിയിട്ടേയുള്ളൂ. എറണാകുളത്തെ ഏതോ പുസ്തകപ്രദർശനത്തിൽനിന്നുമാണ് ഇൻ തിയറി കിട്ടിയത്. ഓക്സ്ഫഡ് സർവകലാശാലാ പ്രസ് പ്രസിദ്ധീകരിച്ച പേപ്പർ ബാക്ക് എഡിഷൻ. മുന്നൂറു രൂപയോ മറ്റോ ആയിരുന്നു വില. അതുതന്നെയും അന്ന് സംഘടിപ്പിക്കുക എളുപ്പവുമായിരുന്നില്ല. സ്റ്റൈപന്റായി കിട്ടുന്ന കുറച്ച് തുകയും പാരലൽ കോളേജിലെ ചെറിയ ശമ്പളവും ചേർന്നാലും മാസം മൂവായിരം തികയില്ല. എങ്കിലും ആ പുസ്തകം വാങ്ങി. ഐജാസ് അഹമ്മദിനെക്കുറിച്ചും ഇൻ തിയറിയെക്കുറിച്ചും അതിനകംതന്നെ ധാരാളം കേട്ടിരുന്നു. ചെറിയ ചില ലേഖനങ്ങൾ വായിക്കുകയും ചെയ്തിരുന്നു. അതിന്റെയെല്ലാം ആവേശമായിരുന്നു അത് വാങ്ങാനുള്ള പ്രേരണ. 1990‐കളുടെ പകുതിയാണ്. സോവിയറ്റ് പതനം കഴിഞ്ഞ കാലം. മാർക്സിസത്തിന്റെ മരണവും ചരിത്രത്തിന്റെ അന്ത്യവുമെല്ലാം ആശയചക്രവാളത്തിൽ അനുദിനം, അനുനിമിഷം, മുഴങ്ങുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഉത്തരാധുനികതയുടെ പടയോട്ടം അരങ്ങേറിയിരുന്നു. മഹാഖ്യാനങ്ങളുടെ മരണത്തെക്കുറിച്ച് തീർത്താൽ തീരാത്ത ചർച്ചകൾ. ലോത്യാറും മറ്റും പരിചിതശബ്ദങ്ങളായി. ചുറ്റുപാടും മാർക്സിസം എന്ന മഹാഖ്യാനത്തിന്റെ അനിവാര്യമായ പതനത്തെയും അതിന്റെ ആവശ്യകതയെയും കുറിച്ചുള്ള പ്രഖ്യാപനങ്ങൾ. ബുദ്ധിജീവികളെല്ലാം ഉത്തരാധുനികരാവാൻ വെമ്പുന്ന കാലം. തൊണ്ണൂറുകളുടെ തുടക്കത്തിൽ ബിരുദാനന്തരപഠനം കഴിഞ്ഞിറങ്ങുമ്പോൾ തന്നെ അതിന്റെ വേലിയേറ്റമുണ്ടായിരുന്നു. 1996‐ആയപ്പോൾ ആ വൃന്ദവാദ്യം ഉച്ചസ്ഥായിയിലെത്തി. അപ്പോഴാണ് ഐജാസിന്റെ പുസ്തകം കയ്യിലെത്തിയത്. 1992‐ൽ വെഴ്സോ ലണ്ടനിൽനിന്ന് പ്രസിദ്ധീകരിച്ചതാണ്. വായിക്കാൻ കിട്ടിയപ്പോൾ നാലുവർഷം കഴിഞ്ഞിരിക്കുന്നു. സോവിയറ്റ് പതനവും സോഷ്യലിസ്റ്റ് പ്രതിസന്ധിയും മറ്റും ഞങ്ങളിൽ ഉളവാക്കിയ സന്ദിഗ്ധതയുടെ യാതൊരുവിധ അടയാളങ്ങളും അതിലുണ്ടായിരുന്നില്ല. ഐജാസ് അഹമ്മദിന്റെ മരണത്തിന് തൊട്ടുപിന്നാലെ പ്രഭാത് പട്നായിക് എഴുതിയ ലേഖനത്തിൽ പറഞ്ഞതുപോലെ, ഒരു ക്ലാസിക്കൽ മാർക്സിസ്റ്റിന്റെ ദൃഢസ്വരം ആ കൃതിയിലുണ്ടായിരുന്നു. സോവിയറ്റ് പതനവും സോഷ്യലിസ്റ്റ് പ്രതിസന്ധിയും മറ്റും ഞങ്ങളിൽ ഉളവാക്കിയ സന്ദിഗ്ധതയുടെ യാതൊരുവിധ അടയാളങ്ങളും അതിലുണ്ടായിരുന്നില്ല. ഐജാസ് അഹമ്മദിന്റെ മരണത്തിന് തൊട്ടുപിന്നാലെ പ്രഭാത് പട്നായിക് എഴുതിയ ലേഖനത്തിൽ പറഞ്ഞതുപോലെ, ഒരു ക്ലാസിക്കൽ മാർക്സിസ്റ്റിന്റെ ദൃഢസ്വരം ആ കൃതിയിലുണ്ടായിരുന്നു. മാർക്സിസത്തിന്റെ കാതലായ പ്രമാണങ്ങളിൽ അണുവിട സംശയമവശേഷിപ്പിക്കാതെ, സമകാലിക