നന്മയുടെ കരങ്ങളുമായി 
ബാർബർ തൊഴിലാളികൾ



കൽപ്പറ്റ ചുരം കയറിയെത്തിയ ബാർബർ തൊഴിലാളികൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ മുടിവെട്ടിയും മുഖം മിനുക്കിയും നന്മയുടെ മറ്റൊരു മുഖമായി. ഓടിയെത്തിയ കുട്ടിക്കൂട്ടത്തിന്‌ അവരുടെ ആഗ്രഹത്തിനൊത്ത്‌ ഹെയർ സ്‌റ്റൈൽ ശരിയാക്കി. സങ്കടങ്ങളുടെ നടുവിലാണെങ്കിലും മുഖംമിനുങ്ങിയപ്പോൾ പലരുടെയും ചുണ്ടുകളിൽ പുഞ്ചിരിവിടർന്നു. രണ്ടാഴ്‌ചയോളമായി ക്യാമ്പുകളിൽ കഴിയുന്നവരുടെ മുടിയും താടിയും വളർന്നിരുന്നു. ഇവരെ തേടി കേരള ബാർബർ ബ്യൂട്ടീഷ്യൻസ്‌ വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) നേതൃത്വത്തിലാണ്‌ തൊഴിലാളികൾ എത്തിയത്‌. മന്ത്രി പി എ മുഹമ്മദ്‌ റിയാസിനോട്‌ സേവന സന്നദ്ധത അറിയിച്ചു. മന്ത്രി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട്‌ ക്യാമ്പുകളിൽ ക്രമീകരണം നടത്തി. 15 അംഗ സംഘം അതിവേഗം തങ്ങളുടെ ദൗത്യം പൂർത്തിയാക്കി. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ടി ജി നാരായണൻ, വൈസ്‌ പ്രസിഡന്റ്‌ എം ദാമോദരൻ, ട്രഷറർ എ മണികണ്‌ഠൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഘം എത്തിയത്‌. ആവശ്യമെങ്കിൽ ഇനിയും എത്തും. മനുഷ്യാവകാശ സംഘടനയായ ഐഎച്ച്‌ആർസി നേതൃത്വത്തിലും സന്നദ്ധപ്രവർത്തകർ മുടിവെട്ടാനെത്തി. മേപ്പാടിയിലെയും കൽപ്പറ്റയിലെയും ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു ഇവരുടെ സേവനം. മഹാദുരന്തത്തിൽ നാട്‌ വിറങ്ങലിച്ചപ്പോൾ നാടൊന്നാകെ കണ്ണീരൊപ്പുന്നതിന്റെ മഹനീയ മാതൃകയാണ്‌ ബാർബർ തൊഴിലാളികളുടെ ഇടപെടലെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. Read on deshabhimani.com

Related News