ഇസഹാക്ക്‌ പറഞ്ഞു ‘ഇതായിരുന്നു വീട്‌’

മന്ത്രി എ കെ ശശീന്ദ്രൻ മുഹമ്മദ് ഇസഹാക്കിനെ ആശ്വസിപ്പിക്കുന്നു


ചൂരൽമല ഇഷ്‌ടമായതെല്ലാം അലിഞ്ഞുചേർന്ന മണ്ണിൽ ബാക്കിയായത്‌ ഓരോന്നും ഇസഹാക്ക്‌ എടുത്തുവച്ചു. വീടെന്ന്‌ പറയുന്നിടത്തെ മൺകൂനയിൽ നടത്തിയ തിരച്ചിലിൽ സഹോദരന്റെ ഷർട്ടും ഒരു ഹാൻഡ്‌ ബാഗും കിട്ടി. ഓർമകളിൽ വിതുമ്പിനിൽക്കവേ ചേർത്തുനിർത്തി സമാധാനിപ്പിക്കാൻ ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനും വാക്കുകൾ ഇടറി, കണ്ണുകൾ നിറഞ്ഞു.  കൂടെ ഉറങ്ങിയ അഞ്ചുപേരെ ഉരുളെടുത്ത രാത്രിക്കുശേഷം വീട്ടിലേക്ക്‌ ആദ്യമായി മടങ്ങിയെത്തിയതായിരുന്നു ഇസഹാക്ക്‌. മുന്നിലെത്തിയ മന്ത്രിയോട്‌ മൺകൂന ചൂണ്ടിക്കാട്ടി ഇസഹാക്ക്‌ പറഞ്ഞു: ‘ഇതായിരുന്നു വീട്‌’. കുന്നിറങ്ങുംനേരം കിട്ടിയതോരോന്നും ഭദ്രമായി കൂടെക്കൂട്ടി. മുണ്ടക്കൈ ജങ്‌ഷന്‌ സമീപത്തെ പടിക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ ഇസഹാക്കിന്‌ (17) നഷ്ടമായത്‌ അഞ്ച്‌ ജീവനുകളാണ്‌. ഉപ്പ നാസർ, സഹോദരൻ സിനാൻ, വല്യുപ്പമാരായ ബാപ്പുട്ടി (മുഹമ്മദ്‌), മൊയ്‌തീൻകുട്ടി, ഉമ്മയുടെ സഹോദരിയുടെ മകൻ ഷുഹൈബ്‌ എന്നിവർ കൈയകലത്തുനിന്ന്‌ ഒഴുകിപ്പോയി. നാസറിനെ ഇനിയും കണ്ടെത്താനായില്ല. ആ രാത്രി ഉമ്മയുടെ സഹോദരി റൂബിയയുടെ കുടുംബവും വീട്ടിലുണ്ടായിരുന്നു. ഉമ്മ റാബിയ, സഹോദരൻ സുഹൈൽ, ഭാര്യ ഷഹല, ഉമ്മയുടെ സഹോദരി റൂബിയ, അവരുടെ മകൻ സുബിൻ എന്നിവരാണ്‌ ഇസഹാക്കിനൊപ്പം ദുരന്തത്തെ അതിജീവിച്ചത്‌. ഉരുളിൽ വീട്‌ തകർന്ന്‌ വലിയ കോൺക്രീറ്റ് ബീം കഴുത്തിൽ കുരുങ്ങിയ ഇസഹാക്കിനെ രക്ഷാപ്രവർത്തകരാണ്‌ പുറത്തെടുത്തത്‌. തുടർന്ന്‌ ഹെലികോപ്റ്ററിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും മാറ്റി. മെയ്‌ 18ന്‌ ആയിരുന്നു സുഹൈലിന്റെ വിവാഹം. അതിനായി രണ്ടുമാസംമുമ്പാണ് വിദേശത്തുനിന്ന്‌ സുഹൈലും സിനാനും നാട്ടിലെത്തിയത്.   Read on deshabhimani.com

Related News