ധൈഷണികതയോട് വിനിമയത്തിലേർപ്പെടുകയും അതിനെ മാർക്സിസത്തിന്റെ വെളിച്ചത്തിൽ അഴിച്ചുപരിശോധിക്കുകയും ചെയ്യുന്ന പഠനങ്ങൾ. ആ കാലത്തിന്റെ സവിശേഷതകൊണ്ടുകൂടിയാകാം, മാർക്സിസത്തിന്റെ ധൈഷണിക ബലിഷ്ഠതയിൽ അത്രത്തോളം ഉറപ്പുപകർന്ന വായനകൾ പിന്നീട് ഏറെയൊന്നുമുണ്ടായിട്ടില്ല. എല്ലാ ഉത്തരവും പറഞ്ഞ പുസ്തകമല്ല അത്. പല ചോദ്യങ്ങളും അപ്പോഴും ബാക്കിയുണ്ടായിരുന്നു. പക്ഷേ, ഉത്തരങ്ങളിലേക്കുള്ള വഴിയെക്കുറിച്ച് സുനിശ്ചിതമായ ചില ധാരണകൾ അതു തന്നു. വൈരുധ്യാത്മകതയെക്കുറിച്ചും യാഥാർഥ്യത്തിന്റെ പ്രക്രിയാപരതയെക്കുറിച്ചുമുള്ള തിരിച്ചറിവുകൾ. ഉത്തരാധുനികതയുടെ ശബ്ദഘോഷങ്ങൾക്കുള്ളിലെ നിരർഥകതയെക്കുറിച്ചുള്ള തെളിച്ചങ്ങൾ. മാർക്സിസത്തിന്റെ രാഷ്ട്രീയവും ധൈഷണികവുമായ സമഗ്രതയെക്കുറിച്ച് അത്രത്തോളം ബോധ്യപ്പെടുത്തിയ മറ്റൊരു കൃതിയും പിന്നെ കയ്യിൽ തടഞ്ഞിട്ടില്ല. പുസ്തകത്തിൽ കടപ്പാടുകൾ ഉപസംഹരിക്കുന്ന സ്ഥലത്ത് സവിശേഷമായ ഒരു നിരീക്ഷണം അവതരിപ്പിക്കുന്നുണ്ട്. ആദ്യവായനയിൽ തന്നെ എന്നെ സ്പർശിച്ച ഒന്നായിരുന്നു അത്. ഒരാളുടെ രചനയുടെയും സാഹിതീയ ഉല്പാദനത്തിന്റെയും ആസന്നവും വൈയക്തികവുമായ സന്ദർഭങ്ങൾ ജീവിതത്തിൽ വളരെ വലുതും പ്രധാനവുമായിരിക്കുമെങ്കിലും അച്ചടിയിൽ അവയ്ക്ക് അപ്രധാനമായ അരികുകൾ മാത്രമേ ലഭിക്കൂ എന്നദ്ദേഹം എഴുതി. (The immediate and personal conditions of one’s production loom large in life but appear only in the margins of print). വാസ്തവത്തിൽ മാനുഷികമായ ജീവിതാവസ്ഥയുടെ ആഴമേറിയ വൈരുധ്യങ്ങളിലൊന്നിനെയാണ് ഈ വാചകത്തിൽ ഐജാസ് ചെന്നുതൊടുന്നത്. ഒരനുഭവത്തിന്റെ മൂർത്തതയെ നിർണയിക്കുന്ന പ്രഭാവങ്ങളും പ്രേരണകളുമെല്ലാം എത്രയോ കുറഞ്ഞ അളവിലാണ് അവയിൽ അടയാളപ്പെടാറുള്ളതെന്ന് അതു നമ്മോടു പറയുന്നുണ്ട്. അന്തിമരൂപത്തിനുപിന്നിലെ ആഴമേറിയ വൈരുധ്യങ്ങൾ, നിശ്ശബ്ദതയ്ക്കു പിന്നിലെ പടയോട്ടങ്ങൾ, സൗന്ദര്യത്തിനു പിന്നിലെ ഇരുട്ടുകൾ... ജീവിതത്തിന്റെ ഗാഢവൈരുധ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു സമർപ്പണവാക്യമായി അത് തോന്നി. ഒരു വാക്കുമുതൽ ജീവിതമഹാവിസ്മൃതികൾവരെ പടർന്നുകിടക്കുന്ന മനുഷ്യവംശ സാഹോദര്യത്തെ ആ വാക്കുകൾ പേറിനിൽക്കുന്നുണ്ടായിരുന്നു. പിൽക്കാലത്ത് വായിച്ചപ്പോഴൊക്കെ അവയ്ക്ക് ഘനമേറിവന്നു. ഈയൊരു സാഹോദര്യഭാവനയുടെ പ്രകാശം അതിലെ ലേഖനങ്ങളെയും ഭാസുരമാക്കിയിട്ടുണ്ട്. എഡ്വേർഡ് സെയ്‌ദിന്റെ ഓറിയന്റലിസം എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ഐജാസ് അവതരിപ്പിക്കുന്ന ഭാഗത്ത് അത് തെളിഞ്ഞുകാണാം. ഫ്രെഡറിക് ജയിംസണോടും എഡ്വേർഡ് സെയ്‌ദിനോടും മറ്റും വിയോജിക്കേണ്ടിവരുമ്പോൾ താൻ നേരിടുന്ന പ്രയാസം അദ്ദേഹം അവിടെ സൂചിപ്പിക്കുന്നു. സെയ്‌ദിനെ വിമർശിക്കുന്നത് കൂടുതൽ പ്രയാസകരമായിരുന്നു എന്ന കാര്യം ഐജാസ് എടുത്തുപറയുന്നുണ്ട്. ജയിംസണോട് തനിക്കുള്ളത് ചെറിയ അഭിപ്രായഭേദങ്ങളാണ്. സൈദ്ധാന്തികമായി പലതും പങ്കുവച്ചുകൊണ്ടുതന്നെയാണ് ജയിംസണോട് താൻ വിയോജിക്കുന്നത്. അടിസ്ഥാനകാര്യങ്ങളിൽ പലതിലും വിയോജിക്കുമ്പോഴും ഈ പങ്കുവയ്പ് തുടരുന്നുണ്ട്. സെയ്‌ദിനോടാകട്ടെ എത്രയോ അഗാധവും പ്രബലവുമായ അഭിപ്രായഭേദങ്ങളാണ് തനിക്കുള്ളത്. അദ്ദേഹവുമായുള്ള തന്റെ അഭിപ്രായഭിന്നതകൾ ഒത്തുതീർക്കാനാവുന്നവയല്ലെന്ന കാര്യം ഐജാസ് തുടക്കത്തിലേ രേഖപ്പെടുത്തുന്നു. എങ്കിലും സെയ്‌ദിനോടുള്ള വിമർശനം എഴുതാനാണ് കൂടുതൽ പ്രയാസം താൻ അനുഭവിച്ചത് എന്നും ഐജാസ് പറയുന്നു. സെയ്‌ദ് വെറുമൊരു വിമർശകനല്ല. അദ്ദേഹമൊരു പലസ്തീനിയൻ പോരാളിയാണ്. ആ അടിസ്ഥാനസ്വത്വത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സെയ്‌ദ് എഴുതുന്നത്. എല്ലാ പ്രതികൂലാവസ്ഥകളെയും മറികടന്ന്, തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് അദ്ദേഹം ആ നിലയിൽ എഴുതുന്നു. അക്കാദമികജ്ഞാനത്തിന്റെ അതിർവരമ്പുകൾക്ക് പുറത്തുകടന്നുകൊണ്ടും സെയ്‌ദ് അതു ചെയ്യുന്നു. പ്രശസ്തിയ്ക്കുവേണ്ടിയോ തൊഴിൽപരമായ മറ്റേതെങ്കിലും സമ്മർദങ്ങൾ മുൻനിർത്തിയോ അല്ല സെയ്‌ദ് അങ്ങനെ ചെയ്യുന്നത്. മറിച്ച് അപായകരമായ വിധത്തിൽ തന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ്. വധഭീഷണികൾ പോലും നിലനിൽക്കെത്തന്നെ അതിന്റെ മറുപുറത്ത് പലസ്തീനെ മുൻനിർത്തി സെയ്‌ദ് പൊരുതുന്നു. ആ പോരാട്ടത്തിന്റെ വിപത്തുകളെല്ലാം ഏറ്റെടുത്തുകൊണ്ട് ജീവിക്കാനാണ് സെയ്‌ദ് തുനിഞ്ഞത്. അതിനോട് ആഴമേറിയ ഐക്യബോധം താൻ പുലർത്തുന്നതിനായി ഐജാസ് തന്റെ പഠനത്തിന്റെ പ്രാരംഭത്തിൽ പറയുന്നുണ്ട്. ഈ ഐക്യബോധം നിലനിർത്തിക്കൊണ്ട് സെയ്‌ദിനോടുള്ള അഭിപ്രായഭേദങ്ങൾ എങ്ങനെയാണ് രേഖപ്പെടുത്തുക? ഈയൊരു സന്ദിഗ്ധതമൂലം കുറെക്കാലം തന്റെ വിയോജിപ്പുകൾ എഴുതേണ്ടെന്ന് കരുതി താൻ മാറ്റിവച്ചതായി ഐജാസ് അഹമ്മദ് അവിടെ പറയുന്നുണ്ട്. ഏറെക്കഴിഞ്ഞാണ് അതെഴുതാം എന്ന തീരുമാനത്തിലേക്ക് താൻ എത്തിയത്. വിയോജിപ്പുകൾ രേഖപ്പെടുത്താതിരിക്കലല്ല ഐക്യബോധത്തിന്റെ ശരിയായ ആവിഷ്കാരം എന്ന ധാരണയിലേക്ക് താൻ പതിയെപ്പതിയെ നടന്നെത്തുകയായിരുന്നു. ഐജാസിന്റെ ആ ആമുഖം വലിയൊരു