തെലങ്കാന സായുധ കർഷക പോരാട്ടം: ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നുണകൾ
തെലങ്കാന കർഷക സായുധ പോരാട്ടത്തിന്റെ എഴുപത്തിയേഴാം വാർഷികമാണ് കടന്നുപോയത്. തെലങ്കാനയിലുടനീളം കമ്മ്യൂണിസ്റ്റ് പാർട്ടി പോരാട്ടസ്മരണയ്ക്കായി നിരവധി സമ്മേളനങ്ങൾ നടത്തുകയുണ്ടായി. തെലങ്കാന സായുധ പോരാട്ട ചരിത്രത്തെ സംഘപരിവാർ വളച്ചൊടിക്കുന്നതിനെതിരെയുള്ള ശക്തമായ മറുപടിയായിരുന്നു ഓരോ സമ്മേളനവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ചലനമുണ്ടാക്കാൻ ശ്രമിക്കുന്ന ബി ജെ പി മ്ലേച്ഛമായ രീതിയിൽ കർഷകപോരാട്ടത്തെ വക്രീകരിച്ച് അവതരിപ്പിക്കാനും അര ദശാബ്ദം നീണ്ടുനിന്ന പോരാട്ടത്തെ വെറും ലിബറേഷൻ ഡേ എന്ന പേരിൽ ഇന്ത്യാ ഗവൺമെന്റിൽ നിസാം സർക്കാർ ഹൈദരബാദിനെ ലയിപ്പിച്ച ഘട്ടത്തെ മാത്രം ഉയർത്തിക്കാണിക്കാനും ഉത്സാഹിക്കുകയാണ്. സായുധ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം ജനങ്ങളെ വീണ്ടും വീണ്ടും ഓർമ്മിപ്പിയ്ക്കുക എന്നത് ഈ സത്യാനന്തര കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും പ്രധാനമായൊരേടാണ് തെലങ്കാന കർഷകരുടെ സായുധ പോരാട്ടം. നിസാം ഭരണത്തിന്റെ മനുഷ്യത്വ രഹിത ചൂഷണങ്ങൾക്കെതിരെ 1946ൽ, അന്നത്തെ ഹൈദരാബാദ് സ്റ്റേറ്റിൽ, പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1951 വരെ തുടരുകയായിരുന്നു. വെട്ടി സമ്പ്രദായത്തിനും അനധികൃത കുടിയൊഴിപ്പിക്കലിനും എതിരെ ആരംഭിച്ച പോരാട്ടം നിസാമിനെ അധികാര ഭ്രഷ്ടനാക്കുന്നതിലേക്കും ജന്മികളെ തുരത്തുന്നതിലേക്കും കർഷകർക്ക് അവരുടെ കൃഷി നിലം വിതരണം ചെയ്യുന്നതിലേക്കും വഴിവെക്കുന്ന തീക്ഷ്‌ണമായ പോരാട്ടമായി വളരുകയായിരുന്നു. നാന്നൂറോളം കമ്മ്യൂണിസ്റ്റുകളാണ് പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചത്. അനിയന്ത്രിതവും നിർദ്ദയവുമായ ജന്മിമാരുടെ ചൂഷണം സ്വാതന്ത്ര്യപൂർവ ഹൈദരാബാദ് സ്റ്റേറ്റിന്റെ ശാപമായിരുന്നു. ഹൈദരാബാദ് സ്റ്റേറ്റിന്റെ 60 ശതമാനം ഭൂമി സർക്കാരുടമസ്ഥതയിലും പത്തു ശതമാനം നിസാമിന്റെ എസ്റ്റേറ്റും ബാക്കി 30 ശതമാനം ജന്മികളുടെ കൈക്കലുമായിരുന്നു. ജാഗിർദാറുകളും ദേശ്മാണ്ഡകളും ദേഖുകളും ഉൾപ്പെടുന്ന ഈ ജന്മികൾ സർക്കാർ നികുതിയേക്കാൾ പത്തുമടങ്ങ് കൂടുതൽ നികുതിയാണ് കുടിയാന്മാരിൽ നിന്ന് ഈടാക്കിയിരുന്നത്. അവർക്ക് അതിനായി സ്വന്തമായി മർദ്ദക സംവിധാനം തന്നെയുണ്ടായിരുന്നു. ഭൂമിയെ ആശ്രയിച്ച് ജീവിച്ചിരുന്ന കർഷകർ വെറും പാട്ടക്കാരായി മാറുകയും അവർക്ക് ന്യായമായി അവകാശപ്പെട്ട ഭൂമി പോലും ജന്മികൾ ബലമായി പിടിച്ചെടുക്കുന്നത് നിസ്സഹായരായി സഹിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥാവിശേഷമായിരുന്നു