അതിജീവനം അതിവേഗം ; വീണ്ടെടുക്കും നാടിനെ

ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമലയിലെ ചെളി കയറിയ കടകളിലെ സാധനങ്ങൾ വ്യാപാരികളുടെ 
നേതൃത്വത്തിൽ കഴുകി വൃത്തിയാക്കി വച്ചപ്പോൾ ഫോട്ടോ: എം എ ശിവപ്രസാദ്


കൽപ്പറ്റ മഹാദുരന്തത്തിൽ കേരളം വിറങ്ങലിച്ച്‌  മൂന്നാഴ്‌ച പിന്നിടുമ്പോൾ അതിജീവനം അതിവേഗം. വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ 270 മരണം സ്ഥിരീകരിച്ചു. 119 പേരാണ്‌ കാണാതായവരുടെ പട്ടികയിൽ. തിരച്ചിലിനും താൽക്കാലിക  പുനരധിവാസത്തിനും ഒരേവേഗം. നാല്‌ മന്ത്രിമാരടങ്ങുന്ന ഉപസമിതി ദുരന്തമുണ്ടായ ജൂലൈ 30 മുതൽ ജില്ല കേന്ദ്രീകരിച്ച്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന പൂർത്തിയായി. ക്രോസ്‌ മാച്ചിങ് തുടങ്ങി. ഉരുൾപൊട്ടൽ മേഖലകളിലും ചാലിയാറിലും നിലമ്പൂർവരെയുള്ള തീരങ്ങളിലും 21 ദിവസമായി പരിശോധന തുടരുകയാണ്‌.  അതിവേഗമാണ്‌ ധനസഹായ വിതരണം. ഒന്നരക്കോടിയോളം രൂപ ഇതുവരെ നൽകി. മൃതദേഹസംസ്‌കാരത്തിന്‌ അടിയന്തര സഹായമായി പതിനായിരം,  ജീവനോപാധി നഷ്‌ടപ്പെട്ടവർക്ക്‌ പതിനായിരം, മരിച്ചവരുടെ ആശ്രിതർക്ക്‌ ആറ്‌ ലക്ഷം രൂപ വീതവുമുള്ള സഹായമാണ്‌ നൽകുന്നത്‌. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവസം തുടങ്ങി. വാടക വീടുകൾ,  സർക്കാർ ക്വാർട്ടേഴ്‌സുകൾ, ബന്ധുവീടുകൾ  എന്നിവിടങ്ങളിലേക്കാണ്‌ മാറ്റുന്നത്‌. വീടുകൾക്ക്‌ മാസം ആറായിരം രൂപ വീതം സർക്കാർ വാടക നൽകും. ബന്ധുവീടുകളിലേക്ക്‌ മാറുന്നവർക്കും ഇത്‌ ലഭിക്കും. 21 പേർ കുടുംബാംഗങ്ങളും ബന്ധുക്കളും നഷ്ടപ്പെട്ട്‌ ഒറ്റായായവരാണ്‌.  ഇവർക്ക്‌ പ്രത്യേക സംരക്ഷണമാണ്‌. ഓരോരുത്തർക്കും രക്ഷാകർത്താവായി ഓരോ സർക്കാർ ജീവനക്കാരനെ നിയോഗിക്കും.  വാടക വീടുകൾ കണ്ടെത്താൻ  ആറ്‌ തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക ക്യാമ്പയിനുണ്ട്‌.   മാറുന്നവർക്ക്‌ കട്ടിൽ, പാചകവാതക കണക്‌ഷൻ, പാത്രങ്ങൾ, ഫർണിച്ചർ  ഉൾപ്പെടെയുള്ള അവശ്യവസ്‌തുക്കൾ നൽകും. തോട്ടം തൊഴിലാളികളുടെ പുനരധിവാസവും തുടങ്ങി. ക്യാമ്പുകളിൽ  പ്രത്യേക അദാലത്ത്‌ നടത്തി നഷ്ടപ്പെട്ട രേഖകൾ നൽകുന്നുണ്ട്‌. 878 പേർക്ക്‌ 1162 സർട്ടിഫിക്കറ്റുകൾ അനുവദിച്ചു. തകർന്ന വെള്ളാർമല ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറിയും മുണ്ടക്കൈ ഗവ. എൽപി സ്‌കൂളും മേപ്പാടി ഗവ. ഹയർ സെക്കൻഡറിയിൽ ആരംഭിക്കാനുള്ള നടപടിയുമായി. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിലൂടെ നാടിനെ വീണ്ടെടുക്കുകയാണ്‌ Read on deshabhimani.com

Related News