വെളിച്ചമായിരുന്നു. താൻ ആഴത്തിൽ വിയോജിക്കുന്ന ഒരാളെക്കുറിച്ചാണ് ഐജാസ് എഴുതുന്നത്. ആ വിയോജിപ്പിനോടൊപ്പം, ഒരുപക്ഷേ, അതിനേക്കാൾ വലിപ്പത്തോടെ അദ്ദേഹം താൻ സെയ്‌ദിനോട് പുലർത്തുന്ന ഐക്യബോധത്തെ ഉയർത്തിപ്പിടിച്ചു. ആ സമുന്നതമായ ആദരവോടെ, സെയ്‌ദിനോട് സൂക്ഷ്മമായി വിയോജിക്കുകയുംചെയ്തു. അതിൽ അപവദിക്കലുണ്ടായിരുന്നില്ല. അപരവിദ്വേഷത്തിന്റെ തരിപോലുമുണ്ടായിരുന്നില്ല. ഒരാളെ ബഹുമാനിക്കാനുള്ള ശരിയായ വഴി അയാളോടുള്ള വിയോജിപ്പുകൾ സംവാദാത്മകമായി അവതരിപ്പിക്കലാണെന്ന പാഠംകൂടി അതിലുണ്ടായിരുന്നു. ആശയപരമായ ചെറിയ വ്യത്യാസങ്ങൾ ഉന്നയിക്കുന്നവരെ പോലും നിന്ദാപൂർവം വേട്ടയാടുകയും അപവാദച്ചുഴിയിൽ താഴ്ത്താൻ ശ്രമിക്കുകയും ചാപ്പകുത്തുകയും നിത്യശത്രുവാക്കി മാറ്റുകയും ചെയ്യുന്ന നമ്മുടെ കാലത്തിനും ജീവിതപരിസരത്തിനും മുന്നിൽ ഐജാസ് വലിയൊരു ബദൽ മാതൃകയാവുന്നുണ്ട്. ആശയപരമായ ചെറിയ വ്യത്യാസങ്ങൾ ഉന്നയിക്കുന്നവരെ പോലും നിന്ദാപൂർവം വേട്ടയാടുകയും അപവാദച്ചുഴിയിൽ താഴ്ത്താൻ ശ്രമിക്കുകയും ചാപ്പകുത്തുകയും നിത്യശത്രുവാക്കി മാറ്റുകയും ചെയ്യുന്ന നമ്മുടെ കാലത്തിനും ജീവിതപരിസരത്തിനും മുന്നിൽ ഐജാസ് വലിയൊരു ബദൽ മാതൃകയാവുന്നുണ്ട്. വിയോജിപ്പുകളെ മാനിക്കുന്നതിന്റെയും ആദരിക്കുന്നതിന്റെയും വലിയ പാഠങ്ങൾ അതെന്നെ പഠിപ്പിച്ചു. വിദ്വേഷരഹിതമായല്ലാതെ, വ്യക്തികളെ അപവദിക്കാതെ, അവരെ ആദരിച്ചുകൊണ്ട്, ആശയങ്ങളോട് വിയോജിക്കുന്നതിന്റെ പാഠം. ആ ലേഖനത്തിലെ ആശയപ്രപഞ്ചത്തോളം തന്നെ വലുതായിരുന്നു അതിന്റെ ചെറിയ ആമുഖവും. ആ വായനക്കുശേഷം രണ്ടുതവണ ഐജാസ് അഹമ്മദിനെ കാണാൻ കഴിഞ്ഞു. ഒരു തവണ കേൾവിക്കാരനായും മറ്റൊരിക്കൽ സെമിനാറിലെ പങ്കാളിയായും. രണ്ടായിരാമാണ്ടിൽ സംസ്കൃത സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനായി ഐജാസ് അഹമ്മദ് കാലടിയിൽ വന്നിരുന്നു. ശങ്കരജയന്തി പ്രഭാഷണമായിരുന്നു എന്നാണോർമ. പ്രഭാഷണവിഷയം ഓർമയിൽനിന്ന് മാഞ്ഞുപോയിരിക്കുന്നു. ദേശീയതയുടെയും ആഗോളീകരണത്തിന്റെയും സാംസ്കാരികാടിസ്ഥാനങ്ങളെക്കുറിച്ചെല്ലാം അന്ന് അദ്ദേഹം പറഞ്ഞത് ഓർമയിലുണ്ട്. സർവകലാശാലാസമൂഹം മുഴുവൻ അത് ശ്രദ്ധാപൂർവം കേൾക്കുന്നുണ്ടായിരുന്നു. എനിക്കദ്ദേഹം പറഞ്ഞതത്രയും സുവ്യക്തമായില്ല. പല സംശയങ്ങളും അവശേഷിക്കുന്നുണ്ടായിരുന്നു. എങ്കിലും ഞാനന്ന് സംശയങ്ങൾ ഒന്നും ഉന്നയിച്ചില്ല. അങ്ങനെയൊരു സംവാദത്തിന് അവിടെ അവസരം ഉണ്ടായില്ല എന്നാണ് ഓർമ. ഐജാസ് അഹമ്മദിനെ അടുത്തുകാണാനും കേൾക്കാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു ഞങ്ങൾ പലരും. ഏകദേശം ഒരു പതിറ്റാണ്ടിനപ്പുറം ഡൽഹിയിലെ സെമിനാറുകളിലൊന്നിൽ വച്ചാണ് അദ്ദേഹത്തെ വീണ്ടും കണ്ടത്. ഇന്ത്യയിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ച് സഹ്‌മത് സംഘടിപ്പിച്ച ദേശീയ സെമിനാർ. സഖാവ് എം എ ബേബിയാണ് എന്നോട് അതിൽ പ്രബന്ധം അവതരിപ്പിക്കണം എന്നാവശ്യപ്പെട്ടത്. ബേബി സഖാവിന്റെ നിർദേശം ഞാൻ സന്തോഷപൂർവം സമ്മതിച്ചു. മൂന്നുദിവസം നീളുന്ന സെമിനാറായിരുന്നു. പരിപാടിയുടെ വിശദാംശങ്ങൾ കയ്യിലെത്തിയപ്പോൾ ഞാൻ കുറച്ചൊന്ന് പരിഭ്രമിച്ചു. ഐജാസ് അഹമ്മദ്, , കെ എൻ പണിക്കർ എന്നിങ്ങനെ സമുന്നതരായ പണ്ഡിതരുടെ വലിയൊരു നിരതന്നെയുണ്ടായിരുന്നു പ്രബന്ധാവതാരകരിൽ. അവർക്കൊപ്പം സെമിനാറിൽ പങ്കുചേരുന്നത് ഒരേസമയം ആഹ്ലാദവും പരിഭ്രമവും പകരുന്ന ഒരനുഭവമായി തോന്നി. രണ്ടാം ദിവസമായിരുന്നു എന്റെ പ്രബന്ധം. ആശയാനുഭൂതികളുടെ ലോകത്തെ ഭൗതികശക്തിയായി പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെ കേന്ദ്രമാക്കിക്കൊണ്ട് കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഞാൻ ചെയ്തത്. മുതിർന്ന പണ്ഡിതരുടെയെല്ലാം പ്രബന്ധങ്ങൾ ആദ്യദിവസമായിരുന്നു. രണ്ടാം ദിവസം അവർ ഉണ്ടാകില്ല എന്നായിരുന്നു എന്റെ ധാരണ. അതു തെറ്റി. എല്ലാ പ്രബന്ധങ്ങളും അവർ ശ്രദ്ധാപൂർവം ഇരുന്നു കേട്ടു. എല്ലാത്തിനോടും സംവദിച്ചു. ഐജാസിന്റെയും പ്രഭാത് പട്നായിക്കിന്റെയും മറ്റും മുന്നിൽ മാർക്സിനെയെല്ലാം ഉദ്ധരിച്ച് സംസാരിക്കുമ്പോൾ എനിക്കൊരു അങ്കലാപ്പുണ്ടായിരുന്നു. പറയുന്നത് പാളിപ്പോകുന്നുണ്ടോ എന്ന ആശങ്ക. പക്ഷേ അവരെല്ലാം വളരെ ശ്രദ്ധാപൂർവമാണ് അത് കേട്ടിരുന്നത്. സിദ്ധാന്തവിചാരത്തിന്റെ ആദ്യപടവുകളിലൂടെ നടക്കുന്ന ഒരാളുടെ ദുർബലമായ തോന്നലുകൾ എന്ന നിന്ദാഭാരം അവരിൽ അല്പംപോലും ഉണ്ടായിരുന്നില്ല. ചുറ്റുമുള്ളവരെ സമശീർഷരായി പരിഗണിക്കുന്നതിന്റെ പാഠം കൂടിയായിരുന്നു ആ സെമിനാർ. എന്റെ പ്രബന്ധാവതരണം കഴിഞ്ഞപ്പോൾ ഐജാസ് അഹമ്മദ് അല്പം ചിലത് സംസാരിച്ചു. ചില ചോദ്യങ്ങൾ ഉന്നയിക്കുകയും തന്റെ അഭിപ്രായഭേദങ്ങൾ പറയുകയും ചെയ്തു. ഞാൻ അവതരിപ്പിച്ച, താരതമ്യേന അപ്രധാനമെന്ന് ഞാൻ സ്വയം കരുതിയ, ഒരു പരാമർശത്തെ മുൻനിർത്തിയാണ് അദ്ദേഹം സംസാരിച്ചത്. നിസ്സാരമെന്ന് ഞാൻ കരുതിയ ഒരു സൂചനയ്ക്ക് അദ്ദേഹം നൽകിയ പരിഗണനയും പ്രാധാന്യവും വലുതായിരുന്നു. അതിലൂടെ എന്റെ വാദഗതിയുടെ മറുപുറത്തേക്ക് മറ്റൊരു വാതിൽ അദ്ദേഹം തുറന്നുവച്ചു. നാല്പതു മിനിറ്റോളം നീണ്ടതായിരുന്ന എന്റെ അവതരണം. അതിലും