ഹൈദരാബാദ് സ്റ്റേറ്റിൽ ഉണ്ടായിരുന്നത്. നിസാം കാലത്തിന്റെ ക്രൂരമായ പ്രത്യേകതയായിരുന്നു വെട്ടി സമ്പ്രദായം. അങ്ങേയറ്റം നിഷ്ഠുരവും ഹീനവുമായ വെട്ടി സമ്പ്രദായത്തിൽ ഓരോ ദളിത് കുടുംബവും അവരിൽ ഒരംഗത്തെ വെട്ടിക്കായി ജന്മിക്കു കാഴ്ച നൽകിയിരിക്കണം. അവർ ജന്മികളുടെ വീട്ടുവേലയും പണപ്പിരിവും ദൂതുമടക്കം എല്ലാ ജോലിയും സൗജന്യമായി ചെയ്തുകൊടുക്കാൻ വിധിക്കപ്പെട്ടവരായിരുന്നു. കുടിയാന്മാരും കർഷകരും തൊഴിലാളികളും അവരവരുടെ തൊഴിലും ഉത്പന്നങ്ങളും ജന്മികൾക്ക് സൗജന്യമായി നൽകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കർഷകർ വേതനമില്ലാതെ ജന്മികളുടെ പാടങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരാവുകയും ഒഴിവു സമയങ്ങളിൽ മറ്റു മാർഗങ്ങൾ കണ്ടുപിടിച്ച് കുടുംബം പുലർത്തേണ്ടി വരികയും ചെയ്തു. അങ്ങേയറ്റം മനുഷ്യത്വരഹിതമായ ഏർപ്പാടായിരുന്നു പെൺകുട്ടികളെ ജന്മികൾ അടിമകളാക്കി സൂക്ഷിക്കുന്ന വ്യവസ്ഥ. ജന്മികളുടെ പെണ്മക്കളെ വിവാഹം ചെയ്തു നൽകുമ്പോൾ ഈ അടിമകളായ പെൺകുഞ്ഞുങ്ങൾ കാഴ്ചവെക്കപ്പെടുകയും തുടർന്ന് പ്രഭുക്കളുടെ ലൈംഗിക അടിമകളായി ശിഷ്ടകാലം ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്യുന്നതായിരുന്നു ആ സമ്പ്രദായം. ഈ ഭരണസംവിധാനത്തിൽ തെലങ്കാന ജനതയുടെ ആത്മാഭിമാനത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് വെട്ടി സമ്പ്രദായം നടപ്പിലിരുന്നത്. 1940കളോടെ കർഷകർ ജന്മികളുടെ നിർദ്ദയമായ ചൂഷണത്ത ചോദ്യം ചെയ്തു തുടങ്ങി. അതിനകം സംഘടിത ശക്തിയായിക്കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി മർദ്ദിതരും ചൂഷിതരുമായ ജനതയെ ഒന്നിപ്പിച്ചുകൊണ്ട് പോരാട്ടത്തിൽ അണിനിരത്തി. തുടക്കത്തിൽ നവീകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ലഘുലേഖകളിലൂടെ സംവദിച്ച ആന്ധ്ര മഹാസഭയെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങൾക്കിടയിലേക്ക് എത്തിച്ചു. 1944 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ആന്ധ്ര മഹാസഭ സമീന്ദാർമാർക്കും ദേശ്ശഖുകൾക്കുമെതിരെ നിരന്തര പോരാട്ടത്തിൽ ഏർപ്പെട്ടുവരുന്നുണ്ടായിരുന്നു. അതിനായി സംഗം രൂപീകരിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് വിഷ്ണുർ രാമചന്ദ്ര റെഡ്ഢിയുടെ ഗുണ്ടകൾ ചക്കളി ഐലമ്മയുടെ ഭൂമി കൈവശപ്പെടുത്തതാണ് ഉദ്യമിക്കുന്നത്. സംഘത്തിന്റെ കരുത്തുറ്റ നേതാവായിരുന്ന വിലമ്മയുടെ വിളവ് പാടത്തുനിന്ന് തന്നെ പിടിച്ചെടുക്കാൻ റെഡ്ഡിയുടെ ഗുണ്ടകൾ ഇറങ്ങിയപ്പോൾ സംഘത്തിന്റെ സായുധരായ സഖാക്കൾ അവർക്കുനേരെ അണിനിരക്കുകയും ഗുണ്ടകൾക്ക് ഗത്യന്തരമില്ലാതെ ഭയന്നോടേണ്ടി വരികയും ചെയ്തു. സംഗം – വിളവ് ഐലമ്മയുടെ വീട്ടിലെത്തിക്കുകയും പൊലീസിന് പോലും അടുക്കാൻ കഴിയാത്ത വിധം പ്രതിരോധം തീർക്കുകയും ചെയ്തു. തെലങ്കാന കർഷക പോരാട്ടത്തിനു പുത്തനുണർവും ഊർജ്ജവും നൽകുന്നതായിരുന്നു ഈ സംഭവം. ഇതേത്തുടർന്നു 1946 ജൂലൈ 4നു പ്രയാണമാരംഭിച്ച സംഘത്തിന്റെ റാലിയിലേക്ക് ജന്മികളുടെ ഗുണ്ടകൾ നിറയൊഴിക്കുകയും സംഘത്തിന്റെ നേതാവായിരുന്ന ഡോഡ്ഢി കോമരയ്യ കൊല്ലപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം കർഷകരുടെ രോഷം ആളിക്കത്തിക്കുകയും നൽഗൊണ്ടയിൽ കൂടിച്ചേർന്ന വമ്പിച്ച ജനക്കൂട്ടം സായുധരായി മാർച്ചുചെയ്ത് ജന്മി വീടുകൾക്ക് മുന്നിൽ സമ്മേളനങ്ങൾ നടത്തുകയും ചുവപ്പുകൊടി നാട്ടിക്കൊണ്ട് “ഇനി വെട്ടിയില്ല, നാടുകടത്തലും കുടിയൊഴിപ്പിക്കലുമില്ല. സംഗം ഇവിടെ സമ്മേളിച്ചിരിക്കുന്നു’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് വകവെക്കാത്ത ജന്മികളെയും പ്രഭുക്കളെയും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് അവർ മുന്നേറി. ആഴ്ചകൾകൊണ്ട് നൽഗൊണ്ടയിൽ നിന്നും നാന്നൂറോളം ഗ്രാമങ്ങളിലേക്ക് ഈ സമരം പടർന്നു പിടിച്ചു. ഐലമ്മയെയും ഡോഡ്ഢി കോമരയ്യയെയുമാണ് അവരുടെ കമ്യൂണിസ്റ്റ് പശ്ചാത്തലത്തെ മറച്ചുവെച്ചും അവരുടെ സംഗ നേതൃത്വത്തെ ഒളിച്ചുവെച്ചും സമരസംഘാടകരായി മാത്രം അവതരിപ്പിച്ചുകൊണ്ട് സംഘപരിവാർ സ്വന്തമാക്കാനും ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം അണിനിരന്ന തെലങ്കാന ജനതയുടെ രോഷത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പരിണതിയായി, രക്തസാക്ഷത്വം വരിച്ച നൂറു സഖാക്കളുടെ ആശയസാക്ഷാത്കാരമായി വെട്ടി സമ്പ്രദായം ഉന്മൂലനം ചെയ്യപ്പെട്ടു. അന്യായമായ കുടിയായ്‌മയും പാട്ടപ്പിരിവും ചൂഷണവും നേരിടാൻ ജന്മികൾക്കും അവരുടെ ഗുണ്ടാ സംഘത്തിനും പോലീസിനുമെതിരെ വരെ ജനം അണിനിരന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അവർക്ക് ആത്മവിശ്വാസവും പരിശീലനവും നൽകി. സ്വാതന്ത്ര്യാനന്തരം ഹൈദ്രബാദ് ഇന്ത്യൻ സ്റ്റേറ്റിനെ അനുകൂലിക്കണമെന്നും അതിന്റെ ഭാഗമാകണമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സ്‌റ്റേറ്റ് കൈക്കൊണ്ടത് ദൗർഭാഗ്യകരമായ നടപടിയാണ്. സർദാർ വല്ലഭായ് പട്ടേൽ നിസാമും ജന്മികളുമായി കൈകോർക്കുകയും കർഷക പോരാട്ടത്തെ അടിച്ചമർത്തുന്നതിനായി എല്ലാ സാധ്യതകളും ഉപയോഗിക്കുകയും ചെയ്തു. ജനങ്ങൾക്കൊപ്പം നിൽക്കേണ്ടിയിരുന്ന ഗവണ്മെന്റ് പ്രഭുക്കൾക്കൊപ്പം നിന്നുകൊണ്ട് നിസാമിന് തന്റെ സർവസ്വത്തുക്കളും കൈവശപ്പെടുത്താൻ അനുവാദം നൽകി. കർഷകപ്പോരാട്ടത്തിന്റെ തീക്ഷ്ണതയിൽ ഗ്രാമം വിട്ടോടിയ ജന്മികൾ തിരിച്ചെത്തുകയും ഗവണ്മെന്റ് കർഷകരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് അവർക്ക് തിരികെ നൽകാൻ ശ്രമിക്കുകയും ചെയ്തു. തെലങ്കാന കർഷക പോരാട്ടം സ്വാതന്ത്ര്യാനന്തരവും നീണ്ടതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം ഇവിടെയാണ്. ഇതാണ് സംഘപരിവാർ തന്ത്രപൂർവം മറച്ചു വെക്കാൻ ശ്രമിക്കുന്നതും. തെലങ്കാന നിസാമിൽ നിന്ന് സ്വാതന്ത്രമായതു മാത്രം ആഘോഷിക്കുന്ന സംഘപരിവാർ പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യാ ഗവണ്മെന്റ് തെലങ്കാന കർഷകരോട് കാണിച്ച അനീതി സൗകര്യപൂർവം മറച്ചുപിടിക്കുകയാണ്. ഗവൺമെന്റിന്റെയും നിസാം ജന്മിമാരുടെയും അവിശുദ്ധ സഖ്യത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി പോരാട്ടം കർഷകർക്കവകാശപ്പെട്ട ഭൂമി അവരുടെ കൈവശം എത്തിച്ചേർന്നുവെന്നും വെട്ടി സമ്പ്രദായം പുനഃസ്ഥാപിക്കപ്പെടില്ലെന്നും ഉറപ്പുവരുത്തിക്കൊണ്ട് 1951 ലാണ് പോരാട്ടം അവസാനിപ്പിക്കുന്നത്. കർഷകരും സാധാരണ ജനതയും അനുഭവിച്ച അതിരില്ലാത്ത ചൂഷണത്തിനും അടിമത്തത്തിനും ക്രൂരതകൾക്കും സാമൂഹിക അനാചാരമായ വെട്ടി സമ്പ്രദായത്തിനുമെതിരെയുള്ള പോരാട്ടങ്ങളുടെ ഏഴയലത്തുപോലും, എന്തിനു ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പോലും, ഇല്ലാതിരുന്ന സംഘപരിവാർ തെലങ്കാന സായുധ പോരാട്ടത്ത സ്വന്തമാക്കാനും വളച്ചൊടിക്കാനും ഒരു പതിറ്റാണ്ടു നീണ്ടുനിന്ന, നിരവധി സഖാക്കൾ രക്തം ചിന്തിയ തീക്ഷ്ണമായ സമരത്തെ വെറും ലിബറേഷൻ ഡേ എന്നപേരിൽ തെലങ്കാന ഇന്ത്യൻ യൂണിയനിൽ യൂണിയനിൽ ലയിച്ച ദിവസത്തിലേക്ക് ഒതുക്കാനും ശ്രമിച്ചുകൊണ്ട് വ്യാജ ദേശഭക്തിയിൽ അഭിരമിക്കുന്നതിനേക്കാൾ പരിഹാസ്യമായി മറ്റൊന്നില്ല. അധികാരത്തിലിരിക്കുന്നവരുടെ, ബ്രിടീഷുകാരായിക്കോട്ടെ നിസാം ആയിക്കോട്ടെ, ചെരുപ്പുനക്കുന്നതാണ് സംഘപരിവാർ പാരമ്പര്യം എന്ന് അടിവരയിടുന്നതാണ് തെലങ്കാന സമര ചരിത്രം. ഈ പശ്ചാത്തലത്തിൽ സായുധ പോരാട്ടത്തിന്റെ വാർഷികാചരണവുമായി ബന്ധപ്പെട്ട് ഭദ്രാചലത്തിൽ സംഘടിപ്പിച്ച സമ്മേളനത്തെ സംബോധന ചെയ്തുകൊണ്ട് സി പി ഐ എം തെലങ്കാന സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രം പറഞ്ഞ വാക്കുകൾ പ്രസക്തമാണ്. ‘‘തെലങ്കാന കർഷക സായുധപോരാട്ടത്തിന്റെ ചരിത്രം വികൃതമാക്കാൻ ശ്രമിക്കുന്നവർ ചതിയരെന്നു മുദ്രകുത്തപ്പെട്ട് കാലത്തിന്റെ ചവറ്റുകുട്ടയിൽ എറിയപ്പെടും തെലങ്കാനയുടെ ആത്മാവിലും ഇന്ത്യൻ ചരിത്രത്തിന്റെ ഹൃദയത്തിലും അത്രമേൽ ആഴത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതാണ് ആ പോരാട്ട ഗാഥ’’. (ചിന്ത വാരികയിൽ നിന്ന്) Read on deshabhimani.com