കരയിലും വെള്ളത്തിലും വാഹനങ്ങൾക്ക് വേണം മികച്ച പരിരക്ഷ
കേരളത്തിൽ അസാധാരണ മഴ പതിവാണിപ്പോൾ. കടുത്ത വേനലിൽ കുളിരായെത്തിയ വേനൽമഴ അതിതീവ്രമഴയായി ഭീതിപരത്തി. കാലവർഷം കലിതുള്ളുന്നതാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ കാണുന്നത്. മഴ കനക്കുമ്പോൾ രൂപപ്പെടുന്ന വെള്ളക്കെട്ടിലും വെള്ളപ്പൊക്കത്തിലും ഓരോ വർഷവും നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെയുണ്ടാകുന്ന സാമ്പത്തികനഷ്ടം ഒരുപരിധിവരെ നേരിടാൻ വാഹന ഇൻഷുറൻസ് പോളിസികൾകൊണ്ട് സാധിക്കും. എന്നാൽ, ഏതുതരം പോളിസികൊണ്ട്, എന്തെല്ലാം പരിരക്ഷയാണ് വാഹനങ്ങൾക്ക് ലഭിക്കുകയെന്ന് വാഹന ഉടമ ശരിയായി മനസ്സിലാക്കിയില്ലെങ്കിൽ അവശ്യസമയത്ത് ഇത് ഉപകരിക്കാതെ പോകും. വേണം, എൻജിൻ പ്രൊട്ടക്ട് കവർ അടുത്തകാലത്ത് കൊച്ചി കളമശേരിയിൽ സംഭവിച്ചതുപോലെ കുറഞ്ഞസമയത്ത് കൂടുതൽ മഴ ഒരു പ്രദേശത്തുണ്ടായാൽ വെള്ളക്കെട്ട് ഉറപ്പാണ്. വാഹനങ്ങളുടെ എൻജിനുമുകളിൽ വെള്ളമെത്തിയാൽ ഉള്ളിലും കയറി എൻജിന് തകരാറ് വരുത്തിയേക്കാം. അതുപോലെ വെള്ളക്കെട്ടിലൂടെ ഓടിക്കുന്ന വാഹനങ്ങൾ നിന്നുപോയാൽ, ഉടൻ വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതിലൂടെയും എൻജിനിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. വെള്ളം കയറി എൻജിന് തകരാറുണ്ടായാൽ അതിനുള്ള ഇൻഷുറൻസ് പരിരക്ഷ സാധാരണ ഇൻഷുറൻസ് പോളിസികളിൽ ഉണ്ടാകില്ല. അതിന് പ്രത്യേക "എൻജിൻ പ്രൊട്ടക്ട് കവർ'കൂടി എടുക്കണം. അത് ആഡ് ഓൺ കവറായതുകൊണ്ട് പ്രീമിയത്തിന് ചെറിയൊരു അധിക തുകകൂടി നൽകേണ്ടിവരുമെങ്കിലും അതിലൂടെയുണ്ടാകുന്ന നേട്ടം അതിനേക്കാൾ വളരെ വലുതാണെന്ന് തിരിച്ചറിയണം. മികച്ചത് പാക്കേജ് പോളിസി കേരളത്തിലെ കാലാവസ്ഥ പരിഗണിക്കുമ്പോൾ വാഹനങ്ങൾക്ക് കഴിയുമെങ്കിൽ ഫുൾ കവർ അല്ലെങ്കിൽ പാക്കേജ് പോളിസി എടുക്കുന്നതാണ് നല്ലത്. ഇതിൽ വെള്ളപ്പൊക്കംമൂലം വാഹനങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിരക്ഷ ലഭിക്കും. ഫുൾ കവർ ഇൻഷുറൻസിൽ തേയ്മാനച്ചെലവുകൂടി ലഭിക്കുന്ന "നിൽ ഡിപ്രീസിയേഷൻ' അഥവാ "ബംബർ ടു ബംബർ' ആഡ് ഓൺ കവറും ഇന്ന് ലഭ്യമാണ്. അഞ്ചുവർഷം അല്ലെങ്കിൽ തുടർച്ചയായി ഏഴുവർഷംവരെ പ്രത്യേകം പ്രീമിയം അടച്ച് ഈ പരിരക്ഷ എടുക്കാം. തീപിടിത്തം, മിന്നൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, വെള്ളപ്പൊക്കം, ലഹള, മോഷണം, ഭീകരപ്രവർത്തനം, തുടങ്ങിയ അപ്രതീക്ഷിത ദുരന്തങ്ങൾമൂലമുള്ള എല്ലാ നഷ്ടത്തിനും വാഹന ഇൻഷുറൻസിൽ പരിരക്ഷയുണ്ട്. കിട്ടും നോ ക്ലെയിം ഡിസ്കൗണ്ട് ഫുൾ കവർ ഇൻഷുറൻസിൽ ക്ലെയിം ഇല്ലാത്ത ഓരോ വർഷത്തിനും അടുത്തവർഷം പോളിസി പുതുക്കുമ്പോൾ വാഹനത്തിനുള്ള പ്രീമിയത്തിൽ ഇളവുണ്ട്. തുടർച്ചയായ വർഷങ്ങളിൽ ക്ലെയിം ഇല്ലെങ്കിൽ ഇത് പരമാവധി പ്രീമിയത്തിന്റെ 50 ശതമാനംവരെ ലഭിക്കും. 15 ലക്ഷത്തിന്റെ അപകട ഇൻഷുറൻസ് അപകടത്തിൽ പരിക്ക് പറ്റിയാലും ജീവൻ നഷ്ടപ്പെട്ടാലും വാഹന ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. വാഹനമുള്ളവരെല്ലാം സമ്പന്നരായിരിക്കില്ലല്ലോ. ഇത് പരിഗണിച്ച് മദ്രാസ് ഹൈക്കോടതി എല്ലാ വാഹന ഉടമകൾക്കും 15 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. അപ്രതീക്ഷിത ദുരന്തങ്ങളിൽ ഇത് വലിയ ആശ്വാസമാണ്. പോളിസി എടുത്തിരിക്കുന്ന ഇൻഷുറൻസ് കമ്പനിയിൽ ബന്ധപ്പെട്ട് ക്ലെയിം ഫോറവും ആവശ്യമുള്ള അനുബന്ധ രേഖകളും സമർപ്പിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ക്ലെയിം തീർപ്പാക്കി നഷ്ടപരിഹാരം ലഭ്യമാകും. ഈ നിർബന്ധിത ഇൻഷുറൻസ് പരിരക്ഷയനുസരിച്ചുള്ള ക്ലെയിം ലഭിക്കാൻ കോടതിവഴി പോകേണ്ടതില്ല.ചരക്കുവാഹനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകം പ്രീമിയം വാങ്ങി ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. വർക്‌മെൻസ് കോമ്പൻസേഷൻ നിയമം അനുസരിച്ചാണ് നഷ്ടപരിഹാരം. അതിനായി എംപ്ലോയീ കോമ്പൻസേഷൻ കമീഷണർക്കാണ് പരാതി നൽകേണ്ടത്. വാഹനത്തിൽ കൊണ്ടുപോകുന്ന ചരക്കിന്റെ ഉടമസ്ഥന് അല്ലെങ്കിൽ പ്രതിനിധിക്ക് ചരക്കുമായി പോകുമ്പോൾ പരിരക്ഷയുണ്ട്. തേർഡ് പാർടി ഇൻഷുറൻസ് ഇൻഷുറൻസ് എന്നത് കമ്പനിയും വാഹന ഉടമയും തമ്മിലുള്ള ഒരു കരാറാണ്. കരാറിൽ കമ്പനി ഒന്നാംപാർടിയും വാഹനമുടമ രണ്ടാംപാർടിയുമാണ്. ഇവർ രണ്ടുമല്ലാത്ത മൂന്നാമതൊരാൾക്ക് ഉണ്ടാകുന്ന നഷ്ടത്തിന് പരിരക്ഷ നൽകുന്ന ഇൻഷുറൻസാണ് തേർഡ് പാർടി ഇൻഷുറൻസ്. ഇവിടെ വാഹനംമൂലം നഷ്ടമുണ്ടാകുന്ന ആരുമാകാം തേർഡ് പാർടി. പക്ഷേ, സ്വന്തം വാഹനം ഇടിച്ച് ഉടമയുടെ വസ്തുവകകൾക്ക് നഷ്ടമുണ്ടായാൽ ഇതിൽ പരിരക്ഷയില്ല.തേർഡ് പാർടി ഇൻഷുറൻസെങ്കിലും ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ലെന്നാണ് മോട്ടോർ വാഹനനിയമം അനുശാസിക്കുന്നത്. വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കുമ്പോൾ ആ വാഹനം തട്ടി വഴിയാത്രക്കാർക്കോ വാഹനത്തിലുള്ളവർക്കോ പരിക്കുപറ്റുകയോ മരണം സംഭവിക്കുകയോ അല്ലെങ്കിൽ വസ്തുവകകൾക്ക് നഷ്ടം സംഭവിക്കുകയോ ചെയ്താൽ അതിനു നഷ്ടപരിഹാരം ലഭിക്കും. വസ്തുവകകൾക്കുള്ള നഷ്ടപരിഹാരത്തിന് ഏഴരലക്ഷം രൂപ എന്ന പരിധിയുണ്ട്. എന്നാൽ, മരണം സംഭവിക്കുകയോ മാരകമായ പരിക്കുപറ്റുകയോ ചെയ്താൽ ലഭിക്കേണ്ട നഷ്ടപരിഹാരത്തിന് പരിധിയില്ല. ലൈസൻസും ലഹരിയും ലൈസൻസ് ഇല്ലാത്തവർ വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷയില്ല. ലൈസൻസ് എടുക്കാൻ പ്രായമാകാത്തവർ ഓടിച്ച് അപകടത്തിൽപ്പെടുന്ന നിരവധി കേസുകളുണ്ട്. അത്തരം കേസുകളിൽ വാഹനമുടമ നഷ്ടപരിഹാരം നാൽകേണ്ടിവരും. അതോടൊപ്പം പുതിയ മോട്ടോർ വാഹനനിയമം അനുസരിച്ച് വാഹനമുടമ ജയിൽവാസം ഉൾപ്പെടെ കടുത്തശിക്ഷയും ഏറ്റുവാങ്ങണം. മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടാലും ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല. ഓട്ടോറിക്ഷകളും വാഹനകൈമാറ്റവും മുച്ചക്ര ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് ജില്ലാടിസ്ഥാനത്തിലാണ് നൽകുന്നത്. പെർമിറ്റുള്ള ജില്ലയുടെ പരിധിവിട്ട് പത്തു കിലോമീറ്റർവരെമാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ. അതിനപ്പുറം പോയി ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അതുപോലെ ഏത് വാഹനമായാലും കൈമാറ്റം ചെയ്താൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം 15 ദിവസത്തിനുള്ളിൽ പോളിസിയും പുതിയ ഉടമയുടെ പേരിലേക്ക് മാറ്റിയില്ലെങ്കിൽ വാഹനത്തിന് അപകടമുണ്ടായാൽ നഷ്ടപരിഹാരം കിട്ടാൻ പ്രയാസമാണ്. മോട്ടോർ ഇൻഷുറൻസിൽ 50,000 രൂപയിലധികമുള്ള ക്ലെയിമിൽ സർവേയർമാർ പരിശോധിച്ച് നഷ്ടം കണക്കാക്കണമെന്നാണ് വ്യവസ്ഥ. ക്ലെയിം റിപ്പോർട്ട് ചെയ്താൽ ഇൻഷുറൻസ് കമ്പനി 24 മണിക്കൂറിനുള്ളിൽ നഷ്ടം കണക്കാക്കാൻ സർവേയറെ ഏർപ്പെടുത്തേണ്ടതാണ്. 15 ദിവസത്തിനുള്ളിൽ സർവേയർ റിപ്പോർട്ട് നൽകണം. റിപ്പോർട്ട് കിട്ടി ഒരാഴ്ചയ്‌ക്കുള്ളിൽ ക്ലെയിം തീർപ്പാക്കേണ്ടതാണ്. ഇൻഷുറൻസ് കമ്പനിയിൽനിന്ന് പരിഹാരമുണ്ടാ യില്ലെങ്കിൽ പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിക്കാം. ഓംബുഡ്സ്മാന്റെ തീരുമാനം 30 ദിവസത്തിനുള്ളിൽ കമ്പനി നടപ്പാക്കണമെന്നാണ് നിയമം. ഇൻഷുറൻസ് തുക വാഹന ഇൻഷുറൻസിൽ ആദ്യവർഷം ഇൻഷുർ ചെയ്യാനുള്ള തുക നിശ്ചയിക്കുന്നത് വാഹനം വാങ്ങിയ വിലയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ തേയ്മാനവും വണ്ടി വിറ്റാൽ കിട്ടിയേക്കാവുന്ന വിലയും (ഇൻഷ്വേഡ് ഡിക്ലെർഡ് വാല്യു–- ഐഡിവി) പരിഗണിച്ചാണ് തുക നിശ്ചയിക്കുന്നത്. വാഹനം മോഷണംപോയാൽ ഇൻഷുറൻസ് കമ്പനിയുടെ പരമാവധി ബാധ്യത ഇൻഷുറൻസ് എടുത്തിരിക്കുന്ന തുകയാണ്. (ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഫെലോയാണ് ലേഖകൻ) Read on deshabhimani.com