തുടർന്നുള്ള ആലോചനകളിലും ആ മുതിർന്ന പണ്ഡിതർ പങ്കുചേർന്നത് സംവാദാത്മകതയുടെ മറ്റൊരു പാഠംകൂടി എന്നെ പഠിപ്പിച്ചു. സെയ്‌ദിനെതിരായ വിമർശനപ്രബന്ധത്തിന്റെ ആമുഖത്തിൽ നിന്നെന്നപോലെ, ആ സെമിനാറിലെ പ്രൊഫസർ ഐജാസ് അഹമ്മദിന്റെ ഇടപെടലുകളിൽനിന്നും ഞാൻ വലിയ ചില കാര്യങ്ങൾ മനസ്സിലാക്കി. ജനാധിപത്യം ഒരു ആശയത്തിനപ്പുറം ജീവിതപ്രയോഗത്തിന്റെ സൂക്ഷ്മതലങ്ങളിൽ ഇടംപിടിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള പാഠം. പിന്നീടൊരിക്കലും അതു ഞാൻ മറന്നില്ല. ഇൻ തിയറിയുടെ ആദ്യവായനയിൽ കൈവന്ന വെളിച്ചത്തിന് ഒന്നര പതിറ്റാണ്ടു കഴിഞ്ഞ്, അതിന്റെ രചയിതാവിൽനിന്ന് നേരിട്ടൊരു തുടർച്ച ഉണ്ടാവുകയായിരുന്നു. ഇങ്ങനെയൊരു തെളിച്ചം വായനയിൽനിന്ന് കൈവന്ന മറ്റൊരു സന്ദർഭം കൂടിയുണ്ട്. ഇർഫാൻ ഹബീബിന്റെ ഗാന്ധിയെക്കുറിച്ചുള്ള ലേഖനം. ‘ഗാന്ധിയും ദേശീയ പ്രസ്ഥാനവും’. 1996‐ൽ എപ്പോഴോ ആണ് ഞാനതും വായിക്കുന്നത്. കൊച്ചി ദേശാഭിമാനിയിൽ സബ് എഡിറ്റർ ട്രെയിനിയായിരിക്കുന്ന കാലം. ഒരു മാസത്തോളം ദൈർഘ്യമുള്ള പരിശീലനകാലമുണ്ടായിരുന്നു. അതിനിടയിലെപ്പോഴോ ആണ് അവിടെത്തന്നെയുള്ള പുസ്തകശാലയിൽനിന്ന് ആ പുസ്തകം കിട്ടിയത്. നാലഞ്ച് പ്രബന്ധങ്ങളുടെ സമാഹാരമാണ്. സഹ്‌മത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടത്തിയ ഗാന്ധിസ്മാരക പ്രഭാഷണമാണ് ലിഖിതരൂപത്തിൽ അതിലുൾപ്പെടുത്തിയിരുന്നത്. പുസ്തകത്തിന്റെ ശീർഷകവും ആ ലേഖനത്തിന്റേതു തന്നെയായിരുന്നു. ഇർഫാൻ ഹബീബ്, ഗാന്ധി എന്നിങ്ങനെ ഒരുമിച്ചു കണ്ടപ്പോൾ തന്നെ ഞാനതുവാങ്ങി. ഗാന്ധി അക്കാലത്ത് എനിക്കൊരു സമസ്യയായിരുന്നു. ഗാന്ധിയുടെ പല വീക്ഷണങ്ങളോടും വ്യക്തിപരമായി യോജിപ്പ് തോന്നിയിട്ടില്ല. അന്നെന്നപോലെ ഇന്നും. മതം, സദാചാരം, ജാതി, സ്ത്രീജീവിതം, വ്യാവസായികത, വിദ്യാഭ്യാസം തുടങ്ങിയ എത്രയോ വിഷയങ്ങളിൽ ഗാന്ധിയുടെ വീക്ഷണങ്ങൾ അപര്യാപ്തമോ വികലമോ ആയി അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ അപ്പോൾത്തന്നെ ഗാന്ധി ഒരു പ്രഹേളികയായി തുടരുകയും ചെയ്യുന്നുണ്ടായിരുന്നു. ഇന്ത്യയിലെ കോടാനുകോടി മനുഷ്യരെ, നിസ്വരും പരമദരിദ്രരുമായ മനുഷ്യരെ, ചരിത്രപരിണാമത്തിൽ യാതൊരു പങ്കുമില്ലാത്ത കൃമികീടങ്ങളായി പരിഗണിക്കപ്പെട്ടിരുന്ന നിരക്ഷരരായ കർഷകരെയും തൊഴിലാളികളെയും അതുല്യമായ ഒരു രാഷ്ട്രീയശക്തിയായി രൂപാന്തരപ്പെടുത്തുന്നതിൽ ഗാന്ധി വഹിച്ച പങ്ക് അത്ഭുതകരമായാണ് തോന്നിയത്. പങ്കജ് മിശ്ര പിൽക്കാലത്ത് എഴുതിയതുപോലെ, തന്റെ നാൽപ്പത്തിയഞ്ചാം വയസ്സിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതുവരെ ഗാന്ധി ദരിദ്രനായ ഒരു ഇന്ത്യൻ കർഷകനെയോ തൊഴിലാളിയെയോ അടുത്തുകാണുകയോ മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെയൊരാൾ പിന്നീടുള്ള കാൽനൂറ്റാണ്ടുകൊണ്ട് ആ ഗ്രാമീണ കർഷകരെയും തൊഴിലാളികളെയും സമരോത്സുകമായ നിർവാഹകത്വത്തിന്റെ ഉടമകളാക്കി മാറ്റി എന്നത് അത്ഭുതകരമായി തോന്നിയിരുന്നു. അതുകൊണ്ടുതന്നെ, ഗാന്ധി ബൂർഷ്വാസിയുടെ ഏജന്റാണ് തുടങ്ങിയ ലളിത സമീകരണങ്ങൾ എന്റെ ബോധ്യത്തിൽ ഒട്ടും പതിഞ്ഞതുമില്ല. കയ്യിൽവന്ന ദിവസങ്ങളിൽ തന്നെ ഇർഫാൻ ഹബീബിന്റെ പ്രബന്ധങ്ങൾ ഞാൻ വായിച്ചു. ഗാന്ധി തനിക്ക് ഒരു സമസ്യയായി മാറിയതിന്റെ ചരിത്രം അദ്ദേഹം അതിൽ വിവരിക്കുന്നുണ്ട്. ഇർഫാൻ ഹബീബിന്റെ പിതാവ്, ചരിത്രകാരൻകൂടിയായ പ്രൊഫസർ മുഹമ്മദ് ഹബീബ് ഗാന്ധിയുടെ വലിയ വിമർശകനായിരുന്നു. എങ്കിലും മഹാത്മാവ് എന്നല്ലാതെ ഗാന്ധിജി എന്ന് പറയാൻപോലും അദ്ദേഹം തങ്ങളെ അനുവദിച്ചിരുന്നില്ല എന്ന കാര്യം ഇർഫാൻ ഹബീബ് അതിൽ പറയുന്നുണ്ട്. താൻ അത്രയും വിമർശിക്കുന്ന ഒരാളെ അയാളുടെ പേരുവിളിച്ച് അഭിസംബോധന ചെയ്യാൻ തന്റെ മക്കളെ അനുവദിക്കാത്ത പിതാവിന്റെ സമീപനത്തിലെ വൈരുധ്യം തന്നെ ആദ്യം കുഴക്കിയിരുന്നതായി ഇർഫാൻ ഹബീബ് പ്രബന്ധത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ആ തുടക്കം വായിച്ചപ്പോൾ തന്നെ എന്റെ സന്ദിഗ്ധതകൾക്ക് ആ പ്രബന്ധം പരിഹാരമായേക്കും എന്നെനിക്ക് തോന്നിയിരുന്നു. അത് തെറ്റിയില്ല. ഗാന്ധിയെ എങ്ങനെ മനസ്സിലാക്കണം എന്ന എന്റെ പല സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ എനിക്ക് മുന്നിൽ പകൽപോലെ തെളിഞ്ഞുവന്നു. അമൂർത്തമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളിൽ നിന്നല്ല, സമൂർത്ത ഭൗതികപ്രശ്നങ്ങളിൽ നിന്നുവേണം സമരം തുടങ്ങേണ്ടത് എന്ന ഇടതുപക്ഷ സമരതന്ത്രം ഇന്ത്യയിൽ ഏറ്റവും സമർത്ഥമായി ഉപയോഗിച്ചത് ഗാന്ധിയാണ് എന്ന ഇർഫാൻ ഹബീബിന്റെ വീക്ഷണം വലിയൊരു തെളിച്ചമായിരുന്നു. ഗാന്ധിയുടെ വ്യക്തിഗതമായ അഭിപ്രായങ്ങളെ മുൻനിർത്തിയല്ല അദ്ദേഹത്തെ മനസ്സിലാക്കേണ്ടതെന്ന് അതെന്നെ ബോധ്യപ്പെടുത്തി. പാരമ്പര്യത്തിന്റെ പരിവേഷത്തിനുള്ളിൽ ആധുനികതയുടെ സമർത്ഥനമായിരുന്നു ഗാന്ധിയുടെ മതാത്മകമൂല്യങ്ങൾ എന്ന ആശയവും വളരെയേറെ വ്യക്തത തന്നു. പിൽക്കാലത്ത് ‘നിസ്സംഗവിപ്ലവത്തിന്റെ മതാത്മകധ്വനികളോടു കൂടിയ സരളസിദ്ധാന്തീകരണം’ (naive theorisation of passive revalution with religious overtonse) എന്ന് ഗ്രാംഷി ഗാന്ധിസത്തെക്കുറിച്ചെഴുതിയത് വായിക്കാനിടയായി. ഇർഫാൻ ഹബീബിന്റെ ലേഖനത്തിന്റെ വെളിച്ചം വീണതുകൊണ്ട് എനിക്കത് വേഗം മനസ്സിലായി. ഗാന്ധി ഒരു വ്യക്തിയും അയാളുടെ ബോധ്യങ്ങളും എന്നതിനപ്പുറം ചരിത്രത്തിലെ വലിയൊരു സംവാദസ്ഥാനമാണെന്ന ധാരണയാണ് ഇർഫാൻ ഹബീബിന്റെ ആ ലേഖനം എനിക്ക് തന്നത്. സവിശേഷമായൊരു ചരിത്രസന്ധിയിലെ വ്യത്യസ്ത പ്രഭാവങ്ങൾ കൂടിച്ചേർന്നു നിൽക്കുന്ന ഒരിടമായിരുന്നു ഗാന്ധി. അതിന്റെ സംഘർഷങ്ങളും സംവാദസന്നദ്ധവും ഖനീഭൂതമായ ഒരു സംഗമബിന്ദു ചരിത്രത്തിലെ ബഹുരൂപിയായ ഒരു പ്രക്രിയ. അതിൽ വന്നുചേർന്ന നാനാവിധ ബലങ്ങളിൽ ഒന്നോ രണ്ടോ മാത്രം വേർതിരിച്ചെടുത്ത്, അവയെ മുൻനിർത്തി ഗാന്ധിയെ വിലയിരുത്തുന്നതിലെ നിരർത്ഥകത എനിക്കപ്പോൾ തിരിഞ്ഞുകിട്ടി. പിൽക്കാലത്ത് ഗാന്ധിയെക്കുറിച്ചുണ്ടായ എല്ലാ ധാരണകളുടെയും അടിപ്പടവായി അത് മാറി. ഇർഫാൻ ഹബീബിന്റെ ലേഖനം ഗാന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാത്രമല്ല ഉത്തരം തന്നത്. ചരിത്രത്തെയും അതിലെ പ്രതിഭാസങ്ങളെയും അതിൽ പങ്കുചേരുന്നവരെയും പ്രക്രിയാപരമായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും അത് ബോധ്യപ്പെടുത്തിത്തന്നു. സിദ്ധാന്തങ്ങളുടെ കറുപ്പും വെളുപ്പും കൊണ്ട് വേർതിരിച്ചെടുക്കാവുന്നതിലധികം വൈരുധ്യനിർഭരമാണ് യാഥാർത്ഥ്യം എന്ന ധാരണ ഉറച്ചുതുടങ്ങിയത് അങ്ങനെയാണ്. ചരിത്രത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും മൂർത്തത സിദ്ധാന്തലോകങ്ങളെ കവിഞ്ഞുപോകുമെന്ന് പതിയെപ്പതിയെ തിരിച്ചറിയാൻ തുടങ്ങി. ഈ കവിഞ്ഞുപോകലുകളാണ് ജീവിതത്തെ അനുനിമിഷം പുതുക്കുന്നത്. വാക്കിനെ കവിതയാക്കുന്നത്. ഇർഫാൻ ഹബീബിന്റെ പഠനത്തിൽ ഇതിലേക്കെല്ലാമുള്ള വഴികൾ തുറന്നുകിടക്കുന്നുണ്ടായിരുന്നു. പിൽക്കാലത്ത് ഞാനാ വഴികളിലൂടെ പലവട്ടം നടന്നു! ഐജാസ് അഹമ്മദ് വിടവാങ്ങിയ വാർത്ത വന്നതിന് തൊട്ടുപിറ്റേന്ന് സർവകലാശാലയിൽ അനുസ്മരണയോഗം ഉണ്ടായിരുന്നു. വൈസ്‌ചാൻസിലർ പ്രൊഫ. എം വി നാരായണൻ മാഷ് ഐജാസിനെക്കുറിച്ച് ഹ്രസ്വമായി സംസാരിച്ചു. വിമർശനാത്മകതയെ വൈജ്ഞാനികതയുടെ ആധാരശ്രുതിയാക്കി നിർത്തിയ ഐജാസിനെക്കുറിച്ചാണ് മാഷ് പ്രധാനമായും സംസാരിച്ചത്. അധ്യാപനം എന്തുകൊണ്ട് അത്തരമൊരു വിമർശനാത്മകമൂല്യം ആർജിക്കണമെന്നും നാരായണൻ മാഷ് പറഞ്ഞു. കാലത്തിൽ വേരാഴ്ത്തിനിൽക്കുന്ന മഹാവൃക്ഷങ്ങളായി പരിണമിക്കുന്ന എഴുത്തുകളെക്കുറിച്ചാണ് ഞാനപ്പോൾ ഓർത്തത്. അതിന്റെ ചില്ലകൾ എവിടേക്കെല്ലാം പടരുന്നു!. (ദേശാഭിമാനി വാരികയിൽ നിന്ന്) Read on deshabhimani.com